അതിവിശാലമായ പശ്ചിമാഫ്രിക്കൻ ആകാശത്തിനും ഞങ്ങൾക്കുമിടയിൽ യാതൊന്നുമില്ലാതെ ഞങ്ങൾ നക്ഷത്രങ്ങൾക്കു കീഴിൽ ഒരിക്കൽ ക്യാമ്പു ചെയ്യുകയുണ്ടായി. വേനൽക്കാലത്ത് ഒരു കൂടാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ തീ നിർണായകമായിരുന്നു. “തീ അണയാൻ ഒരിക്കലും അനുവദിക്കരുത്,” ഒരു വടികൊണ്ടു തടികൾക്കിടയിൽ കുത്തിക്കൊണ്ടു എന്റെ പിതാവു പറഞ്ഞു. തീ വന്യജീവികളെ അകറ്റി നിർത്തും. ദൈവത്തിന്റെ സൃഷ്ടികൾ അത്ഭുതകരമാണെങ്കിലും, നിങ്ങളുടെ ക്യാമ്പ് സൈറ്റിലൂടെ ഒരു പുള്ളിപ്പുലിയോ പാമ്പോ ചുറ്റിത്തിരിയുന്നതു അത്ര നല്ലതായിരിക്കില്ല.
ഘാനയുടെ വടക്കൻ മേഖലയിലേക്കുള്ള ഒരു മിഷനറിയായിരുന്നു എന്റെ പിതാവ്. ഏതൊരു സന്ദർഭവും ഉപദേശത്തിനുള്ള ഒരു നിമിഷമാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമ്പിങ്ങും അതിനൊരു അപവാദമായിരുന്നില്ല.
തന്റെ ജനത്തെ ഉപദേശിക്കാനുള്ള ഒരു ഇടമായി ദൈവം ക്യാമ്പൗട്ടുകൾ ഉപയോഗിച്ചു. വർഷത്തിലൊരിക്കൽ, ഒരു ആഴ്ച മുഴുവനും, യിസ്രായേൽമക്കൾ “ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും” (ലേവ്യപുസ്തകം 23:40) കൊണ്ട് നിർമ്മിച്ച കൂടാരങ്ങളിൽ താമസിക്കണം. അതിനു രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നത്. ദൈവം അവരോട് പറഞ്ഞു, “ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം” (വാ. 42-43). എന്നാൽ ആ ചടങ്ങ് ആഘോഷം തന്നെയായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” (വാക്യം 40).
നിങ്ങളെ സംബന്ധിച്ച് ക്യാമ്പിംഗ് ഒരു രസകരമായ ആശയമായിരിക്കില്ല, എന്നാൽ തന്റെ നന്മയെ ഓർമപ്പെടുത്താനുള്ള സന്തോഷകരമായ മാർഗമായി യിസ്രായേൽമക്കൾക്കായി ദൈവം ഒരാഴ്ചത്തെ ക്യാമ്പൗട്ട് ഏർപ്പെടുത്തി. നമ്മുടെ ആഘോഷദിനങ്ങളുടെ കാതലായ അർത്ഥം നാം എളുപ്പത്തിൽ മറന്നുപോകാറുണ്ട്. നമ്മുടെ ഉത്സവങ്ങൾ നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ സ്വഭാവത്തിന്റെ സന്തോഷകരമായ ഓർമ്മപ്പെടുത്തലുകളായിരിക്കാം. അവൻ വിനോദവും സൃഷ്ടിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട ആഘോഷദിനം ഏതാണ്, എന്തുകൊണ്ട്? അത് ആഘോഷിക്കുന്നത് എങ്ങനെയാണ് ദൈവത്തിന്റെ നന്മയെ നിങ്ങൾക്ക് ഓർമ്മപ്പെടുത്തി തരുന്നത്?
പിതാവേ, അങ്ങയുടെ സൃഷ്ടിയിലും ഉത്സവങ്ങളിലും അങ്ങ് ഏർപ്പെടുത്തിയ വിനോദത്തിനു നന്ദി.