വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.
വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).
ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും… ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം” (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും.
തിരുവചനം പഠിക്കുന്നതിനായി നിങ്ങൾക്കെങ്ങനെ നിങ്ങളുടെ സമയവും മറ്റും നിക്ഷേപം നടത്താൻ കഴിയും? അവയിൽ ആനന്ദിക്കുന്നത് അവനെ അനുസരിക്കാനുള്ള ദൈവത്തിന്റെ വിളിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെയാണ് മാറ്റിമറിക്കുക?
സ്നേഹമുള്ള ദൈവമേ, എന്റെ ജീവിതത്തിൽ അങ്ങയുടെ ജ്ഞാനത്തിനും അധികാരത്തിനും കീഴടങ്ങാൻ അങ്ങ് എന്നെ പ്രാപ്തനാക്കുമ്പോൾ തിരുവെഴുത്തിലെ വിലമതിക്കാനാകാത്ത വചനങ്ങളിൽ ആനന്ദിക്കാൻ എന്നെ സഹായിക്കണമേ.