രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ചു മിനിറ്റുകൾക്ക് ശേഷം, മിസോറിയിലെ ഗ്രാൻഡ് വ്യൂവിലുള്ള ഒരു ചെറിയ വീട്ടിൽ ഒരു ഫോൺ റിംഗ് ചെയ്തു. തൊണ്ണൂറ്റി രണ്ട് വയസ്സുള്ള ഒരു സ്ത്രീ കോൾ എടുത്തു. “ഹലോ… അതെ, എനിക്ക് കുഴപ്പമില്ല. അതെ, ഞാൻ റേഡിയോ കേട്ടുകൊണ്ടിരിക്കുകയാണ്… നിനക്ക് ഇപ്പോൾ സാധിക്കുമെങ്കിൽ വന്നു എന്നെ കാണൂ… ഗുഡ്ബൈ” എന്നു ആ വൃദ്ധ പറയുന്നത് അവരുടെ അതിഥി കേട്ടു. വൃദ്ധ തന്റെ അതിഥിയുടെ അടുത്തേക്ക് മടങ്ങി. “[എന്റെ മകൻ] ഹാരിയായിരുന്നു അത്. ഹാരി ഒരു നല്ല മനുഷ്യനാണ്… അവൻ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്തെങ്കിലും സംഭവം ഉണ്ടായിക്കഴിഞ്ഞ ശേഷം അവൻ എപ്പോഴും എന്നെ വിളിക്കാറുണ്ട്.”
എന്തുമാത്രം നേട്ടം കൈവരിച്ചാലും, എത്രമാത്രം വയസ്സുചെന്നാലും, മാതാപിതാക്കളെ വിളിക്കാൻ നാം കൊതിക്കുന്നു. “നന്നായി!” എന്നുള്ള അവരുടെ ഉറപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ. അസാമാന്യമായ വിജയം വരിച്ചവരായിരിക്കാം നാമെങ്കിൽപോലും നാം എപ്പോഴും അവരുടെ മകനോ മകളോ ആയിരിക്കും.
ഖേദകരം എന്നു പറയട്ടെ, എല്ലാവർക്കും തങ്ങളുടെ ഭൗമിക മാതാപിതാക്കളുമായി ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ യേശുവിലൂടെ നമുക്കെല്ലാവർക്കും ദൈവത്തെ നമ്മുടെ പിതാവായി ലഭിക്കും. “പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു” (റോമർ 8:15) എന്നതുമൂലം ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മെ ദൈവകുടുംബത്തിലേക്കു കൊണ്ടുവന്നിക്കുന്നു. നാം ഇപ്പോൾ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ” (വാക്യം 17). നാം ദൈവത്തോട് ഒരു അടിമ എന്ന നിലയിലല്ല സംസാരിക്കുന്നത്. പകരം ആശയറ്റ നേരത്ത് യേശു ഉപയോഗിച്ച “അബ്ബാ പിതാവേ” (വാക്യം 15; മര്‍ക്കൊസ് 14:36 നോക്കുക) എന്ന ദൃഢബന്ധത്തെ സൂചിപ്പിക്കുന്ന നാമം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിപ്പോളുണ്ട്.
നിങ്ങൾക്കെന്തെങ്കിലും വാർത്തയുണ്ടോ? നിങ്ങൾക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ? നിങ്ങളുടെ നിത്യഭവനമായവനെ വിളിക്കുക.
നിങ്ങളുടെ ഭൗമിക മാതാപിതാക്കളുമായി എന്തു വാർത്തകളും ആവശ്യങ്ങളും പങ്കിടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ സ്വർഗീയ പിതാവിനോടു നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക? അവൻ കേൾക്കുന്നു.
കൃപയുള്ള പിതാവേ, എനിക്ക് എപ്പോൾ വേണമെങ്കിലും പ്രാർത്ഥനയിൽ വിളിക്കാൻ കഴിയുന്ന ഒരുവനായതിന് നന്ദി.