എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു.

നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.