പാസ്റ്റർ ബെയ്‌ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവു യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി. 

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ്‌  (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു. തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതു, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാ നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നു. 

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!