പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം – ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം ഉയരത്തിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.

യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ്‌ 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു  യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അനുമതി നൽകി. അവർ “യിരെമ്യാവെ…  കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു”.  “യിരെമ്യാവു ചെളിയിൽ താണു” (വാക്യം 6).

രാജാവിന്റെ മറ്റൊരു പ്രഭു – ഒരു വിദേശിയായിരുന്നിട്ടുകൂടി – മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10).

യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.