1800-കളുടെ തുടക്കത്തിൽ, ലണ്ടൻ വനിതാ ജയിലിലെ അവസ്ഥ എലിസബത്ത് ഫ്രൈയിൽ അമ്പരപ്പുളവാക്കി. സ്ത്രീകളും അവരുടെ കുട്ടികളും തിങ്ങിനിറഞ്ഞ ആ ജയിലിൽ അവർ തണുത്ത കൽത്തറക ളിലാണ് ഉറങ്ങിയിരുന്നത്. അവർക്കു കിടക്ക നൽകിയിരുന്നില്ലെങ്കിലും, ഒരു ടാപ്പിൽ നിന്നു മദ്യവും ലഭിക്കുമായിരുന്നു. വർഷങ്ങളോളം ഫ്രൈ ജയിൽ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകുകയും സ്കൂൾ ആരംഭിക്കുകയും വേദപുസ്തകം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, അവരുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രത്യാശയുടെ വ്യക്തമായ സന്ദേശങ്ങളുമാണ് അവരുടെ ഏറ്റവും വലിയ സ്വാധീനമായി പലരും കണ്ടത്.
അവരുടെ പ്രവർത്തനങ്ങളിൽ, ദരിദ്രരായവരെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണം അവർ പിന്തുടർന്നു. ഉദാഹരണത്തിന്, യുഗാന്ത്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഒലിവു മലയിലായിരിക്കുമ്പോൾ ക്രിസ്തു പങ്കുവച്ചു. അതിലൊന്നായിരുന്നു “നീതിമാന്മാരെ നിത്യജീവങ്കലേക്കു” (മത്തായി 25:46) സ്വാഗതം ചെയ്യുന്ന കഥ. ഈ കഥയിൽ, രാജാവു നീതിമാന്മാരോടു, അവർ തനിക്കു കുടിക്കാൻ നൽകി, തന്നെ ചേർത്തുകൊണ്ടു, തടവിൽ തന്നെ കാണ്മാൻ വന്നു (വാ. 35-36) എന്നിങ്ങനെ പറയുന്നുണ്ട്. തങ്ങൾ അങ്ങനെ ചെയ്തതു ഓർത്തെടുക്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ രാജാവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (വാക്യം 40).
പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ, നാം യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണത്. എന്തൊരു അത്ഭുതമാണത്! നമുക്ക് എലിസബത്ത് ഫ്രൈയുടെ മാതൃക പിന്തുടരാം. മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയോ ധൈര്യം പകരുന്ന സന്ദേശങ്ങൾ അയക്കുന്നതിലൂടെയോ നമുക്കു വീട്ടിൽ നിന്നു ശുശ്രൂഷിക്കാം. നമ്മുടെ ആത്മീയ വരങ്ങളും കഴിവുകളും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ടു തന്നെ സ്നേഹിക്കാൻ യേശു നമ്മെ സ്വാഗതം ചെയ്യുന്നു.
മറ്റുള്ളവരെ നാം ശുശ്രൂഷിക്കുന്നത് യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണെന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ആവശ്യത്തിലിരിക്കുന്ന ഒരാളിലേക്ക് നിങ്ങൾക്ക് എപ്രകാരം സഹായമെത്തിക്കാൻ സാധിക്കും?
സ്നേഹമുള്ള യേശുവേ, എന്റെ സ്നേഹം ഇന്ന് എവിടെ പ്രാവർത്തികമാക്കാൻ കഴിയുമെന്നു വിവേചിച്ചറിയാൻ എന്നെ സഹായിക്കേണമേ.