എട്ടു വാഴപ്പഴമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്റെ വീട്ടിൽ എത്തിച്ച പലചരക്ക് സഞ്ചികൾ തുറന്നപ്പോൾ, പകരം, ഞാൻ കണ്ടത് ഇരുപതു വാഴപ്പഴങ്ങൾ! പൗണ്ടിൽ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതിൽ നിന്ന് കിലോഗ്രാമിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിലേക്കു മാറിയെന്നുകൂടി ഇംഗ്ലണ്ടിലേക്കു താമസം മാറിയതിന് അർത്ഥമുണ്ടെന്നു പെട്ടെന്നു തന്നെ ഞാൻ മനസ്സിലാക്കി. മൂന്ന് പൗണ്ടിനു പകരം ഞാൻ മൂന്നു കിലോഗ്രാം (ഏകദേശം ഏഴു പൗണ്ട്!) വാഴപ്പഴം ഓർഡർ ചെയ്തിരിക്കുന്നു.
വാഴപ്പഴത്തിന്റെ ആ സമൃദ്ധിയിൽ, മറ്റുള്ളവരുമായി ആ അനുഗ്രഹം പങ്കിടാനായി എനിക്കു പ്രിയപ്പെട്ട ബനാന ബ്രെഡ് ധാരാളം ഞാൻ ഉണ്ടാക്കി. പഴം ചതച്ചെടുത്തുകൊണ്ടിരിക്കുമ്പോൾ, പ്രതീക്ഷിക്കാത്ത സമൃദ്ധി അനുഭവിച്ച എന്റെ ജീവിതത്തിലെ മറ്റു മേഖലകളെക്കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി. അവ ഓരോന്നും ദൈവത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തിച്ചു.
തന്റെ ജീവിതത്തിൽ ദൈവത്തിന്റെ സമൃദ്ധിയെക്കുറിച്ചു ചിന്തിപ്പിക്കുന്ന സമാനമായ അനുഭവം പൗലൊസിനുമുണ്ടായതായി തോന്നുന്നു. തിമൊഥെയൊസിനുള്ള തന്റെ ആദ്യ ലേഖനത്തിൽ, യേശു തന്റെ ജീവിതത്തിൽ വരുന്നതിനു മുമ്പുള്ള ജീവിതം വിവരിക്കാൻ പൗലൊസ് താൽക്കാലികമായി നിർത്തുന്നു. “ഉപദ്രവിയും നിഷ്ഠൂരനും” (1 തിമൊഥെയൊസ് 1:13); “പാപികളിൽ ഞാൻ ഒന്നാമൻ” (വാ. 15) എന്നിങ്ങനെ പൗലൊസ് സ്വയം വിശേഷിപ്പിക്കുന്നു. പൗലൊസിന്റെ തകർച്ചയിലേക്ക് ദൈവം കൃപയും വിശ്വാസവും സ്നേഹവും ധാരാളമായി പകർന്നു നൽകി (വാക്യം 14). തന്റെ ജീവിതത്തിലെ എല്ലാ സമൃദ്ധിയും വിവരിച്ചതിന് ശേഷം, “എന്നെന്നേക്കും ബഹുമാനവും മഹത്വവും” സ്വീകരിക്കാൻ അവൻ യോഗ്യനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു ആ അപ്പൊസ്തലനു ദൈവത്തെ സ്തുതിക്കാതിരിക്കാൻ കഴിയാതെപോകുന്നു (വാ. 17).
പാപത്തിൽ നിന്നുള്ള യേശുവിന്റെ വിടുതലിന്റെ വാഗ്ദാനം സ്വീകരിച്ചപ്പോൾ, പൗലൊസിനെപ്പോലെ, നമുക്കെല്ലാവർക്കും കൃപയുടെ സമൃദ്ധി ലഭിച്ചു (വാക്യം 15). തത്ഫലമായുണ്ടായ എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് ധ്യാനിക്കാനായി സമയം ചിലവഴിക്കുമ്പോൾ, മഹാകാരുണ്യവാനായ നമ്മുടെ ദൈവത്തെ നന്ദിയോടെ സ്തുതിച്ചുകൊണ്ടു പൗലൊസിനൊപ്പം നാമും ചേരും.
എങ്ങനെയെല്ലാമാണ് നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സമൃദ്ധി നിങ്ങൾ അനുഭവിച്ചിട്ടുള്ളത്? നിങ്ങൾക്ക് ഇന്ന് എങ്ങനെയൊക്കെ അവനെ സ്തുതിക്കാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ കൃപയുടെ അത്യധികമായ ദാനത്തിനു നന്ദി.