ഒരു ഫോൺ നന്നാക്കുന്ന കടയിൽ കയറിയ ഒരു കവർച്ചക്കാരൻ, ഒരു ഡിസ്പ്ലേ കെയ്സിന്റെ ചില്ലുകൾ തകർത്തു, ഫോണുകളും മറ്റും കവർച്ച ചെയ്യാൻ തുടങ്ങി. കാർഡ്ബോർഡ് പെട്ടി കൊണ്ടു തന്റെ തല മറച്ചു നിരീക്ഷണ ക്യാമറയിൽ നിന്നു തന്റെ വ്യക്തിത്വം മറയ്ക്കാൻ അവൻ ശ്രമിച്ചു. എന്നാൽ കവർച്ചയ്ക്കിടെ, പെട്ടി അൽപ്പനേരം പൊങ്ങിപ്പോയിട്ട്, അവന്റെ മുഖം വെളിവായി. മിനിറ്റുകൾക്ക് ശേഷം, കടയുടമ കവർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടു, പോലീസിനെ വിളിക്കുകയും അവർ അടുത്തുള്ള കടയിൽ നിന്ന് കവർച്ചക്കാരനെ പിടികൂടുകയും ചെയ്തു. മറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും ഒരുനാൾ മറനീക്കപ്പെടുമെന്ന് ഇയാളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതു മനുഷ്യസഹജമാണ്. എന്നാൽ സഭാപ്രസംഗിയിൽ, നാം ദൈവത്തിന്റെ കൽപ്പനകൾ പാലിക്കണമെന്ന് നാം വായിക്കുന്നു. കാരണം, മറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ നീതിപൂർവ്വമായ നോട്ടത്തിനും ന്യായമായ വിധിക്കും മുമ്പിൽ കൊണ്ടുവരപ്പെടും (12:14). “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു” (വാക്യം 13) എന്നു എഴുത്തുകാരൻ എഴുതുന്നു. പത്ത് കൽപ്പനകൾ കുറ്റംവിധിക്കുന്ന (ലേവ്യപുസ്തകം 4:13) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും അവന്റെ വിലയിരുത്തലിൽ നിന്ന് രക്ഷപ്പെടില്ല. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളെയും അവന്റെ ന്യായവിധിക്കായി കൊണ്ടുവരും. എന്നാൽ, അവന്റെ കൃപ നിമിത്തം, യേശുവിലും നമുക്കുവേണ്ടിയുള്ള അവന്റെ യാഗത്തിലും നമ്മുടെ പാപമോചനം കണ്ടെത്താനാകും (എഫെസ്യർ 2:4-5).
നാം അവന്റെ കൽപ്പനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ആന്തരികവൽക്കരിക്കുകയും ചെയ്യുമ്പോൾ, അത് അവനോടുള്ള ഭയഭക്തിയിലേക്കും അതുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതരീതിയിലേക്കും നയിക്കും. നമുക്ക് നമ്മുടെ പാപങ്ങൾ അവിടുത്തെ സന്നിധിയിൽ കൊണ്ടുവരാം. സ്നേഹനിർഭരവും ക്ഷമിക്കുന്നതുമായ അവിടുത്തെ ഹൃദയം വീണ്ടും അനുഭവിക്കാം.
എങ്ങനെ നിങ്ങൾക്കു ദൈവത്തോടുള്ള ഭയഭക്തി നിലനിർത്താം? അവിടുത്തെ കൽപ്പനകളെക്കുറിച്ചു ബോധവാനായിരിക്കാൻ ഈ ആഴ്ച നിങ്ങൾക്കു എന്തുചെയ്യാൻ കഴിയും?
പ്രിയപ്പെട്ട ദൈവമേ, എന്റെ രഹസ്യ പാപങ്ങളെക്കുറിച്ചു ഞാൻ അനുതപിക്കുന്നു. കാരുണ്യത്തോടെ എന്നെ നോക്കി അങ്ങയുടെ മുമ്പാകെ നീതിയോടെ ജീവിക്കാൻ എന്നെ സഹായിക്കണമേ.