മുതിർന്നവരുടെ സൗഹൃദവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാത്ത ഒരു സംഘടന തുടങ്ങാൻ ഞാൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. അതിനായി എനിക്ക് വിളി ഉണ്ടായപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. ആ ചാരിറ്റിക്ക് എങ്ങനെ ധനസഹായം ലഭിക്കും? അത് നിർമ്മിക്കാൻ ആരാണ് എന്നെ സഹായിക്കുക? ഈ കാര്യങ്ങളിൽ എനിക്ക് ഏറ്റവും വലിയ സഹായം ലഭിച്ചത് ഒരു ബിസിനസ്സ് പുസ്തകത്തിൽ നിന്നല്ല, മറിച്ച് വേദപുസ്തകത്തിൽ നിന്നാണ്.
എന്തെങ്കിലും നിർമ്മിക്കാനായി ദൈവം വിളിച്ച ആരേ സംബന്ധിച്ചും എസ്രയുടെ പുസ്തകം അത്യന്താപേക്ഷിതമായ വായനയാണ്. യെഹൂദന്മാർ തങ്ങളുടെ പ്രവാസത്തിനുശേഷം യെരൂശലേമിനെ പുനർനിർമിച്ചതെങ്ങനെയെന്ന് വിവരിക്കുമ്പോൾ, പൊതു സംഭാവനകളിലൂടെയും സർക്കാരിന്റെ സഹായധനത്തിലൂടെയും ദൈവം പണം നൽകിയതെങ്ങനെയെന്നും (എസ്രാ 1:4-11; 6:8-10) സന്നദ്ധപ്രവർത്തകരും കരാറുകാരും ജോലി ചെയ്തതെങ്ങനെയെന്നും (1:5; 3:7) ആ വേദഭാഗങ്ങൾ കാണിച്ചുതരുന്നു. യെഹൂദരുടെ മടങ്ങിവരവിന്റെ രണ്ടാം വർഷം വരെ പുനർനിർമ്മാണം ആരംഭിക്കാതിരുന്നത്, തയ്യാറെടുപ്പിനായുള്ള സമയത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്നു (3:8). എതിർപ്പുകൾ എപ്രകാരം ഉയർന്നു വരാമെന്ന് ഇത് കാണിച്ചുതരുന്നു (അദ്ധ്യായം 4). പക്ഷേ, കഥയിലെ ഒരു കാര്യം പ്രത്യേകം എന്റെ ശ്രദ്ധ ആകർഷിച്ചു. ഏതെങ്കിലും കെട്ടിടം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പേ, യെഹൂദന്മാർ യാഗപീഠം സ്ഥാപിച്ചു (3:1-6). “യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല” (എസ്രാ 3:6) എങ്കിലും ജനം ആരാധിച്ചു (വാ. 6). ആരാധനയാണ് ആദ്യം സംഭവിച്ചത്.
പുതിയ എന്തെങ്കിലും ആരംഭിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ ഒരു ചാരിറ്റിയോ വേദപുസ്തകദ്ധ്യയനമോ ഒരു സർഗ്ഗാത്മക പദ്ധതിയോ തൊഴിലിടത്ത് എന്തെങ്കിലും പുതിയ ചുമതലയോ ആരംഭിക്കുകയാണെങ്കിൽ എസ്രായുടെ പ്രമാണം ഗൗരവമായ ഒന്നാണ്. ദൈവദത്തമായ ഒരു പദ്ധതിക്കു പോലും നമ്മുടെ ശ്രദ്ധ അവനിൽ നിന്ന് അകറ്റാൻ കഴിയും. അതിനാൽ നമുക്ക് ആദ്യം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജോലി ആരംഭിക്കും മുമ്പ്, നാം ആരാധന ആരംഭിക്കണം.
എന്തുകൊണ്ടു യെഹൂദർ ആദ്യം യാഗപീഠം പണിതതെന്നാണ് നിങ്ങൾ കരുതുന്നത്? ഇന്നത്തെ നിങ്ങളുടെ പ്രവർത്തനക്രമത്തിൽ ആരാധന എങ്ങനെ കൂട്ടിച്ചേർക്കാം?
സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്ന് അങ്ങ് എന്നെ ഏൽപ്പിച്ച ജോലികൾ ഉൾപ്പെടെ എല്ലാറ്റിന്റെയും കർത്താവായി ഞാൻ അങ്ങയെ ആരാധിക്കുന്നു.