തന്റെ ചെറിയ അമേരിക്കൻ നഗരമായ ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ കുറ്റകൃത്യങ്ങൾ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നതു ഡോ. ടിഫാനി ഗോൽസൺ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, 2023 ആയപ്പോഴേക്കും നഗരത്തിൽ കൊലപാതകങ്ങളിൽ 31 ശതമാനവും കുറ്റകൃത്യങ്ങളിൽ 37 ശതമാനവും കുറവുണ്ടായി. എന്തായിരുന്നു സംഭവിച്ചത്? ഒരു പങ്കാളിത്തം. സംസ്ഥാന പോലീസ്, നഗര പോലീസ്, നഗര വിദ്യാഭ്യാസ ജില്ല, വിശ്വാസ സംഘടന എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പൊതു സുരക്ഷാ നിർവ്വഹണ സംഘം ഒരുമിച്ചുചേർന്നുകൊണ്ട് എല്ലാ പൗരന്മാർക്കും വേണ്ടി മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി.
നഗര പങ്കാളിത്തത്തിലെ എല്ലാ അംഗങ്ങളും പൗരന്മാരെ സഹായിക്കാൻ ചേർന്നുവന്ന ആ സംഭവം, “ഒരു വിവാഹമാണെന്നു ഞങ്ങൾ പറയുന്നു,” ഡോ. ഗോൽസൺ പ്രസ്താവിച്ചു. ഡോ. ഗോൽസൺ നയിക്കുന്ന വിദ്യാഭ്യാസ ജില്ലയുടെ റാപ്പറൗണ്ട് വെൽനസ് സെന്റർ, കുറ്റകൃത്യങ്ങളാലോ അപകടങ്ങളാലോ ബാധിക്കപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കൂൾ സാമൂഹിക പ്രവർത്തകർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റ് പ്രവർത്തക സംഘങ്ങളും തങ്ങളുടെ ശേഷി പങ്കിടുന്നു. തെരുവിലെ ജനങ്ങളുമായി കൂടുതൽ സംസാരിക്കാനും അവരെ കേൾക്കാനും പോലീസ് പ്രതിജ്ഞാബദ്ധമായി.
“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനങ്ങൾ 133:1) എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. “ഒത്തൊരുമ,” ദാവീദ് കൂട്ടിച്ചേർക്കുന്നു, “സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു” (വാ. 3). ദൈവത്തിൽ ഏകീകരിക്കുന്ന വിശ്വാസം പങ്കിടുന്ന വ്യക്തികളെക്കുറിച്ചാണു ദാവീദ് ഇവിടെ പരാമർശിച്ചത്. സിദ്ധാന്തങ്ങളാലോ രാഷ്ട്രീയത്താലോ ഭിന്നിക്കുന്നതിനുപകരം നാം ഒന്നാണ്. മനസ്സിലാക്കാൻ പ്രയാസമുള്ള ഒന്നായി ഈ ആശയം തോന്നിയേക്കാമെങ്കിലും അത് എല്ലാവരെയും അനുഗ്രഹിക്കുന്നു. വിശ്വാസികൾ പരസ്പരം കരുതൽ കാണിക്കുക എന്നതു മനോഹരമായ ഒരു ലക്ഷ്യമാണ് – പ്രത്യേകിച്ച് യേശുവിന്റെ സ്നേഹം അത്യാവശ്യമുള്ള നമ്മുടെ നഗരങ്ങളിൽ.
എവിടെയൊക്കെയാണ് ഐക്യമില്ലായ്മ നിങ്ങൾ കാണാറുള്ളത്? നിങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിച്ചുകൊണ്ടു ഐക്യം വർദ്ധിപ്പിക്കാൻ ദൈവം നിങ്ങളെ എങ്ങനെ പ്രേരിപ്പിച്ചേക്കാം?
പിതാവേ, എന്റെ സമൂഹത്തിൽ ഐക്യത്തിനായി പ്രവർത്തിക്കാൻ അങ്ങയുടെ ആത്മാവിന്റെ ശക്തിയാൽ എന്നെ സഹായിക്കേണമേ.