“അമ്പതു വർഷമായി ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു,” വൃദ്ധ പറഞ്ഞു. എന്റെ സുഹൃത്ത് ലൂ അഗാധമായ നന്ദിയോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി. തന്റെ പിതാവു വളർന്നതും കൗമാരപ്രായത്തിൽ വിട്ടുപോന്നതുമായ ബൾഗേറിയൻ ഗ്രാമം സന്ദർശിക്കുകയായിരുന്നു അവൻ. യേശുവിൽ വിശ്വസിക്കുന്ന ആ സ്ത്രീ അവന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അയൽപക്കത്താണു താമസിച്ചിരുന്നത്. ഒരു ഭൂഖണ്ഡം അകലെ ലൂവിന്റെ ജനനത്തെക്കുറിച്ചു കേട്ടയുടനെ അവർ അവനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ഇപ്പോൾ, അരനൂറ്റാണ്ടിനുശേഷം, അവൻ ഒരു ബിസിനസ്സ് യാത്രയ്ക്കായി ഗ്രാമം സന്ദർശിക്കുകയായിരുന്നു. അവിടെ അവൻ ഒരു കൂട്ടത്തോടു തന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചു. ഏകദേശം മുപ്പതു വയസ്സാകുന്നതുവരെ ലൂ യേശുവിൽ വിശ്വസിച്ചിരുന്നില്ല. അവൻ സംസാരിച്ചതിനു ശേഷം ആ സ്ത്രീ അവനെ സമീപിച്ചപ്പോൾ, വിശ്വാസത്തിലേക്കുള്ള തന്റെ വരവിൽ അവരുടെ നിരന്തരമായ പ്രാർത്ഥനകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അവൻ ആശ്ചര്യപ്പെട്ടു.

സ്വർഗ്ഗത്തിന്റെ ഇങ്ങേ വശത്തു സംഭവിക്കുന്ന നമ്മുടെ പ്രാർത്ഥനയുടെ പൂർണ്ണമായ ഫലം നാം ഒരിക്കലും അറിയുകയില്ല. എന്നാൽ തിരുവെഴുത്ത് നമുക്ക് ഈയൊരു ഉപദേശം നൽകുന്നു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ” (കൊലൊസ്യർ 4:2). ചെറിയ നഗരമായ കൊലൊസ്യയിലെ വിശ്വാസികൾക്കു പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ, താൻ പോകുന്നിടത്തെല്ലാം ദൈവസന്ദേശത്തിനായി “വാതിൽ തുറന്നുതരാൻ” (വാ. 3) തന്നെയും പ്രാർത്ഥനയിൽ ഓർക്കാൻ അപേക്ഷിക്കുന്നു.

പ്രാർത്ഥന എന്ന ആത്മീയ വരം എനിക്കില്ല എന്നു ചിലപ്പോൾ നാം ചിന്തിച്ചേക്കാം. എന്നാൽ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ ആത്മീയ വരങ്ങളിലും പ്രാർത്ഥന ഉൾപ്പെടുന്നില്ല. അവനു മാത്രം ചെയ്യാൻ കഴിയുന്നതു നാം കാണേണ്ടതിനു നാം ഓരോരുത്തരും വിശ്വസ്തതയോടെ പ്രാർത്ഥിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം ഇത്.