രണ്ട് നൂറ്റാണ്ടിലേറെക്കാലം, മെതഡിസ്റ്റ് സ്തുതിഗീതങ്ങളിൽ ഒന്നാമതായി സ്ഥാനം പിടിച്ചിരുന്ന സ്തുതിഗീതം “O for a Thousand Tongues to Sing” എന്നതായിരുന്നു. ചാൾസ് വെസ്ലി എഴുതിയതും യഥാർത്ഥത്തിൽ “For the Anniversary Day of One’s Conversion” എന്ന് പേരിട്ടിരുന്നതുമായ ഈ ഗാനം യേശുവിലുള്ള തന്റെ വിശ്വാസത്താൽ ഉണർത്തപ്പെട്ട സമൂലമായ നവീകരണത്തെ അനുസ്മരിക്കുന്നതിനാണ് രചിച്ചത്. അനുതപിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്നവരോടുള്ള ദൈവത്തിന്റെ നന്മയുടെ മഹത്വം പ്രഘോഷിക്കുന്ന പതിനെട്ട് സ്റ്റാൻസകൾ ഇതിലുണ്ട്.
അത്തരം വിശ്വാസം ആഘോഷിക്കേണ്ടതും പങ്കുവെക്കേണ്ടതുമാണ്. 2 തിമൊഥെയൊസ് 2-ൽ, തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും അത് പങ്കുവെക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കാനും പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നു. “അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു” (വാ. 8-9). തന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ചു രണ്ടാമതൊന്നു ചിന്തിക്കുന്നതിനുപകരം, സുവാർത്തയുടെ സന്ദേശം ഓർമ്മിക്കാൻ പൗലൊസ് തിമൊഥെയൊസിനെ ഓർമ്മപ്പെടുത്തുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തു” (വാക്യം 8), വന്നത് ഭരിക്കാനല്ല. മറിച്ചു, ശുശ്രൂഷിക്കാനും നാം ദൈവവുമായി സമാധാനം പ്രാപിക്കേണ്ടതിന്നു ലോകത്തിന്റെ പാപങ്ങൾക്കായി ആത്യന്തികമായി മരിക്കാനുമാണ് വന്നത്. മരണം ജയിച്ചില്ല. യേശു കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു.
വിശ്വസിക്കുന്നവരെ വചനം സ്വതന്ത്രരാക്കുന്നതുപോലെ, സന്ദേശം സ്വയം ബന്ധിക്കുന്നില്ല. “ദൈവവചനത്തിന്നോ ബന്ധനം ഇല്ല,” (വാക്യം 9) എന്നു പൗലൊസ് പറയുന്നു. തടവറകൾ, ആശുപത്രി കിടക്കകൾ, ശവക്കുഴികൾ തുടങ്ങി മരണം ജയിച്ചതായി കരുതപ്പെടുന്ന ഇടങ്ങളിൽ നിന്ന് പോലും. ക്രിസ്തുവിൽ, എല്ലാ മനുഷ്യർക്കും പ്രത്യാശയുണ്ട്. അത് ആഘോഷിക്കപ്പെടേണ്ട വാർത്തയാണ്!
നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ യേശുവിന്റെ സുവിശേഷം നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നത്? നിങ്ങൾക്ക് ഈ സുവാർത്ത ആരുമായി പങ്കിടാനാകും?
പിതാവേ, എന്നെ രക്ഷിച്ച്, എല്ലാവരുമായും സുവാർത്ത പങ്കിടാൻ അവസരങ്ങൾ നൽകിയതിനു അങ്ങേയ്ക്കു നന്ദി.