ഒരു ദുരന്തത്തിനു ശേഷം സ്ഥാപനങ്ങൾ കുറ്റം ഏറ്റെടുക്കുന്നത് ഏറെക്കുറെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുശേഷം, അവനെ സംരക്ഷിക്കുന്നതിൽ തങ്ങൾ “ദാരുണമായി പരാജയപ്പെട്ടു” എന്ന് ഒരു പ്രശസ്ത സ്കൂൾ സമ്മതിച്ചു. ആ കുട്ടി സഹവിദ്യാർത്ഥികളുടെ നിരന്തരമായ ഉപദ്രവം നേരിടേണ്ടിവന്നു. ഈ മോശമായ പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അവനെ സംരക്ഷിക്കുന്നതിനായി കാര്യമായൊന്നും ചെയ്തില്ല. ഇത്തരം പീഡനത്തെ ചെറുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മികച്ച പരിചരണം നൽകുന്നതിനുമുള്ള സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സ്കൂൾ ഇപ്പോൾ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.
സഹവിദ്യാർത്ഥികളുടെ പീഡനം മൂലമുണ്ടാകുന്ന അതീവനാശം വാക്കുകളുടെ ശക്തിയുടെ വ്യക്തമായ ഉദാഹരണമാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, വാക്കുകളുടെ സ്വാധീനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21). നാം പറയുന്ന കാര്യങ്ങൾ മറ്റൊരാളെ ഉയർത്തുകയോ തകർക്കുകയോ ചെയ്യാം. അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ, ക്രൂരമായ വാക്കുകൾ അക്ഷരാർത്ഥത്തിൽ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
നാം പറയുന്ന കാര്യങ്ങൾക്ക് എങ്ങനെ ജീവൻ നൽകാനാകും? നമ്മുടെ വാക്കുകൾ പരിജ്ഞാനത്തിൽ നിന്നോ ഭോഷത്വത്തിൽ നിന്നോ പ്രവഹിക്കുന്നുവെന്നു തിരുവെഴുത്തു പഠിപ്പിക്കുന്നു (15:2). ജ്ഞാനത്തിന്റെ ജീവദായക ശക്തിയുടെ ഉറവിടമായ ദൈവത്തോട് അടുക്കുന്നതിലൂടെ നാം ജ്ഞാനം കണ്ടെത്തുന്നു (3:13, 17-19).
വാക്കുകളുടെ ആഘാതത്തെ ഗൗരവമായെടുക്കാനും മറ്റുള്ളവർ പറഞ്ഞതിൽ നിന്നും മുറിവേറ്റവരെ പരിപാലിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും വാക്കിലും പ്രവൃത്തിയിലും ഉത്തരവാദിത്തമുണ്ട്. വാക്കുകൾക്ക് കൊല്ലാൻ കഴിയും. എന്നാൽ അനുകമ്പയുള്ള വാക്കുകൾക്ക് സുഖപ്പെടുത്താനും കഴിയും. അത് നമുക്കു ചുറ്റുമുള്ളവർക്ക് ഒരു “ജീവവൃക്ഷമായി” മാറുന്നു (15:4).
അശ്രദ്ധമായ വാക്കുകൾമൂലം എപ്പോഴെങ്കിലും നാശമുണ്ടാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾ പറയുന്നതിലൂടെ ദൈവത്തിന്റെ അനുകമ്പ എങ്ങനെ പ്രകടമാക്കാം?
സ്നേഹമുള്ള ദൈവമേ, വാക്കുകളുടെ ആഘാതം ഒരിക്കലും നിസ്സാരമായി കാണാതെ, ജീവൻ നൽകുന്ന കാര്യങ്ങൾ സംസാരിക്കാൻ അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.