വിർജീനിയയിലെ ഞങ്ങളുടെ മുൻ സഭ റിവന്ന നദിയിലായിരുന്നു സ്നാനം നടത്തിയിരുന്നത്. അവിടെ പലപ്പോഴും സൂര്യപ്രകാശം ചൂടുള്ളതാരുന്നെങ്കിലും, വെള്ളം തണുത്തുറഞ്ഞതായിരുന്നു. ഞങ്ങളുടെ ഞായറാഴ്ച ശുശ്രൂഷയ്ക്കു ശേഷം, ഞങ്ങൾ ഞങ്ങളുടെ കാറുകളിലും കാരവാനിലുമായി ഒരു നഗരോദ്യാനത്തിലേക്കു പോകും. അയൽക്കാർ ഫ്രിസ്ബീസ് എറിഞ്ഞും, കുട്ടികൾ കളിസ്ഥലത്ത് കളിച്ചുതിമിർത്തും സമയം ചിലവഴിക്കുന്ന ഇടമായിരുന്നു അത്. നദീതീരത്തേക്ക് മനസ്സില്ലാമനസ്സോടെ നീങ്ങുന്ന ഞങ്ങൾ തികച്ചും ഒരു കാഴ്ചയായിരുന്നു. മഞ്ഞുമൂടിയ വെള്ളത്തിൽ നിൽക്കുമ്പോൾ, ഞാൻ തിരുവെഴുത്തുകളിൽ നിന്നു സംസാരിച്ച്, സ്നാനമേൽക്കുന്നവരെ ദൈവസ്നേഹത്തിന്റെ ഈ മൂർത്തമായ പ്രവർത്തിയിൽ പങ്കാളിയാക്കും. ശരീരം മുഴുവൻ കുതിർന്ന്, ജലത്തിൽ നിന്നു അവർ പൊങ്ങിവരുമ്പോൾ, ആഹ്ലാദവും കൈയടിയും പൊട്ടിപ്പുറപ്പെടും. നദിക്കരയിലേക്കു കയറുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതുതായി സ്നാനമേറ്റവരെ ആലിംഗനങ്ങളാൽ പൊതിയും. തത്ഫലമായി അവരെല്ലാവരും നനയും. അതേത്തുടർന്നു ഞങ്ങൾ കേക്കും പാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കും. ഇതു കാണുന്ന മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പ്പോഴും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അതൊരു ആഘോഷമാണെന്ന് അവർക്കറിയാമായിരുന്നു.

ആരെങ്കിലും ദൈവത്തിന്റെ ഭവനത്തിലേക്ക് മടങ്ങിവരുമ്പോഴെല്ലാം അത് ആഘോഷത്തിനു കാരണമാകുമെന്ന് ലൂക്കൊസ് 15-ൽ പറഞ്ഞിട്ടുള്ള ധൂർത്ത പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ (വാ. 11-32) വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും ആരെങ്കിലും ദൈവത്തിന്റെ ക്ഷണത്തിന് ഉവ്വ് എന്ന് പറഞ്ഞാൽ, അത് ആഘോഷത്തിനുള്ള സമയമാണ്. പിതാവിനെ ഉപേക്ഷിച്ചപോയ മകൻ മടങ്ങിയെത്തിയപ്പോൾ, പിതാവ് ഉടൻ തന്നെ പ്രത്യേകം നിർമ്മിച്ച വസ്ത്രവും തിളങ്ങുന്ന മോതിരവും പുതിയ ചെരുപ്പും അവനെ ധരിപ്പിക്കാൻ നിർബന്ധിച്ചു. “തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക” (വാക്യം 23) എന്നു അവൻ പറഞ്ഞു. ആഹ്ലാദത്തിൽ പങ്കുചേരാൻ താല്പര്യമുള്ള ആരേയും ഉൾപ്പെടുത്തുന്ന ആഹ്ലാദകരമായ വലിയൊരു പാർട്ടി, “ആഘോഷത്തിനുള്ള” ഉചിതമായ മാർഗമായിരുന്നു (വാക്യം 24).