2000-ൽ പാസ്റ്റർ എഡ് ഡോബ്സണിന് ALS ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ആയിരക്കണക്കിനു വ്യക്തികൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. രോഗശാന്തിക്കായി വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവം ഉടനടി ഉത്തരം നൽകുമെന്നു പലരും വിശ്വസിച്ചു. എഡിന്റെ പേശികൾ ക്രമേണ ക്ഷയിക്കുന്നതിന് കാരണമായ രോഗവുമായി പന്ത്രണ്ടു വർഷം മല്ലിട്ടതിനു ശേഷം (അദ്ദേഹം മരിക്കുന്നതിനു മൂന്നു വർഷം മുമ്പ്), ദൈവം എന്തുകൊണ്ടു ഇതുവരെ അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല എന്ന് ഒരു വ്യക്തി അദ്ദേഹത്തോടു ചോദിച്ചു. “ശരിയായ ഒരു ഉത്തരം അതിനില്ല, അതിനാൽ ഞാൻ ചോദിക്കാറില്ല,” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ലോർണ ഇപ്രകാരം കൂട്ടിച്ചേർത്തു, “എല്ലായിപ്പോഴും നിങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നു നിങ്ങൾ എപ്പോഴും വ്യാകുലപ്പെടുകയാണെങ്കിൽ, നിങ്ങൾക്കു ശരിക്കും ജീവിക്കാൻ കഴിയില്ല.”
എഡിന്റെയും ലോർണയുടെയും വാക്കുകളിൽ ദൈവത്തോടുള്ള ആദരവു നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? അവന്റെ ജ്ഞാനം തങ്ങളുടേതിനേക്കാൾ ഉയർന്നതാണെന്ന് അവർക്കറിയാമായിരുന്നു. എന്നിട്ടും എഡ് സമ്മതിച്ചു, “നാളെയെക്കുറിച്ച് ആകുലപ്പെടാതെയിരിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു.” വൈകല്യം വർദ്ധിച്ചുവരുന്നതിനു രോഗം കാരണമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. എന്തു പുതിയ വൈഷമ്യമാണ് അടുത്ത ദിനം കൊണ്ടുവരികയെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.
വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന്, എഡ് ഈ വാക്യങ്ങൾ തന്റെ കാറിലും കുളിമുറിയിലെ കണ്ണാടിയിലും തന്റെ കട്ടിലിനരികിലും സ്ഥാപിച്ചു: “‘ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം” (എബ്രായർ 13:5-6). ആകുലപ്പെടാൻ ആരംഭിക്കുമ്പോഴെല്ലാം, സത്യത്തിലേക്ക് തന്റെ ചിന്തകൾ വീണ്ടും കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് അദ്ദേഹം ആ വാക്യങ്ങൾ ആവർത്തിക്കും.
അടുത്ത ദിനം എന്തു സംഭവിക്കുമെന്നു നമുക്കാർക്കും അറിയില്ല. ഒരുപക്ഷേ, എഡിന്റെ രീതി നമ്മുടെ ആശങ്കകളെ വിശ്വസിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിച്ചേക്കാം.
ഇന്നത്തെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു നാളെയെക്കുറിച്ചു ആകുലപ്പെടാതിരിക്കാൻ നിങ്ങളെ സഹായിക്കുന്ന തിരുവെഴുത്തുകൾ ഏതൊക്കെയാണ്? നിങ്ങളുടെ വിശ്വാസം വർദ്ധിച്ചുവരാൻ ഇടയാക്കുന്നതിന് അവ എവിടെയൊക്കെ നിങ്ങൾ സ്ഥാപിക്കും?
പിതാവേ, ഞാനല്ല, അങ്ങാണു ദൈവമെന്ന് ഓർമ്മിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിക്കേണമേ.