“എന്തൊരു കഷ്ടമാണിത്?!” ഞാൻ അലറിക്കൊണ്ട് ഞങ്ങളുടെ ഡ്രയറിൽ എന്റെ ഷർട്ടു തിരഞ്ഞു. ഞാനതു കണ്ടെത്തി. ഒപ്പം… മറ്റൊന്നുകൂടി.
എന്റെ വെള്ള ഷർട്ടിൽ മഷി പുരണ്ടിരിക്കുന്നു. വാസ്തവത്തിൽ, അതൊരു പുള്ളിപ്പുലിയുടെ തോലുപോലെ കാണപ്പെട്ടു: മഷി തുള്ളികൾ എല്ലായിടത്തും പറ്റിയിരിക്കുന്നു. തുണി കഴുകാൻ ഇടുന്നതിനു മുമ്പ് ഞാൻ എന്റെ പോക്കറ്റുകൾ പരിശോധിച്ചില്ല. ചോർച്ചയുള്ള ഒരു പേന മുഴുവൻ തുണിയിലും കറയാക്കി.
തിരുവെഴുത്തു പലപ്പോഴും പാപത്തെ വിവരിക്കാൻ അകൃത്യം അഥവാ കറ എന്ന വാക്ക് ഉപയോഗിക്കുന്നു. തുണിയിലോ മറ്റെന്തെങ്കിലും വസ്തുവിലോ കറ കിനിഞ്ഞിറങ്ങി അതിനെ നശിപ്പിക്കുന്നു. തങ്ങൾക്കു സ്വയം ശുദ്ധീകരിക്കാനുള്ള കഴിവിനപ്പുറമാണ് പാപത്തിന്റെ കറ എന്നു തന്റെ ജനത്തെ ഓർമ്മിപ്പിച്ചുകൊണ്ടു ദൈവം യിരെമ്യാ പ്രവാചകനിലൂടെ പാപത്തെ വിവരിച്ചത് ഇപ്രകാരമാണ്: “നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” (യിരെമ്യാവ് 2:22).
ഭാഗ്യവശാൽ, ആത്യന്തികമായി തീരുമാനമെടുക്കുന്നത് പാപമല്ല. യെശയ്യാവ് 1:18-ൽ, പാപത്തിന്റെ കറയിൽ നിന്നു നമ്മെ ശുദ്ധീകരിക്കാൻ കഴിയുമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം നാം കേൾക്കുന്നു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.”
എന്റെ ഷർട്ടിലെ മഷിയുടെ കറ കളയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ പാപത്തിന്റെ കറയും കളയാൻ എനിക്കു കഴിയില്ല. 1 യോഹന്നാൻ 1:9 വാഗ്ദത്തം ചെയ്യുന്നതുപോലെ, ദൈവം നമ്മെ ക്രിസ്തുവിൽ ശുദ്ധീകരിക്കുന്നു: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”
പാപമോചനവും ശുദ്ധീകരണവും അനുഭവിച്ചറിയുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമാണ് വരുത്തിയത്? ദൈവത്തിങ്കലേക്കു കൊണ്ടുവരേണ്ടതായ എന്തു “അകൃത്യമാണ്” നിങ്ങളിലുള്ളത്?
പിതാവേ, അങ്ങയുടെ ദൃഷ്ടിയിൽ ഞാൻ മഞ്ഞുപോലെ വെളുത്തിരിക്കും വിധം ക്രിസ്തുവിൽ നിർമ്മലതയും ക്ഷമയും ഉണ്ടെന്ന വാഗ്ദത്തത്തിൽ മുറുകെ പിടിക്കാൻ എന്നെ സഹായിക്കേണമേ.