കാൻസർ ബാധിതയായപ്പോൾ, എൽസി യേശുവിനോടൊപ്പം സ്വർഗത്തിലേക്കു പോകാൻ തയ്യാറായിരുന്നു. എന്നാൽ രോഗം അവളെ ചലനമറ്റവളാക്കിയെങ്കിലും അവൾ സുഖം പ്രാപിച്ചു. ദൈവം എന്തിനാണു തന്റെ ജീവൻ ബാക്കിവച്ചതെന്ന ചിന്തയും അത് അവളിൽ ഉളവാക്കി. “എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” അവൾ അവനോ‌ടു ചോദിച്ചു. “എനിക്ക് അധികം പണമോ കഴിവുകളോ ഇല്ല, എനിക്ക് നടക്കാനും ഇപ്പോൾ കഴിയില്ല. ഞാൻ എങ്ങനെ അങ്ങേയ്ക്ക് ഉപകാരപ്പെടും?”

പിന്നീട് അവൾ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ചെറുതും ലളിതവുമായ വഴികൾ കണ്ടെത്തി. പ്രത്യേകിച്ച് അവളുടെ വീട് വൃത്തിയാക്കുന്ന കുടിയേറ്റക്കാരായവരെ സഹായിക്കാൻ. അവൾ അവരെ കാണുമ്പോഴെല്ലാം അവർക്കു ഭക്ഷണം വാങ്ങിക്കൊടുക്കുകയോ കുറച്ചു പണം നൽകുകയോ ചെയ്തു. ദാനമായി നൽകുന്ന ഈ തുകകൾ ചെറുതായിരുന്നുവെങ്കിലും അവ ആ ജോലിക്കാരെ സംബന്ധിച്ചു അവരുടെ ആവശ്യങ്ങൾക്കു ഒരുപാടു ഉപകാരപ്പെട്ടു. അവൾ അങ്ങനെ ചെയ്യുമ്പോൾ, ദൈവം അവൾക്കുവേണ്ടി കരുതുന്നതായി അവൾ കണ്ടെത്തി: സുഹൃത്തുക്കളും ബന്ധുക്കളും അവൾക്കു സമ്മാനങ്ങളും പണവും നൽകി. മറ്റുള്ളവരെ അനുഗ്രഹിക്കാൻ അത് അവളെ പ്രാപ്തയാക്കി.

അവൾ തന്റെ കഥ പങ്കുവെക്കുമ്പോൾ, “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” എന്ന 1 യോഹന്നാൻ 4:19-ലെ പരസ്പരം സ്നേഹിക്കാനുള്ള ആഹ്വാനവും “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്നു നമ്മെ ഓർമ്മപ്പെടുത്തുന്ന പ്രവൃത്തികൾ 20:35-ലെ സത്യവും എൽസി എങ്ങനെ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.

തനിക്കു ലഭിച്ചതുകൊണ്ടാണ് എൽസി നൽകിയത്, അവൾ നൽകിയപ്പോൾ അതവളെ കൂടുതൽ ധൈര്യപ്പെടുത്തി. എന്നിരുന്നാലും സ്‌നേഹമസൃണവും കൃതജ്ഞതാ നിർഭരവുമായ ഒരു ഹൃദയത്തിലും തനിക്കുള്ളതു നൽകാനുള്ള ഒരുക്കത്തിലും കൂടുതലായ ഒന്ന് അവളിൽനിന്നാവശ്യപ്പെട്ടു-ദൈവം അത് കൊടുക്കൽ വാങ്ങലിന്റേതായ ഒരു ഉൽക്കൃഷ്ട ആവൃത്തിയിലൂടെ വർദ്ധിപ്പിച്ചു. അവൻ നമ്മെ നയിക്കുന്നതനുസരിച്ച് കൊടുക്കുന്നതിനായ നന്ദിയുള്ളതും ഔദാര്യപൂർണ്ണവുമായ ഒരു ഹൃദയം നൽകുവാൻ നമുക്കവനോടു പ്രാർത്ഥിക്കാം.