ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഇരുന്നുകൊണ്ട് സൂസി കരഞ്ഞു – തളർത്തുന്ന ഭയത്തിന്റെ തിരമാലകൾ അവളെ കീഴടക്കി. അവളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചെറിയ ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു, അവനെ രക്ഷിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു, പക്ഷേ ഒരു ഉറപ്പും നൽകിയില്ല. ആ നിമിഷം അവൾ പറയുന്നു, “ദൈവത്തെ ആരാധിക്കാൻ [അവളെ] ഓർമ്മിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ മധുരവും സൌമ്യവുമായ പ്രേരണ തനിക്ക് അനുഭവപ്പെട്ടു”. പാടാൻ ശക്തിയില്ലാതെ, ആശുപത്രിയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അവൾ ഫോണിൽ സ്തുതി ഗാനങ്ങൾ ശ്രവിച്ചു. അവൾ ആരാധിക്കുമ്പോൾ അവൾ പ്രത്യാശയും സമാധാനവും കണ്ടെത്തി. “ആരാധന ദൈവത്തെ മാറ്റില്ല, പക്ഷേ അത് തീർച്ചയായും നിങ്ങളെ മാറ്റും” എന്ന് അനുഭവം തന്നെ പഠിപ്പിച്ചു എന്ന് ഇന്ന് അവൾ പറയുന്നു.
ആശയറ്റ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, ദാവീദ് പ്രാർത്ഥനയിലും സ്തുതിയിലും ദൈവത്തെ വിളിച്ചപേക്ഷിച്ചു (സങ്കീർത്തനം 30:8). സങ്കീർത്തനക്കാരൻ “സ്തുതിയും രൂപാന്തരവും പുറപ്പെടുവിക്കുന്ന കൃപയ്ക്കായി” പ്രാർത്ഥിച്ചതായി ഒരു വ്യാഖ്യാതാവ് കുറിക്കുന്നു. ദൈവം ദാവീദിന്റെ “വിലാപത്തെ നൃത്തമാക്കി” മാറ്റുകയും എല്ലാ സാഹചര്യങ്ങളിലും – “[ദൈവത്തെ] എന്നേക്കും സ്തോത്രം ചെയ്യും” എന്നു അവൻ പ്രഖ്യാപിക്കുകയും ചെയ്തു (വാ. 11-12). വേദനാജനകമായ സമയങ്ങളിൽ ദൈവത്തെ സ്തുതിക്കുന്നതു ബുദ്ധിമുട്ടാണെങ്കിലും, അതു പരിവർത്തനത്തിലേക്കു നയിച്ചേക്കാം. നിരാശയിൽ നിന്നു പ്രതീക്ഷയിലേക്ക്, ഭയത്തിൽ നിന്നു വിശ്വാസത്തിലേക്ക്. കൂടാതെ മറ്റുള്ളവരെ ധൈര്യപ്പെടുത്താനും രൂപാന്തരപ്പെടുത്താനും അവനു നമ്മുടെ ജീവിതമാതൃക ഉപയോഗിക്കാനാകും (വാ. 4-5).
ദൈവാനുഗ്രഹത്താൽ സൂസിയുടെ കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളും നാം പ്രതീക്ഷിക്കുന്നതുപോലെ അവസാനിക്കില്ലെങ്കിലും, നമ്മുടെ വേദനയിലും നാം അവനെ ആരാധിക്കുമ്പോൾ, നമ്മെ രൂപാന്തരപ്പെടുത്താനും പുതുസന്തോഷം കൊണ്ടു നിറയ്ക്കാനും അവനു കഴിയും (വാക്യം 11).
വേദന അനുഭവിക്കുന്ന വേളയിൽ ദൈവത്തെ ആരാധിക്കുന്നതു നിങ്ങളെ എങ്ങനെ ബാധിച്ചേക്കാം? നിങ്ങളുടെ ജീവിതമാതൃക മറ്റുള്ളവരെ എങ്ങനെ ബാധിച്ചേക്കാം?
പ്രിയപ്പെട്ട ദൈവമേ, എന്റെ വേദനയിലും പ്രയാസങ്ങളിലും ഞാൻ അങ്ങയെ ആരാധിക്കുമ്പോൾ എന്നെ രൂപാന്തരപ്പെടുത്തണമേ.