എന്റെ മാതാവിന്റെ മരണാനന്തര ചടങ്ങിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, മാതാവിന്റെ ജനനത്തിനും മരണത്തിനും ഇടയിലുള്ള വർഷങ്ങളെ – “ഹൈഫൻ വർഷങ്ങളെ” വിവരിക്കാൻ ശരിയായ വാക്കുകൾക്കായി ഞാൻ പ്രാർത്ഥിച്ചു. ഞങ്ങളുടെ ബന്ധത്തിലെ നല്ലതും അല്ലാത്തതുമായ സമയങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. എന്നിൽ സംഭവിച്ച “പരിവർത്തനം” കണ്ടതിനു ശേഷം എന്റെ മാതാവു യേശുവിനെ രക്ഷകനായി സ്വീകരിച്ച ദിവസത്തിനായി ഞാൻ ദൈവത്തെ സ്തുതിച്ചു. ഒരുമിച്ച് വിശ്വാസത്തിൽ വളരാൻ ഞങ്ങളെ സഹായിച്ചതിന് ഞാൻ അവനോട് നന്ദി പറഞ്ഞു. ഒപ്പം, ദയ കാണിച്ചുകൊണ്ട് എന്റെ മാതാവു എങ്ങനെ തങ്ങളെ ധൈര്യപ്പെടുത്തുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് പങ്കുവെച്ച വ്യക്തികൾക്കായും ഞാൻ അവനു നന്ദി കരേറ്റി. അപൂർണ്ണയായ എന്റെ മാതാവ് അർഥവത്തായ ഒരു ഹൈഫൻ — യേശുവിനുവേണ്ടി നന്നായി ജീവിച്ച ഒരു ജീവിതം ആസ്വദിച്ചു.

യേശുവിൽ ഒരു വിശ്വാസിയും പൂർണ്ണനല്ല. എന്നിരുന്നാലും, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം…” (കൊലൊസ്യർ 1:10) ജീവിക്കാൻ നമ്മെ പ്രാപ്തരാക്കാൻ പരിശുദ്ധാത്മാവിനു സാധിക്കും. അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, കൊലൊസ്യ സഭ തങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനും പേരുകേട്ടവരാണ് (വാ. 3-6). പരിശുദ്ധാത്മാവ് അവർക്കു “ജ്ഞാനവും വിവേകവും” നൽകി. “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ” (വാ. 9-10) വളരാൻ അവരെ ശക്തിപ്പെടുത്തി. ആ വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തുകൊണ്ട്, “നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പുള്ള” യേശുവിന്റെ നാമം പൗലൊസ്  പ്രഖ്യാപിച്ചു.

നാം പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, നമുക്കും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ വളരാനും അവനെയും മറ്റുള്ളവരെയും സ്നേഹിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും അർത്ഥവത്തായ ഒരു ഹൈഫൻ – യേശുവിനുവേണ്ടി നന്നായി ജീവിച്ച ജീവിതം – ആസ്വദിക്കാനും സാധിക്കും.