130 വർഷത്തിലേറെയായി, വാസ്തുവിദ്യാ വൈഭവത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ഈഫൽ ടവർ പാരീസ് നഗരത്തിനു മുകളിൽ ഗംഭീരമായി നിലകൊള്ളുന്നു. നഗരം അതിന്റെ മഹത്വത്തിന്റെ ഒരു പ്രധാന ഘടകമായി ടവറിനെ അഭിമാനത്തോടെ മുന്നോട്ടുവയ്ക്കുന്നു.
എന്നിരുന്നാലും, ഇത് നിർമ്മിക്കപ്പെടുന്ന സമയത്ത് പലരും അതിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല. ഉദാഹരണത്തിന്, “ഒരു ഫാക്ടറി ചിമ്മിനി പോലെ പരിഹാസ്യമായ നേർത്ത ആകൃതിയാണ് ” ടവറിനുള്ളതെന്നു പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഗീ ഡി മ്യുപാസോ പറഞ്ഞു. അദ്ദേഹത്തിന് അതിന്റെ ഭംഗി കാണാൻ കഴിഞ്ഞില്ല.
യേശുവിനെ സ്നേഹിക്കുകയും ഹൃദയങ്ങളെ തങ്ങളുടെ രക്ഷകനായി അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ച്, അവൻ ആരാണെന്നും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം അവനെ മനോഹരരൂപിയായി കാണാൻ കഴിയും. എന്നിട്ടും പ്രവാചകനായ യെശയ്യാവ് ഈ വാക്കുകൾ എഴുതി: “അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (53:2).
എന്നാൽ അവൻ നമുക്കുവേണ്ടി ചെയ്തതിന്റെ പരമമായ മഹത്വം മനുഷ്യർക്ക് അറിയാവുന്നതും അനുഭവിക്കാവുന്നതുമായ രൂപഗുണത്തിന്റെ ഏറ്റവും യഥാർത്ഥവും ശുദ്ധവുമായ രൂപമാണ്. “നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” (വാ. 4). അവൻ “നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” (വാ. 5).
നമ്മുടെ പാപങ്ങളുടെ പറഞ്ഞറിയിക്കാനാവാത്ത ശിക്ഷ സ്വയം ഏറ്റുവാങ്ങി ക്രൂശിൽ നമുക്കുവേണ്ടി കഷ്ടം സഹിച്ച ഒരുവനെപ്പോലെ രൂപഗുണമുള്ള – കോമളത്വമുള്ള – ആരെയും നാം ഒരിക്കലും അറിയുകയില്ല.
അതാണ് യേശു. കോമളത്വമുള്ളവൻ. നമുക്ക് അവനെ നോക്കി ജീവിക്കാം.
എങ്ങനെയാണ് യേശു തന്റെ രൂപഗുണം നിങ്ങൾക്ക് വെളിപ്പെടുത്തിയത്? നിങ്ങളുടെ ഏക പ്രത്യാശ അവനിൽ കണ്ടെത്തുക എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്?
പ്രിയ രൂപഗുണമുള്ളവനേ, എനിക്കുവേണ്ടി അങ്ങു ചെയ്ത നിസ്വാർത്ഥ ത്യാഗത്തിനു നന്ദി.