നാലു വാക്കുകളിൽ ഒരു ജീവിതം
ജെ. ഐ. പാക്കർ എന്നറിയപ്പെടുന്ന ജെയിംസ് ഇന്നൽ പാക്കർ 2020-ൽ തന്റെ തൊണ്ണൂറ്റി നാലാമത്തെ ജന്മദിനത്തിന് വെറും അഞ്ചു ദിവസം ബാക്കിനിൽക്കെ മരണപ്പെട്ടു. പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം, നോയിംഗ് ഗോഡ്, 1.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. വേദപുസ്തക ആധികാരികത, ശിഷ്യത്വ-രൂപീകരണം എന്നി വിഷയങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന പാക്കർ യേശുവിനു വേണ്ടി ജീവിക്കുന്നതു ഗൗരവമായി എടുക്കാൻ ലോകത്തെമ്പാടുമുള്ള ക്രിസ്തു വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നു. സഭയോടുള്ള തന്റെ അവസാന വാക്കുകൾക്കായി ജീവിതത്തിന്റെ വൈകിയ വേളയിൽ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. പാക്കറിന് ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ പറയാൻ, വെറും നാലു വാക്കുകൾ: “എല്ലാ വിധത്തിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.”
നാടകീയമായ തന്റെ മാനസാന്തരത്തിനുശേഷം, തന്റെ മുമ്പിലുള്ള വേല വിശ്വസ്തതയോടെ ചെയ്യാൻ ഒരുങ്ങുകയും ഫലങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ ജീവിതത്തെയാണ് ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. റോമർക്കെഴുതിയ ലേഖനത്തിൽ കാണപ്പെടുന്ന പൗലൊസിന്റെ വാക്കുകൾ, പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ദൈവശാസ്ത്രം നിറഞ്ഞിരിക്കുന്നവയാണ്. അപ്പൊസ്തലൻ എഴുതിയതുമായി ചേർന്നുനിന്നു കൊണ്ടു പാക്കർ സംഗ്രഹിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു… കൃപ നല്കുമാറാകട്ടെ” (റോമർ 15:5-6).
പൗലൊസിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. നമുക്കു പല തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ (ആദരിക്കാൻ) കഴിയുമെങ്കിലും നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ജീവിതം നയിക്കുകയും അതിന്റെ ഫലങ്ങൾ ദൈവത്തിന്റെ മാറ്റമില്ലാത്ത കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും മികച്ച ഒന്ന്. പുസ്തകങ്ങൾ എഴുതുകയോ മിഷനറി യാത്രകൾ നടത്തുകയോ പ്രാഥമിക വിദ്യാഭ്യാസം നൽകുകയോ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയോ ചെയ്താലും അതിന്റെയെല്ലാം ലക്ഷ്യം ഒന്നാണ്: ക്രിസ്തുവിനെ എല്ലാ വിധത്തിലും മഹത്വപ്പെടുത്തുക! നാം പ്രാർത്ഥിക്കുകയും തിരുവെഴുത്ത് വായിക്കുകയും ചെയ്യുമ്പോൾ, അർപ്പണബോധത്തോടെയുള്ള അനുസരണയിൽ ജീവിക്കാനും നാം പറയുന്നതും ചെയ്യുന്നതുമായ എല്ലാറ്റിലും യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ ദൈനംദിന ജീവിതം ഉപയോഗപ്പെടുത്താനും ദൈവം നമ്മെ സഹായിക്കുന്നു.
മറ്റുള്ളവരിൽ നമ്മുടെ സ്വാധീനം
ഞങ്ങളുടെ സ്കൂൾ കസ്റ്റോഡിയനായ ബെൻജി ഉച്ചഭക്ഷണത്തിനു എത്തിച്ചേരാൻ വൈകുമെന്ന് എന്റെ സെമിനാരി പ്രൊഫസറായ ഡോ. ലീ മനസ്സിലാക്കിയപ്പോൾ, അദ്ദേഹം മൗനമായി ഒരു പ്ലേറ്റു ഭക്ഷണം അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ചു. ഞാനും എന്റെ സഹപാഠികളും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഡോ. ലീ ബെൻജിക്കുവേണ്ടി അവസാന കഷ്ണം റൈസ് കേക്കും അതിനു സ്വാദിഷ്ടമായ ടോപ്പിംഗായി കുറച്ചു തേങ്ങ ചിരകിയതും മാറ്റിവെച്ചു. ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞന്റെ ഇത്തരത്തിലുള്ള പല പ്രവൃത്തികളിൽ ഒന്നായ ഇത്, ഡോ. ലീയുടെ ദൈവത്തോടുള്ള വിശ്വസ്തതയുടെ അതിപ്രസരമായി ഞാൻ കരുതുന്നു. ഇരുപതു വർഷങ്ങൾക്കു ശേഷവും അദ്ദേഹം എന്നിൽ സൃഷ്ടിച്ച ആഴത്തിലുള്ള മതിപ്പ് അവശേഷിക്കുന്നു.
അനേകം വിശ്വാസികളിൽ ആഴത്തിലുള്ള മതിപ്പു സൃഷ്ടിച്ച ഒരു പ്രിയ സുഹൃത്ത് അപ്പൊസ്തലനായ യോഹന്നാനും ഉണ്ടായിരുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടും വിശ്വസ്തത പുലർത്തുകയും “സത്യത്തിൽ” തുടർച്ചയായി നടക്കുകയും ചെയ്യുന്ന ഒരാളായാണ് അവർ ഗായൊസിനെ കുറിച്ചു സംസാരിച്ചത് (3 യോഹന്നാൻ 1:3). അപരിചിതരായിട്ടുകൂടി, സഞ്ചാരികളായ സുവിശേഷ പ്രസംഗകർക്ക് ഗായൊസ് ആതിഥ്യമരുളി (വാ. 5). തത്ഫലമായി, യോഹന്നാൻ അവനോടു പറഞ്ഞു, “അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു” (വാ. 6). ദൈവത്തോടും യേശുവിലുള്ള മറ്റു വിശ്വാസികളോടുമുള്ള ഗായൊസിന്റെ വിശ്വസ്തത സുവിശേഷത്തെ പരക്കാൻ സഹായിച്ചു.
എന്റെ അധ്യാപകൻ എന്നിൽ ചെലുത്തിയ സ്വാധീനവും തന്റെ നാളിൽ ഗായൊസ് ചെലുത്തിയ സ്വാധീനവും നമുക്കു മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലുകളാണ് — മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാൻ ദൈവത്തിന് ഉപയോഗിക്കാൻ കഴിയുന്ന സ്വാധീനം. നാം ദൈവത്തോടൊപ്പം വിശ്വസ്തതയോടെ നടക്കുമ്പോൾ, അവനോടൊപ്പം വിശ്വസ്തതയോടെ നടക്കാൻ മറ്റു വിശ്വാസികളെ സഹായിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.
വനത്തിലെ ഡാർക്ക് റൂം
ഫോട്ടോഗ്രാഫർ എന്ന നിലയിൽ ടോണി വക്കാരോയ്ക്കു സൈന്യം ഒരു അവസരം നൽകിയില്ല. പക്ഷേ അത് അവനെ തടഞ്ഞില്ല. മരങ്ങളിൽ നിന്നു മഴ പെയ്യുന്നതു പോലെ പതിക്കുന്ന പീരങ്കി ഷെല്ലുകളും അതിന്റെ കൂർത്ത അവശിഷ്ടങ്ങളും തട്ടിമാറ്റുന്നതിന്റെ ഭയാനകമായ നിമിഷങ്ങൾക്കിടയിൽപോലും അവൻ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. തുടർന്ന്, തന്റെ സുഹൃത്തുക്കൾ ഉറങ്ങുമ്പോൾ, ഫിലിം ഡവലപ്പ് ചെയ്യുന്നതിനായി അവരുടെ ഹെൽമറ്റ് ഉപയോഗിച്ചു രാസവസ്തുക്കൾ കലർത്തി. രാത്രികാല വനം ഡാർക്ക് റൂം ആയി മാറി. അതിൽ വക്കാരോ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായ ഹർട്ട്ജെൻ വനത്തിലെ പോരാട്ടത്തിന്റെ കാലാതീതമായ റെക്കോർഡു സൃഷ്ടിച്ചെടുത്തു.
തന്റെ കാലത്തു ദാവീദു രാജാവു യുദ്ധങ്ങളിലും ഇരുണ്ട കാലങ്ങളിലും കൂടി കടന്നുപോകുകയുണ്ടായി. 2 ശമൂവേൽ 22 പറയുന്നു, “യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം…” (വാ. 1). ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു രേഖ സൃഷ്ടിക്കാൻ ദാവീദ് ആ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി. “മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു” (വാ. 5) എന്നു അവൻ പറഞ്ഞു.
താമസിയാതെ ദാവീദു നിരാശയിൽ നിന്നു പ്രത്യാശയിലേക്കു നീങ്ങി: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,” അവൻ അനുസ്മരിച്ചു. “അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു” (വാ. 7). ദൈവത്തിന്റെ നിരന്തരമായ സഹായത്തിന് ദൈവത്തെ സ്തുതിക്കുന്നുണ്ടെന്നു ദാവീദ് ഉറപ്പു വരുത്തി. “യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും” (വാ. 29-30).
ദാവീദു തന്റെ വൈഷമ്യങ്ങളെ തന്റെ വിശ്വസ്ത ദൈവത്തെക്കുറിച്ചു ലോകത്തോടു പറയാനുള്ള അവസരങ്ങളാക്കി മാറ്റി. നമുക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. എല്ലാത്തിനുമുപരി, ഇരുളിനെ വെളിച്ചമാക്കി മാറ്റുന്നവനിലാണ് നാം ആശ്രയിക്കുന്നത്.
—റ്റിം ഗസ്റ്റാഫ്സൺ
എപ്പോഴാണു നിങ്ങൾക്ക് ഏറ്റവും നിരാശ തോന്നിയിട്ടുള്ളത്? ആ നിമിഷത്തിൽ നിങ്ങൾ അനുഭവിച്ച ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു നിങ്ങൾ മറ്റുള്ളവരോടു പറയുമോ?
പ്രിയ ദൈവമേ, പ്രത്യേകിച്ച് ഇരുണ്ട സമയത്ത്, അങ്ങ് എന്നെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന അനേകം വഴികൾ കാണാൻ എന്നെ സഹായിക്കേണേ.
സ്വർഗ്ഗം പാടുന്നു
അർജന്റീനിയൻ ഗാനമായ “എൽ സീലോ കാന്റ അലെഗ്രിയ” ഹൈസ്കൂൾ ഗായകസംഘം ആലപിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ ആനന്ദം പ്രകടമായിരുന്നു. ഞാൻ പ്രകടനം ആസ്വദിച്ചുവെങ്കിലും എനിക്കു സ്പാനിഷ് അറിയാത്തതിനാൽ വരികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അധികം താമസിയാതെ, പരിചിതമായ ഒരു പദം ഞാൻ തിരിച്ചറിഞ്ഞു. ഗായകസംഘം “അലേലൂയാ!” എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള മിക്ക ഭാഷകളിലും സമാനമായി തോന്നുന്ന ദൈവത്തോടുള്ള സ്തുതിയുടെ ഒരു പ്രഖ്യാപനമായ “അലേലൂയ” ഞാൻ ആവർത്തിച്ചു കേട്ടു. ഗാനത്തിന്റെ പശ്ചാത്തലം അറിയാനുള്ള ആകാംക്ഷയിൽ, സംഗീതമേളക്കു ശേഷം ഞാൻ ഓൺലൈനിൽ പോയി, “സ്വർഗ്ഗം സന്തോഷം പാടുന്നു” എന്നാണ് ഗാനത്തിന്റെ തലക്കെട്ടിന്റെ അർത്ഥം എന്നു കണ്ടെത്തി.
വെളിപ്പാട് 19-ലെ ആഘോഷത്തിന്റെതായ ഒരു വചനഭാഗത്ത്, ആ ഗായകസംഘത്തിന്റെ ഗാനത്തിൽ പ്രകടിപ്പിക്കുന്ന യാഥാർത്ഥ്യത്തിന്റെ ഒരു നേർക്കാഴ്ച നമുക്കു ലഭിക്കുന്നു — സ്വർഗ്ഗം മുഴുവൻ സന്തോഷിക്കുന്നു! പുതിയ നിയമത്തിലെ അവസാന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള അപ്പൊസ്തലനായ യോഹന്നാന്റെ ദർശനത്തിൽ, സ്വർഗത്തിൽ ദൈവത്തോടു കൃതജ്ഞത പ്രഖ്യാപിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെയും ദൂത സൃഷ്ടികളെയും അവൻ കണ്ടു. തിന്മയെയും അനീതിയെയും അതിജീവിച്ച ദൈവത്തിന്റെ ശക്തിയെയും, മുഴുവൻ ഭൂമിയുടെയും മേലുള്ള അവന്റെ ഭരണത്തെയും, അവനോടൊപ്പമുള്ള നിത്യജീവനെയും ഗായകസംഘത്തിന്റെ ശബ്ദം ആഘോഷിക്കുന്നുവെന്നു യോഹന്നാൻ എഴുതി. സ്വർഗ്ഗത്തിലെ എല്ലാ നിവാസികളും വീണ്ടും വീണ്ടും “ഹല്ലേലൂയാ!” (വാ. 1, 3, 4, 6), അഥവാ “ദൈവത്തിനു സ്തുതി!” എന്നു പ്രഖ്യാപിക്കുന്നു.
ഒരു ദിവസം “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” (5:9) ജനം ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കും. എല്ലാ ഭാഷകളിലുമുള്ള നമ്മുടെ ശബ്ദങ്ങൾ സന്തോഷത്തോടെ ഒരുമിച്ചു “ഹല്ലേലൂയാ” എന്നു ആർക്കും!
പരസ്പരം സഹായിക്കുക
അത്ര മുൻനിരയിലല്ലാത്ത സ്കൂളിൽ നിന്നുള്ള ക്രിക്കറ്റ് ടീം ക്രിക്കറ്റ് സോണൽ ടൂർണമെന്റിനായി കളത്തിലിറങ്ങിയപ്പോൾ, കാഴ്ചക്കാരായ ആരാധകർ വിജയസാധ്യതയില്ലാത്ത ആ ടീമിനായി ആർപ്പുവിളിച്ചു. ആദ്യ ഊഴത്തിൽ തന്നെ ഈ ടീം പുറത്താകുമെന്നു ഏവരും പ്രക്ഷിച്ചെങ്കിലും അവരതു തരണം ചെയ്തു. തങ്ങളോടൊപ്പം ഒരു വാദ്യസംഘം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അവർക്കു പ്രോത്സാഹനം നൽകിക്കൊണ്ട് അവരുടെ വിദ്യാലയത്തിന്റെ ഗാനം കാഴ്ചക്കാരുടെ ഇടയിൽ നിന്നും മുഴങ്ങികേട്ടു. വിജയിക്കുമെന്നു പ്രതീക്ഷിരുന്ന എതിർ സംഘത്തിന്റെ വാദ്യസംഘം മത്സരത്തിനു മിനിറ്റുകൾക്കു മുമ്പ് എതിരാളിയുടെ സ്കൂൾ ഗാനം പഠിച്ചെടുത്തു. ആ ബാൻഡിന് അവർക്കറിയാവുന്ന ഗാനങ്ങൾ ചെയ്താൽ മതിയായിരുന്നുവെങ്കിൽ പോലും മറ്റൊരു സ്കൂളിനെയും മറ്റൊരു ടീമിനെയും സഹായിക്കാനായി അവർ ഗാനം പഠിക്കാൻ തീരുമാനിച്ചു.
ഈ ബാൻഡിന്റെ പ്രവർത്തനങ്ങൾ ഫിലിപ്പ്യ ലേഖത്തിൽ വിവരിച്ചിരിക്കുന്ന ഐകമത്യത്തെ പ്രതീകപ്പെടുത്തുന്നതായി കാണാം. ഫിലിപ്പിയിലെ ആദിമ സഭയോട്—ഇന്നു നമ്മളോടും—ഐകമത്യത്തിൽ അഥവാ “ഏകമനസ്സുള്ളവരായി” (ഫിലിപ്പിയർ 2:2) ജീവിക്കാൻ — പ്രത്യേകിച്ചും അവർ ക്രിസ്തുവിൽ ഏകീകൃതരായതിനാൽ — പൗലൊസ് പറഞ്ഞു. ഇതു ചെയ്യുന്നതിനായി, സ്വാർത്ഥ അഭിലാഷങ്ങൾ ഉപേക്ഷിച്ചു സ്വന്തം താൽപ്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകാൻ അപ്പൊസ്തലൻ അവരെ പ്രോത്സാഹിപ്പിച്ചു.
നമ്മേക്കാൾ മറ്റുള്ളവരെ വിലമതിക്കുന്നതു സ്വാഭാവികമായി സംഭവിക്കണമെന്നില്ല. എന്നാൽ, അപ്രകാരമാണ് നമുക്കു ക്രിസ്തുവിനെ അനുകരിക്കാൻ സാധിക്കുക. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” (വാ. 3) എന്നു പൗലൊസ് എഴുതി. നമ്മിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, താഴ്മയോടെ “മറ്റുള്ളവന്റെ ഗുണം” (വാ. 4) നോക്കുന്നതാണു ശ്രേഷ്ഠം.
നമുക്ക് എങ്ങനെ മറ്റുള്ളവരെ പിന്തുണയ്ക്കാൻ കഴിയും? അവരുടെ പോരാട്ട ഗാനങ്ങൾ പഠിക്കുകയോ അവർക്ക് ആവശ്യമുള്ളതു നൽകുകയോ എന്തുമായിക്കൊള്ളട്ടെ, അവ ചെയ്തുകൊണ്ടു അവരുടെ താൽപ്പര്യങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതിലൂടെ നമുക്കതു ചെയ്യാൻ സാധിക്കും.