Month: ആഗസ്റ്റ് 2024

കുടുംബത്തേക്കാൾ അധികം

വളരെ പ്രശസ്തമായ ഒരു കോളജിൽ മുഴുസമയ പ്രൊഫസറായി ജോണ്‍ നിയമിക്കപ്പെട്ടു. അവന്റെ ജ്യേഷ്ഠൻ ഡേവിഡ് ഇതിൽ സന്തുഷ്ടനായിരുന്നെങ്കിലും സഹോദരന്മാർ ചെയ്യുന്നതുപോലെ, അവർ കുട്ടികളായിരിക്കുമ്പോൾ ഗുസ്തുപിടിച്ചു ജോണിനെ നിലത്തുവീഴ്ത്താറുള്ളത് പറഞ്ഞു കളിയാക്കുന്നതു അവനു ഒഴിവാക്കാനായില്ല. ജോൺ ജീവിതത്തിൽ ഒരുപാടു മുന്നോട്ടു പോയിരുന്നു. പക്ഷേ, അപ്പോഴും അവൻ ഡേവിഡിന്റെ ചെറിയ സഹോദരനായിരുന്നു.

കുടുംബത്തിൽ മതിപ്പുളവാക്കാൻ പ്രയാസമാണ്—നിങ്ങൾ മിശിഹാ ആണെങ്കിൽ പോലും. യേശു നസ്രത്തിലെ ജനങ്ങളുടെ ഇടയിൽ വളർന്നുവന്നവനാണ്. അതിനാൽതന്നെ, അവനു പ്രത്യേകതയുണ്ടെന്നു വിശ്വസിക്കാൻ അവർ പ്രയാസപ്പെട്ടു. “ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?” (മർക്കൊസ് 6:2-3) എന്നിങ്ങനെ അവർ അവനിൽ ആശ്ചര്യപ്പെട്ടു. “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” (വാ. 4) എന്നു യേശു പറഞ്ഞു. ഈ വ്യക്തികൾക്കു യേശുവിനെ നന്നായി അറിയാമായിരുന്നുവെങ്കിലും അവൻ ദൈവപുത്രനാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഒരുപക്ഷേ നിങ്ങൾ ഒരു ദൈവിക ഭവനത്തിലായിരിക്കാം വളർന്നുവന്നത്. നിങ്ങളുടെ ആദ്യകാല ഓർമ്മകളിൽ സഭയിൽ പോകുന്നതും ഗാനങ്ങൾ ആലപിക്കുന്നതും ഉൾപ്പെടുന്നു. യേശു എപ്പോഴും ഒരു കുടുംബാംഗത്തെപ്പോലെ തോന്നിയിട്ടുണ്ടായിരിക്കാം. നിങ്ങൾ അവനെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിൽ, യേശു കുടുംബത്തിന്റെ ഭാഗമാണ്. “അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ…” (എബ്രായർ 2:11). ദൈവകുടുംബത്തിലെ നമ്മുടെ മൂത്ത സഹോദരനാണു യേശു (റോമർ 8:29)! ഇതൊരു വലിയ പദവിയാണ്. പക്ഷേ നമ്മുടെ അടുപ്പം അവനെ സാധാരണക്കാരനാണെന്നു തോന്നിപ്പിച്ചേക്കാം. ആരെങ്കിലും ഒരാൾ കുടുംബാംഗമാണെന്നതുകൊണ്ട് അവർ പ്രത്യേകതയുള്ളവർ അല്ലാതെയാകുന്നില്ല.

യേശു കുടുംബത്തിന്റെ ഭാഗവും കുടുംബാംഗത്തിൽ അധികം ആയതിൽ നിങ്ങൾക്കു സന്തോഷമില്ലേ? ഇന്നു നിങ്ങൾ അവനെ അനുഗമിക്കുമ്പോൾ അവൻ നിങ്ങൾക്കു കൂടുതൽ വ്യക്തിപരവും കൂടുതൽ വിശേഷപ്പെട്ടവനുമായി മാറട്ടെ.

കുറ്റംചുമത്തപ്പെട്ടു, മോചിതനായി

“ഞാൻ അങ്ങനെ ചെയ്തിട്ടില്ല!” അത് ഒരു നുണയായിരുന്നു. ദൈവം എന്നെ തടയുന്നതുവരെ ഞാൻ അങ്ങനെ പറഞ്ഞു രക്ഷപ്പെട്ടു. ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ, ഒരു പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാദ്യസംഘത്തിന്റെ പുറകിൽ സ്പിറ്റ്ബോൾ (കടലാസ് ചുരുട്ടി ഉരുണ്ടരൂപത്തിലാക്കി ഒരു കുഴലിലൂടെ തുപ്പുന്ന വിനോദം) ഉപയോഗിച്ചു ശല്യം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഞാൻ. മുൻ നാവികനും അച്ചടക്കത്തിനു പേരുകേട്ടവനുമായിരുന്നു ഞങ്ങളുടെ ഡയറക്ടർ. എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. അതുകൊണ്ട് എന്റെ സംഘാഗംങ്ങൾ എന്നെയും പ്രതിചേർത്തപ്പോൾ, ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോടു നുണ പറഞ്ഞു. പിന്നീടു ഞാൻ എന്റെ പിതാവിനോടും നുണ പറഞ്ഞു.

എന്നാൽ ഈ നുണ തുടരാൻ ദൈവം അനുവദിച്ചില്ല. അതിനെക്കുറിച്ചു ശക്തമായ കുറ്റബോധം അവൻ എനിക്കു നൽകി. ആഴ്ചകളോളം എതിർത്തതിനു ശേഷം ഞാൻ വഴങ്ങിക്കൊടുത്തു. ഞാൻ ദൈവത്തോടും എന്റെ പിതാവിനോടും ക്ഷമ ചോദിച്ചു. പിന്നീട്, ഞാൻ എന്റെ ഡയറക്ടറുടെ ഭവനത്തിൽ ചെന്നു കണ്ണീരോടെ തെറ്റ് ഏറ്റുപറഞ്ഞു. ഭാഗ്യവശാൽ, അദ്ദേഹം ദയയും ക്ഷമയും ഉള്ളവനായിരുന്നു. 

ആ ഭാരം ഒഴിഞ്ഞപ്പോൾ അനുഭവപ്പെട്ട ശാന്തി ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ കുറ്റബോധത്തിന്റെ ഭാരത്തിൽ നിന്നു മോചിതനായിരിക്കുന്നു. ആഴ്ചകൾക്കു ശേഷം ഞാൻ ആദ്യമായി സന്തോഷം അനുഭവിച്ചു. തന്റെ ജീവിതത്തിലെ തെറ്റിനെക്കുറിച്ചുള്ള ബോധ്യത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഒരു കാലഘട്ടം ദാവീദ് വിവരിക്കുന്നുണ്ട്. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ… എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു” എന്നു അവൻ ദൈവത്തോടു പറയുന്നു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു” എന്നു അവൻ തുടരുന്നു (സങ്കീർത്തനങ്ങൾ 32:3-5).

സത്യസന്ധത ദൈവത്തിനു പ്രധാനമാണ്. നമ്മുടെ പാപങ്ങൾ അവനോട് ഏറ്റുപറയണമെന്നും നാം തെറ്റു ചെയ്തവരോടു ക്ഷമ ചോദിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. “നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു” എന്നു ദാവീദ് പ്രഖ്യാപിക്കുന്നു (വാ. 5). ദൈവത്തിന്റെ ക്ഷമയുടെ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നത് എത്രയോ നല്ലതാണ്!

ദൈവത്തിന്റെ ഉദാരമായ സ്നേഹം

മിലിട്ടറി മാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, “ദിവസേന നിങ്ങളുടെ കിടക്ക ഒരുക്കുക’’ എന്നതിനെക്കുറിച്ചുള്ള പ്രഭാഷണ വീഡിയോ 10 കോടി പേരാണ് ഓണ്‍ലൈനിൽ കണ്ടത്. എന്നാൽ വിരമിച്ച ആ നേവി സീൽ അഡ്മിറൽ വില്യം മക്റേവൻ മറ്റൊരു പാഠം പങ്കുവയ്ക്കുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക നടപടിക്കിടെ, ഒരു കുടുംബത്തിലെ നിരപരാധികളായ നിരവധി അംഗങ്ങൾ അബദ്ധവശാൽ കൊല്ലപ്പെട്ടതായി മക്റേവൻ ദുഃഖപൂർവ്വം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തോട് ആത്മാർത്ഥമായ ക്ഷമാപണത്തിനു താൻ കടപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിച്ച്, ഹൃദയം തകർന്ന ആ പിതാവിനോടു ക്ഷമ ചോദിക്കാൻ മക്റേവൻ ധൈര്യപ്പെട്ടു.

“ഞാനൊരു സൈനികനാണ്,” മക്റേവൻ ഒരു വിവർത്തകൻ മുഖേന പറഞ്ഞു. “എന്നാൽ എനിക്കും കുട്ടികളുണ്ട്, എന്റെ ഹൃദയം നിങ്ങളെയോർത്തു ദുഃഖിക്കുന്നു.” ആ മനുഷ്യന്റെ പ്രതികരണം? മാപ്പ് എന്ന ഉദാരമായ ദാനം അദ്ദേഹം മക്റേവനു നൽകി. ആ മനുഷ്യന്റെ ജീവിച്ചിരിക്കുന്ന മകൻ മക്റേവനോടു പറഞ്ഞു, “വളരെയധികം നന്ദി. ഞങ്ങൾ താങ്കൾക്കെതിരെ ഞങ്ങളുടെ ഹൃദയത്തിൽ ഒന്നും സൂക്ഷിക്കുകയില്ല.”

അത്തരം ഉദാരമായ കൃപയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി: “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു…” (കൊലൊസ്സ്യർ 3:12). ജീവിതം നമ്മെ പലവിധത്തിൽ പരീക്ഷിക്കുമെന്ന് അവനറിയാമായിരുന്നു. അതിനാൽ, കൊലൊസ്സ്യ സഭയിലെ വിശ്വാസികളെ അവൻ ഇപ്രകാരം ഉപദേശിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ” (കൊലൊസ്സ്യർ 3:13).

അത്തരം അനുകമ്പ നിറഞ്ഞതും ക്ഷമിക്കുന്നതുമായ ഹൃദയങ്ങളോടുകൂടി ആയിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്താണ്? ദൈവത്തിന്റെ ഉദാരമായ സ്നേഹം. പൗലൊസ് ഉപസംഹരിച്ചതുപോലെ, “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” (വാ. 14).

ജയിലഴികൾക്കു പിന്നിൽ

സ്പോർട്സ് സ്റ്റേഡിയം അല്ലാത്ത ഒരു വേദിയിലേക്ക് ഒരു പ്രശസ്ത കായികതാരം കടന്നുചെന്നു. ആ ജയിൽ കെട്ടിടത്തിലുള്ള മുന്നൂറു തടവുകാരോട് അവൻ യെശയ്യാവിൽ നിന്നുള്ള വചനം പങ്കുവെച്ചു.

എന്നിരുന്നാലും, ഈ നിമിഷം ഒരു പ്രശസ്ത കായികതാരത്തെക്കുറിച്ചുള്ളതായിരുന്നില്ല, മറിച്ച്, തകർന്നതും വേദനിപ്പിക്കുന്നതുമായ ആത്മാക്കളുടെ സാഗരത്തെക്കുറിച്ചായിരുന്നു. ഈ പ്രത്യേക സമയത്ത്, ദൈവം ജയിലഴികൾക്കു പിന്നിൽ പ്രത്യക്ഷപ്പെട്ടു. “ആരാധനയാലും സ്തുതികളാലും പ്രാർത്ഥനാമന്ദിരം മുഖരിതമായി തുടങ്ങി” എന്ന് ഒരു നിരീക്ഷകൻ ട്വീറ്റ് ചെയ്തു. പുരുഷന്മാർ ഒരുമിച്ചിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു. അവസാനം ഇരുപത്തിയേഴോളം അന്തേവാസികൾ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.

ഒരു തരത്തിൽ പറഞ്ഞാൽ, നാമെല്ലാവരും നമ്മുടെതായ സ്വന്തം തടവറകളിൽ, അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടെയും ആസക്തിയുടെയും ജയിലഴികളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അത്ഭുതകരമായി, ദൈവം വെളിപ്പെട്ടു. അന്നു രാവിലെ ആ തടവറയിൽ, പ്രധാന വാക്യം ഇതായിരുന്നു, “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ?” (യെശയ്യാവു 43:19). “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ… നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” എന്നു ദൈവം പറയുന്നതിനാൽ “മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ” എന്നും “പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (വാ. 18) എന്നും ഈ വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എങ്കിലും ദൈവം വ്യക്തമാക്കുന്നു: “ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (വാ. 11). നമ്മുടെ ജീവിതം ക്രിസ്തുവിനു സമർപ്പിക്കുന്നതിലൂടെ മാത്രമാണു നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മിൽ ചിലരൊക്കെ അതു ചെയ്യേണ്ടതുണ്ട്; നമ്മിൽ വേറെ ചിലർ അതു ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതത്തിന്റെ കർത്താവു യഥാർത്ഥത്തിൽ ആരാണെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിലൂടെ ദൈവം തീർച്ചയായും “പുതിയതൊന്നു” ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനാൽ, എന്തായിരിക്കും ഉത്ഭവിക്കുക നമുക്കു നോക്കാം!

സ്വാഗതമരുളുന്ന ചവിട്ടുമെത്ത

സ്ഥലത്തെ സൂപ്പർമാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചവിട്ടുമെത്തകൾ നോക്കിക്കൊണ്ടിരിക്കവേ, അവയുടെ പ്രതലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു. “ഹലോ!” “ഹോം” എന്നീ വാക്കുകളും അവയുടെ “ഓ” എന്ന അക്ഷരത്തിനു പകരം ഹൃദയത്തിന്റെ ചിഹ്നവും കൊടുത്തിരിക്കുന്നു. സാധാരണ കണ്ടുവരാറുള്ള “സ്വാഗതം” എന്നെഴുതിയ ചവിട്ടുമെത്ത ഞാൻ തിരഞ്ഞെടുത്തു. വീടിന്റെ വാതിൽ പടിയിൽ അതിട്ടുകൊണ്ടു ഞാൻ എന്റെ ഹൃദയം പരിശോധിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ ഭവനം ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? ദുരിതത്തിലോ കുടുംബ കലഹത്തിലോ അകപ്പെട്ട ഒരു കുട്ടിയേ? ആവശ്യത്തിലിരിക്കുന്ന ഒരു അയൽക്കാരനെ? നഗരത്തിനു പുറത്തുനിന്നു വന്നു പെട്ടെന്നു വിളിച്ച ഒരു കുടുംബാംഗത്തെ?

മര്‍ക്കൊസ് 9-ൽ, തന്റെ വിശുദ്ധ സാന്നിധ്യത്തിൽ പത്രൊസും യാക്കോബും യോഹന്നാനും ഭയഭക്തിയോടെ നിലകൊണ്ട മറുരൂപ മലയിൽ നിന്നു (വാ. 1-13) പ്രത്യാശ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുരാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്താൻ (വാ. 14-29) യേശു സഞ്ചരിക്കുന്നു. അതേത്തുടർന്ന്, ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാർക്കു സ്വകാര്യ പാഠങ്ങൾ പറഞ്ഞുകൊടുത്തു (വാ. 30-32). അവർക്ക് അവന്റെ ആശയം തീരെ മനസ്സിലാക്കാൻ കഴിയാതെ പോയി (വാ. 33-34). അതിനോടു പ്രതികരിച്ചുകൊണ്ട്, യേശു ഒരു ശിശുവിനെ മടിയിലിരുത്തി പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” (വാ. 37). ഇവിടെ സ്വാഗതം എന്ന വാക്കിന്റെ അർത്ഥം അതിഥിയായി സ്വീകരിക്കുക, കൈക്കൊള്ളുക എന്നാണ്. നാം അവനെ എപ്രകാരം സ്വാഗതം ചെയ്യുമോ അതുപോലെ  അവഗണിക്കപ്പെടുന്നവരെയും അസൗകര്യമായി കരുതപ്പെടുന്നവരെയും ഉൾപ്പെടെ ഏവരെയും തന്റെ ശിഷ്യന്മാർ സ്വാഗതം ചെയ്യണമെന്നു യേശു ആഗ്രഹിക്കുന്നു. 

സ്വാഗതമരുളുന്ന എന്റെ ചവുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അവന്റെ സ്നേഹം ഞാൻ എപ്രകാരം മറ്റുള്ളവരിലേക്കു പകരുമെന്നതിനെക്കുറിച്ചു ഞാൻ വിചിന്തനം നടത്തി. യേശുവിനെ ഒരു അമൂല്യ അതിഥിയായി സ്വാഗതം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. അവൻ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സ്വാഗതം ചെയ്തുകൊണ്ട് എന്നെ നയിക്കാൻ ഞാൻ അവനെ അനുവദിക്കുമോ?