Month: സെപ്റ്റംബർ 2024

ആശ്ചര്യകരമായ ഉപദേശം

സോഫിയ റോബർട്ട്സ് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിച്ചത് അവൾക്ക് ഏകദേശം പതിനൊന്നു വയസ്സുള്ളപ്പോഴാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വൈദ്യശാസ്ത്ര പ്രക്രിയ കാണുകയെന്നത് അൽപ്പം വിചിത്രമാണെന്നു തോന്നാമെങ്കിലും, അവളുടെ പിതാവു ഡോ. ഹരോൾഡ് റോബർട്ട്സ് ജൂനിയർ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഇപ്പോൾ മുപ്പത് വയസ്സുള്ള ഒരു സർജറി റെസിഡന്റ്‌ ഫിസിഷ്യനായ സോഫിയ, 2022-ൽ തന്റെ പിതാവിനോടൊപ്പം വിജയകരമായി അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ നടത്തി. “ഇതിലും കൂടുതൽ എനിക്കെന്താണ് വേണ്ടത്?”  ഹരോൾഡ് പറഞ്ഞു. “ഞാൻ ഈ കുട്ടിയെ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു… ഇപ്പോൾ, മനുഷ്യഹൃദയത്തിൽ എങ്ങനെ ശസ്ത്രക്രിയ നടത്താമെന്ന് അവളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്ചര്യകരമായ കാര്യമാണ്.”

നമ്മളിൽ കുറച്ചുപേർ കുട്ടിയെ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് മറ്റൊരു കാര്യം ഉപദേശിക്കുന്നതിന്റെ പ്രാധാന്യം ശലോമോൻ വിവരിക്കുന്നു - ദൈവത്തെയും അവന്റെ വഴികളെയും ബഹുമാനിക്കുക എന്ന കാര്യം. ജ്ഞാനിയായ രാജാവു ദൈവവുമായുള്ള തന്റെ ബന്ധത്തിൽനിന്നു താൻ പഠിച്ചതു തന്റെ കുട്ടിയോട് ആവേശത്തോടെ പങ്കുവെച്ചു: “മകനേ,… പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” (സദൃശവാക്യങ്ങൾ 3:1, 5), “യഹോവയെ ഭയപ്പെടുക” (വാ. 7), “യഹോവയെ ബഹുമാനിക്ക” (വാക്യം 9), “യഹോവയുടെ ശിക്ഷയെ നിരസിക്കരുതു” (വാക്യം 11). തന്റെ തിരുത്തലും മാർഗനിർദേശവും മനസ്സോടെ സ്വീകരിക്കുന്ന തന്റെ മക്കളെ ദൈവം “സ്നേഹിക്കുന്നു” എന്നും അവരിൽ “ആനന്ദിക്കുന്നു” എന്നും ശലോമോന് അറിയാമായിരുന്നു (വാക്യം 12).

ഗംഭീരവാനും അത്ഭുതവാനുമായ നമ്മുടെ ദൈവത്തെ ആശ്രയിക്കുകയും വണങ്ങുകയും ആദരിക്കുകയും താഴ്മയോടെ അവനാൽ രൂപപ്പെടുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണെന്ന് അടുത്ത തലമുറയെ നമുക്കു പഠിപ്പിക്കാം. അങ്ങനെ ചെയ്യുന്നതിൽ അവനുമായി പങ്കാളിയാകുക എന്നത് ഒരു സുപ്രധാന പദവിയാണെന്നു മാത്രമല്ല, വളരെ ആശ്ചര്യകരവുമാണ്! 

യേശുവിൽ ഒരുമിച്ച്

അലാസ്കയിലെ വിറ്റിയറിലെ മുന്നൂറ് നിവാസികളിൽ ഭൂരിഭാഗവും ഒരു വലിയ അപ്പാർട്ട്മെന്റു സമുച്ചയത്തിലാണ് താമസിക്കുന്നത്. അതുകൊണ്ടാണ് വിറ്റിയറിനെ “ഒരു മേൽക്കൂരയ്ക്ക് കീഴിലുള്ള പട്ടണം” എന്ന് വിളിക്കുന്നത്. അവിടുത്തെ ഒരു മുൻ താമസക്കാരിയായ ഏയ്മി പറയുന്നു, “എനിക്ക് കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങേണ്ടി വരാറില്ലായിരുന്നു. പലചരക്ക് കട, നോട്ടറി പബ്ലിക്, സ്കൂൾ, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഞങ്ങളുടെ താഴത്തെ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എലിവേറ്ററിൽ യാത്ര ചെയ്താൽ എത്താവുന്ന അത്ര അടുത്ത്!”

“അവിടുത്തെ ജീവിതം വളരെ സൗകര്യപ്രദമായിരുന്നതിനാൽ, എനിക്ക് ആരെയും ആവശ്യമില്ലെന്ന് കരുതി ഞാൻ പലപ്പോഴും എന്നിൽത്തന്നെ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചു,” ഏയ്മി പങ്കുവെക്കുന്നു. “എന്നാൽ അവിടുത്തെ മറ്റു താമസക്കാർക്ക് വളരെ സ്നേഹനിർഭരമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. അവർ പരസ്പരം കരുതൽ കാണിച്ചു. അവർക്ക് എന്നെ ആവശ്യമാണെന്നും എനിക്ക് അവരെയും ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കി.’’ 

ഏയ്മിയെപ്പോലെ, ചില സമയങ്ങളിൽ നമ്മിൽത്തന്നെ ഒതുങ്ങിക്കൂടി, സമൂഹത്തെ ഒഴിവാക്കാൻ നാം ആഗ്രഹിച്ചേക്കാം. അങ്ങനെ ചെയ്യുന്നതു നമ്മുടെ സമ്മർദ്ദം കുറയ്ക്കുമെന്നു തോന്നും! എന്നാൽ യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഏകാന്തതയുടെയും മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയുടെയും ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നു തിരുവെഴുത്തു പറയുന്നു. അപ്പൊസ്തലനായ പൗലൊസ്‌ വിശ്വാസികളുടെ ശരീരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കുന്നു. ഓരോ ശരീരഭാഗത്തിനും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുപോലെ, ഓരോ വിശ്വാസിക്കും ഒരു പ്രത്യേക പങ്കുണ്ട് (റോമർ 12:4). ഒരു ശരീരഭാഗത്തിന് ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയാത്തതുപോലെ, ഒരു വിശ്വാസിക്ക് ഒറ്റപ്പെട്ടു വിശ്വാസജീവിതം നയിക്കാൻ കഴിയില്ല (വാക്യം 5). സമൂഹത്തിന്റെ നടുവിലാണ് നാം നമ്മുടെ കൃപകൾ ഉപയോഗിച്ച് (വാക്യങ്ങൾ 6-8; 1 പത്രൊസ് 4:10) യേശുവിനെപ്പോലെ വളരുന്നത് (റോമർ 12:9-21).

നമുക്ക് അന്യോന്യം ആവശ്യമുണ്ട്; നമ്മുടെ ഐക്യം ക്രിസ്തുവിലാണ് (വാക്യം 5). അവന്റെ സഹായത്താൽ, നാം “പരസ്പരം കരുതുമ്പോൾ” നമുക്ക് അവനുമായി ആഴത്തിലുള്ള ഒരു ബന്ധം വളർത്തിയെടുക്കാനും മറ്റുള്ളവർക്ക് അവന്റെ സ്നേഹം കാണിച്ചുകൊടുക്കാനും കഴിയും.

മേലാൽ അന്യരല്ല

“നിന്നെയിവിടെ ആർക്കും വേണ്ട.” ആ വാക്കുകൾ ആ എട്ടുവയസ്സുകാരിയുടെ ഹൃദയത്തെ തകർത്തു. അതിന്റെ വേദന അവളുടെ മനസ്സിൽ തങ്ങിനിന്നു. യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഒരു പുതിയ രാജ്യത്തേക്കു കുടിയേറിയതായിരുന്നു അവളുടെ കുടുംബം. അവളുടെ കുടിയേറ്റ കാർഡിൽ വിദേശി എന്ന് മുദ്രകുത്തിയിരുന്നു. അത് താൻ അവിടത്തുകാരിയല്ലെന്ന തോന്നൽ അവളിലുളവാക്കി. 

പ്രായപൂർത്തിയായപ്പോൾ, അവൾ യേശുവിൽ തന്റെ വിശ്വാസം അർപ്പിച്ചെങ്കിലും, അവൾക്ക് അപ്പോഴും അന്യതാബോധം തോന്നിയിരുന്നു - സ്വാഗതാർഹയല്ലാത്ത ഒരു അന്യയെന്ന തോന്നൽ. വേദപുസ്തകം വായിക്കുമ്പോൾ എഫെസ്യർ 2-ലെ വാഗ്ദാനങ്ങൾ അവൾ കാണാനിടയായി. 12-ാം വാക്യത്തിൽ, ആ പഴയ, വിഷമിപ്പിക്കുന്ന പദം അവൾ കണ്ടു - അന്യർ. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” എന്നാൽ മുന്നോട്ടു വായിച്ചപ്പോൾ, ക്രിസ്തുവിന്റെ ത്യാഗം അവളുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവൾ കണ്ടു. “നിങ്ങൾ ഇനി” അന്യന്മാരും പരദേശികളും “അല്ല” എന്നു
19-ാം വാക്യം അവളോട് പറഞ്ഞു. അവൾ ദൈവജനത്തോടൊപ്പം ഒരു “സഹപൗര” ആയിരിക്കുന്നു. താൻ സ്വർഗ്ഗത്തിലെ പൗരയാണെന്നു മനസ്സിലാക്കിയ അവൾ സന്തോഷിച്ചു. ഇനിയൊരിക്കലും അവൾ അന്യയല്ല. ദൈവം അവളെ സ്വീകരിച്ച് അംഗീകരിച്ചിരിക്കുന്നു.

നമ്മുടെ പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. എന്നാൽ നാമങ്ങനെ തുടരേണ്ടതില്ല. തന്നിൽ വിശ്വസിക്കുന്ന ഏവരെയും തന്റെ നിത്യരാജ്യത്തിന്റെ സഹപൗരന്മാരാക്കി, ക്രിസ്തുവിന്റെ ശരീരമായി ഏകീകരിച്ചുകൊണ്ടു “ദൂരത്തായിരുന്ന” ഏവർക്കും യേശു സമാധാനം നൽകി (വാക്യം 17).

രാജകീയ മടങ്ങിവരവ്‌

ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് പ്രേക്ഷകർ കണ്ടുവെന്നു കണക്കാക്കപ്പെടുന്ന, എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരമായിക്കാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തികൾ കണ്ട സംപ്രേക്ഷണം. ആ ദിവസം ലണ്ടനിലെ തെരുവുകളിൽ ദശലക്ഷം വ്യക്തികൾ നിലയുറപ്പിച്ചു. രാജ്ഞിയുടെ ശവപേടകം കാണാൻ ആ ആഴ്ചയിൽ 2,50,000 പേർ മണിക്കൂറുകളോളം വരിയിൽ നിന്നു. സാമർത്ഥ്യത്തിനും വ്യക്തി വൈശിഷ്ടത്തിനും പേരുകേട്ട ആ സ്ത്രീക്ക് ആദരാഞ്ജലി അർപ്പിക്കാനായി  ചരിത്രപ്രസിദ്ധമായി അഞ്ഞൂറ് രാജാക്കന്മാരും രാജ്ഞിമാരും പ്രസിഡന്റുമാരും മറ്റ് രാഷ്ട്രത്തലവന്മാരും  എത്തി.

ലോകം ഗ്രേറ്റ് ബ്രിട്ടനിലേക്കും വിടവാങ്ങുന്ന അതിന്റെ രാജ്ഞിയിലേക്കും തിരിഞ്ഞപ്പോൾ, എന്റെ ചിന്തകൾ മറ്റൊരു സംഭവത്തിലേക്കാണ് തിരിഞ്ഞത് - ഒരു രാജകീയ മടങ്ങിവരവിലേക്ക്. മഹാനായ ഒരു രാജാവിനെ അംഗീകരിക്കാൻ ജാതികൾ ഒത്തുകൂടുന്ന ഒരു ദിവസം വരാനിരിക്കുന്നു (യെശയ്യാവ് 45:20-22) എന്നു നമ്മോടു പറഞ്ഞിരിക്കുന്നു. ശക്തിയും വ്യക്തി വൈശിഷ്ടവുമുള്ള ഒരു നേതാവ് (വാ. 24). അവന്റെ മുമ്പിൽ “ഏതു മുഴങ്കാലും മടങ്ങും,” അവനാൽ “ഏതു നാവും സത്യം ചെയ്യും” (വാ. 23).  കൃതജ്ഞത അർപ്പിച്ചുകൊണ്ടു തങ്ങളുടെ രാഷ്ട്രങ്ങളെ അവന്റെ വെളിച്ചത്തിൽ നടക്കാൻ (വെളിപ്പാട് 21:24, 26) നയിക്കുന്ന ലോക നേതാക്കളും അതിൽ ഉൾപ്പെടുന്നു. ഈ രാജാവിന്റെ വരവ് എല്ലാവരും സ്വാഗതം ചെയ്യുകയില്ലായെങ്കിലും ചെയ്യുന്നവർ അവന്റെ ഭരണം എന്നന്നേക്കും ആസ്വദിക്കും (യെശയ്യാവ് 45:24-25).

ഒരു രാജ്ഞി വിടവാങ്ങുന്നത് കാണാൻ ലോകം ഒത്തുകൂടിയതുപോലെ, ഒരു ദിവസം ലോകം അതിന്റെ ആത്യന്തിക രാജാവ് മടങ്ങിവരുന്നത് കാണും. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാവരും യേശുക്രിസ്തുവിനെ വണങ്ങി, അവനെ കർത്താവായി അംഗീകരിക്കുന്ന ആ ഒരു ദിനം എന്തു മനോഹരമായിരിക്കും! (ഫിലിപ്പിയർ 2:10-11).

ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ

രസകരവും മത്സരസ്വഭാവവുമുള്ള പാമ്പും കോണിയും കളിയിൽ വിജയിച്ച എന്റെ അഞ്ചുവയസ്സുകാരിയുടെ വിജയഘോഷ ചിത്രം കാണിച്ചുതന്നുകൊണ്ട് ഒരു ഫേസ്ബുക്ക് മെമ്മറി എനിക്കുവന്നു. കുട്ടിക്കാലത്തു ഞാനും എന്റെ സഹോദരീസഹോദരന്മാരും പാമ്പും കോണിയും പലപ്പോഴും കളിച്ചിരുന്നതിനാൽ, ഞാൻ അവരേയും ഈ പോസ്റ്റിൽ ടാഗു ചെയ്തു. വളരെയധികം രസകരമായ ഈ കളി, നിരവധി നൂറ്റാണ്ടുകളായി ആളുകൾ കളിക്കുന്ന ഒന്നാണ്. ഇതു കളിക്കാരെ എണ്ണൽ പഠിക്കാൻ സഹായിക്കുകയും കോണി കയറിക്കയറി ഏറ്റവും വേഗത്തിൽ 100-ൽ എത്തി കളി ജയിക്കുന്നതിലുള്ള ആവേശം നൽകുകയും ചെയ്യുന്നു. എന്നാൽ സൂക്ഷിക്കുക! നിങ്ങൾ 98-ാം ഇടത്തിൽ വന്നുചേരുകയാണെങ്കിൽ, അവിടെയുള്ള ഒരു പാമ്പു കാരണം നിങ്ങൾ വളരെ താഴേക്കു പോകാൻ ഇടയാകും. അതു നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കുകയോ വിജയിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യും.

ജീവിതം പോലെ തന്നെയല്ലേ അതും? നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കായി യേശു നമ്മെ ഒരുക്കിയിരിക്കുന്നു. നാം “കഷ്ടം” അനുഭവിക്കേണ്ടിവരുമെന്ന് അവൻ പറഞ്ഞു (യോഹന്നാൻ 16:33). എന്നാൽ അവൻ സമാധാനത്തിന്റെ സന്ദേശവും പങ്കിട്ടു. നാം നേരിടുന്ന പരീക്ഷകളിൽ നാം കുലുങ്ങിപ്പോകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു! അവന്റെ ശക്തിയെക്കാൾ വലുതായി ഒന്നുമില്ല എന്നതിനാൽ നമുക്കു നേരെ വരുന്നതെന്തിനേയും അവൻ നമുക്കു ലഭ്യമാക്കിയിരിക്കുന്ന “ബലത്തിൻ വല്ലഭത്വത്താൽ” നേരിടാൻ കഴിയും (എഫെസ്യർ 1:19).

പാമ്പും കോണിയിലും ഉള്ളതുപോലെ, ചിലപ്പോഴൊക്കെ നമ്മെ സന്തോഷത്തോടെ കയറിപ്പോകാൻ അനുവദിക്കുന്ന ഒരു കോണി ജീവിതം സമ്മാനിക്കുന്നു. എന്നാൽ മറ്റുചിലപ്പോൾ ഒരു വഴുക്കലുള്ള പാമ്പിനാൽ നാം താഴേക്കു വീണുപോകാൻ ഇടയായിത്തീരുന്നു. പക്ഷേ, ജീവിതത്തിന്റെ ഈ കളി പ്രത്യാശയില്ലാതെ നാം കളിക്കേണ്ടതില്ല. അതിനെയെല്ലാം തരണം ചെയ്യാൻ നമ്മെ സഹായിക്കാൻ യേശുവിന്റെ ശക്തി നമുക്കുണ്ട്.