Month: ഒക്ടോബർ 2024

യേശു എന്ന മുള

അരിസോണയിലെ ചുവന്ന പർവതങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ ഒരു ചാപ്പലാണ്‌ ചാപ്പൽ ഓഫ് ദി ഹോളി ക്രോസ്സ്. ആ ചെറിയ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ക്രൂശിൽ കിടക്കുന്ന യേശുവിന്റെ അസാധാരണമായ ഒരു ശിൽപത്തിലേക്കു പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. പരമ്പരാഗതമായി കണ്ടുവരുന്ന ക്രൂശിനുപകരം, രണ്ടു തായ്ത്തടികളായി പിരിഞ്ഞുപോകുന്ന ഒരു വൃക്ഷത്തിന്റെ ശാഖകളിൽ യേശുവിനെ ക്രൂശിച്ച നിലയിൽ കാണപ്പെടുന്നു. തിരശ്ചീനമായി, മുറിച്ചുമാറ്റപ്പെട്ടതും അറ്റുപോയതുമായ ഒരു തായ്ത്തടി ദൈവത്തെ നിരസിച്ച പഴയനിയമത്തിലെ യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നു. മുകളിലേക്കു വളർന്നു ശാഖകളായി പടരുന്ന മറ്റേ തായ്ത്തടി യെഹൂദാ ഗോത്രത്തെയും ദാവീദു രാജാവിന്റെ കുടുംബപരമ്പരയെയും പ്രതീകപ്പെടുത്തുന്നു.

പ്രതീകാത്മകമായി പ്രാധാന്യമുള്ള ഈ കലാരൂപം യേശുവിനെക്കുറിച്ചുള്ള പഴയനിയമത്തിലെ ഒരു സുപ്രധാന പ്രവചനത്തിലേക്കു വിരൽ ചൂണ്ടുന്നു. യെഹൂദാ ഗോത്രം അടിമത്തത്തിൽ കഴിയുകയായിരുവെങ്കിലും, പ്രവാചകനായ യിരെമ്യാവ് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യാശാജനകമായ സന്ദേശം നൽകി: “ദേശത്തു നീതിയും ന്യായവും” (യിരെമ്യാവ് 33:15) നടത്താനായി ഒരു രക്ഷകനെ പ്രദാനം ചെയ്യുമെന്ന് “അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” (വാ. 14). ജനങ്ങൾക്കു രക്ഷകനെ തിരിച്ചറിയാനുള്ള ഒരു മാർഗം “ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും” (വാ. 15) എന്നതായിരുന്നു. അതായതു രക്ഷകൻ ദാവീദു രാജാവിന്റെ ഭൗതിക പിൻഗാമി ആയിരിക്കും.

താൻ വാഗ്ദത്തം ചെയ്തതെല്ലാം നിവർത്തിക്കാൻ ദൈവം വിശ്വസ്തനായിരുന്നു എന്ന യേശുവിന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങളിലുള്ള സുപ്രധാന സത്യം ആ ശിൽപം സമർത്ഥമായി പറഞ്ഞുവയ്ക്കുന്നു. അതിലുപരിയായി, കഴിഞ്ഞ കാലത്തിലെ അവന്റെ വിശ്വസ്തത, ഭാവിയിൽ നമുക്കുള്ള അവന്റെ വാഗ്ദത്തങ്ങൾ നിറവേറ്റാൻ അവൻ വിശ്വസ്തനായിരിക്കുമെന്ന ഉറപ്പു നമുക്കു നൽകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

പ്രതിഫലം

1921-ൽ കലാകാരനായ സാം റോഡിയ തന്റെ വാട്ട്സ് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം, ലോസ് ഏഞ്ചൽസിനു മുകളിൽ പതിനേഴു ശിൽപങ്ങൾ മുപ്പതു മീറ്ററോളം ഉയരത്തിൽ ഉയർന്നുനിന്നു. സംഗീതജ്ഞൻ ജെറി ഗാർസിയ റോഡിയയുടെ ആയുഷ്ക്കാല പ്രയത്നത്തെ നിരാകരിച്ചു. “നിങ്ങളുടെ മരണശേഷവും നിലനിൽക്കുന്ന കാര്യം,” ഗാർസിയ പറഞ്ഞു. “അതാണു പ്രതിഫലം.” അദ്ദേഹം തുടർന്നു, “അയ്യോ, എന്നെക്കൊണ്ട് അതു പറ്റില്ല.” 

അപ്പോൾ പ്രതിഫലം എന്നത് അദ്ദേഹത്തെ സംബന്ധിച്ചു എന്തായിരുന്നു? അദ്ദേഹത്തിന്റെ ഗായകസംഘത്തിലെ മറ്റൊരു അംഗമായ ബോബ് വെയർ തങ്ങളുടെ തത്ത്വചിന്തയെ ഇപ്രകാരം സംഗ്രഹിച്ചു: “നിത്യതയിൽ, നിങ്ങളെക്കുറിച്ചുള്ള ഒന്നുംതന്നെ ഓർമ്മിക്കപ്പെടില്ല. അങ്ങനെയെങ്കിൽ എന്തുകൊണ്ടു വെറുതെ ആസ്വദിച്ചുകൂടാ?’’

ധനികനും ജ്ഞാനിയുമായ ഒരു മനുഷ്യൻ ഒരിക്കൽ തനിക്കു കഴിയുന്നതെല്ലാം ചെയ്തുകൊണ്ടു “പ്രതിഫലം” കണ്ടെത്താൻ ശ്രമിച്ചു. “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക” (സഭാപ്രസംഗി 2:1) എന്നു അവൻ എഴുതി. പക്ഷേ, “ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല” (വാ. 16) എന്നും അവൻ കുറിക്കുന്നു. “അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു” (സഭാപ്രസംഗി 2:17) എന്നു എഴുതിക്കൊണ്ട് അവൻ ഉപസംഹരിച്ചു.

യേശുവിന്റെ ജീവിതവും സന്ദേശവും അത്തരം ദീർഘവീക്ഷണമില്ലാത്ത ജീവിതത്തെ സമൂലമായി എതിർക്കുന്നു. “ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും” (യോഹന്നാൻ 10:10) വേണ്ടിയാണു യേശു വന്നതു. കൂടാതെ, അടുത്ത വരാനിരിക്കുന്ന ജീവിതത്തെ മുൻനിർത്തി ഈ ജീവിതം ജീവിക്കാൻ അവൻ പഠിപ്പിച്ചു. “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു,” അവൻ പറഞ്ഞു. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:19-20). എന്നിട്ട് അവൻ ഇപ്രകാരം സംഗ്രഹിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (വാ. 33).

അതാണു പ്രതിഫലം — സൂര്യനു കീഴിലും അതിനപ്പുറവും.

ഒരേയൊരു പ്രേക്ഷകൻ

ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ്ബോൾ കളികൾക്കിടയിൽ പൊതുജനത്തെ സംബോധന ചെയ്തുള്ള ആവേശോജ്വലമായ പ്രഖ്യാപനങ്ങൾക്കു പേരുകേട്ട വ്യക്തിയാണ് കൈൽ സ്പെല്ലർ. “നമുക്കു ആരംഭിക്കാം!” അദ്ദേഹം മൈക്കിലൂടെ ഇടിമുഴങ്ങുന്ന പോലെ പറഞ്ഞു. 2022-ലെ മികച്ച കമന്റേറ്റർ അവാർഡിനുള്ള നാമനിർദ്ദേശം കൈലിനു നേടിക്കൊടുത്ത ശബ്ദത്തോട്, ആയിരക്കണക്കിന് ആരാധകരും കളി കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു വ്യക്തികളും പ്രതികരിച്ചു. “ആൾക്കൂട്ടത്തെ എങ്ങനെ കൈയ്യിലെടുക്കാമെന്നും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കളിക്കുന്നപോലെയുള്ള അന്തരീക്ഷം എങ്ങനെ ക്രമീകരിക്കാമെന്നും എനിക്കറിയാം,” അദ്ദേഹം പറയുന്നു. എന്നിട്ടും, അദ്ദേഹത്തിന്റെ ശബ്ദ കല പുറപ്പെടുവിക്കുന്ന ഓരോ വാക്കും — ടിവി, റേഡിയോ പരസ്യങ്ങളിലും കേൾക്കപ്പെട്ടിട്ടുള്ള ആ ശബ്ദം — ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. “ഒരേയൊരു പ്രേക്ഷകനായി ഞാൻ എല്ലാം ചെയ്യുന്നു” എന്നു കൈൽ കൂട്ടിച്ചേർക്കുന്നു.

ക്രിസ്തുവിന്റെ ദൈവത്വത്തെയും പരമാധികാരത്തെയും കുറിച്ചുള്ള സംശയങ്ങൾ തങ്ങളുടെ പ്രായോഗിക ജീവിതത്തിൽ പോലും കടന്നുകയറാൻ അംഗങ്ങളെ അനുവദിച്ച കൊലൊസ്സ്യ സഭയോട്, സമാനമായ ഒരു ധാർമ്മികത അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. പകരം, പൗലൊസ് എഴുതി, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊസ്സ്യർ 3:17).

“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ” (വാ. 23) എന്നും പൗലൊസ് കൂട്ടിച്ചേർക്കുന്നു. കൈൽ സ്പെല്ലറെ സംബന്ധിച്ചിടത്തോളം, ഒരു ചാപ്ലിൻ എന്ന നിലയിലുള്ള തന്റെ പങ്കും അതിൽ ഉൾപ്പെടുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഇവിടെ എന്നെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്… വിളിച്ചുപറയുന്ന ജോലി അധികമുള്ള ഒരു അലങ്കരമെന്നെയുള്ളൂ.” ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്വന്തം പ്രവൃത്തി നമ്മുടെ ഒരേയൊരു പ്രേക്ഷകനെപ്പോലെ മധുരതരമായിരിക്കാൻ സാധിക്കും.

ചുരണ്ടിയ വെണ്ണ

ജെ. ആർ. ആർ. ടോൾകീയന്റെ ദി ഫെല്ലോഷിപ്പ് ഓഫ് ദി റിംഗ്സ് എന്ന പുസ്തകത്തിൽ, അന്ധകാര ശക്തികളുള്ള ഒരു മാന്ത്രിക മോതിരം ആറു പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്നതിന്റെ ഫലങ്ങൾ ബിൽബോ ബാഗിൻസ് കാണിക്കാൻ ആരംഭിക്കുന്നു. സാവധാനത്തിൽ നശിപ്പിക്കുന്ന അതിന്റെ സ്വഭാവത്താൽ ഭാരപ്പെട്ട അവൻ മാന്ത്രികനായ  ഗാൻഡാൽഫിനോടു പറയുന്നു, “എന്തുകൊണ്ടാണ് ഞാൻ മെലിഞ്ഞുവരുന്നതായി എനിക്കു തോന്നുന്നത്. എന്നെ വലിച്ചുനീട്ടുന്നതുപോലെ തോന്നുന്നു. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നവെന്നു ഞാൻ കരുതുന്നു. ചുരണ്ടിയ വെണ്ണ വളരെക്കൂടുതൽ റൊട്ടിയിൽ തേച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ.” “സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാൻ, ബന്ധുക്കൾ ഒരുപാടു ചുറ്റിത്തിരിയാത്ത” ഇടത്തേക്കു വിശ്രമം തേടി തന്റെ വീടു വിടാൻ അവൻ തീരുമാനിക്കുന്നു.

ടോൾകീയന്റെ കഥയിലെ ഈയൊരു വശം ഒരു പഴയനിയമ പ്രവാചകന്റെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഈസേബെലിൽ നിന്നുള്ള ഓട്ടത്തിനും കള്ളപ്രവാചകന്മാരുമായുള്ള യുദ്ധത്തെത്തുടർന്നുണ്ടായ ഞെരുക്കത്തിനും ശേഷം ഏലീയാവിന് അൽപ്പം വിശ്രമം അത്യാവശ്യമായിരുന്നു. തന്റെ ബലം ചോർന്നുപോയതായി അനുഭവപ്പെട്ടപ്പോൾ, “ഇപ്പോൾ മതി, യഹോവേ” (1 രാജാക്കന്മാർ 19:4) എന്നു പറഞ്ഞുകൊണ്ടു തന്നെ മരിക്കാൻ അനുവദിക്കണമെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. അവൻ ഉറങ്ങിപ്പോയപ്പോൾ, അവനു ഭക്ഷിക്കാനും കുടിക്കാനും കഴിയേണ്ടതിനു ദൈവദൂതൻ അവനെ വിളിച്ചുണർത്തി. അവൻ വീണ്ടും ഉറങ്ങി. എന്നിട്ടു ദൂതൻ നൽകിയ ഭക്ഷണം ധാരാളമായി കഴിച്ചു. ദൈവത്തിന്റെ പർവതത്തിലേക്കുള്ള നാല്പതു ദിവസത്തെ നടത്തത്തിന് ആവശ്യമായ ഊർജ്ജം അവനു ലഭിച്ചു.

മുന്നോട്ടു നീങ്ങാൻ കഴിയാത്തവിധം അശക്തരായി തോന്നുമ്പോൾ, യഥാർത്ഥ നവോന്മേഷത്തിനായി നമുക്കും ദൈവത്തിലേക്കു നോക്കാം. അവന്റെ പ്രത്യാശ, സമാധാനം, വിശ്രമം എന്നിവയാൽ നമ്മെ നിറയ്ക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ നാം നമ്മുടെ ശരീരത്തെ പരിപാലിക്കേണ്ടതുണ്ട്. ദൂതൻ ഏലിയാവിനു ശുശ്രൂഷ ചെയ്തതുപോലെ, ദൈവം തന്റെ ഉന്മേഷദായകമായ സാന്നിധ്യം നമ്മിൽ പകരുമെന്നു നമുക്കു വിശ്വസിക്കാം (മത്തായി 11:28 കാണുക).

 

ദൈവത്തിന്റെ കരുതൽ

2023 ജൂണിൽ കൊളംബിയയിലെ ആമസോൺ വനത്തിൽ ഒന്നു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമുള്ള നാലു സഹോദരങ്ങളെ ജീവനോടെ കണ്ടെത്തിയപ്പോൾ ലോകം അമ്പരന്നു. തങ്ങളുടെ മാതാവിന്റെ മരണത്തിനു ഇടയാക്കിയ വിമാനാപകടത്തിനു ശേഷം ഈ സഹോദരങ്ങൾ നാൽപ്പതു ദിവസം വനത്തിൽ അതിജീവിച്ചിരുന്നു. വനത്തിന്റെ കഠിനമായ ഭൂപ്രദേശം പരിചയമുള്ള ഈ കുട്ടികൾ, കാട്ടുമൃഗങ്ങളിൽ രക്ഷ നേടാൻ മരത്തടികളിൽ ഒളിച്ചിരുന്നും തോടുകളിൽ നിന്നും മഴയിൽ നിന്നും കുപ്പികളിൽ വെള്ളം ശേഖരിച്ചും വിമാന അവശിഷ്ടങ്ങളിൽ നിന്നു ലഭിച്ച മരച്ചീനി മാവു പോലുള്ള ഭക്ഷണം കഴിച്ചും വനത്തിൽ ജീവിച്ചു. ഏതൊക്കെ കാട്ടുഫലങ്ങളും വിത്തുകളുമാണ് ഭക്ഷണയോഗ്യമെന്ന് അവർക്ക് അറിയാമായിരുന്നു.

ദൈവം ഈ സഹോദരങ്ങളെ പരിപാലിച്ചു. 

പുറപ്പാട്, സംഖ്യാ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതും വേദപുസ്തകത്തിൽ ഉടനീളവും പരാമർശിച്ചിരിക്കുന്നതുമായ, നാൽപ്പതു വർഷത്തോളം യിസ്രായേൽ ജനത്തെ മരുഭൂമിയിൽ അത്ഭുതകരമായി ദൈവം നിലനിർത്തിയ സംഭവത്തെ, ഈ കുട്ടികളുടെ അവിശ്വസനീയമായ ജീവിതകഥ എന്നെ ഓർമ്മപ്പെടുത്തി. താൻ അവരുടെ ദൈവമാണെന്ന് അവർ അറിയേണ്ടതിന് അവൻ അവരുടെ ജീവൻ സംരക്ഷിച്ചു.

കയ്പേറിയ നീരുറവയെ ദൈവം കുടിക്കാവുന്ന ജലമാക്കി മാറ്റി, രണ്ടുതവണ പാറയിൽ നിന്നു ജലം നൽകി, പകൽ മേഘസ്തംഭം കൊണ്ടും രാത്രി അഗ്നിസ്തംഭം കൊണ്ടും തന്റെ ജനത്തെ നയിച്ചു. അവർക്കുവേണ്ടി അവൻ മന്നയും നൽകി. “മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ” (പുറപ്പാട് 16:15-16).

അതേ ദൈവം നമുക്കു “ആവശ്യമുള്ള ആഹാരം ഇന്നു” (മത്തായി 6:11) നൽകുന്നു. “മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ” (ഫിലിപ്പിയർ 4:19) നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ പര്യാപ്തനായതിനാൽ അവനിൽ നമുക്ക് ആശ്രയിക്കാം. എത്ര ശക്തനായ ദൈവത്തെയാണു നാം സേവിക്കുന്നത്!