Month: ഒക്ടോബർ 2024

എപ്പോഴും പ്രാർത്ഥിക്കുക

പരീക്ഷയിൽ എനിക്കു 84 കിട്ടി!

ഫോണിൽ അവളുടെ സന്ദേശം വായിച്ചപ്പോൾ എന്റെ മകളുടെ ആവേശം എനിക്കും അനുഭവപ്പെട്ടു. അവൾ ഒരു ഹൈസ്കൂളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു. അവിടെ ഉച്ചഭക്ഷണ സമയത്താണ് അവളുടെ ഫോണിൽ നിന്നു എനിക്കു സന്ദേശം ലഭിച്ചത്. എന്റെ മാതൃഹൃദയം കുതിച്ചുചാടി. വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷയിൽ എന്റെ മകൾ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ല, മറിച്ച് അത് എന്നോട് ആശയവിനിമയം നടത്താൻ അവൾ തയ്യാറായതുകൊണ്ടാണ്. അവളുടെ സന്തോഷവാർത്ത എന്നോടു പങ്കിടാൻ അവൾ ആഗ്രഹിച്ചു!

അവളുടെ ടെക്സ്റ്റ് മെസേജ് അന്നത്തെ എന്റെ ദിവസം ആനന്ദകരമാക്കി മാറ്റി എന്നു മനസ്സിലാക്കിയ ഞാൻ പിന്നീടു ചിന്തിച്ചു, ഞാൻ ദൈവത്തെ തേടിചെല്ലുമ്പോൾ ദൈവത്തിന് എന്തായിരിക്കും അനുഭവപ്പെടുക. ഞാൻ അവനോടു സംസാരിക്കുമ്പോൾ അവന് പ്രസാദം തോന്നുമോ? ദൈവവുമായി നമുക്ക് ആശയവിനിമയം നടത്താനുള്ള ഉപാധിയാണു പ്രാർത്ഥന. അതു “ഇടവിടാതെ” (1 തെസ്സലൊനീക്യർ 5:17) ചെയ്യാൻ നമ്മോടു പറഞ്ഞിരിക്കുന്നു. നല്ലതും തീയതുമായ കാര്യങ്ങളിൽ അവൻ നമ്മോടൊപ്പമുണ്ടെന്നു അവനോടു സംസാരിക്കുന്നതു നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വാർത്തകൾ ദൈവവുമായി പങ്കുവെക്കുന്നത്, അവൻ നമ്മെക്കുറിച്ച് എല്ലാം അറിയുന്നുവെങ്കിലും, അതു നമ്മുടെ ശ്രദ്ധ മാറ്റുകയും അവനെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനാൽ സഹായകരമാണ്. യെശയ്യാവ് 26:3 പറയുന്നു, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.” നമ്മുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കുമ്പോൾ സമാധാനം നമ്മെ കാത്തിരിക്കുന്നു.

നാം അഭിമുഖീകരിക്കുന്നത് എന്തുതന്നെയായാലും, ദൈവവുമായി നമുക്കു നിരന്തരം സംസാരിക്കാം, നമ്മുടെ സ്രഷ്ടാവും രക്ഷകനും ആയവനുമായി ബന്ധം നിലനിർത്താം. സ്വകാര്യമായി ഒന്നു പ്രാർത്ഥിക്കുക. സന്തോഷിക്കാനും “സ്തോത്രം ചെയ്യുവാനും” ഓർക്കുക. എല്ലാത്തിനുമുപരി, ഇതാണു നമ്മെക്കുറിച്ചുള്ള “ദൈവേഷ്ടം” (1 തെസ്സലൊനീക്യർ 5:18) എന്നു പൗലൊസ് പറയുന്നു.

അതിരുകൾക്കപ്പുറമുള്ള സ്നേഹം

“ദൈവം ഞങ്ങൾക്കു വളരെ നല്ലവനാണ്! ഞങ്ങളുടെ വാർഷികത്തിനായി അവനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ടെറിയുടെ ശബ്ദം സ്ഥിരതയാർന്നതായിരുന്നു, അവളുടെ കണ്ണുകളിലെ കണ്ണുനീർ അവളുടെ ആത്മാർത്ഥത എടുത്തുകാണിച്ചു. ഞങ്ങളുടെ ചെറിയ കൂട്ടത്തിലുള്ളവർ വളരെയേറെ വികാരഭരിതരായി. ടെറിയേയും അവളുടെ ഭർത്താവിനേയും സംബന്ധിച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങൾ എങ്ങനെയിരുന്നുവെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. വിശ്വാസിയാണെങ്കിലും, പെട്ടെന്നുണ്ടായ കടുത്ത മാനസികരോഗത്താൽ ക്ലേശമനുഭവിച്ച റോബർട്ട് തങ്ങളുടെ നാലു വയസ്സുള്ള മകളുടെ ജീവൻ അപഹരിച്ചു. പതിറ്റാണ്ടുകളോളം റോബർട്ട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചിലവഴിക്കേണ്ടി വരുമായിരുന്നു. പക്ഷേ, ടെറി അവനെ സന്ദർശിച്ചു. അവളുടെ ഉള്ളിലെ മുറിവുണക്കിക്കൊണ്ടു ദൈവം മനോഹരമായി പ്രവർത്തിച്ചതിന്റെ ഫലമായി അവൾക്കു അവനോടു ക്ഷമിക്കാൻ സാധിച്ചു. അഗാധമായ ഹൃദയവേദന ഉണ്ടായിരുന്നിട്ടും, അവരുടെ പരസ്പര സ്നേഹം വർദ്ധിച്ചുവന്നു.

അത്തരത്തിലുള്ള ക്ഷമയും സ്നേഹവും ഒരു ഉറവിടത്തിൽ നിന്നു മാത്രമേ ഉത്ഭവിക്കൂ. ദാവീദു ദൈവത്തെക്കുറിച്ച് ഇപ്രകാരം എഴുതുന്നു, “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല… ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു” (സങ്കീർത്തനങ്ങൾ 103:10, 12).

ദൈവം നമ്മോടു കാണിക്കുന്ന കാരുണ്യം അവന്റെ വ്യാപ്തിയുള്ള സ്നേഹത്തിലൂടെയാണു വരുന്നത്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ദയ” (വാ. 11) നമ്മോടു വലുതായിരിക്കുന്നു. അവനെ “കൈക്കൊള്ളുന്ന” (യോഹന്നാൻ 1:12) ഏവരെയും തന്റെ ഭവനത്തിലേക്കു കൊണ്ടുവരുന്നതിനായി നമ്മുടെ പാപങ്ങൾ നീക്കാൻ ക്രൂശിന്റെയും കല്ലറയുടെയും ആഴങ്ങളിലേക്കു പോകാൻ അത്രമാത്രം അഗാധമായ സ്നേഹം അവനെ നിർബന്ധിച്ചു.

ടെറി പറഞ്ഞതു ശരിയായിരുന്നു. “ദൈവം നമ്മോടു വളരെ നല്ലവനാണ്!” അവന്റെ സ്നേഹവും ക്ഷമയും അചിന്തനീയമായ അതിരുകൾക്കപ്പുറത്തേക്ക് എത്തുകയും ഒരിക്കലും അവസാനിക്കാത്ത ജീവിതം നമുക്കു പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ക്ഷമയുടെ പാഠങ്ങൾ

പൈക്ക്സ് പീക്കിന്റെ (വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടി) മുകളിലേക്കു ഒരു നിലക്കടല മൂക്കു കൊണ്ട്-അല്ലെങ്കിൽ മുഖത്തു ഘടിപ്പിച്ച ഒരു സ്പൂൺ ഉപയോഗിച്ചു തള്ളിനീക്കിയതിന്റെ വേഗ റെക്കോർഡ് ബോബ് സേയ്‌ലം എന്ന വ്യക്തിയുടെ പേരിലാണുള്ളത്. വിനോദസഞ്ചാരികളെ കൊണ്ടുള്ള തടസ്സം ഒഴിവാക്കാനായി രാത്രിയിൽ പ്രവർത്തിച്ച അദ്ദേഹം ഏഴു ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വ്യക്തിയാണു ബോബ്. അതിനർത്ഥം വളരെ ക്ഷമയുള്ള മറ്റു മൂന്നു വ്യക്തികൾകൂടി ഇതു ചെയ്തു എന്നാണ്.

തങ്ങൾ സ്വയം ഏറ്റെടുത്ത ഉദ്യമത്തിന്റെ പേരിൽ ആവശ്യമായി വന്ന ക്ഷമയാണതെന്നു പറയാൻ സാധിക്കുമെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കാറ്. നമുക്കു ക്ഷമ ആവശ്യമാണ്. ഇത് ആത്മാവിന്റെ ഫലമാണ് (ഗലാത്യർ 5:22). മാത്രമല്ല, “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (യാക്കോബ് 1:4) ആകേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു ധർമ്മവുമാണത്. ചുറ്റുമുള്ളവരെല്ലാം പരിഭ്രാന്തിയിലായിരിക്കുമ്പോഴും ക്ഷമാശീലർ ശാന്തരായി വർത്തിക്കുന്നു. സാഹചര്യം വ്യത്യസ്തമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചേക്കാമെങ്കിലും അവർക്ക് അതൊരു അത്യാവശ്യ ഘടകമല്ല. ബുദ്ധിയോടെ പ്രവർത്തിക്കാനുള്ള ജ്ഞാനത്തിനായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ തങ്ങളുടെ പന്ഥാവിൽ തുടരുന്നു (വാ. 5). 

ക്ഷമയുടെ പ്രശ്നം എന്തെന്നാൽ അതു പഠിക്കാൻ ഒരേയൊരു വഴിയേയുള്ളൂ എന്നതാണ്. “നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു” (വാ. 3) എന്നു  യാക്കോബ് പറയുന്നു. അത്തരം പരിശോധനകൾ വലുതും ചെറുതുമായ വിധങ്ങളിൽ വരുന്നു. ഒരു എയർപോർട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. ഉച്ചയ്ക്ക് 11നുള്ള എന്റെ ഫ്ലൈറ്റ് പുലർച്ചെ 2 വരെ വൈകി, ശേഷം അത് റദ്ദാക്കി. ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷം, അധികം വൈകാതെ വീട്ടിലെത്താമെന്നു പ്രതീക്ഷിച്ചുകൊണ്ടു ഞാൻ കാപ്പി കുടിച്ചു സമയം തള്ളിനീക്കി. ആലസ്യത്തോടെ ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ സ്നേഹനിധിയായ എന്റെ പിതാവ് എന്നെ ക്ഷമ പഠിപ്പിക്കുകയായിരുന്നു.

ഇന്നേ ദിവസത്തേക്കുള്ള എന്റെ പാഠം പൂർത്തിയായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, പക്ഷേ ആർക്കറിയാം?  അടുത്ത വിമാനയാത്രക്കുള്ള സ്റ്റാൻഡ്ബൈ ലിസ്റ്റ് പരിശോധിക്കാനുള്ള സമയമായിരിക്കുന്നു.

 

യേശുവിനായി ഓടുക

100 മീറ്റർ ഓട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിലവിലെ ലോക റെക്കോർഡ് ഉടമയായ ഉസൈൻ ബോൾട്ടാണ് ആളുകളുടെ ഓർമ്മയിൽ വരുന്നത്. എന്നാൽ ജൂലിയ “ഹറികേൻ” ഹോക്കിൻസിനെ നമുക്കു മറക്കാൻ കഴിയില്ല. 2021-ൽ, ലൂസിയാന സീനിയർ ഗെയിംസിലെ 100 മീറ്റർ ഓട്ടത്തിൽ ജൂലിയ മറ്റെല്ലാ ഓട്ടക്കാരെയും പിന്നിലാക്കിക്കൊണ്ടു ഫിനിഷിങ് ലൈൻ കടന്നു. അവരുടെ സമയം ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ അൽപ്പം കൂടുതലായിരുന്നു-60 സെക്കൻഡിൽ അല്പം മാത്രം കൂടുതൽ. എന്നാൽ അവർക്കു 105 വയസ്സുണ്ടായിരുന്നു!

അവരുടെ പ്രായത്തിലും ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇഷ്ടപ്പെടാൻ ധാരാളം കാര്യങ്ങളുണ്ട്. യേശുവിനെ ലക്ഷ്യമാക്കി ഓടുന്ന ഓട്ടം ഒരിക്കലും നിർത്താത്ത, യേശുവിൽ വിശ്വസിക്കുന്നവരെ ഇഷ്ടപ്പെടാനും ഒരുപാടു കാര്യങ്ങളുണ്ട് (എബ്രായർ 12:1-2). ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലെ വിശ്വസ്തരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും… വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും” (92:12-14).

ഇത്തരത്തിലുള്ള നിലവാരം പിന്തുടരുന്ന പഴയ വിശ്വാസികൾക്ക് അപ്പൊസ്തലനായ പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താനാകും. പരിചയസമ്പന്നരായ പുരുഷന്മാർ “വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും” (തീത്തൊസ് 2:2), പ്രായം ചെന്ന സ്ത്രീകൾ “നന്മ ഉപദേശിക്കുന്നവരും” (വാക്യം 3) ആയിരിക്കേണം.

പ്രായമായ വിശ്വാസികളോട് ഓട്ടം നിർത്താനുള്ള ആഹ്വാനമുണ്ടായിട്ടില്ല. ഒരുപക്ഷേ ട്രാക്കിൽ ജൂലിയ ഓടിയ രീതിയിലല്ല, മറിച്ച് അവർക്കാവശ്യമായ ശക്തി നൽകുന്ന ദൈവത്തിന്‌ ആദരവു വരുത്തുന്ന വഴികളിലൂടെ. അവനെയും മറ്റുള്ളവരെയും നന്നായി ശുശ്രൂഷിക്കാനുള്ള ഓട്ടം നമുക്കെല്ലാവർക്കും ഓടാം.

പിൻസീറ്റിലെ വേദപുസ്തകങ്ങൾ

ആൻഡ്രൂ തന്റെ ഫോക്സ്‌വാഗൺ കാർ നിർത്തി. ഗാർഡുകൾ കാറിന്റെ അടുത്തേക്കു നടന്നടുത്തു. ഇതിനുമുമ്പും പലതവണ ചെയ്തതുപോലെ അവൻ പ്രാർത്ഥിച്ചു: “ദൈവമേ, അങ്ങു ഭൂമിയിലായിരുന്നപ്പോൾ അന്ധതയുള്ള കണ്ണുകളെ കാണുമാറാക്കി. ഇപ്പോൾ, ദയവുതോന്നി കാഴ്ചയുള്ള കണ്ണുകളെ അന്ധമാക്കേണമേ.” ഗാർഡുകൾ കാർ പരിശോധിച്ചുവെങ്കിലും ലഗേജിലെ വേദപുസ്തകങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. വേദപുസ്തകം സ്വന്തമാക്കാൻ കഴിയാത്തവരുടെ അടുത്തേക്കു തന്റെ പക്കലുള്ളവയുമായി ആൻഡ്രൂ അതിർത്തി കടന്നു.

ക്രിസ്ത്യാനിത്വം നിയമവിരുദ്ധമായ രാജ്യങ്ങളിലേക്കു തിരുവെഴുത്തുകൾ കൊണ്ടുചെല്ലുക എന്ന, അസാധ്യമെന്നു തോന്നുന്ന ദൗത്യത്തിനായി ദൈവം തന്നെ വിളിച്ചപ്പോൾ ആൻഡ്രൂ വാൻ ഡെർ ബിജിൽ, അഥവാ ബ്രദർ ആൻഡ്രൂ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചു. “ഞാൻ ഒരു സാധാരണ മനു‌ഷ്യനാണ്,” തന്റെ പരിമിതമായ വിദ്യാഭ്യാസത്തിനും പണത്തിന്റെ അഭാവത്തിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്ത കാര്യങ്ങൾ, ആർക്കും ചെയ്യാവുന്നതാണ്.” അദ്ദേഹത്തിന്റെ സംഘടനയായ ഓപ്പൺ ഡോർസ് ഇന്റർനാഷണൽ, പീഡനം ഏല്ക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികളെ ഇന്നു ശുശ്രൂഷിക്കുന്നു.

യെഹൂദന്മാർ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയതിനെ തുടർന്ന് ആലയം പുനർനിർമിക്കുക എന്ന അസാധ്യമായ ദൗത്യത്തെ താൻ അഭിമുഖീകരിച്ചപ്പോൾ, യെഹൂദാദേശാധിപതിയായി സെരുബ്ബാബേൽ നിരുത്സാഹപ്പെട്ടു. എന്നാൽ മനുഷ്യശക്തിയിലോ ശേഷിയിലോ ആശ്രയിക്കാതെ ദൈവാത്മാവിൽ ആശ്രയിക്കാൻ ദൈവം അവനെ ഓർമ്മപ്പെടുത്തി (സെഖര്യാവ് 4:6). അടുത്തുള്ള ഒലിവു മരങ്ങളിൽ നിന്നു വിതരണം ചെയ്യപ്പെടുന്ന എണ്ണയോടുകൂടി വിളക്കുകളുടെ ദർശനം സെഖര്യാ പ്രവാചകനു നൽകിക്കൊണ്ട് അവൻ സെരുബ്ബാബേലിനു ധൈര്യം പകർന്നു (വാ. 2-3). എണ്ണയുടെ തുടർച്ചയായ വിതരണം നിമിത്തം വിളക്കുകൾ കത്തുന്നതുപോലെ, ദൈവത്തിന്റെ നിരന്തരമായ ശക്തി വിതരണത്തിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ദൗത്യം പൂർത്തിയാക്കാൻ സെരുബ്ബാബേലിനും യിസ്രായേൽമക്കൾക്കും കഴിയും.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്ക് അവനിൽ വിശ്വസിച്ചുകൊണ്ട് അവൻ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യാൻ കഴിയും.