Month: നവംബർ 2024

ഷാലോമിന്റെ പ്രതിനിധികൾ

2015-ൽ, കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ പ്രാദേശിക ശുശ്രൂഷകൾ നഗരത്തെ സേവിക്കാനായി ഒന്നിച്ചു ചേർന്നതിന്റെ ഫലമായി ജന്മമെടുത്തു. ഓരോ ശരത്കാലത്തും സിറ്റിസെർവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ ആ സംഘം സമൂഹത്തെ സേവിക്കാൻ വിശ്വാസികളെ അയയ്ക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സിറ്റിസെർവിന്റെ സമയത്ത്, എന്നെയും എന്റെ മക്കളെയും നഗരപ്രന്തത്തിലെ ഒരു പ്രാഥമിക സ്കൂളിലേക്കു നിയമിച്ചു. ഞങ്ങൾ അവിടെ വൃത്തിയാക്കി. കളകൾ പറിച്ചു. ഞങ്ങൾ ഒരു കരകൗശല പരിപാടിയിൽ പ്രവർത്തിച്ചു. ഇരുമ്പുവള്ളികൾ ഇഴചേർത്തുണ്ടാക്കിയ വേലിയിലൂടെ നിറമുള്ള പ്ലാസ്റ്റിക് ടേപ്പ് കോർത്തുകൊണ്ടു പർവതങ്ങളെ അനുസ്മരിപ്പിക്കുന്നവിധം തയ്യാറാക്കിയതായിരുന്നു ആ കലാസൃഷ്ടി. ലളിതവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായിരുന്നു അവ.

എപ്പോഴൊക്കെ ഞാൻ ആ സ്കൂളിന് മുന്നിലൂടെ പോകുന്നുവോ, അപ്പോഴെല്ലാം ഞങ്ങളുടെ എളിയ കലാസംരംഭം എന്നെ യിരെമ്യാവ്‌ 29-നെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവർ വസിക്കുന്ന നഗരത്തിൽ സ്ഥിരതാമസമാക്കാനും അവരെ സേവിക്കാനും ദൈവം തന്റെ ജനത്തിന് നിർദ്ദേശം നൽകി. അവർ പ്രവാസത്തിലായിരുന്നിട്ടും അവിടെ തുടരാൻ അവർ ആഗ്രഹിക്കാതിരുന്നിട്ടും അവൻ അതു കല്പിച്ചു.

പ്രവാചകൻ പറഞ്ഞു: “ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും” (വാ. 7). ഇവിടെ സമാധാനം എന്ന വാക്ക് ഷാലോം എന്ന ഹീബ്രു പദമാണ്. ദൈവത്തിന്റെ നന്മയ്ക്കും വീണ്ടെടുപ്പിനും മാത്രം സാധ്യമാക്കാവുന്ന സമ്പൂർണ്ണതയുടെയും അഭിവൃദ്ധിയുടെയും ആശയം ആ പദം ഉൾക്കൊള്ളുന്നു.

അതിശയകരമായി, ദൈവം നമ്മെ ഓരോരുത്തരെയും ഷാലോമിന്റെ പ്രതിനിധികളാകാൻ ക്ഷണിക്കുന്നു - നാം എവിടെയായിരിക്കുന്നുവോ അവിടെ. അവൻ നമ്മെ ആക്കിവച്ചിരിക്കുന്ന ഇടങ്ങളിൽ ലളിതവും മൂർത്തവുമായ രീതിയിൽ മനോഹാരിത സൃഷ്ടിക്കാനും വീണ്ടെടുപ്പു അഭ്യാസിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.

ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുക

മരിച്ചുപോയ എന്റെ അമ്മയുടെ വീട് വിൽക്കണോ? എന്റെ പ്രിയപ്പെട്ട, വിധവയായ അമ്മ മരിച്ചതിനുശേഷം ആ തീരുമാനം എന്റെ ഹൃദയത്തെ ഭാരപ്പെടുത്തി. വൈകാരികത എന്റെ മനോവികാരങ്ങളെ നിയന്ത്രിച്ചു. ഞാനും എന്റെ സഹോദരിയും അമ്മയുടെ ഒഴിഞ്ഞ വീട് വൃത്തിയാക്കാനും നന്നാക്കാനും രണ്ട് വർഷം ചെലവഴിച്ചു. എന്നിട്ടും, ഒടുവിൽ അത് വിൽക്കാൻ തീരുമാനിച്ചു. 2008 ലാണ്‌ ഇത് സംഭവിച്ചത്. ആഗോള മാന്ദ്യം കാരണം വീടു വാങ്ങാൻ തയ്യാറായ ആരെയും കണ്ടെത്താൻ സാധിച്ചില്ല. ഞങ്ങൾ വില കുറയ്ക്കുന്നത് തുടർന്നുവെങ്കിലും  ആരെയും ലഭിച്ചില്ല. അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തിൽ വേദപുസ്തകം വായിക്കുമ്പോൾ, ഈ ഭാഗത്ത് എന്റെ കണ്ണുകൾ ഉടക്കി: “കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു” (സദൃശവാക്യങ്ങൾ 14:4).

വാക്യം കൃഷിയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും, അതിന്റെ സന്ദേശം എന്നിൽ കൗതുകമുണർത്തി. ആളൊഴിഞ്ഞ ഇടം വൃത്തിയായി കിടക്കും, പക്ഷേ വസിക്കുന്നവരുടെ “കുഴപ്പം” കൊണ്ട് മാത്രമേ അത് നല്ല വിളവെടുപ്പു നൽകൂ. അഥവാ, ഞങ്ങളെ സംബന്ധിച്ച്, മൂല്യത്തിന്റെയും കുടുംബ പാരമ്പര്യത്തിന്റെയും വിള. സഹോദരിയെ വിളിച്ചു ഞാൻ ചോദിച്ചു, “അമ്മയുടെ വീട് നമ്മുടെ കൈവശം വച്ചാലോ? നമുക്ക് അതു വാടകയ്ക്കു കൊടുക്കാം.”

ആ തിരഞ്ഞെടുപ്പു ഞങ്ങളെ അത്ഭുതപ്പെടുത്തി. അമ്മയുടെ വീട് ഒരു നിക്ഷേപമാക്കി മാറ്റാൻ ഞങ്ങൾക്കു യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഒരു ആത്മീയ വഴികാട്ടി എന്ന നിലയിൽ പ്രായോഗിക ജ്ഞാനവും പ്രദാനം ചെയ്യുന്നു. ദാവീദ് പ്രാർത്ഥിച്ചതുപോലെ, “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!” (സങ്കീർത്തനങ്ങൾ 25:4).

ഞങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ, നിരവധി ഉത്തമ കുടുംബങ്ങൾക്ക് അമ്മയുടെ വീട് വാടകയ്ക്കു കൊടുക്കാൻ എനിക്കും എന്റെ സഹോദരിക്കും അനുഗ്രഹം ലഭിച്ചു. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യവും ഞങ്ങൾ മനസ്സിലാക്കി: നമ്മുടെ തീരുമാനങ്ങളെ നയിക്കാൻ തിരുവെഴുത്ത് സഹായിക്കുന്നു. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീർത്തനങ്ങൾ 119:105) എന്ന് സങ്കീർത്തനക്കാരൻ എഴുതി.

 

നിയമനം

1963 നവംബർ 22-ന്, അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ്. കെന്നഡി, തത്ത്വചിന്തകനും എഴുത്തുകാരനുമായ ആൽഡസ് ഹക്സ്‌ലി, ക്രിസ്റ്റിയൻ അപ്പോളജിസ്റ്റ്‌ സി. എസ്. ലൂയിസ് എന്നിവർ മരിച്ചു. തികച്ചും വ്യത്യസ്തമായ ലോകവീക്ഷണങ്ങളുള്ള മൂന്ന് പ്രശസ്ത വ്യക്തികൾ. അജ്ഞേയവാദിയായ ഹക്സ്‌ലി അപ്പോഴും പൗരസ്ത്യ മിസ്റ്റിസിസത്തിൽ മുഴുകിയിരുന്നു. ഒരു റോമൻ കത്തോലിക്കനാണെങ്കിലും, കെന്നഡി, മാനവിക തത്ത്വചിന്തയിൽ ഉറച്ചുനിന്നു. മുൻപ് ഒരു നിരീശ്വരവാദിയായിരുന്ന ലൂയിസ്, ഒരു ആംഗ്ലിക്കൻ എന്ന യേശുവിൽ ആഴമായി വിശ്വസിക്കുന്നയാളായിരുന്നു. മരണം വ്യക്തികളെ ആദരിക്കുന്നില്ലാത്തതിനാൽ, അറിയപ്പെടുന്ന ഈ മൂന്ന് വ്യക്തികളും ഒരേ ദിവസം മരണത്തെ അഭിമുഖീകരിച്ചു.

ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ അനുസരണക്കേട് കാണിച്ചപ്പോൾ മരണം മനുഷ്യാനുഭവത്തിലേക്ക് പ്രവേശിച്ചുവെന്ന് വേദപുസ്തകം പറയുന്നു (ഉല്പത്തി 3) — മനുഷ്യചരിത്രത്തെ കളങ്കപ്പെടുത്തിയ ദുഃഖകരമായ ഒരു യാഥാർത്ഥ്യം. മരണം ഒരു വലിയ സമകാരിയാണ്, അഥവാ ഒരാൾ പറഞ്ഞതുപോലെ, ആർക്കും ഒഴിവാക്കാൻ കഴിയാത്ത നിയമനം. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ…” എന്ന് നാം വായിക്കുന്ന എബ്രായർ 9:27-ന്റെ ആശയം ഇതാണ്.

മരണവുമായുള്ള നമ്മുടെ നിയമനവും അതേത്തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചും നാം എവിടെയാണ് പ്രത്യാശ കണ്ടെത്തുക? ക്രിസ്തുവിൽ. റോമർ 6:23 ഈ സത്യം പൂർണ്ണമായി കാണിച്ചുതരുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” ദൈവത്തിന്റെ ഈ വരം എങ്ങനെ ലഭ്യമായിത്തീർന്നു? എന്നെന്നേക്കുമായി നമുക്ക് ജീവൻ നൽകുന്നതിനായി ദൈവപുത്രനായ യേശു മരണത്തെ നീക്കിക്കൊണ്ടു മരിച്ച്, കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു (2 തിമൊഥെയൊസ് 1:10).

യേശുവിനെക്കുറിച്ച് ജനത്തോടു സംസാരിക്കുക

യെഹൂദരുടെ ശുദ്ധീകരണ ചടങ്ങിനായി പൗലൊസ് ദേവാലയത്തിൽ പോയിരുന്നു (പ്രവൃത്തികൾ 21:26). എന്നാൽ, അവൻ ന്യായപ്രമണത്തിനെതിരെ പഠിപ്പിക്കുകയാണെന്നു കരുതിയ ചില പ്രക്ഷോഭകാരികൾ അവന്റെ ജീവനെടുക്കാൻ ശ്രമിച്ചു (വാ. 31). റോമൻ പടയാളികൾ പെട്ടെന്നുതന്നെ ഇടപെട്ടു പൗലൊസിനെ പിടികൂടി കെട്ടിയിട്ടു. “അവനെ കൊന്നുകളക”  (വി. 35) എന്നു ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ദേവാലയപ്രദേശത്തുനിന്നു അവനെ കൊണ്ടുപോയി.

ഈ ഭീഷണിയോട് അപ്പൊസ്തലൻ എങ്ങനെയാണ് പ്രതികരിച്ചത്? “ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു” (വ. 39) എന്ന് അവൻ സഹസ്രാധിപനോടു പറഞ്ഞു. റോമൻ നേതാവ് അനുവാദം നൽകിയപ്പോൾ, രക്തമൊലിച്ചും ചതവോടും കൂടിയ പൗലൊസ്, കോപാകുലരായ ജനക്കൂട്ടത്തിന്റെ നേരെ തിരിഞ്ഞ് യേശുവിലുള്ള തന്റെ വിശ്വാസം പങ്കുവെച്ചു (22:1-16).

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പായിരുന്നു അത് സംഭവിച്ചത്—നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ പ്രയാസമുള്ള ഒരു പഴയ വേദപുസ്തക കഥ. അടുത്തിടെ, വിശ്വാസികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത്, ജയിലിൽ കഴിയുന്ന ക്രിസ്തു വിശ്വാസിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ, പീറ്റർ എന്നു പേരുള്ള ഒരാൾ അറസ്റ്റിലായി. പീറ്ററിനെ ഒരു ഇരുണ്ട ജയിൽമുറിയിലേക്കു വലിച്ചെറിയുകയും ചോദ്യം ചെയ്യലിനിടെ കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ, തനിക്കു നേരെ ചൂണ്ടിയ തോക്കുകളുമായി നാല് സൈനികരെ അദ്ദേഹം കണ്ടു. പീറ്ററിന്റെ പ്രതികരണം? “തന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു തികഞ്ഞ... അവസരം” ആയി അദ്ദേഹം അതിനെ കണ്ടു.

കഠിനവും സുപ്രധാനവുമായ ഒരു സത്യം പൗലൊസും ഈ ആധുനിക പീറ്ററും ചൂണ്ടിക്കാണിക്കുന്നു. ക്ലേശകരമായ സമയങ്ങൾ അനുഭവിക്കാൻ ദൈവം നമ്മെ അനുവദിച്ചാലും—പീഡനം പോലും—നമ്മുടെ ദൗത്യത്തിനു മാറ്റമില്ല: “സുവിശേഷം പ്രസംഗിപ്പിൻ” (മർക്കൊസ് 16:15). അവൻ നമ്മോടുകൂടെയിരുന്നു നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനുള്ള ജ്ഞാനവും ശക്തിയും നമുക്കു നൽകും.

ക്രിസ്തുവിൽ ശക്തമായ പിന്തുണ

ലണ്ടൻ മാരത്തണിലെ ഒരു ഓട്ടക്കാരൻ, ആ വലിയ ഓട്ടം ഒറ്റയ്ക്ക് ഓടാതിരിക്കേണ്ടത് എന്തുകൊണ്ടെന്നു അനുഭവിച്ചറിഞ്ഞു. മാസങ്ങളോളം നീണ്ട കഠിന തയ്യാറെടുപ്പിനുശേഷം, നന്നായി ഓട്ടം പൂർത്തിയാക്കാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. പക്ഷേ, ഫിനിഷിംഗ് ലൈനിലേക്ക് ഇടറിനീങ്ങുമ്പോൾ, ക്ഷീണം കാരണം താൻ മുന്നോട്ടു ആയുന്നതായും തളരുന്നവീഴുന്നതിന്റെ വക്കിലാണെന്നും സ്വയം മനസ്സിലാക്കി. അവൻ നിലത്തു വീഴുന്നതിന് മുമ്പ്, രണ്ട് സഹ മാരത്തണ്‍ ഓട്ടക്കാർ അവന്റെ കൈകളിൽ പിടിച്ചു—ഒരാൾ ഇടതുവശത്തും മറ്റേയാൾ വലതുവശത്തും. ക്ഷീണിച്ച ആ ഓട്ടക്കാരനെ ഓട്ടം പൂർത്തിയാക്കാൻ അവർ സഹായിച്ചു.

ആ ഓട്ടക്കാരനെപ്പോലെ, മറ്റുള്ളവർ നമ്മോടൊപ്പം ജീവിത ഓട്ടം ഓടുന്നതിൽ നിന്ന് ലഭിക്കുന്ന നിരവധി സുപ്രധാന നേട്ടങ്ങളെക്കുറിച്ച് സഭാപ്രസംഗിയുടെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ശലോമോൻ “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” (സഭാപ്രസംഗി 4:9) എന്ന തത്വം മുന്നോട്ടുവച്ചു. കൂട്ടായ പ്രയത്നത്തിന്റെയും പരസ്പര പരിശ്രമത്തിന്റെയും നേട്ടങ്ങളിലേക്ക് അവൻ ശ്രദ്ധ ക്ഷണിക്കുന്നു. പങ്കാളിത്തത്തോടെയുള്ള “തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു” (വാക്യം 9) എന്നും അവൻ എഴുതി. ക്ലേശകരമായ സമയങ്ങളിൽ, “വീണാൽ… എഴുന്നേല്പി”ക്കാനായി (വാ. 10) ഒരു കൂട്ടാളിയുണ്ട്. രാത്രികൾ ഇരുണ്ടതും തണുപ്പുള്ളതുമാകുമ്പോൾ, “കുളിർ” മാറാൻ സുഹൃത്തുക്കൾക്ക് ഒന്നിച്ചു കിടക്കാം (വാക്യം 11). കൂടാതെ, അപകടസമയത്ത്, രണ്ടുപേർക്ക് ഒരു അക്രമിക്കെതിരെ “എതിർത്തുനില്ക്കാം” (വാ. 12). ജീവിതം ഇഴചേർന്നു കിടക്കുന്നവരുടെ പക്കൽ വലിയ ശക്തിയുണ്ടായിരിക്കും.

നമ്മുടെ എല്ലാ ബലഹീനതകളും ദുർബ്ബലതകളും പരിഗണിക്കുമ്പോൾ, യേശുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പിന്തുണയും സുരക്ഷിതത്വവും നമുക്ക് ആവശ്യമാണ്. അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം!