
സാക്ഷികൾ
ഹെൻറി വാഡ്‌സ്വർത്ത് ലോംഗ്‌ഫെല്ലോ (1807-1882) തന്റെ ''സാക്ഷികൾ'' എന്ന കവിതയിൽ മുങ്ങിയ ഒരു അടിമക്കപ്പലിനെ വിവരിച്ചു. ''ചങ്ങലയിട്ട അസ്ഥികൂടങ്ങളെ''ക്കുറിച്ച് എഴുതിക്കൊണ്ട്, അടിമത്തത്തിന്റെ എണ്ണമറ്റ പേരില്ലാത്ത ഇരകളെക്കുറിച്ചു ലോംഗ്‌ഫെല്ലോ വിലപിച്ചു. സമാപന ഖണ്ഡിക ഇങ്ങനെ വായിക്കുന്നു, ''ഇത് അടിമകളുടെ വിലാപമാണ്, / അവർ അഗാധത്തിൽ നിന്ന് നോക്കുന്നു; / അവർ അജ്ഞാത ശവക്കുഴികളിൽ നിന്ന് കരയുന്നു, / നാമാണ് സാക്ഷികൾ!''
എന്നാൽ ഈ സാക്ഷികൾ ആരോടാണ് സംസാരിക്കുന്നത്? അത്തരം നിശബ്ദ സാക്ഷ്യങ്ങൾ വ്യർത്ഥമല്ലേ?
എല്ലാം കാണുന്ന ഒരു സാക്ഷിയുണ്ട്. കയീൻ ഹാബെലിനെ കൊന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു. 'ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?' എന്നവൻ ദൈവത്തോട് നിസ്സംഗനായി പറഞ്ഞു. എന്നാൽ ദൈവം പറഞ്ഞു, ''നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം' (ഉല്പത്തി 4:9-10).
കയീന്റെ പേര് ഒരു മുന്നറിയിപ്പായി നിലനിൽക്കുന്നു. 'ദുഷ്ടന്റെ കൂട്ടത്തിലുള്ളവനും തന്റെ സഹോദരനെ കൊന്നവനും ആയ കയീനെപ്പോലെയാകരുത്' എന്ന് യോഹന്നാൻ മുന്നറിയിപ്പ് നൽകി (1 യോഹന്നാൻ 3:12). ഹാബെലിന്റെ പേരും നിലനിൽക്കുന്നു, പക്ഷേ തികച്ചും വ്യത്യസ്തമായ രീതിയിൽ. ''വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; ... മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു'' എബ്രായ എഴുത്തുകാരൻ പറഞ്ഞു (എബ്രായർ 11:4).
ഹാബേൽ ഇപ്പോഴും സംസാരിക്കുന്നു! ദീർഘകാലം വിസ്മരിക്കപ്പെട്ട ആ അടിമകളുടെ അസ്ഥികളും അങ്ങനെ തന്നെ. അത്തരത്തിലുള്ള എല്ലാ ഇരകളെയും നാം ഓർക്കുന്നതും അടിച്ചമർത്തൽ എവിടെ കണ്ടാലും എതിർക്കുന്നതും നല്ലതാണ്. ദൈവം എല്ലാം കാണുന്നു. അവന്റെ നീതി വിജയിക്കും.

ദൈവത്തിന്റെ നിത്യസഭ
'ആരാധന കഴിഞ്ഞോ?' ഞായറാഴ്ച ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് രണ്ട് കുട്ടികളുമായി ഞങ്ങളുടെ സഭയിൽ എത്തിയ ഒരു യുവമാതാവ് ചോദിച്ചു. എന്നാൽ സമീപത്തെ ഒരു സബയിൽ രണ്ട് ഞായറാഴ്ച ശുശ്രൂഷകൾ ഉണ്ടെന്നും രണ്ടാമത്തേത് ഉടൻ ആരംഭിക്കുമെന്നും അവളെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. 'അവിടെ കൊണ്ടാക്കണോ?'' യുവ മാതാവ് നന്ദിപുരസ്സരം ഉവ്വ് എന്നു പറഞ്ഞു. പിന്നീട് ചിന്തിച്ചിട്ട്, അഭിവാദ്യം ചെയ്തയാൾ ഈ നിഗമനത്തിലെത്തി: ''സഭ കഴിഞ്ഞോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സഭ എന്നേക്കും തുടരുന്നു.''
സഭ ഒരു ദുർബലമായ 'കെട്ടിടം' അല്ല. പൗലൊസ് എഴുതി, ''വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ,'' പൗലൊസ് എഴുതി, ''ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു'' (എഫെസ്യർ 2:19-22).
യേശു തന്നെ നിത്യതയോളം നിലനില്ക്കുന്ന തന്റെ സഭ സ്ഥാപിച്ചു. തന്റെ സഭയെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും, 'പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല' (മത്തായി 16:18) എന്ന് അവൻ പ്രഖ്യാപിച്ചു.
ഈ ശാക്തീകരണ കണ്ണാടിയിലൂടെ, നമ്മുടെ പ്രാദേശിക സഭകളെ -നമ്മെയെല്ലാവരെയും-'ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും' (എഫെസ്യർ 3:21) പണിയപ്പെടുന്ന ദൈവത്തിന്റെ സാർവത്രിക സഭയുടെ ഭാഗമായി നമുക്കു നോക്കിക്കാണാൻ കഴിയും.

പ്രോത്സാഹനത്തിനുള്ള വരം
“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തല കടത്തു എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന്് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല.
തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ കോളനിയെ വിഭജിക്കുകയായിരുന്നു. ''നിങ്ങൾ വിഷമിക്കരുത്'' എന്റെ നിരാശ കണ്ട പരിചയസമ്പന്നനായ ഒരു തേനീച്ച വളർത്തുകാരൻ സന്തോഷത്തോടെ എന്നോട് പറഞ്ഞു, 'ഇത് ആർക്കും സംഭവിക്കാം!'
പ്രോത്സാഹനം ഒരു നല്ല വരമാണ്. ശൗൽ തന്റെ ജീവനെടുക്കാൻ വേണ്ടി പിന്തുടരുന്നതിൽ ദാവീദ് നിരാശനായപ്പോൾ, ശൗലിന്റെ മകനായ യോനാഥാൻ ദാവീദിനെ പ്രോത്സാഹിപ്പിച്ചു. ''ഭയപ്പെടേണ്ട,'' യോനാഥൻ പറഞ്ഞു. ''എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു'' (1 ശമൂവേൽ 23:17).
സിംഹാസനാവകാശിയായ ഒരാളുടെ നിസ്വാർത്ഥ വാക്കുകളാണ് അത്. ദൈവം ദാവീദിനോടൊപ്പമുണ്ടെന്ന് യോനാഥൻ തിരിച്ചറിഞ്ഞിരിക്കാം, അതിനാൽ അവൻ വിശ്വാസത്തിന്റെ താഴ്മയുള്ള ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്.
നമുക്ക് ചുറ്റും പ്രോത്സാഹനം ആവശ്യമുള്ളവർ ധാരാളമുണ്ട്. നാം ദൈവമുമ്പാകെ നമ്മെത്തന്നെ താഴ്ത്തുകയും നമ്മിലൂടെ അവരെ സ്‌നേഹിക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ സഹായിക്കാൻ ദൈവം നമ്മെ സഹായിക്കും.

തുറന്ന ഇടങ്ങൾ കണ്ടെത്തുക
മാർജിൻ എന്ന തന്റെ പുസ്തകത്തിൽ, ഡോ. റിച്ചാർഡ് സ്വെൻസൺ എഴുതുന്നു, ''നമുക്ക് ശ്വസിക്കാൻ കുറച്ച് ഇടമുണ്ടായിരിക്കണം. നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സുഖപ്പെടാനുള്ള അനുവാദവും വേണം. വേഗതയാൽ നമ്മുടെ ബന്ധങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. . . .'' നമ്മുടെ കുട്ടികൾ മുറിവേറ്റ നിലയിൽ നിലത്ത് കിടക്കുന്നു, നമ്മുടെ അതിവേഗ സദുദ്ദേശ്യത്താൽ ചവിട്ടിമെതിക്കപ്പെടുന്നു. ദൈവം ഇപ്പോൾ ക്ഷീണിതനാണോ? അവൻ ഇനി ആളുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കു നയിക്കുകയില്ലേ? ഭൂതകാലത്തിന്റെ വിശാലമായ തുറസ്സായ സ്ഥലങ്ങൾ ആരാണ് കൊള്ളയടിച്ചത്, നമുക്ക് അവ എങ്ങനെ തിരികെ ലഭിക്കും?'' സ്വെൻസൺ പറയുന്നത്, നമുക്ക് ജീവിതത്തിൽ ദൈവത്തിൽ വിശ്രമിക്കാനും അവനുമായി കണ്ടുമുട്ടാനും കഴിയുന്ന ശാന്തവും ശാദ്വലവുമായ 'ഭൂമി' ആവശ്യമുണ്ട് എന്നാണ്.
ഇതു നിങ്ങളുടെ ശബ്ദമായി തോന്നുണ്ടോ? തുറസ്സായ സ്ഥലങ്ങൾ തേടുന്നത്, മോശെ നന്നായി ജീവിച്ച ഒരു കാര്യമാണ്. 'ശാഠ്യമുള്ളവരും മത്സരികളുമായ' ഒരു ജനതയെ നയിച്ചുകൊണ്ടിരുന്ന (പുറപ്പാട് 33:5), അവൻ പലപ്പോഴും ദൈവസന്നിധിയിൽ വിശ്രമവും മാർഗ്ഗനിർദ്ദേശവും കണ്ടെത്താനായി അടുത്തുചെന്നു. അവന്റെ 'സമാഗമന കൂടാരത്തിൽ' (വാ. 7), 'ഒരുത്തൻ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു' (വാ. 11). യേശുവും 'നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു' (ലൂക്കൊസ് 5:16). പിതാവിനോടൊപ്പം ഏകാന്തമായി സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം അവനും മോശെയും മനസ്സിലാക്കി.
വിശ്രമത്തിലും ദൈവസന്നിധിയിലും ചിലവഴിക്കുന്ന വിശാലവും തുറസ്സായതുമായ ചില ഇടങ്ങൾ, ചില മാർജിനുകൾ, നമ്മുടെ ജീവിതത്തിൽ നാമും കെട്ടിപ്പടുക്കേണ്ടതുണ്ട്. അവനോടൊപ്പം സമയം ചെലവഴിക്കുന്നത് മികച്ച തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും-നമ്മുടെ ജീവിതത്തിൽ ആരോഗ്യകരമായ അരികുകളും അതിരുകളും സൃഷ്ടിക്കുന്നതിലൂടെ അവനെയും മറ്റുള്ളവരെയും നന്നായി സ്‌നേഹിക്കുന്നതിനുള്ള ബാൻഡ് വിഡ്ത്ത് ലഭ്യമാകുന്നു.
നമുക്ക് ഇന്ന് തുറസ്സായ സ്ഥലങ്ങളിൽ ദൈവത്തെ അന്വേഷിക്കാം.

ക്രിസ്തുവിന്റെ ശക്തി
2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, ''ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു.
ഗലീല കടലിൽ ശക്തിമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു.
ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും.