Month: ആഗസ്റ്റ് 2025

ക്രിസ്തുവിന്റെ ശക്തി

2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, ''ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു. 
ഗലീല കടലിൽ ശക്തിമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു. 
ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും. 

ആരാധനയുടെ ഉത്സവങ്ങൾ

ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്‌കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി. 
എന്നിരുന്നാലും, ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരുമായി നാം ഒത്തുകൂടുമ്പോൾ, ഒരു മതേതര ഉത്സവത്തിന്റെ സാമൂഹിക “പരിവർത്തനം” എന്നതിലുപരിയായ ഒന്ന് നമുക്ക് അനുഭവിക്കാൻ കഴിയും; നാം ദൈവവുമായി തന്നെ ആശയവിനിമയം നടത്തുന്നു. പുരാതന കാലത്ത് യിസ്രായേൽ ജനം വർഷത്തിലുടനീളം യെരൂശലേമിൽ തങ്ങളുടെ വിശുദ്ധ ഉത്സവങ്ങൾക്കായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ആ ബന്ധം നിസ്സംശയം അവർക്ക് അനുഭവപ്പെട്ടു. “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും വാരോത്സവത്തിനും കൂടാരപ്പെരുന്നാളിനും'' ആധുനിക സൗകര്യങ്ങളില്ലാതെ തന്നെ അവർ യെരൂശലേമിലേക്കു യാത്ര ചെയ്തു (ആവർത്തനം 16:16). ഈ ഒത്തുചേരലുകൾ കുടുംബത്തോടും ദാസന്മാരോടും പരദേശികളോടും മറ്റുള്ളവരോടും ഒപ്പം “യഹോവയുടെ സന്നിധിയിൽ'' ഗംഭീരമായ സ്മരണയുടെയും ആരാധനയുടെയും സന്തോഷത്തിന്റെയും സമയങ്ങളായിരുന്നു (വാ. 11). 
അവനെ തുടർന്നും ആസ്വദിക്കാനും അവന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും പരസ്പരം സഹായിക്കുന്നതിനായി നമുക്ക് മറ്റുള്ളവരുമായി ആരാധനയ്ക്കായി ഒത്തുകൂടാം. 

ബ്രാൻഡ് അംബാസഡർമാരേക്കാളധികം

ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു. 
കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, ''സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല. 
2 കൊരിന്ത്യർ 5-ൽ, യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ഒരു വ്യത്യസ്തമായ 'അംബാസഡർ' പരിപാടിയെക്കുറിച്ച് പൗലൊസ് വിവരിക്കുന്നു. “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു” (വാ. 11). തുടർന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു, ''ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു” (വാ. 19-20). 
പല ഉൽപ്പന്നങ്ങളും നമുക്ക് സന്തോഷവും സമ്പൂർണ്ണതയും ലക്ഷ്യവും പോലെ   ആഴത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നു വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരേയൊരു സന്ദേശം -യേശുവിൽ വിശ്വസിക്കുന്നവരായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിരപ്പിന്റെ സന്ദേശം- യഥാർത്ഥത്തിൽ സന്തോഷവാർത്തയാണ്. നിരാശാജനകമായ ഒരു ലോകത്തിലേക്ക് ആ സന്ദേശം എത്തിക്കാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു. 

സ്ഥിരോത്സാഹത്തിന്റെ ശക്തി

1917-ൽ, ഒരു യുവ തയ്യൽക്കാരി ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈൻ സ്‌കൂളിൽ പ്രവേശനം നേടിയതിൽ ആവേശഭരിതയായി. എന്നാൽ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഫ്‌ളോറിഡയിൽ നിന്ന് ആൻ കോൺ എത്തിയപ്പോൾ, അവൾക്കു പ്രവേശനം ഇല്ലെന്ന് സ്‌കൂൾ ഡയറക്ടർ പറഞ്ഞു. “തുറന്നു പറഞ്ഞാൽ, മിസ്സിസ് കോൺ, നിങ്ങൾ ഒരു നീഗ്രോ ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അയാൾ പറഞ്ഞു. പോകാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇപ്രകാരം പ്രാർത്ഥിച്ചു: എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കൂ. അവളുടെ സ്ഥിരോത്സാഹം കണ്ട്, ഡയറക്ടർ ആനിനെ താമസിക്കാൻ അനുവദിച്ചു, പക്ഷേ വെള്ളക്കാർക്ക് മാത്രമുള്ള ക്ലാസ് മുറിയിൽ നിന്ന് അവളെ മാറ്റി, പിൻവാതിലിനപ്പുറം നിന്നു കേൾക്കാൻ അനുവദിച്ചു. 
അനിഷേധ്യമായ താലന്തുള്ള ആൻ പഠനം പൂർത്തിയാക്കാൻ ആറുമാസം കൂടി ശേഷിക്കെ ബിരുദം നേടി, അമേരിക്കയിലെ മുൻ പ്രഥമ വനിത ജാക്വലിൻ കെന്നഡി ഉൾപ്പെടെ സമൂഹത്തിലെ ഉന്നതരായ ക്ലൈന്റുകളെ ആകർഷിച്ചു. ജാക്വിലിന്റെ ലോകപ്രശസ്ത വിവാഹ ഗൗൺ രൂപകൽപ്പന ചെയ്തത് ആൻ ആയിരുന്നു. അവളുടെ തയ്യൽ സ്റ്റുഡിയോയ്ക്ക് മുകളിൽ പൈപ്പ് പൊട്ടി ആദ്യത്തെ വസ്ത്രം നശിച്ചതിനെത്തുടർന്ന് അവൾ ദൈവത്തിന്റെ സഹായം തേടി ഗൗൺ രണ്ടാമതും ഉണ്ടാക്കുകയായിരുന്നു. 
അത്തരം സ്ഥിരോത്സാഹം ശക്തിയേറിയതാണ്, പ്രത്യേകിച്ച് പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം. സ്ഥിരോത്സാഹിയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ, ഈ വിധവ അഴിമതിക്കാരനായ ഒരു ന്യായാധിപനോട് നീതിക്കായി ആവർത്തിച്ച് അപേക്ഷിക്കുന്നു. ആദ്യം, അവൻ അവളെ നിരസിച്ചു, എന്നാൽ 'വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും' (ലൂക്കൊസ് 18:5) എന്നയാൾ പറഞ്ഞു. 
ദൈവം കൂടുതൽ സ്‌നേഹത്തോടെ, ''രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?'' (വാ. 7). അവൻ രക്ഷിക്കും എന്ന് യേശു പറഞ്ഞു (വാ. 8). അവൻ നമ്മെ പ്രചോദിപ്പിക്കുന്നതനുസരിച്ച് നമുക്ക് ഒരിക്കലും മടുത്തുപോകാതെ നിരന്തരം പ്രാർത്ഥിക്കാൻ ശ്രമിക്കാം. അവന്റെ സമയത്തിലും പൂർണ്ണമായ വഴിയിലും ദൈവം ഉത്തരം നൽകും. 

യേശു നമ്മുടെ സഹോദരൻ

ബ്രിഡ്ജർ വാക്കറിന് ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒരു നായ തന്റെ ഇളയ സഹോദരിക്ക് നേരെ കുതിച്ചുചെല്ലുന്നത് അവൻ കണ്ടു. നായയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനായി ബ്രിഡ്ജർ അവളുടെ മുന്നിലേക്ക് ചാടി. അടിയന്തര പരിചരണം ലഭിക്കുകയും മുഖത്ത് തൊണ്ണൂറ് തുന്നലുകൾ ഇടുകയും ചെയ്തശേഷം, ബ്രിഡ്ജർ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. “ആരെങ്കിലും മരിക്കേണ്ടി വന്നാൽ, അത് ഞാനായിരിക്കണമെന്ന് ഞാൻ ചിന്തിച്ചു.” നന്ദിയോടെ പറയട്ടെ, പ്ലാസ്റ്റിക് സർജന്മാർ ബ്രിഡ്ജറിന്റെ മുഖം സുഖപ്പെടുത്തി. തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുന്ന അവന്റെ സമീപകാല ചിത്രങ്ങളിൽ തന്റെ സഹോദരിയോടുള്ള സ്‌നേഹം എന്നത്തേയും പോലെ ശക്തമായി നിലനിൽക്കുന്നു എന്നു കാണാം. 
കുടുംബാംഗങ്ങൾ നമ്മെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നാം കഷ്ടതയിൽ അകപ്പെടുമ്പോൾ യഥാർത്ഥ സഹോദരന്മാർ ഇടപെടുകയും നാം പേടിക്കുമ്പോഴോ തനിച്ചായിരിക്കുമ്പോഴോ കൂടെ വരികയും ചെയ്യും. വാസ്തവത്തിൽ, നമ്മുടെ ഏറ്റവും നല്ല സഹോദരന്മാർ പോലും അപൂർണ്ണരാണ്; ചിലർ നമ്മെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും നമ്മുടെ പക്ഷത്തുള്ള ഒരു സഹോദരൻ നമുക്കുണ്ട്, യേശു. എബ്രായലേഖനം നമ്മോട് പറയുന്നു, 'മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി ... സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു'' (2:14, 17). തൽഫലമായി, യേശു നമ്മുടെ ഏറ്റവും യഥാർത്ഥ സഹോദരനാണ്, നമ്മെ തന്റെ 'സഹോദരന്മാർ' എന്ന് വിളിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു (വാ. 11). 
നാം യേശുവിനെ നമ്മുടെ രക്ഷകൻ, സുഹൃത്ത്, രാജാവ് എന്നിങ്ങനെ പരാമർശിക്കുന്നു-ഇവ ഓരോന്നും സത്യവുമാണ്. എന്നിരുന്നാലും, എല്ലാ മാനുഷിക ഭയവും പ്രലോഭനവും എല്ലാ നിരാശയും സങ്കടവും അനുഭവിച്ച നമ്മുടെ സഹോദരൻ കൂടിയാണ് യേശു. നമ്മുടെ സഹോദരൻ എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നു.