Month: ജനുവരി 2026

ദൈവത്തിന്റെ സംരക്ഷിതസ്നേഹം

ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കലപിലശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.

നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങളെക്കുറിച്ച് നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.

യേശു പഠിപ്പിച്ചു, “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു.” (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായിക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായിക്കുന്നു.” അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” (വാ. 16-17; 20).

“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണ വും സ്നേഹവുമാണ്.

പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെക്കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്. 

- പട്രീഷ്യ റെയ്ബൺ

കാലുകൾ കഴുകുക...പാത്രങ്ങളും

ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനോടൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും ചോദിച്ചു, “ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?” അവർക്ക് ഒന്നും ഇല്ലായിരുന്നു.

അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണ ശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കൊസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.

യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകിക്കൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.

സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല, മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്ഷ്യം. 

- സിൻഡി ഹെസ് കാസ്പർ

ദൈവത്തെ അനുഗമിക്കാൻ തീരുമാനിക്കുക

“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 773,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 143,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങളെ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും — പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തര ഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽമക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു ആഹ്വാനം നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. “നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ” (യോശു. 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” (വാ. 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം. 

- ബിൽ ക്രൗഡർ

ഭൂഗുരുത്വ മല

നിഗൂഢതകളുടെ ചുരുളഴിച്ചെടുക്കുക എന്നതു ഞാനടക്കം പലരെയും ആകർഷിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള നിഗൂഢതകളിലൊന്നാണ് ലഡാക്കിലെ ലേയ്ക്കു സമീപമുള്ള ഒരു കുന്ന്. അവിടെ വാഹനങ്ങൾ താഴേക്ക് ഉരുണ്ടു പോകുന്നതിനുപകരം സ്വയം മുകളിലേക്ക് ഉരുളുന്നു. “ഗ്രാവിറ്റി ഹിൽ” എന്നു വിളിക്കപ്പെടുന്ന ആ കുന്നിനെക്കുറിച്ച് അതൊരു ദൃശ്യപരമായ മിഥ്യയായിരിക്കാമെന്നോ കുന്നിനു ശക്തമായ കാന്തികവലയമുണ്ടെന്നോ ആ ഭൂപ്രകൃതി മനസ്സിനെ കബളിപ്പിക്കുക ആയിരിക്കാമെന്നോ മനുഷ്യർ നിരൂപിക്കുന്നു. കാരണം എന്തുതന്നെയായാലും ഒരു കാര്യം നിശ്ചയമാണ്, ഈ പ്രതിഭാസം ഗുരുത്വാകർഷണ നിയമങ്ങൾക്കു വിരുദ്ധമാണ്—ഇതൊരു നിഗൂഢതയാണ്.

ഒന്നാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന പണ്ഡിതനായ പൗലൊസ് അപ്പൊസ്തലനു തന്റെ ഉന്നതമായ അറിവ്, ജ്ഞാനം, പാണ്ഡിത്യ സംബന്ധമായ പദവി എന്നിവയെക്കുറിച്ച് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു (വാ.1-2). എന്നിട്ടും, താൻ സാക്ഷ്യം വഹിച്ച “മർമ്മം” തന്റെ ബൗദ്ധിക ശേഷിയെ കവിഞ്ഞു നിന്നതിനാൽ അവൻ ഭയത്തോടും നടുക്കത്തോടുംകൂടെ കൊരിന്ത്യരെ സമീപിച്ചു. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ പദ്ധതിയാണ് മനുഷ്യമനസ്സിനു അളക്കാനാവാത്ത ഈ “മർമ്മം.” അവന്റെ പുത്രനായ യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം അതു വെളിപ്പെടുത്തി തന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു മർമ്മമാണ് ഇതെന്നതാണ് ഇത് ആസൂത്രണം ചെയ്തതിലെ ദൈവത്തിന്റെ ജ്ഞാനം (വാ. 5-10).

ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി അംഗീകരിക്കുമ്പോൾ, ദൈവം നമ്മിൽ സ്ഥാപിച്ചിരിക്കുന്ന ഈ മഹത്തായ “മർമ്മത്തിന്റെ” ഭാഗമായി നാം മാറുന്നു. ദൈവത്തിന്റെ ജ്ഞാനം ഏതൊരു ഭൗമിക ജ്ഞാനത്തേക്കാളും മഹത്തരമാണ്. പരിശുദ്ധാത്മാവിലൂടെ അതു നമുക്കു ലഭ്യമാണ്. ജീവിതത്തിന്റെ വഴിത്തിരിവിൽ, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ കൂട്ടാളികളുടെയോ ജ്ഞാനത്തെ ആശ്രയിക്കാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, എല്ലാ ജ്ഞാനത്തിന്റെയും പരമമായ ഉറവിടത്തിലേക്ക് —പരിശുദ്ധാത്മാവിലേക്ക് (കൊലൊസ്യർ 1:9)ഉറ്റുനോക്കുന്നതിൽ നാം പരാജയപ്പെടരുത്. മനുഷ്യന്റെ ജ്ഞാനം നല്ലതാണെങ്കിലും ദൈവത്തിന്റെ ജ്ഞാനം മികച്ചതാണ്. അവന്റെ സാന്നിദ്ധ്യം എപ്പോഴും നമ്മോടൊപ്പമുണ്ട്. 

- റെബേക്ക വിജയൻ

കവിഞ്ഞൊഴുകൽ

ലോഹാരി, മകര സംക്രാന്തി എന്നീ പേരുകളിൽ മറ്റു സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്ന പൊങ്കൽ എന്ന തമിഴ് ഉത്സവം കൊണ്ടാടാനായി തമിഴ് അധ്യാപകർ ചേർന്നു ഞങ്ങളുടെ സ്കൂളിൽ ഒരു സാംസ്കാരിക ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിലുള്ള അടുപ്പുകൂട്ടി ചെറിയ വിറകുകൾവെച്ചു തീകൊളുത്തി, ഒരു കളിമൺ പാത്രം നിറയെ അരിയും പഞ്ചസാരയും പാലും അവർ അടുപ്പിൽ വച്ചു. പാത്രത്തിലുള്ളവ തിളച്ചുമറിഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞങ്ങൾ വിസ്മയത്തോടെ നോക്കിനിന്നുകൊണ്ടു വായ്ക്കുരവയിട്ടു. അല്പം പൊങ്കൽ കഴിച്ചതിനുശേഷം ഞങ്ങൾ ഓരോരുത്തരും ക്ലാസിലേക്കു മടങ്ങി. തമിഴ് സംസ്കാരത്തിൽ, “പൊങ്കൽ,” അതായതു “കവിഞ്ഞൊഴുകൽ” വിളവെടുപ്പിന്റെ സമൃദ്ധിയെ കാണിക്കുന്നു.

കൂടാരപ്പെരുനാൾ എന്ന യെഹൂദ പെരുന്നാളിനെക്കുറിച്ചു യോഹന്നാൻ 7-ൽ പറയുന്നു. ഈ ഉത്സവത്തിന്റെ അവസാന ദിനം, യേശു എഴുന്നേറ്റു നിന്നു കൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (വാ. 37). തന്നിൽ വിശ്വസിക്കുന്ന ഏതൊരുവന്റെയും “ഉള്ളിൽനിന്നു” “ജീവജലത്തിന്റെ നദികൾ” ഒഴുകുമെന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 38). യേശു പരാമർശിച്ച ഈ കവിഞ്ഞൊഴുകൽ പിന്നീട് എല്ലാവരുടെയും മേൽ പകരപ്പെടുന്ന വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവാണെന്ന് (വാ. 39) എഴുത്തുകാരനായ യോഹന്നാൻ വിശദീകരിക്കുന്നു. മരണത്തെത്തുടർന്നു വീണ്ടും ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയ ശേഷം മറ്റൊരു യെഹൂദ ഉത്സവമായ പെന്തെക്കൊസ്തുനാളിൽ യേശു ഈ വാഗ്ദാനം നിറവേറ്റി (പ്രവൃത്തികൾ 2:1). ആത്മാവിനാൽ കവിഞ്ഞൊഴുകിയ അവന്റെ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടു തങ്ങൾക്കുള്ളതു മനസ്സോടെ പങ്കുവെക്കുകയും കരുതലുള്ള ഒരു സമൂഹമായി മാറുകയും ചെയ്തു (പ്രവൃത്തികൾ 2:3, 52).

നമ്മുടെ ആത്മീയ ദാഹം ഉള്ളിൽനിന്നു ശമിപ്പിക്കാൻ യേശു നമുക്കു തന്റെ ആത്മാവിനെ തന്നിരിക്കുന്നു (യോഹന്നാൻ 7:38-39). ആത്മാവു നമ്മെ ശക്തിപ്പെടു
ത്തുന്നു, നമുക്കു സന്തോഷവും സമാധാനവും നൽകുന്നു, കവിഞ്ഞൊഴുക്കിനാൽ നമ്മെ നിറയ്ക്കുന്നു (വാ. 38). അപ്രകാരം നാം നിറയപ്പെടുമ്പോൾ, മറ്റുള്ളവരുടെ നിറവിനായി നാം കവിഞ്ഞൊഴുകുന്നു. 

- ആൻ ഹരികീർത്തൻ