Month: ഫെബ്രുവരി 2026

ദൈവത്തിന്റെ മഹത്തായ സ്നേഹവലയം

മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിനു ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും? “ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.

20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു (വാ. 10).

ക്രിസ്തുവിന്റെ ക്രൂശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4:16, 19). സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ! 

മരുഭൂമിയിലെ ചോദ്യങ്ങൾ

ഒരു പർവതത്തിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടു സന്ദർശിക്കുന്നതിനായുള്ള ആവേശഭരിതമായ യാത്രയിലായിരുന്നു ഞങ്ങളുടെ കുടുംബം. അവിടെ എത്തിച്ചേർന്നപ്പോൾ ചുട്ടുപൊള്ളുന്ന സൂര്യനു കീഴിലുള്ള വരണ്ട നിലമല്ലാതെ നദിയിൽ വെള്ളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണാൻ സാധിച്ചില്ല. യാത്ര പാഴായെന്നു കരുതി നിൽക്കവേ, രണ്ടു നാട്ടുകാരുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. അവരിൽ ഒരാൾ ചോദിച്ചു, “എന്തുകൊണ്ടാണു യേശുവിനെ ഒരു ക്രൂശിൽ തറച്ചത്?” അവിടെ തുടങ്ങി, യേശുവിനെക്കുറിച്ച് അവരുമായി പങ്കുവെക്കാനുള്ള ആ അവസരം ഞങ്ങൾ സ്വാഗതം ചെയ്തു.

ദൈവാത്മാവിന്റെ നടത്തിപ്പിൻ പ്രകാരം “തെക്കോട്ട് യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു“(വാ. 26) ഫിലിപ്പൊസ് യാത്ര തിരിച്ചു. യാത്രയിൽ അവൻ ഒരു ഐത്യോപ്യക്കാരനായ ഷണ്ഡനെ കണ്ടുമുട്ടി (വാ. 27). ഈ വ്യക്തി തന്റെ നാട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. “അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക” എന്നു ഫിലിപ്പൊസിനു ദൈവാത്മാവിന്റെ പ്രേരണ ലഭിച്ചു. അങ്ങനെ, ഫിലിപ്പൊസ് തേരിന്റെ അടുലേക്കു ചെന്നു, “യെശയ്യാപ്രവാചകന്റെ പുസ്തകം” (വാ. 30) വായിക്കുന്നതു കേട്ടു. “ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു?” (വാ. 34) എന്നു ഷണ്ഡണ്‍ ഫിലിപ്പൊസിനോടു ചോദിച്ചു. ഈ ചോദ്യത്തെ തുടർന്ന്, ഫിലിപ്പൊസിന് യേശുവിനെക്കുറിച്ചു പങ്കുവെക്കാൻ അവസരം ലഭിച്ചു (വാ. 35).

ആരെങ്കിലും യേശുവിനെക്കുറിച്ചു തങ്ങളോടു പങ്കുവയ്ക്കുന്നതും കാത്തു, സത്യത്തെ തേടുന്ന അനേകർ നമുക്കു ചുറ്റുമുണ്ട്. ദൈവത്തിന്റെ നടത്തിപ്പിൻ പ്രകാരം, അവസരങ്ങൾ ലഭിക്കുന്നിടത്തെല്ലാം—ജോലിസ്ഥലത്ത്, ജിമ്മിൽ, കഫേയിൽ, സ്കൂളിൽ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ—സംഭാഷണങ്ങളിലൂടെ നമുക്ക് അവരോടു യേശുവിനെക്കുറിച്ചു പങ്കുവയ്ക്കാം. യേശുവിനെക്കുറിച്ചുള്ള സംഭാഷണത്തിനു വഴിയൊരുക്കുന്ന ഒരു ചോദ്യം ആര്, എപ്പോൾ ചോദിക്കുമെന്നു നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ല. പക്ഷേ, പൗലൊസ് പറയുന്നതുപോലെ, “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു” (കൊലൊസ്സ്യർ 4:5) കൃപയോടുകൂടി എല്ലാവരോടും നാം ഉത്തരം പറയണം. നിങ്ങൾ അനുവദിക്കുമെങ്കിൽ നിങ്ങളിലൂടെ തന്റെ സ്നേഹം പ്രകടമാക്കാൻ ദൈവത്തിനു കഴിയും. മരുഭൂമിയിൽവച്ചു ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവർക്ക് ഉത്തരത്തിനായി സമീപിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിയായിരിക്കുക. 

മതിലിന്മേലുള്ള ദൂതന്മാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

യെരൂശലേമിന്റെ തകർന്ന മതിലുകൾ യിസ്രായേല്യർ പുനർനിർമ്മിച്ചതിനെക്കുറിച്ചു നെഹെമ്യാവിന്റെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ “കലക്കം വരുത്തേണ്ടതിന്നും” അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും തുടങ്ങിയപ്പോൾ (നെഹെ. 4:8), യിസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ നിയമിച്ചു” (വാ. 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൗണും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ ദൂതന്മാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ വന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൗൺ കുടുംബം പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. “വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക,” നെഹെമ്യാവ് യിസ്രായേല്യരോട് പറഞ്ഞു. (വാ. 14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ദൈവത്തിനു കീഴടങ്ങുക

ഒരു കൃഷി ഫാമിൽ ജനിച്ച ജഡ്സൺ വാൻ ഡിവെന്റർ പെയിന്റിംഗ് പഠിക്കുകയും ഒരു കലാ അദ്ധ്യാപകനാകുകയും ചെയ്തു. എന്നാൽ, ദൈവത്തിന് അദ്ദേഹത്തിനായി മറ്റൊരു പദ്ധതിയുണ്ടായിരുന്നു. സുഹൃത്തുക്കൾ സഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിലമതിക്കുകയും സുവിശേഷ വേലയ്ക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവം തന്നെ വിളിക്കുകയാണെന്ന് ജഡ്സണ് തോന്നി, പക്ഷേ, കല പഠിപ്പിക്കുന്നതിനുള്ള തന്റെ ഇഷ്ടം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം ദൈവവുമായി മല്ലിട്ടു, ഒടുവിൽ അദ്ദേഹം എഴുതി, “അവസാനം എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് വന്നു, ഞാൻ എല്ലാം സമർപ്പിച്ചു.”

തന്റെ മകൻ യിസഹാക്കിനെ ഹോമയാഗം കഴിക്കാൻ ദൈവം അബ്രഹാമിനെ വിളിച്ചപ്പോൾ അബ്രഹാമിന്റെ ഹൃദയം തകർന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. “അവിടെ അവനെ ഹോമയാഗം കഴിക്ക” എന്ന ദൈവത്തിന്റെ കൽപ്പനയുടെ പശ്ചാത്തലത്തിൽ (ഉല്പത്തി 22:2), എന്ത് വിലയേറിയ വസ്തുവാണ് ബലിയർപ്പിക്കാൻ ദൈവം നമ്മോട് കല്പിക്കുന്നതെന്ന് നാം സ്വയം ചോദിക്കുന്നു. ഒടുവിൽ ദൈവം യിസ്ഹാക്കിനെ വിട്ടയച്ചുവെന്ന് നമുക്കറിയാം (വാ. 12) പക്ഷേ വിഷയം ഇതാണ്: അബ്രഹാം തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. ഏറ്റവും പ്രയാസകരമായ കാര്യം ചെയ്യാൻ പറഞ്ഞപ്പോഴും അവൻ ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ചു.

നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നു, എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാൻ നാം തയ്യാറാണോ? ജഡ്സൺ വാൻ ഡിവെന്റർ, സുവിശേഷീകരണത്തിനായുള്ള ദൈവത്തിന്റെ ആഹ്വാനത്തെ പിന്തുടരുകയും പിന്നീട് “I Surrender All” എന്ന പ്രിയപ്പെട്ട സ്തുതിഗീതം രചിക്കുകയും ചെയ്തു. പിന്നീട്, ദൈവം ജഡ്സനെ കലാദ്ധ്യാപനത്തിലേക്ക് തിരികെ വിളിച്ചു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ബില്ലി ഗ്രഹാം എന്ന ചെറുപ്പക്കാരനായിരുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്ക് നമ്മുടെ ഭാവനയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ നാം തയ്യാറാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അതാണ് എന്ന് തോന്നുന്നു. എല്ലാറ്റിനുമുപരി, അവൻ തന്റെ ഏകജാതനായ പുത്രനെ നമുക്കുവേണ്ടി ബലിയർപ്പിച്ചു. 

അന്തസ്സ് വർദ്ധിപ്പിക്കുന്നു

മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി. അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

“ഓ, നിനക്ക് തണുക്കുന്നുണ്ടോ?” അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. “ഇതാ! എന്റെ ഷാൾ എടുത്തോളൂ,” ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകൾക്കു പരിചയപ്പെടുത്തി. അവളുടെ നല്ല ഇടപെടലുകളിലൂടെ സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.

വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിന്റെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: “സ്ത്രീയേ, അവർ എവിടെ?” “നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ?” (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു” (വാ. 11).

മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ—വിമർശന മനോഭാവം ഇല്ലാത്ത എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം— ഒരിക്കലും വിലകുറച്ച് കാണരുത്.