Month: മാർച്ച് 2026

സ്രഷ്ടാവിനെ ഓർക്കുക

തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: “ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല” എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത അവൾക്ക് ഉൾക്കൊള്ളാനാകാത്ത വേദനയായി.

ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ. 4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ. 10). പറ്റുന്ന എല്ലാ സംരംഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11:9; 12:13-14).

നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക (12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.

 

 

ദൈവം സകലത്തെയും സൃഷ്ടിച്ചു

കാലിഫോർണിയയിലെ മോണ്ടെറേബേ അക്വേറിയത്തിലേക്ക് പ്രവേശിച്ചപ്പോൾ മൂന്ന് വയസുകാരനായ എന്റെ മകൻ, സേവ്യർ, എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. അവിടെ തൂക്കിയിട്ടിരുന്ന ഒരു കൂനൻ തിമിംഗലത്തിന്റെ രൂപം കണ്ട് അവൻ അതിശയിച്ച് പറഞ്ഞു, “എന്തൊരു വലിപ്പം!” ഓരോ പ്രദർശനവും കാണുന്തോറും അവന്റെ വിടർന്ന കണ്ണുകളിലെ ആനന്ദം കാണേണ്ടതായിരുന്നു. നീർനായകളുടെ ഭക്ഷണത്തിനായുള്ള പുളച്ചിൽ കണ്ട് ഞങ്ങൾ ചിരിച്ചു പോയി. സ്വർണ്ണനിറമുള്ള ജെല്ലിഫിഷിന്റെ നീല നിറത്തിലുള്ള വെള്ളത്തിലെ മനോഹര നൃത്തം നയനാനന്ദകരമായിരുന്നു. “നിന്നെയും എന്നെയും സൃഷ്ടിച്ചതു പോലെ തന്നെ കടലിലെ എല്ലാ ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്” എന്ന് ഞാൻ പറഞ്ഞപ്പോൾ സേവ്യറിന്റെ പ്രതികരണം “വൗ” എന്നായിരുന്നു. 

സങ്കീർത്തനം 104 ൽ, ദൈവത്തിന്റെ അതിശയ സൃഷ്ടികളെ ഓർത്ത് സങ്കീർത്തകൻ പാടുകയാണ്: “ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു” (വാ. 24). അവൻ വീണ്ടും പറയുന്നു: “വലിപ്പവും വിസ്താരവുമുള്ള സമുദ്രം അതാ കിടക്കുന്നു. അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ട്” (വാ. 25). താൻ സൃഷ്ടിച്ചതിനെയൊക്കെയും ഔദാര്യമായും സുഭിക്ഷമായും പരിപാലിക്കുന്നതും തുടർന്ന് വർണ്ണിക്കുന്നു (വാ. 27, 28). ഓരോ ജീവിയുടെയും ദിവസങ്ങൾ ദൈവം നിശ്ചയിച്ചിട്ടുണ്ടെന്നും അവിടെ പറഞ്ഞിരിക്കുന്നു. (വാ. 29,30).

നമുക്കും സങ്കീർത്തകനോട് ചേർന്ന് ആരാധിച്ച് പാടാം: “എന്റെ ആയുഷ്ക്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളിടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും” (വാ. 33). ചെറുതും വലുതുമായ ഏതു ജീവജാലവും ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു; കാരണം അവയെയെല്ലാം സൃഷ്ടിച്ചത് ദൈവമാണ്. 

 

ക്രിസ്തുവിനായുള്ള തീക്ഷ്ണത പങ്കുവെക്കുക

ഞങ്ങളുടെ അയല്ക്കാരൻ ഹെൻറിയെ ആദ്യം കണ്ടപ്പോൾത്തന്നെ അദ്ദേഹം ബാഗിൽ നിന്നും തന്റെ ഉപയോഗിച്ചു പഴകിയ ബൈബിൾ പുറത്തെടുത്തു. ബൈബിൾ സംബന്ധിച്ച് ചർച്ച ചെയ്താലോ എന്ന് തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു. ഞങ്ങൾ സമ്മതിച്ചപ്പോൾ അദ്ദേഹം അടയാളപ്പെടുത്തിയ കുറെ വാക്യങ്ങൾ ഞങ്ങളെ കാണിച്ചു. ബൈബിൾ പഠനത്തിന്റെ ഭാഗമായി കുറിച്ച നോട്ടുകൾ കാണിച്ചു. ബൈബിൾ വിഷയങ്ങൾ കമ്പ്യൂട്ടറിൽ തയ്യാറാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബുദ്ധിമുട്ട് നിറഞ്ഞ കുടുംബ പശ്ചാത്തലവും, വീട്ടിൽ നിന്നും ഒറ്റക്ക് യേശുവിന്റെ മരണ പുനരുത്ഥാനങ്ങളെ വിശ്വസിച്ച് (അപ്പൊ.പ്രവൃത്തി 4:12) മാറിനിന്നതിന്റെ പ്രയാസങ്ങളും അയാൾ വിവരിച്ചു. ബൈബിളിന്റെ അനുശാസനങ്ങൾ അനുസരിക്കാൻ തുടങ്ങിയപ്പോൾ ജീവിതം രൂപാന്തരപ്പെടാൻ പരിശുദ്ധാത്മാവ് സഹായിച്ചു. വർഷങ്ങൾക്ക് മുമ്പാണ് ഹെൻറി തന്റെ ജീവിതം കർത്താവിന് സമർപ്പിച്ചതെങ്കിലും ആ തീക്ഷ്ണത ഇന്നും പുതിയതും ശക്തവും ആയി തുടരുന്നു.

വർഷങ്ങളോളം യേശുവിനോടൊപ്പം നടന്ന ഹെൻറിയുടെ ആത്മീയ തീക്ഷ്ണത, എന്റെ ആത്മീയ അഭിനിവേശം എത്രത്തോളമുണ്ടെന്നുള്ളത് ചിന്തിക്കാൻ എന്നെ പ്രചോദിപ്പിച്ചു. അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ” (റോമർ 12:11). ഇത് അപ്രായോഗികമായ ഒരു ആഹ്വാനമായി തോന്നാം. എന്നാൽ എന്റെ ഭാവങ്ങളെ രൂപപ്പെടുത്താൻ തിരുവെഴുത്തിനെ അനുവദിച്ചുകൊണ്ട് കർത്താവ് എനിക്കു വേണ്ടി ചെയ്ത നന്മകളെ നിരന്തരം നന്ദിയോടെ സ്മരിച്ചുകൊണ്ട് ജീവിച്ചാൽ ഇത് സാധിക്കുന്ന കാര്യമാണത്

ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക ഉയർച്ച താഴ്ചകൾ പോലെയല്ല, ക്രിസ്തുവിനായുള്ള തീക്ഷ്ണത അവനോടുള്ള നിരന്തരമായ ബന്ധത്തിന്റെ ഫലമായുണ്ടാകുന്നതാണ്. അവനെ നാം അറിയുന്തോറും അവൻ വിലയേറിയവനായി മാറുകയും അവന്റെ നന്മകൾ നമ്മിൽ നിറഞ്ഞ് കവിഞ്ഞ് ലോകത്തിലേക്ക് തുളുമ്പുകയും ചെയ്യും. 

 

ദൈവം നല്കിയവയുടെ വിനിയോഗം

ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റി ഹോൾ 1920 ലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു നിർമ്മിതിയാണ്. മൈക്കലാഞ്ചലോ ദാവീദ് ശില്പം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മാർബിൾ വെട്ടിയ അതേ ക്വാറിയിൽ നിന്നാണ് ഈ നിർമ്മിതിയുടെ പടവുകൾക്കുള്ള മാർബിളും കൊണ്ടുവന്നത്. സെന്റ് മാർക്ക് ബസിലിക്കയും ചെമ്പുകൊണ്ടുള്ള താഴികക്കുടവും ഒക്കെ ദക്ഷിണാർദ്ധഗോളത്തിലെത്തന്നെ ഏറ്റവും വലിയ നിർമ്മിതികളായിരുന്നു. ഗോപുരത്തിന്റെ ശൃംഗത്തിൽ ഭീമാകാരനായ ഒരു സമാധാന ദൂതന്റെ പ്രതിമ സ്ഥാപിക്കാനും നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നു. പക്ഷേ അതിനുള്ള പണം കണ്ടെത്താനായില്ല. പ്ലംബർ ആയ ഫ്രെഡ് ജോൺസൻ അതിന് പരിഹാരം കണ്ടെത്തി. ഒരു പഴയ വീപ്പയും ഒരു വിളക്കു കാലും മറ്റ് ചില പാഴ് ലോഹങ്ങളും ഒക്കെ ചേർത്ത് ടവറിന്റെ മുകളിൽ അവർ നിർമ്മിച്ച മാസ്മരിക ശില്പം 100 വർഷത്തോളം ശ്രദ്ധയാകർഷിച്ചു നിലനിന്നു.

തന്റെ കയ്യിൽ ഉണ്ടായിരുന്നവ ഉപയോഗിച്ച ഫ്രെഡ് ജോൺസനെപ്പോലെ, നമുക്കും, നമ്മുടെ പക്കൽ ഉള്ള ചെറുതും വലുതുമായ വിഭവങ്ങൾ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ കഴിയും. ദൈവം മോശയോട് യിസ്രായേലിനെ ഈജിപ്തിൽ നിന്നും വിടുവിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശെ തടസ്സവാദം ഉന്നയിച്ചു: അവർ എന്റെ വാക്ക് കേൾക്കാതെയിരിക്കും (4:1) എന്ന് പറഞ്ഞു. ദൈവം ചോദിച്ചു: “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”(വാ. 2). മോശെയുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വടി മാത്രമായിരുന്നു. ആ വടി നിലത്തിടാൻ ദൈവം പറഞ്ഞു. “അത് ഒരു സർപ്പമായിത്തീർന്നു”(വാ. 3). അപ്പോൾ അതിന്റെ വാലിൽ പിടിക്കാൻ മോശെയോട് പറഞ്ഞു. പിടിച്ചപ്പോൾ അത് വീണ്ടും വടിയായി മാറി. തന്റെ വടി മാത്രം എടുത്തു കൊണ്ട്, ബാക്കി കാര്യം ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ മതിയെന്നാണ് ദൈവം പറഞ്ഞത്. മോശെയുടെ കയ്യിലുള്ള വടി ഉപയോഗിച്ച് ദെെവം യിസ്രായേലിനെ ഈജിപ്തിൽ നിന്നും രക്ഷിക്കാനിരിക്കയായിരുന്നു (7:10-12; 17:5-7). 

നമ്മുടെ കൈവശമുള്ളത് നിസ്സാരമെന്ന് നമുക്ക് തോന്നിയാലും ദൈവം ഉപയോഗിച്ചാൽ അത് തികച്ചും മതിയായതാകും. അവിടുന്ന് നമ്മുടെ ലളിതമായ വിഭവങ്ങളെ തന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും. 

 

ദൈവം നമ്മുടെ സങ്കേതം

2019 ൽ ഇറങ്ങിയ ശ്രദ്ധേയമായ സിനിമ ലിറ്റിൽ വിമൻ (Little Women) കണ്ടപ്പോൾ ഞാൻ അതിന്റെ ഇതിവൃത്തമായ നോവലിന്റെ പഴയ പുസ്തകം ഒരിക്കൽ കൂടി എടുത്തു. അതിലെ മാർമി എന്ന ബുദ്ധിമതിയും സൗമ്യയുമായ അമ്മയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ഓർത്തു. അവരുടെ അടിയുറച്ച വിശ്വാസവും അതിൽ നിന്ന് ഉത്ഭവിച്ച, തന്റെ മക്കൾക്ക് നല്കുന്ന ശ്രദ്ധേയമായ പ്രോത്സാഹന വാക്കുകളും ഞാൻ ഓർത്തു. എന്റെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ഇതാണ്: “പ്രശ്നങ്ങളും പ്രലോഭനങ്ങളും അനവധിയുണ്ടാകാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ശക്തിയും ആർദ്രതയും അനുഭവിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് അവയെല്ലാം അതിജീവിക്കാൻ കഴിയും.”

മാർമിയുടെ വാക്കുകൾ പ്രതിധ്വനിക്കുകയാണ് സദൃശ. 18:10 ൽ: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.” പുരാതന നഗരങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളുണ്ടാകുമ്പോൾ അഭയം തേടാനായി ഗോപുരങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോലെ യേശുവിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ “ബലവും സങ്കേതവുമായ” (സങ്കീ. 46:1) ദൈവത്തിങ്കലേക്ക് ഓടിച്ചെന്ന് ദൈവിക സംരക്ഷണത്തിൽ സമാധാനം അനുഭവിക്കാൻ കഴിയും.

സദൃശ. 18:10 പറയുന്നത് ദൈവത്തിന്റെ ‘നാമ’ത്തിലാണ് നമ്മുടെ സംരക്ഷണം എന്നാണ്. നാമം എന്നത് ദൈവത്തെത്തന്നെയാണ് കാണിക്കുന്നത്. “യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” (പുറ. 34:6) എന്നാണ് തിരുവെഴുത്ത് ദൈവത്തെക്കുറിച്ച് പറയുന്നത്. ദൈവിക സംരക്ഷണത്തിന് ആധാരം ദൈവത്തിന്റെ അതുല്യ ബലവും അശരണർക്ക് ആലംബമാകാനുള്ള ആർദ്രഹൃദയവും ആണ്. പ്രയാസത്തിൽ ആയിരിക്കുന്ന ഏവർക്കും നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ ബലത്തിലും കരുണയിലും അഭയം ഏകുന്നു.