Month: മാർച്ച് 2026

ദൈവം നമ്മുടെ സങ്കേതം

2019 ൽ ഇറങ്ങിയ ശ്രദ്ധേയമായ സിനിമ ലിറ്റിൽ വിമൻ (Little Women) കണ്ടപ്പോൾ ഞാൻ അതിന്റെ ഇതിവൃത്തമായ നോവലിന്റെ പഴയ പുസ്തകം ഒരിക്കൽ കൂടി എടുത്തു. അതിലെ മാർമി എന്ന ബുദ്ധിമതിയും സൗമ്യയുമായ അമ്മയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ഓർത്തു. അവരുടെ അടിയുറച്ച വിശ്വാസവും അതിൽ നിന്ന് ഉത്ഭവിച്ച, തന്റെ മക്കൾക്ക് നല്കുന്ന ശ്രദ്ധേയമായ പ്രോത്സാഹന വാക്കുകളും ഞാൻ ഓർത്തു. എന്റെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ഇതാണ്: “പ്രശ്നങ്ങളും പ്രലോഭനങ്ങളും അനവധിയുണ്ടാകാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ശക്തിയും ആർദ്രതയും അനുഭവിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് അവയെല്ലാം അതിജീവിക്കാൻ കഴിയും.”

മാർമിയുടെ വാക്കുകൾ പ്രതിധ്വനിക്കുകയാണ് സദൃശ. 18:10 ൽ: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.” പുരാതന നഗരങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളുണ്ടാകുമ്പോൾ അഭയം തേടാനായി ഗോപുരങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോലെ യേശുവിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ “ബലവും സങ്കേതവുമായ” (സങ്കീ. 46:1) ദൈവത്തിങ്കലേക്ക് ഓടിച്ചെന്ന് ദൈവിക സംരക്ഷണത്തിൽ സമാധാനം അനുഭവിക്കാൻ കഴിയും.

സദൃശ. 18:10 പറയുന്നത് ദൈവത്തിന്റെ ‘നാമ’ത്തിലാണ് നമ്മുടെ സംരക്ഷണം എന്നാണ്. നാമം എന്നത് ദൈവത്തെത്തന്നെയാണ് കാണിക്കുന്നത്. “യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” (പുറ. 34:6) എന്നാണ് തിരുവെഴുത്ത് ദൈവത്തെക്കുറിച്ച് പറയുന്നത്. ദൈവിക സംരക്ഷണത്തിന് ആധാരം ദൈവത്തിന്റെ അതുല്യ ബലവും അശരണർക്ക് ആലംബമാകാനുള്ള ആർദ്രഹൃദയവും ആണ്. പ്രയാസത്തിൽ ആയിരിക്കുന്ന ഏവർക്കും നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ ബലത്തിലും കരുണയിലും അഭയം ഏകുന്നു. 

ദൈവത്തിനായി നന്മ ചെയ്യുക

സാധാരണയായി പണം ഒന്നും കൊണ്ടുപോകാറില്ലെഎങ്കിലും അന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു 5 ഡോളർ (ഏകദേശം 400 രൂപ) പോക്കറ്റിൽ വെക്കണമെന്ന് പാട്രിക്കിനു ദൈവം തോന്നിപ്പിച്ചു. അയാൾ ജോലി ചെയ്തിരുന്ന സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് അയാൾക്ക് മനസ്സിലായി ഒരു അത്യാവശ്യ സഹായം ചെയ്യാൻ ദൈവം അയാളെ ഒരുക്കുകയായിരുന്നു എന്ന്. ഭക്ഷണശാലയിലെ ബഹളത്തിന്റെയിടയിൽ ഒരു ശബ്ദം മുഴങ്ങി: “സ്കോട്ടി എന്ന ഒരു നിർധന ബാലന്റെ അക്കൗണ്ടിൽ ആരെങ്കിലും 5 ഡോളർ സംഭാവന നല്കുകയാണെങ്കിൽ ആ കുട്ടിക്ക് ഒരാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു.” സ്കോട്ടിയെ സഹായിക്കാൻ ആ 5 ഡോളർ നല്കിയ പാട്രിക്കിന്റെ വൈകാരിക ഭാവം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ?

തീത്തൊസിനുള്ള ലേഖനത്തിൽ പൗലൊസ് ക്രിസ്തുവിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് ”അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല.. രക്ഷിച്ചത്”(3:5) എന്നാണ്. എങ്കിലും നാം സത്പ്രവൃത്തികളിൽ ഉത്സാഹികൾ ആയിരിക്കണം (വാ. 8, 14). മറ്റൊന്നിനും സമയമില്ലാത്ത വിധം ജീവിതം തിരക്കുള്ളതായിരിക്കാം. നമ്മുടെ സ്വന്ത കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയാത്ത വിധം ബൃഹത്തായിരിക്കാം. എന്നിരുന്നാലും യേശുവിൽ വിശ്വസിക്കുന്നവരായ നാം നന്മ ചെയ്യാൻ സദാ സന്നദ്ധരായിരിക്കണം. നമുക്ക് ചെയ്യാൻ കഴിയാത്തതിനെയും ആവശ്യമില്ലാത്തതിനെയും കുറിച്ച് ആകുലപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നത് ചിന്തിക്കാം. അപ്പോൾ ആളുകളുടെ ആവശ്യസമയത്ത് അവരെ സഹായിച്ച്, ദൈവത്തെ മഹത്വപ്പെടുത്താൻ നമ്മുക്ക് കഴിയും. “അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്തായി 5:16). 

മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ

ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരിയായിരുന്നു എസ്തർ “ബെൻ” ഖിംചന്ദ്. തന്റെ എഴുത്തിലൂടെ അവർ സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. സ്ത്രീകളെ തങ്ങളുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും മാന്യമായ സ്ഥാനങ്ങളിൽ എത്തിക്കാൻ നല്ല വിദ്യാഭ്യാസം സഹായിക്കുമെന്ന് അവർ എഴുതി. എസ്തർ തനിക്കു ലഭിച്ച താലന്തുകൾ വിനിയോഗിക്കാതിരിക്കുകയോ സ്വന്തം ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്തില്ല. മറിച്ച്, ചുറ്റുമുള്ളവരെ ശക്തീകരിക്കാൻ അവർ അവ ഉപയോഗപ്പെടുത്തി.

ഏഷ്യാമൈനറിലുടനീളം പരദേശികളായി ചിതറിപ്പാർത്ത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുന്നതാണ് പത്രൊസിന്റെ ലേഖനം (1 പത്രൊസ് 1:1). “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങൾക്കു ലഭിച്ച “വരം” ഉപയോഗിച്ച് “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അവൻ അവരെ പ്രബോധിപ്പിച്ചു (വാ. 10). ഈ വരങ്ങൾ സ്വയം നേടിയെടുത്തതല്ല, മറിച്ച്, “ദൈവകൃപ”യാൽ ലഭിച്ച ആത്മീയ ദാനങ്ങളായി കണക്കാക്കാൻ പത്രൊസ് അവരെ പ്രേരിപ്പിച്ചു. ദൈവത്തിന്റെ വകയായുള്ളവ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന “നല്ല ഗൃഹവിചാരകന്മാർ” ആയിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ പ്രവർത്തനത്തിലും പ്രവർത്തനങ്ങളിലൂടെയും ദൈവത്തെ സ്തുതിക്കാൻ കഴിയുംവിധം തങ്ങൾ പറയുന്നതു “ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു” എന്ന ബോധ്യത്തോടെ “ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണം” മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യണമെന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു (വാ. 11). ഈ വിധം നാം ചെയ്യുന്ന എല്ലാറ്റിലും നാം ദൈവത്തിനു മഹത്വം കരേറ്റുന്നു.

എസ്ഥേറിനെയും ആദിമ സഭയെയും പോലെ നമ്മെയും വരങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ വരങ്ങൾ നമുക്കു ലളിതമായി തോന്നാമെങ്കിലും, ദൈവരാജ്യം വിശാലമാക്കാൻ അവ സഹായിച്ചേക്കാം. അതു ഭക്ഷണം തയ്യാറാക്കുന്നതോ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോ ആവശ്യത്തിലിരിക്കുന്ന ഒരുവനു സ്വഗൃഹം തുറന്നു കൊടുക്കുന്നതോ ആയിരിക്കാം. സംസാരിക്കാനോ പ്രവർത്തിക്കാനോ ആവശ്യപ്പെടുമ്പോഴെല്ലാം, പരസ്പരം ശുശ്രൂഷിക്കുന്നതിനും ദൈവത്തിനു മഹത്വം കൊണ്ടുവരുന്നതിനുമായി നാം അതു ചെയ്യണം (വാ.11). ഇപ്രകാരം, നമുക്കു ലഭിച്ച വരങ്ങൾ എന്തുതന്നെയായാലും, മറ്റുള്ളവരെ ഉയർത്തിക്കൊണ്ടു വരാൻ അവ നമുക്ക് ഉപയോഗിക്കാം.

യേശു ഉള്ളത്തിൽ വസിക്കുന്നു

പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ എന്റെ കൂടെ ജീവിക്കാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല. തുടർന്നുള്ള ജീവിത കാലം മുഴുവൻ അമ്മ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ്ഗനിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി — ദൈവം അവരെ വിളിച്ചതിന് ശേഷവും ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.

ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് ‘കൂടാരമടിച്ചു’ എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ ‘അവൻ നമ്മുടെയിടയിൽ വീട് വെച്ചു’ എന്നാണ്.

വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലൊസ് ഇങ്ങനെ എഴുതി: “അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ....” (എഫെ. 3:16, 17).

യേശു ഇനി ഒരു സന്ദർശകനല്ല; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം. 

ക്രിസ്തുവിനായുള്ള ഹൃദയം

ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?

യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നതുവഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായേക്കാം, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇതാണ് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!

ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

“ദുഷ്ചിന്ത... ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു” (വാ. 19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം.