Month: ഏപ്രിൽ 2026

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാകുക

നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാം വണ്ണം ... നടക്കക. [ എഫെസ്യർ 4:1 ]

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാകുക

ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്ന പുസ്തകമാണ് ഹിഡൻ ഫിഗേഴ്സ്. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു. കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.

മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാ. 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാ. 16).

കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാ. 1) നയിക്കുകയും ചെയ്യുന്നുണ്ടോ? കെന്നത്ത് പീറ്റേഴ്സൺ

എന്തു ചെയ്യാനാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്?
അവൻ നിങ്ങൾക്ക് എന്തു കൃപാവരമാണ് നൽകിയിട്ടുള്ളത്?

പ്രിയ ദൈവമേ, അങ്ങ് എനിക്ക് നൽകിയതിനെ സ്വീകരിക്കുവാനും
അങ്ങയുടെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാനും എന്നെ സഹായിക്കണമേ.

വിശ്വസ്ത ഗൃഹവിചാരകൻ

ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. [ 1 പത്രൊസ് 4:10 ]

വിശ്വസ്ത ഗൃഹവിചാരകൻ

കുറെ നാളത്തെ സന്ദർശനോദ്ദേശ്യത്തോടെ 2023-ൽ ഞാൻ ബെംഗളൂരുവിലെത്തി. പക്ഷേ, അപ്രതീക്ഷിതമായി എന്റെ താമസം നീണ്ടുപോകാനിടയായി. എനിക്ക് ആഹാരം തന്നിരുന്ന കുടുംബത്തിന് എന്നെ സഹായിക്കാൻ കഴിയാതെ വന്നപ്പോൾ, ഭക്ഷണം ഞാൻ പുറത്തുനിന്നാക്കി. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു. ഭാഗ്യവശാൽ, ഹ്രസ്വമായി മാത്രം എനിക്കു പരിചയമുള്ള ഒരു കുടുംബം എനിക്കു ഭക്ഷണം നൽകി എന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു മുന്നോട്ടു വന്നു. “മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള ശേഷി ദൈവം ഞങ്ങൾക്കു നൽകിയിട്ടുണ്ട്. ഞങ്ങൾ നല്ല ഗൃഹവിചാരകന്മാരായിരിക്കേണ്ടതുണ്ട്” എന്ന് അവർ പറഞ്ഞു.

ദൈവവചനം വിവിധ സന്ദർഭങ്ങളിൽ ഗൃഹവിചാരകനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. കൂടാതെ നമ്മൾ “വിശ്വസ്ത ഗൃഹവിചാരകർ” ആയിരിക്കണമെന്നും ആവശ്യപ്പെടുന്നു (ലൂക്കൊസ് 12:42-48). ദൈവം നമുക്കു ധാരാളം വരങ്ങൾ നൽകിയിട്ടുണ്ട്. അവ വിശ്വസ്തതയോടെ ഉപയോഗിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു (1 പത്രൊസ് 4:10). ഈ വരങ്ങൾ ഉപയോഗിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഔത്സുക്യത്തോടെ സ്നേഹം നിറഞ്ഞവരും ഉദാരമതികളും ആയിരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു (വാ. 8-10). നമുക്കുള്ളവ നമുക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പ്രയോജനത്തിനും കൂടി വേണ്ടിയാണെന്നു വിശ്വസ്തനായ ഒരു ഗൃഹവിചാരകൻ മനസ്സിലാക്കുന്നു. ബെംഗളൂരുവിലെ കുടുംബം എനിക്കായി ചെയ്തത് ഇതാണ്. അവർ തങ്ങളുടെ ശേഷി തിരിച്ചറിഞ്ഞ്, അതനുസരിച്ചു വിശ്വസ്ത ഗൃഹവിചാരകന്മാരായി പ്രവർത്തിച്ചു.

നമുക്കുള്ള കഴിവുകളൊക്കെയും ദൈവത്തിൽ നിന്നുള്ളതാണെന്നു നമുക്ക് ഓർമ്മിക്കാം (വാ. 10). മറ്റുള്ളവരോടുള്ള ബന്ധത്തിൽ നാം വിശ്വസ്ത ഗൃഹവിചാരകർ ആയിരിക്കേണ്ടതിനായി നമുക്കുള്ള വരങ്ങളും വിഭവങ്ങളും അവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. അതിനാൽ, നാം മനസ്സോടെ പരസ്പരം സഹായം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്കു അപ്രകാരം പ്രവർത്തിക്കാം. നമുക്കു ലഭിച്ച വരങ്ങളും സമാനതകളില്ലാത്ത വ്യക്തികളായി നമ്മെ സൃഷ്ടിച്ചതും നമുക്കു മാത്രമല്ല, ആവശ്യമുള്ള മറ്റെല്ലാവർക്കും പ്രയോജനപ്പെടാൻ വേണ്ടിയാണെന്ന് ഓർക്കുക. ദൈവദത്തമായ കൃപകൾക്കും വരങ്ങൾക്കും അനുസൃതമായി നാം മറ്റുള്ളവർക്കു നന്മ ചെയ്യുമ്പോൾ, നാം അവരുടെ വിശ്വസ്ത ഗൃഹവിചാരകന്മാരായിത്തീരുന്നു. രവി എസ്. രാത്രെ

നിങ്ങൾക്കുള്ള ചില കഴിവുകൾ എന്തെല്ലാമാണ്? ആരെയെങ്കിലും
ഇന്നു സഹായിക്കാനായി നിങ്ങളുടെ വരങ്ങളോ താലന്തുകളോ
കഴിവുകളോ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും?

ദൈവമേ, പരസ്പരം ശുശ്രൂഷിക്കുന്നതിനായി ഞങ്ങൾക്കു വിവിധങ്ങളായ വരങ്ങൾ നൽകിയതിനു നന്ദി. എന്നെ ഭരമേൽപ്പിച്ച വരങ്ങളുടെയും വിഭവങ്ങളുടെയും താലന്തുകളുടെയും വിശ്വസ്ത ഗൃഹവിചാരകനായിരിക്കാൻ എന്നെ സഹായിക്കേണമേ.

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. [ മത്താ 6:33 ]

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മനിലയിലെ ഒരു ജീപ്നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു.

ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള — സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ — ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.

ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,’’ ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’ കാരെൻ ഹുവാങ്

നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന ഉത്കണ്ഠകൾ എന്താണ്? നിങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിനു സമർപ്പിക്കുന്നതിനായി എന്ത് ചുവടുകൾ വെക്കാൻ നിങ്ങൾക്ക് കഴിയും?

പ്രിയ ദൈവമേ, എന്നെ കരുതാമെന്നും വേണ്ടതെല്ലാം നൽകാമെന്നും
അങ്ങ് വാഗ്ദാനം ചെയ്തതിനാൽ ഞാൻ ആകുലപ്പെടേണ്ട കാര്യമില്ലല്ലോ.

ക്രമത്തിന്റെ ദൈവം

ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. [ ഉല്പത്തി 1:2 ]

ക്രമത്തിന്റെ ദൈവം

അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു...’’ സുരേഷ് പറഞ്ഞു.

ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).

“ആകാശത്തെ സൃഷ്ടിച്ചു ... ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; ... അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം. റ്റോം ഫെൽറ്റൻ

നിങ്ങളുടെ ജീവിതത്തിൽ എന്ത് ക്രമരാഹിത്യം ആണ് നിങ്ങൾ
അനുഭവിക്കുന്നത്? അതിലേക്ക് സമാധാനവും ക്രമവും കൊണ്ടുവരുന്നതിന് 
ദൈവത്തിന് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?

സ്രഷ്ടാവായ ദൈവമേ, അങ്ങേയ്ക്കു മാത്രം നൽകാൻ കഴിയുന്ന
സമാധാനത്തിനും ക്രമത്തിനും ആയി നന്ദി പറയുന്നു.
അങ്ങയിൽ തകർന്ന വസ്തുക്കൾ മനോഹരമായി മാറുന്നു.

ദൈവത്തിന്റെ സമാധാന ദൂതന്മാർ

രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. [ പ്രവൃത്തികൾ 23:11 ]

ദൈവത്തിന്റെ സമാധാന ദൂതന്മാർ

നീതി നടപ്പാകണം എന്ന ശക്തമായ ആഗ്രഹം നിമിത്തം നോറ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയി. പ്ലാൻ ചെയ്തു പോലെ പ്രകടനം നിശബ്ദമായിരുന്നു. പ്രതിഷേധക്കാർ ഡൗൺടൗൺ പ്രദേശത്തുകൂടി ശക്തമായ മൗന ജാഥ നടത്തി. അപ്പോഴാണ് രണ്ടു ബസ്സുകൾ അവിടേക്കു വന്നത്. ബസിൽ നഗരത്തിനു പുറത്തു നിന്ന് അക്രമകാരികൾ വന്നു. താമസിയാതെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഹൃദയം തകർന്ന നോറ അവിടെ നിന്നു മടങ്ങിപ്പോയി. തങ്ങളുടെ സദുദ്ദേശ്യം ഫലശൂന്യമായതായി അവൾക്കു തോന്നി.

പൗലൊസ് യെരുശലേം ദൈവാലയം സന്ദർശിച്ചപ്പോൾ, പൗലൊസിനെ എതിർത്തിരുന്ന ആളുകൾ അവനെ കണ്ടു. അവർ “ആസ്യ (പ്രവിശ്യ) യിൽ നിന്നുള്ളവരും’’ (പ്രവൃത്തികൾ 21:27) യേശുവിനെ തങ്ങളുടെ മാർഗ്ഗത്തിന് ഭീഷണിയായി കണ്ടവരും ആയിരുന്നു. പൗലൊസിനെക്കുറിച്ച് നുണയും കിംവദന്തികളും വിളിച്ചു പറഞ്ഞുകൊണ്ട് അവർ പെട്ടെന്നുതന്നെ കലഹത്തിന് തീകൊളുത്തി (വാ. 28-29). ജനക്കൂട്ടം പൗലൊസിനെ ദൈവാലയത്തിൽ നിന്ന് പുറത്തേക്കു വലിച്ചിഴച്ച് അവനെ അടിച്ചു. വിവരമറിഞ്ഞ് പടയാളികൾ അവിടേക്ക് പാഞ്ഞുവന്നു. അവനെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ജനത്തോട് സംസാരിക്കാമോ എന്ന് പൗലൊസ് റോമൻ കമാൻഡറോടു ചോദിച്ചു. അനുവാദം ലഭിച്ചപ്പോൾ പൗലൊസ് ജനക്കൂട്ടത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അത്ഭുതപ്പെട്ടുപോയ ജനം അവന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തു (വാ. 40). അങ്ങനെ പൗലൊസ് ഒരു കലഹത്തെ, നിർജ്ജീവ മതത്തിൽ നിന്നുള്ള തന്റെ രക്ഷയുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നതിനുള്ള അവസരം ആക്കി മാറ്റി (22:2-21).

ചില ആളുകൾ അക്രമത്തെയും ഭിന്നതയെയും ഇഷ്ടപ്പെടുന്നു. അവർ വിജയിക്കുകയില്ല. പരിതാപകരമായ അവസ്ഥയിലുള്ള നമ്മുടെ ലോകത്തോട് തന്റെ പ്രകാശവും സമാധാനവും പങ്കുവയ്ക്കുവാൻ ധൈര്യമുള്ള വിശ്വാസികളെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിസന്ധി എന്ന് നിങ്ങൾക്ക് തോന്നുന്നത്, ഒരുവനോട് ദൈവസ്നേഹം പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ അവസരമായി തീർന്നേക്കാം. റ്റിം ഗസ്റ്റാഫ്സൺ

എന്തിനെന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു
പ്രതിസന്ധിയിൽ എപ്പോഴാണ് നിങ്ങൾ അകപ്പെട്ടിട്ടുള്ളത്?
ആ നിമിഷത്തിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള ജ്ഞാനം
പരിശുദ്ധാത്മാവ് എങ്ങനെ നിങ്ങൾക്ക് നൽകും എന്നാണ് നിങ്ങൾ കരുതുന്നത്?

പിതാവേ, ഞങ്ങളുടെ തകർന്ന ലോകത്തെക്കുറിച്ച് എന്റെ ഹൃദയം വേദനിക്കുന്നു. ലോകം എന്റെ നേരെ തൊടുത്തു വിടുന്ന ഏതൊരു ആക്രമണത്തെക്കാളും അങ്ങയുടെ ആത്മാവിന്റെ സാന്നിധ്യം ഏറെ ശക്തമാണെന്ന് ഗ്രഹിക്കാൻ എന്നെ സഹായിക്കണമേ.