യേശുവിൽ ഒരുമിച്ചു സേവിക്കുക
എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നു രണ്ടു വട്ടം അയച്ചുതന്നുവല്ലോ. [ ഫിലിപ്പിയർ 4:16 ]
യേശുവിൽ ഒരുമിച്ചു സേവിക്കുക
മൈക്രോനേഷ്യയിലെ ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ രണ്ടുപേരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ സഹകരിച്ചു പ്രവർത്തിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവർക്ക് പരസ്പരം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയതിനാൽ ടീം വർക്ക് ആവശ്യമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആദ്യം കണ്ട പൈലറ്റ് അടുത്തുള്ള ഓസ്ട്രേലിയൻ നാവികസേനയുടെ കപ്പലിനെ വിവരമറിയിച്ചു. കപ്പൽ രണ്ട് ഹെലികോപ്റ്ററുകളെ ഭക്ഷണവും വെള്ളവും വൈദ്യസഹായവുമായി അയച്ചു. പിന്നീട്, യുഎസ് കോസ്റ്റ് ഗാർഡ് എത്തി അവരെ പരിശോധിക്കുകയും ഒരു റേഡിയോ നൽകുകയും ചെയ്തു. ഒടുവിൽ, ഒരു മൈക്രോനേഷ്യൻ പട്രോളിംഗ് ബോട്ട് അവരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് പലതും ചെയ്യാൻ കഴിയും. ഫിലിപ്പിയയിലെ വിശ്വാസികൾ അപ്പൊസ്തലനായ പൗലൊസിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ സമാഹരിച്ചു. ലുദിയായും അവളുടെ കുടുംബവും അവനെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു (പ്രവൃത്തികൾ 16:13-15). ക്ലെമന്റും യൂവോദ്യയും സുന്തുകയും (ഇവർ ഒത്തുപോകാത്തവരാണെങ്കിലും) സുവിശേഷം പ്രചരിപ്പിക്കാൻ അപ്പൊസ്തലനോടൊപ്പം നേരിട്ട് പ്രവർത്തിച്ചു (ഫിലിപ്പിയർ 4:2-3). പിന്നീട്, പൗലൊസ് റോമിൽ തടവിലായപ്പോൾ, സഭ അവശ്യവസ്തുക്കൾ ശേഖരിക്കുകയും എപ്പഫ്രോദിത്തൊസ് മുഖേന അത് എത്തിക്കുകയും ചെയ്തു (വാ. 14-18). ഒരുപക്ഷേ ഏറ്റവും പ്രധാനമായി, ഫിലിപ്പിയക്കാർ അവന്റെ ശുശ്രൂഷയിലുടനീളം അവനുവേണ്ടി പ്രാർത്ഥിച്ചു (1:19).
ഈ പുരാതന സഭയിൽ വിശ്വാസികൾ ഒരുമിച്ചു ശുശ്രൂഷ ചെയ്യുന്നതിന്റെ മാതൃക ഇന്ന് നമ്മെ പ്രചോദിപ്പിക്കും. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും സഹവിശ്വാസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്, നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നതിനെക്കാൾ കാര്യങ്ങൾ പൂർത്തീകരിക്കും. “ഒറ്റയ്ക്ക്, നാം ഒരു തുള്ളി മാത്രമാണ്. ഒരുമിച്ച് നാം ഒരു സമുദ്രമാണ്.’’ ജെന്നിഫർ ബെൻസൺ ഷുൾട്ട്
എപ്പോഴാണ് നിങ്ങൾ യേശുവിലെ മറ്റ് വിശ്വാസികളോടൊപ്പം
നന്നായി ശുശ്രൂഷ നിർവഹിച്ചിട്ടുള്ളത്? അവരുമായി നിങ്ങൾ
പങ്കിടുന്ന ആത്മീയ ബന്ധത്തിന്റെ അടിസ്ഥാനം എന്താണ്?
പ്രിയ ദൈവമേ, അങ്ങയെ സേവിക്കുന്ന മറ്റുള്ളവരുമായി
എങ്ങനെ ചേരാമെന്ന് ദയവായി എനിക്കു കാണിച്ചുതരണമേ.

ദൈവം എന്റെ സഹായി
കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല. [ എബ്രായർ 13:6 ]
ദൈവം എന്റെ സഹായി
എന്റെ സുഹൃത്ത് റാലി തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു! മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവുമായുള്ള എന്റെ ആദ്യ സംഭാഷണം മുതൽ, അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമാണ്. ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം, അദ്ദേഹം ഒരു പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി, മറ്റൊരു ശുശ്രൂഷാ സംരംഭം ആരംഭിച്ചുവെന്ന് അദ്ദേഹം അടുത്തിടെ പരാമർശിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി, പക്ഷേ അതെന്നെ അതിശയിപ്പിച്ചില്ല.
എൺപത്തിയഞ്ചാം വയസ്സിൽ, ബൈബിളിലെ കാലേബും ജോലി നിർത്താൻ തയ്യാറായില്ല. ദൈവത്തിലുള്ള അവന്റെ വിശ്വാസവും ഭക്തിയും ദശാബ്ദങ്ങൾ നീണ്ട മരുഭൂമിയാത്ര തരണം ചെയ്യുവാനും യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത അവകാശം സുരക്ഷിതമാക്കാനുള്ള യുദ്ധങ്ങൾ നയിക്കാനും അവനെ ശക്തിപ്പെടുത്തി. അവൻ പറഞ്ഞു: “മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു’’ (യോശുവ 14:11). അവൻ എങ്ങനെ അതു സാധിക്കും? “യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും’’ (വാക്യം 12) എന്ന് കാലേബ് പ്രഖ്യാപിച്ചു.
പ്രായം, ജീവിത ഘട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവ പരിഗണിക്കാതെ തന്നെ, പൂർണ്ണഹൃദയത്തോടെ തന്നെ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും. നമ്മെ സഹായിക്കുന്ന നമ്മുടെ രക്ഷകനായ യേശുവിലുടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൽ നാം കാണുന്ന കാര്യങ്ങളിലൂടെ സുവിശേഷങ്ങൾ ദൈവത്തിലുള്ള വിശ്വാസം നമ്മിൽ പ്രചോദിപ്പിക്കുന്നു. സഹായത്തിനായി തന്നിലേക്ക് നോക്കുന്ന എല്ലാവരോടും ദൈവത്തിന്റെ കരുതലും അനുകമ്പയും അവൻ പ്രകടമാക്കി. എബ്രായ എഴുത്തുകാരൻ അംഗീകരിച്ചതുപോലെ, “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല’’ (എബ്രായർ 13:6). ചെറുപ്പക്കാരനോ വൃദ്ധനോ, ബലഹീനനോ ശക്തനോ, ബന്ധിതനോ സ്വതന്ത്രനോ, ഓട്ടക്കാരനോ മുടന്തനോ ആരായിരുന്നാലും ഇന്ന് അവന്റെ സഹായം ചോദിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്? ആർതർ ജാക്സൺ
ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ ആരാണ് പ്രചോദിപ്പിച്ചത്?
എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സഹായത്തിന്റെ ഉറവിടമായി
നിങ്ങൾ ദൈവത്തെ എങ്ങനെയാണ് കാണുന്നത്?
സർവ്വശക്തനായ ദൈവമേ, എല്ലാ സാഹചര്യങ്ങളിലും എന്റെ സഹായത്തിന്റെ ഉറവിടമായി അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ.

ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം
ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു. [ 1 കൊരിന്ത്യർ 12:18 ]
ക്രിസ്തുവിലുള്ള ഏകീകൃത വൈവിധ്യം
“സർവ്വീസ് ആൻഡ് സ്പെക്ട്രം’’ എന്ന തന്റെ ലേഖനത്തിൽ പ്രൊഫസർ ഡാനിയൽ ബോമാൻ ജൂനിയർ, തന്റെ സഭയെ ഒരു ഓട്ടിസം ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്ന അതേ രീതിയിൽ സേവിക്കേണ്ടതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹം വിശദീകരിക്കുന്നു, “ഓട്ടിസം ബാധിച്ച ആളുകൾ ഓരോ തവണയും ഒരു പുതിയ പാത കണ്ടെത്തി മുന്നോട്ട് പോകേണ്ടതുണ്ട്, മാനസികവും വൈകാരികവും ശാരീരികവുമായ ഊർജ്ജവും ഒറ്റയ്ക്ക് / റീചാർജ് ചെയ്യുന്ന സമയവും സെൻസറി ഇൻപുട്ടുകളും കംഫർട്ട് ലെവലും ദിവസത്തിന്റെ സമയവും കണക്കിലെടുക്കേണ്ട ഒരു അതുല്യമായ പാത . . . നാം ഒഴിവാക്കപ്പെടുന്നതിനു പകരം നമ്മുടെ കഴിവുകൾക്കനുസൃതമായി വിലമതിക്കപ്പെടുന്നുണ്ടോ ഇല്ലയോ, നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുവോ കൂടാതെ അതിലധികവും അവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനേകരെ സംബന്ധിച്ച്, അത്തരം തീരുമാനങ്ങൾ, ആളുകളുടെ സമയവും ഊർജവും പുനഃക്രമീകരിക്കുമ്പോൾ, അവരുടെ പ്രവൃത്തികളെ ഇല്ലാതാക്കുകയില്ല. അതേസമയം ആ തീരുമാനങ്ങൾ എന്റെ പ്രവൃത്തികളെ ഇല്ലാതാക്കും.”
1 കൊരിന്ത്യർ 12-ൽ പൗലൊസ് വിവരിക്കുന്ന പാരസ്പര്യം ഒരു പരിഹാരമാകുമെന്ന് ബോമാൻ വിശ്വസിക്കുന്നു. അവിടെ, 4-6 വാക്യങ്ങളിൽ, ദൈവം തന്റെ ജനത്തിൽ ഓരോരുത്തർക്കും “പൊതുപ്രയോജനത്തിനായി’’ അതുല്യമായ വരങ്ങൾ സമ്മാനിച്ചതായി പൗലൊസ് വിവരിക്കുന്നു (വാ. 7). ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ “അനിവാര്യമായ’’ അവയവമാണ് (വാക്യം 22). ഓരോ വ്യക്തിയുടെയും അതുല്യവും ദൈവദത്തവുമായ വരങ്ങളെ സഭകൾ മനസ്സിലാക്കുമ്പോൾ, എല്ലാവരും ഒരേ രീതിയിൽ സഹായിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനുപകരം, അവരുടെ വരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സേവിക്കാൻ അവർക്ക് തങ്ങളുടെ അംഗങ്ങളെ പിന്തുണയ്ക്കാൻ കഴിയും. ഈ രീതിയിൽ, ഓരോ വ്യക്തിക്കും അഭിവൃദ്ധിയും സമ്പൂർണ്ണതയും കണ്ടെത്താനും ക്രിസ്തുവിന്റെ ശരീരത്തിൽ അവരുടെ മൂല്യവത്തായ സ്ഥാനത്ത് സുരക്ഷിതരായിരിക്കാനും കഴിയും (വാ. 26). മോണിക്ക ലാ റോസ്
മറ്റുള്ളവരുടെ അതുല്യമായ വരങ്ങളാൽ നിങ്ങൾ എങ്ങനെയാണ് അനുഗ്രഹിക്കപ്പെട്ടത്? സേവനത്തിനുള്ള വിവിധ മാർഗ്ഗങ്ങളെ
സഭകൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
പ്രിയ ദൈവമേ, ഞങ്ങളെ എല്ലാവരെയും അദ്വിതീയമായി സൃഷ്ടിച്ചതിന് നന്ദി
പറയുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ അവയവത്തെയും
വിലമതിക്കാൻ എന്നെ സഹായിക്കേണമേ.

ഒന്നിച്ചാൽ നേടാം
അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. [ പ്രവൃത്തികൾ 2:42 ]
ഒന്നിച്ചാൽ നേടാം
എന്റെ അമേരിക്കൻ സുഹൃത്തായ കരോൾ 2016-ൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അവളുടെ സന്ദർശനത്തിനു മുമ്പ്, ഇവിടുത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, പാചകരീതികൾ, ഭാഷകൾ എന്നിവയെക്കുറിച്ചെല്ലാം അവൾ കേട്ടിരുന്നു. എന്നിരുന്നാലും, ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോൾ, വൈവിധ്യമാർന്ന സംസ്കാരങ്ങളോടും പശ്ചാത്തലങ്ങളോടും കൂടിയ, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള മനുഷ്യർ സ്നേഹമുള്ള ഒരു സമൂഹം രൂപീകരിക്കുന്നതു കണ്ട് അവൾ ആശ്ചര്യപ്പെട്ടു. ദൈവം മനുഷ്യരെ എങ്ങനെ ഒന്നിപ്പിക്കുന്നുവെന്നു കരോൾ കണ്ടു.
ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തോടെ ജീവിക്കുന്നതിന്റെ നേട്ടമെന്താണെന്ന് ആദ്യകാല വിശ്വാസികൾ തിരിച്ചറിഞ്ഞു. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” (വാ. 42) എന്നു ലൂക്കൊസ് എഴുതുന്നു. അവർ വിവിധ പട്ടണങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും വന്നവരായിട്ടും, അവർ ഒരുമിച്ചു വസിച്ചു. അവരുടെ സമൂഹത്തെ മനോഹരമാക്കിയ ചില കാര്യങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളായിരുന്നു. അപ്പൊസ്തലന്മാരിൽനിന്നു പഠിക്കാനും പരസ്പരം സമയം ചെലവഴിക്കാനും കർത്താവിന്റെ തിരുവത്താഴം ആഘോഷിക്കാനും ഒരുമിച്ചു പ്രാർത്ഥിക്കാനും അവർ പ്രതിജ്ഞാബദ്ധരായിരുന്നു (വാ. 42). ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ തങ്ങളുടെ വിഭവങ്ങൾ പങ്കുവെക്കുകയും “ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും” ചെയ്തു (വാ. 44-46). തൽഫലമായി, ദിനന്തോറും പുതിയ വ്യക്തികളെ ദൈവം അവരുടെ സമൂഹത്തിലേക്കു ചേർത്തുകൊണ്ടിരുന്നു (വാ. 47).
യേശുവിന്റെ ആദ്യകാല അനുയായികൾ നമുക്കു സമൂഹത്തിന്റെ ഒരു മാതൃക നൽകുന്നു. ദാരിദ്ര്യത്തിനും പീഡനത്തിനും മരണത്തിനും നടുവിൽ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ ഒരു സമൂഹമായിരിക്കുക എന്നത് എന്താണെന്ന് അവർ കാണിച്ചുതന്നു. സഭാ ശുശ്രൂഷകളിലോ കൂട്ടായ്മാ സമ്മേളനങ്ങളിലോ മാത്രമല്ല, നമ്മുടെ വീക്ഷണങ്ങൾ യോജിക്കുമ്പോൾ മാത്രമല്ല, ക്രിസ്തുവിലൂടെ എല്ലായ്പ്പോഴും ഐക്യപ്പെടാൻ നമ്മെയും വിളിച്ചിരിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ നമ്മുടെ ഐക്യം നാം സാക്ഷ്യപ്പെടുത്തുമ്പോൾ, നമ്മുടെ സ്നേഹസമൂഹത്തിലേക്കു ദൈവം പുതിയ വ്യക്തികളെ കൊണ്ടുവരും. രവി എസ്. രാത്രെ
ആദ്യകാല വിശ്വാസീസമൂഹം എങ്ങനെയാണു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? ക്രിസ്തുവിലുള്ള നിങ്ങളുടെ സമൂഹത്തെ സമ്പന്നമാക്കാൻ
കഴിയുന്ന ചില വഴികൾ ഏതൊക്കെയാണ്?
ദൈവമേ, യേശുക്രിസ്തുവിലൂടെ ഞങ്ങളെ അങ്ങയുടെ ജനമാക്കി
മാറ്റിയതിനു നന്ദി. അങ്ങയുടെ മഹത്വത്തിനായി ഒരു ഐകമത്യപ്പെട്ട
സമൂഹമാകാൻ ഞങ്ങളെ സഹായിക്കേണമേ.

ദി ഇൻഡ്യാമാൻ
ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. [ 1 രാജാക്കന്മാർ 19:4 ]
ദി ഇൻഡ്യാമാൻ
50-കളിലും 60-കളിലും, ഓവർലാൻഡ് ബസ് റൂട്ടായ “ദി ഹിപ്പി ട്രെയിൽ” യൂറോപ്പിനെ ഏഷ്യയിലെ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. “പാഡി” എന്നു വിളിപ്പേരുള്ള വിരമിച്ച ഒരു ഇംഗ്ലീഷ് സൈനികൻ ഈ റൂട്ടിൽ ഒരു ബസ് ഓടിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള തന്റെ പതിവു സന്ദർശനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. “ദി ഇൻഡ്യാമാൻ” എന്നു വിളിക്കപ്പെട്ട ബസ് ലണ്ടനിൽ നിന്നു കൽക്കട്ടയിലേക്കും തിരിച്ചു ലണ്ടനിലേക്കും സഞ്ചരിച്ചു. യാത്രയുടെ തുടക്കത്തിൽ ആവേശത്തോടെ ബസിൽ കയറിയ യാത്രക്കാർ, 60 ദിവസത്തെ യാത്രക്കൊടുവിൽ കഠിനമായ കഴുത്തു വേദനയോടും മുട്ടു വേദനയോടും കൂടിയായിരിക്കും ബസിൽ നിന്ന് ഇറങ്ങുക. പൂർണ്ണമായും ക്ഷീണിതരായി തീരുന്ന അവർ സാധാരണയായി അടുത്ത ബസിൽ തന്നെ നാട്ടിലേക്കു മടങ്ങാൻ തയ്യാറായിരുന്നു.
ഉത്സാഹിയായ ഒരു പ്രവാചകനായിരുന്നു ഏലീയാവ്. തന്റെ പ്രവചന പ്രയാണത്തിന്റെ തുടക്കത്തിൽ അവൻ വളരെ പ്രചോദിതനായിരുന്നു. എന്തുവിലകൊടുത്തും അവൻ ദൈവത്തെ അനുസരിച്ചു. ദുഷ്ട രാജാവായ ആഹാബിനെയോ അവന്റെ രാജ്ഞിയായ ഈസേബെലിനെയോ എതിർക്കാൻ അവൻ മടി കാണിച്ചില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം ഏലീയാവിന് അപ്രകാരം തുടരാൻ കഴിയാതെ വന്നു. ഈസേബെലിന്റെ പ്രവാചകന്മാരെ കൊന്നതിന് അവൾ ഏലീയാവിന്റെ ജീവനു ഭീഷണി മുഴക്കിയതോടെ അവനു ഗത്യന്തരമില്ലാതെയായി (വാ. 2). ശാരീരികമായും വൈകാരികമായും തളർന്ന അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ” (വാ. 4). ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ തളർന്ന് ഉറങ്ങുമ്പോൾ, അവനെ ആർദ്രയോടെ ധൈര്യപ്പെടുത്താനും ഭക്ഷണം നൽകാനുമായി ദൈവം ഒരു ദൂതനെ അയച്ചു (വാ. 5-7). ഒരിക്കൽ കൂടി ശക്തി പ്രാപിച്ച ഏലീയാവ് ഹോരേബിലേക്കു ദിവസങ്ങളോളം നടന്നു (വാ. 8).
ഏലീയാവിനും “ദി ഇൻഡ്യാമാൻ” യാത്രികർക്കും അനുഭവപ്പെട്ട ക്ഷീണം നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകാം. നിരാശ, പരാജയം, നഷ്ടം, വിഷാദം എന്നിവയുടെ കഠിന പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നാമും ക്ഷീണിതരും ആശയറ്റവരുമായി തീരുന്നു. എന്നാൽ നമ്മുടെ നിരാശയുടെ ആഴമേറിയ നിമിഷങ്ങളിൽ, നാം ദൈവത്തിന്റെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുന്നില്ലെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവൻ നമ്മുടെ ആവശ്യങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സഹായം വിദൂരമല്ല. റെബേക്ക വിജയൻ
ജീവിതയാത്രയിൽ നിങ്ങൾ ഇത്തരം ക്ഷീണം അനുഭവിച്ചിട്ടുണ്ടോ?
നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ ദൈവം നിങ്ങളെ
ഉയർത്തിയ ചില വഴികൾ എന്തൊക്കെയാണ്?
പ്രിയ യേശുവേ, എന്റെ പ്രയാണത്തിൽ ഞാൻ ശക്തി കണ്ടെത്തുന്നത് അങ്ങയിൽ മാത്രമാണെന്നതിനാൽ എന്റെ തളർച്ചയ്ക്കിടയിലും അങ്ങയുടെ അചഞ്ചല സാന്നിധ്യത്തെക്കുറിച്ചു ബോധവാനായിരിക്കാൻ എന്നെ സഹായിക്കേണമേ.
