Month: മെയ് 2026

സ്നേഹപൂർവ്വമായ അനുസരണം

ഞങ്ങളുടെ വിവാഹ ചടങ്ങിനിടെ, ഞങ്ങളുടെ ശുശ്രൂഷകൻ എന്നോടു ചോദിച്ചു, “മരണം നിങ്ങളെ വേർപിരിക്കുന്നതു വരെ നിങ്ങളുടെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് നിങ്ങൾ വാഗ്ദത്തം ചെയ്യുന്നുവോ?’’ എന്റെ പ്രതിശ്രുത വരനെ നോക്കി ഞാൻ മന്ത്രിച്ചു, “അനുസരിക്കുക?’’ ഞങ്ങൾ ഞങ്ങളുടെ ബന്ധം കെട്ടിപ്പടുത്തത് സ്നേഹത്തിലും ബഹുമാനത്തിലുമാണ്—പ്രതിജ്ഞാവാചകം സൂചിപ്പിക്കുന്നതുപോലെ അന്ധമായ അനുസരണത്തിലല്ല. ഞാൻ അനുസരിക്കുക എന്ന വാക്ക് മാറ്റി “ഉവ്വ്’’ എന്നു പറഞ്ഞപ്പോൾ എന്റെ ഭർത്താവിന്റെ പിതാവ് തന്റെ കണ്ണുകൾ വിടർത്തി ആ നിമിഷത്തെ ഒപ്പിയെടുത്തു.

ഭർത്താവും ഭാര്യയും തമ്മിലുള്ള അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ബന്ധവുമായി, അനുസരിക്കുക എന്ന വാക്കിനോടുള്ള എന്റെ എതിർപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വർഷങ്ങളായി ദൈവം എനിക്ക് കാണിച്ചുതന്നു. അനുസരണം എന്നതിനർത്ഥം ‘കീഴടക്കപ്പെടുക’ അല്ലെങ്കിൽ ‘സമർപ്പിക്കാൻ നിർബന്ധിക്കപ്പെടുക’ എന്നാണെന്നാണ് ഞാൻ മനസ്സിലാക്കിയത്, അതിനെ തിരുവെഴുത്ത് പിന്തുണയ്ക്കുന്നില്ല. പകരം, ബൈബിളിലെ അനുസരണം എന്ന വാക്ക് നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്ന നിരവധി വിധങ്ങളെ പ്രകടിപ്പിക്കുന്നു. ഞാനും എന്റെ ഭർത്താവും ദാമ്പത്യത്തിന്റെ മുപ്പതു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങൾ ഇപ്പോഴും യേശുവിനെയും പരസ്പരവും സ്നേഹിക്കാൻ പഠിക്കുകയാണ്. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും’’ (വാ. 15) എന്ന് യേശു പറഞ്ഞപ്പോൾ, തിരുവെഴുത്തുകളോടുള്ള അനുസരണം അവനുമായുള്ള നിരന്തരമായ സ്നേഹത്തിന്റെയും ഉറ്റ ബന്ധത്തിന്റെയും ഫലമാണെന്ന് അവൻ നമുക്ക് കാണിച്ചുതന്നു (വാ. 16-21).

യേശുവിന്റെ സ്നേഹം നിസ്വാർത്ഥവും നിരുപാധികവുമാണ്. അത് ഒരിക്കലും ബലപ്രയോഗമോ ദുരുപയോഗമോ അല്ല. നമ്മുടെ എല്ലാ ബന്ധങ്ങളിലും നാം അവനെ പിന്തുടരുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, അവനോടുള്ള അനുസരണത്തെ വിശ്വാസത്തിന്റെയും ആരാധനയുടെയും ജ്ഞാനവും സ്നേഹവും നിറഞ്ഞ ഒരു പ്രവൃത്തിയായി കാണാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. 

ആനന്ദക്കണ്ണുനീർ

 

ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഡീൻ ബലൂണുകളുമായി കാത്തിരിക്കുന്ന ചില സുഹൃത്തുക്കളെ കണ്ടു. സുഹൃത്ത് ജോഷ് മുന്നോട്ട് വന്നു. “ഞങ്ങൾ താങ്കളുടെ കവിതകൾ ഒരു മത്സരത്തിന് അയച്ചു,’’ ഡീനിന് ഒരു കവർ അദ്ദേഹം നൽകി. അതിനുള്ളിൽ “ഒന്നാം സമ്മാനം’’ എന്ന് എഴുതിയ ഒരു കാർഡ് ഉണ്ടായിരുന്നു, താമസിയാതെ എല്ലാവരും സന്തോഷാശ്രുക്കൾ പൊഴിച്ചു. ഡീനിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ കവിതാവാസന തിരിച്ചറിഞ്ഞ് മനോഹരമായ ഒരു കാര്യം ചെയ്തു.

സന്തോഷത്തിന്റെ കരച്ചിൽ ഒരു വൈരുദ്ധ്യമായ അനുഭവമാണ്. കണ്ണുനീർ സാധാരണയായി വേദനയുടെ പ്രതികരണമാണ്, സന്തോഷത്തിന്റേതല്ല. സന്തോഷം സാധാരണയായി കരച്ചിലിലൂടെയല്ല, ചിരിയിലൂടെയാണ് പ്രകടിപ്പിക്കുന്നത്. ഇറ്റാലിയൻ മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ആഴത്തിലുള്ളതും വ്യക്തിപരവുമായ അർത്ഥവത്തായ സമയങ്ങളിൽ സന്തോഷത്തിന്റെ കണ്ണുനീർ വരുന്നു—നമ്മൾ ആഴമായി സ്നേഹിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പ്രധാന ലക്ഷ്യം നേടുകയോ ചെയ്യുമ്പോൾ—എന്നാണ്. സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന നിഗമനത്തിലേക്ക് ഇത് അവരെ നയിച്ചു.

യേശു പോകുന്നിടത്തെല്ലാം സന്തോഷത്തിന്റെ കണ്ണുനീർ ഉതിർന്നതായി ഞാൻ സങ്കൽപ്പിക്കുന്നു. ജന്മനാ അന്ധനായ മനുഷ്യനെ യേശു സുഖപ്പെടുത്തിയപ്പോൾ (യോഹന്നാൻ 9:1-9), അല്ലെങ്കിൽ മറിയയ്ക്കും മാർത്തയ്ക്കും മരിച്ചുപോയ അവരുടെ സഹോദരനെ തിരികെ ലഭിച്ചപ്പോൾ (11:38-44) സന്തോഷത്താൽ അവർ കരയാതിരിക്കുന്നതെങ്ങനെ? ദൈവജനത്തെ തങ്ങളുടെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുമ്പോൾ, “സന്തോഷത്തിന്റെ കണ്ണുനീർ അവരുടെ മുഖത്ത് ഒഴുകും, ഞാൻ അവരെ വളരെ ശ്രദ്ധയോടെ വീട്ടിലേക്ക് നയിക്കും’’ (യിരെമ്യാവ് 31:9 NLT ) എന്നു ദൈവം പറയുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥം കാണിക്കുന്നുവെങ്കിൽ, വരാനിരിക്കുന്ന ആ മഹത്തായ ദിവസത്തെ സങ്കൽപ്പിക്കുക. നമ്മുടെ മുഖത്ത് കണ്ണുനീർ ഒഴുകുമ്പോൾ, ജീവിതത്തിന്റെ അർത്ഥം എപ്പോഴും അവനുമായി അടുത്തുവസിക്കുക എന്നതാണെന്ന് സംശയലേശമെന്യേ നാം മനസ്സിലാക്കും. 

വിശ്വാസത്തിന്റെ വിജയം

നാല് വയസ്സുള്ള കാൽവിന്റെ പതിവ് ആരോഗ്യ പരിശോധനയിൽ അവന്റെ ശരീരത്തിൽ അപ്രതീക്ഷിതമായ ചില പാടുകൾ കണ്ടെത്തി. അവന് ഡോക്ടർ കുറച്ച് ഇൻജക്ഷനുകൾ നൽകുകയും അവിടെ ബാൻഡേജ് ഒട്ടിക്കുകയും ചെയ്തു. വീട്ടിൽ വന്ന്, ബാൻഡേജ് നീക്കം ചെയ്യാനുള്ള സമയമായപ്പോൾ, കാൽവിൻ ഭയത്തോടെ വിതുമ്പി. മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവന്റെ പിതാവ് പറഞ്ഞു, “കാൽവിൻ, നിന്നെ വേദനിപ്പിക്കുന്നതൊന്നും ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് നിനക്കറിയാം.’’ ബാൻഡേജ് നീക്കം ചെയ്യുന്നതു സംബന്ധിച്ചുള്ള ഭയത്തേക്കാൾ കൂടുതൽ മകൻ തന്നെ വിശ്വസിക്കണമെന്ന് അവന്റെ പിതാവ് ആഗ്രഹിച്ചു.

നാല് വയസ്സുള്ള കുട്ടികൾ മാത്രമല്ല അസ്വസ്ഥതകൾക്ക് മുന്നിൽ തളർന്നുപോകുന്നത്. സർജറികൾ, പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയൽ, മാനസികമോ മനഃശാസ്ത്രപരമോ ആയ വെല്ലുവിളികൾ—അതിലേറെയും—എന്നിവ നമ്മിൽ ഭയവും നെടുവീർപ്പുകളും കരച്ചിലും ഞരക്കവും ഉളവാക്കുന്നു.

അസൂയാലുവായ ശൗൽ രാജാവിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഫെലിസ്ത്യ ദേശത്തുവെച്ചാണ് ദാവീദിനെ ഭയപ്പെടുത്തിയ അനുഭവങ്ങളിൽ ഒന്നു സംഭവിച്ചത്. ഫെലിസ്ത്യർ അവനെ തിരിച്ചറിഞ്ഞപ്പോൾ, തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു (1 ശമൂവൽ 21:10-11 കാണുക): “ദാവീദ് ... ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു’’ (വാ. 12). ഈ അസുഖകരമായ സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദാവീദ് എഴുതി, “ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ... ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല’’ (സങ്കീർത്തനം 56:3-4).

ജീവിതത്തിലെ അസ്വസ്ഥതകൾ നമ്മെ ഭയപ്പെടുത്തുമ്പോൾ നമ്മൾ എന്തുചെയ്യും? നമ്മുടെ സ്വർഗ്ഗീയ പിതാവിൽ നമുക്ക് ആശ്രയിക്കാം.

 

പ്രാർത്ഥനയാണ് പ്രധാനം

“വരാനിരിക്കുന്ന ബ്രെയിൻ സ്കാനിങ്ങിനായി പ്രാർത്ഥിക്കുക.’’ “എന്റെ മക്കൾ വീണ്ടും പള്ളിയിൽ വരാൻ പ്രാർത്ഥിക്കുക,’’ “ഭാര്യ മരിച്ച ഡേവിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.’’ ഞങ്ങളുടെ കാർഡ് മിനിസ്ട്രി ടീമിന് ഇതുപോലുള്ള പ്രാർത്ഥനാ അഭ്യർത്ഥനകളുടെ ഒരു ലിസ്റ്റ് തന്നെ പ്രതിവാരം ലഭിക്കുന്നു. ഓരോ വിഷയത്തിനായും ഞങ്ങൾ പ്രാർത്ഥിക്കുകയും ഓരോ വ്യക്തിക്കും കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്യന്നു. പ്രാർത്ഥനാഭ്യർത്ഥനകൾ വളരെയധികമാണ്, ഞങ്ങളുടെ ശ്രമങ്ങൾ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായി തോന്നിയേക്കാം. അടുത്തിടെ മരിച്ചുപോയ പ്രിയപ്പെട്ട ഭാര്യയുടെ ചരമവാർത്തയുടെ ഒരു പകർപ്പ് സഹിതം, ഭർത്താവ് ഡേവിൽ നിന്ന് ഹൃദയംഗമമായ നന്ദി പറഞ്ഞുകൊണ്ടുള്ള കാർഡ് ലഭിച്ചതിന് ശേഷം ഞങ്ങളുടെ ചിന്താഗതികൾ മാറി. പ്രാർത്ഥനയാണ് പ്രധാനമെന്ന് ഞാൻ വീണ്ടും മനസ്സിലാക്കി.

നാം ആത്മാർത്ഥതയോടെ, പലപ്പോഴും, പ്രത്യാശയോടെയും വിശ്വാസത്തോ ടെയും പ്രാർത്ഥിക്കണമെന്നുള്ളതിന് യേശു മാതൃക കാട്ടി. ഭൂമിയിലെ അവന്റെ സമയം പരിമിതമായിരുന്നു, എന്നാൽ അവൻ പ്രാർത്ഥിക്കുന്നതിന് മുൻഗണന നൽകി (മർക്കൊസ് 1:35; 6:46; 14:32).

നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ്, യിസ്രായേൽ രാജാവായ ഹിസ്കിയാവും ഈ പാഠം പഠിച്ചു. ഒരു രോഗം താമസിയാതെ അവന്റെ ജീവനെടുക്കുമെന്ന് പ്രവാചകൻ അവനോട് പറഞ്ഞു (2 രാജാക്കന്മാർ 20:1). കഷ്ടതയുടെ നടുവിൽ കൈപ്പോടെ കരഞ്ഞുകൊണ്ട് ഹിസ്കീയാവ് “മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു’’ (വാക്യം 2). ഈ സാഹചര്യത്തിൽ, ദൈവത്തിന്റെ മറുപടി ഉടനടി ആയിരുന്നു. അവൻ ഹിസ്കീയാവിന്റെ രോഗം സുഖപ്പെടുത്തി, അവന്റെ ആയുസ്സ് പതിനഞ്ചു വർഷത്തേക്കു നീട്ടിക്കൊടുത്തു. മാത്രമല്ല, ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു (വാ. 5-6). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയത് ഹിസ്കീയാവ് ഒരു നല്ല ജീവിതം നയിച്ചതുകൊണ്ടല്ല, മറിച്ച് “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും’’ (വാ. 6) ആണ്. നാം ആവശ്യപ്പെടുന്നത് എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല, എന്നാൽ ഓരോ പ്രാർത്ഥനയിലും ദൈവം പ്രവർത്തിക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളരായിരിക്കാൻ കഴിയും. 

ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസ്

നിങ്ങൾ എപ്പോഴെങ്കിലും ഒഴുകിനടക്കുന്ന ഒരു പോസ്റ്റ് ഓഫീസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്കു പോകുക. ഡാൽ തടാകത്തിൽ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, ഒരു അതുല്യമായ “ഒഴുകിനടക്കുന്ന” പോസ്റ്റ് ഓഫീസ് ഉണ്ട്. ഇത്തരത്തിലൊരു കാഴ്ച ലോകത്തെവിടെയുമില്ല. തടാകത്തിൽ ഒറ്റയ്ക്കാണത് ഒഴുകി നടക്കുന്നതെങ്കിലും അതു യഥാർത്ഥത്തിൽ ഒറ്റയ്ക്കല്ല. രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം ഓഫീസുകളുള്ളതും ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുമായ ഇന്ത്യൻ തപാൽ സേവനത്തിന്റെ വിശാലശൃംഖലയുടെ ഭാഗമാണത്.

കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ, സഭാംഗങ്ങളോടു തങ്ങളെ വ്യക്തികളായിട്ടല്ല, മറിച്ചു ഒരു വിശ്വാസസമൂഹത്തിലെ അംഗങ്ങളായി ചിന്തിക്കാൻ അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. അവരുടെ ആത്മീയ വരങ്ങളിലെ വൈവിധ്യത്തെ വിലമതിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയും ഈ വ്യത്യാസങ്ങളുടെ സൗന്ദര്യം ആശ്ലേഷിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു (വാ. 4-5). ഓരോരുത്തരെയും തനിക്ക് യോഗ്യമായി തോന്നും വിധം ഉപയോഗിക്കുന്ന പരിശുദ്ധാത്മാവിന്റെ ഏകീകരിക്കുന്ന ശക്തിമൂലം (വാ. 7) ഈ വ്യത്യാസങ്ങൾ ഗുണസമ്പന്നമാണെന്നു മനസ്സിലാക്കാൻ പൗലൊസ് സഭയെ സഹായിക്കുന്നു. അവസാനമായി, തങ്ങൾ ഒറ്റയ്ക്കല്ല, മറിച്ചു വിശാലമായ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതിനു പകരം ഓരോരുത്തരും തനിക്കു ലഭിച്ച വരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണം.

മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതു സാധാരണമെന്നു ചിന്തിക്കുന്ന ഒരു ലോകത്ത്, ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യാസങ്ങൾ നിലനിൽക്കേതന്നെ നാം വിശാലമായ ഒരു ശരീരത്തിന്റെ—ദൈവസഭയുടെ—ഭാഗമാണെന്നു മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസുപോലെ, നമ്മുടെ വരങ്ങളും താലന്തുകളും കഴിവുകളും അനുപമമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൻ കീഴിൽ അവ ഉപയോഗിക്കുമ്പോൾ, ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി അവ മാറിയേക്കാം.