Month: ജൂലൈ 2026

കലയും ദൈവത്തിന്റെ ഹൃദയവും

 

ആട്ടിടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതു ചിത്രീകരിക്കുന്ന ഒരു കലാസൃഷ്ടി എന്റെ മാതാപിതാക്കളുടെ ഭവനത്തിലുണ്ട്. ഒരു പെയിന്റിംഗു പോലെ അതു തോന്നുമെങ്കിലും, ക്യാൻവാസിനും പെയിന്റിനും പകരം പൂർണ്ണമായും മരത്തടി കൊണ്ടാണ് അതു നിർമ്മിച്ചിരിക്കുന്നത്. വസ്തുക്കളുടെയും കഥാപാത്രങ്ങളുടെയും നിറം, ഗാഢത, രൂപരേഖ എന്നിവ രൂപപ്പെടുത്താൻ വ്യത്യസ്ത തരം തടികൾ അതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള കലയെ “മൈസൂർ വുഡ് ഇൻലേ വർക്ക്” എന്നാണു വിളിക്കുന്നതെന്നു പിന്നീടു ഞങ്ങൾ മനസ്സിലാക്കി. ദൈവം എന്റെ ഇടയനാണെന്ന് അതെന്നെ ഓർമ്മിപ്പിക്കുന്നതിനാൽ, ഓരോ തവണയും അതു കാണുമ്പോൾ ഞാൻ പ്രത്യാശയാൽ നിറയുന്നു. എന്നെ ആശ്വസിപ്പിക്കാനും തന്റെ സാന്നിദ്ധ്യത്തെ എന്നിൽ വീണ്ടും ഉറപ്പിക്കാനും ദൈവം ഈ കലാസൃഷ്ടിയെ ഉപയോഗിക്കുന്നു. ഈ പ്രചോദിത കലാസൃഷ്ടിക്കും അതിനുള്ള സർഗ്ഗാത്മകതയാൽ അനുഗ്രഹിക്കപ്പെട്ട മരപ്പണിക്കാർക്കുമായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു.

ദൈവം കാലാകാലങ്ങളായി കലയെയും കലാകാരന്മാരെയും പ്രചോദിപ്പിക്കുന്നു. പുറപ്പാടിൽ, തിരുനിവാസത്തിലെ വസ്തുക്കൾ എങ്ങനെ കാണപ്പെടണമെന്നു ദൈവം മോശയോടു പറഞ്ഞിരിക്കുന്നു (വാ. 6). “ഞാൻ പേർ ചൊല്ലി വിളിച്ചിരിക്കുന്നു”, “കൂടെ ആക്കിയിരിക്കുന്നു”, “ജ്ഞാനം നൽകിയിരിക്കുന്നു”, “ദിവ്യാത്മാവിനാൽ . . . നിറെച്ചിരിക്കുന്നു” എന്നിങ്ങനെ അരുളിച്ചെയ്തുകൊണ്ട് ആരാധനയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നിർമ്മിക്കാൻ അവൻ ബെസലേലിനെയും ഒഹൊലീയാബിനെയും ചുമതലപ്പെടുത്തുന്നു. “കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്വാനും രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും” (വാ. 4) അവൻ അവർക്കു ജ്ഞാനവും സാമർത്ഥ്യവും നൽകി. ആരാധനയിൽ ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ ദൈവം കലാകാരന്മാരെ തിരഞ്ഞെടുക്കുകയും പ്രചോദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു.

ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കാര്യത്തിലെന്നപോലെ, നമ്മുടെ കലാപരമായ ദാനങ്ങൾ ദൈവത്തിന്റെ ആത്മാവാണു നമുക്കു നൽകിയിരിക്കുന്നത്. തനിക്കുവേണ്ടി സൃഷ്ടിക്കുവാനായി ദൈവമാണു നമ്മെ തെരഞ്ഞെടുത്തതും നമ്മെ നിയോഗിച്ചതും അവന്റെ ആത്മാവിനാൽ നമ്മെ നിറച്ചതും. ആരെയാണ് അതു സഹായിക്കുന്നതെന്നു നമുക്ക് അറിയില്ലായിരിക്കാം. എന്നാൽ ദൈവത്തിന്റെ നടത്തിപ്പിനും പ്രചോദനത്തിനും കീഴിൽ നാം കലാസൃഷ്ടി നടത്തുകയാണെങ്കിൽ, വ്യക്തികളെ ആശ്വസിപ്പിക്കാനും അവരുടെയും നമ്മുടെയും ജീവിതങ്ങളെ സമ്പന്നമാക്കാനും അവൻ അത് ഉപയോഗിക്കും. 

 

വാക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക

ഒരു ദുരന്തത്തിനു ശേഷം സ്ഥാപനങ്ങൾ കുറ്റം ഏറ്റെടുക്കുന്നത് ഏറെക്കുറെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുശേഷം, അവനെ സംരക്ഷിക്കുന്നതിൽ തങ്ങൾ “ദാരുണമായി പരാജയപ്പെട്ടു” എന്ന് ഒരു പ്രശസ്ത സ്കൂൾ സമ്മതിച്ചു. ആ കുട്ടിക്ക് സഹവിദ്യാർത്ഥികളുടെ നിരന്തരമായ ഉപദ്രവം നേരിടേണ്ടിവന്നിരുന്നു. ഈ മോശമായ പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അവനെ സംരക്ഷിക്കുന്നതിനായി കാര്യമായൊന്നും ചെയ്തില്ല. ഇത്തരം പീഡനത്തെ ചെറുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മികച്ച പരിചരണം നൽകുന്നതിനുമുള്ള സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സ്കൂൾ ഇപ്പോൾ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.

സഹവിദ്യാർത്ഥികളുടെ പീഡനം മൂലമുണ്ടാകുന്ന അതീവനാശം വാക്കുകളുടെ ശക്തിയുടെ വ്യക്തമായ ഉദാഹരണമാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, വാക്കുകളുടെ സ്വാധീനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു” (സദൃശവാക്യങ്ങൾ 18:21). നാം പറയുന്ന കാര്യങ്ങൾ മറ്റൊരാളെ ഉയർത്തുകയോ തകർക്കുകയോ ചെയ്യാം. അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ, ക്രൂരമായ വാക്കുകൾ അക്ഷരാർത്ഥത്തിൽ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. നാം പറയുന്ന കാര്യങ്ങൾക്ക് എങ്ങനെ ജീവൻ നൽകാനാകും? നമ്മുടെ വാക്കുകൾ പരിജ്ഞാനത്തിൽ നിന്നോ ഭോഷത്വത്തിൽ നിന്നോ പ്രവഹിക്കുന്നുവെന്നു തിരുവെഴുത്തു പഠിപ്പിക്കുന്നു (15:2). ജ്ഞാനത്തിന്റെ ജീവദായക ശക്തിയുടെ ഉറവിടമായ ദൈവത്തോട് അടുക്കുന്നതിലൂടെ നാം ജ്ഞാനം കണ്ടെത്തുന്നു (3:13, 17-19).

വാക്കുകളുടെ ആഘാതത്തെ ഗൗരവമായെടുക്കാനും മറ്റുള്ളവർ പറഞ്ഞതിൽ നിന്നും മുറിവേറ്റവരെ പരിപാലിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വാക്കുകൾക്ക് കൊല്ലാൻ കഴിയും. എന്നാൽ അനുകമ്പയുള്ള വാക്കുകൾക്ക് സുഖപ്പെടുത്താനും കഴിയും. അത് നമുക്കു ചുറ്റുമുള്ളവർക്ക് ഒരു “ജീവവൃക്ഷമായി” മാറുന്നു (15:4). 

 

അനുഗ്രഹമാകുന്ന തകർച്ച

അദ്ദേഹത്തിന്റെ പുറത്തു കൂനുണ്ടായിരുന്നു, ഒരു വടികുത്തിയായിരുന്നു അദ്ദേഹം നടന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ആത്മീയ ഇടയവേല, താൻ ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. അതായിരുന്നു തന്റെ ശക്തിയുടെ ഉറവിടവും. 1993-ൽ, ബഹുമാന്യനായ വില്യം ബാർബറിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഒന്നിച്ചു ചേരുന്നതിനു കാരണമാകുന്ന ദുർബലപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തി. “ബാർബർ, നിങ്ങൾ മറ്റൊരു ജോലി കണ്ടെത്തേണ്ടതായി വരും, കാരണം [വികലാംഗനായ ഒരാൾ] തങ്ങളുടെ പാസ്റ്ററാകാൻ സഭ ആഗ്രഹിക്കുന്നില്ല” എന്നു അത്ര ആർദ്രമല്ലാത്ത അഭിപ്രായം സഭാജനങ്ങളിൽനിന്ന് അദ്ദേഹത്തിനു കേൾക്കേണ്ടിവന്നു. എന്നാൽ ആ വേദനാജനകമായ അഭിപ്രായത്തെ ബാർബർ മറികടന്നു. അദ്ദേഹത്തെ ഒരു പാസ്റ്ററായി മാത്രമല്ല ദൈവം ഉപയോഗിച്ചത്. പിന്നോക്കാവസ്ഥയിലുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തവും ആദരണീയവുമായ ശബ്ദമായി അദ്ദേഹത്തെ ദൈവം മാറ്റിയെടുത്തു.

വൈകല്യമുള്ളവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നു ലോകത്തിനു പൂർണ്ണമായി അറിയില്ലെങ്കിലും, ദൈവത്തിന് അറിയാം. സൗന്ദര്യാരോഗ്യങ്ങളും പണത്തിനു വാങ്ങാൻ കഴിയുന്ന വസ്തുക്കളും വിലമതിക്കുന്നവർക്കു ക്ഷണിക്കപ്പെടാതെ വരുന്ന തകർച്ചയ്ക്കൊപ്പമുള്ള നന്മ നഷ്ടപ്പെട്ടേക്കാം. യാക്കോബിന്റെ ചോദ്യവും അതിലടങ്ങിയിരിക്കുന്ന തത്ത്വവും പരിഗണിക്കേണ്ടതാണ്: “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ് 2:5). ആരോഗ്യമോ ശക്തിയോ മറ്റു കാര്യങ്ങളോ കുറയുമ്പോൾ, അയാളുടെ വിശ്വാസവും അതിനനുസരിച്ചു കുറയേണ്ടതില്ല. ദൈവത്തിന്റെ ശക്തിയാൽ, അത് വിപരീതമാക്കാൻ കഴിയും. നമ്മിലെ അഭാവം അവനെ വിശ്വസിക്കാനുള്ള ഒരു ഉത്തേജകമാണ്. യേശുവിന്റെ കാര്യത്തിലെന്നപോലെ, ലോകത്തിനു നന്മ കൊണ്ടുവരാനായി നമ്മുടെ തകർച്ചയെ അവനു ഉപയോഗിക്കാനാകും. 

 

നമ്മുടെ ശക്തിയെ പുതുക്കുക

എന്റെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഒരു മരത്തിൽ രണ്ടു കഴുകന്മാർ അസാമാന്യ വലുപ്പമുള്ള ഒരു കൂടുണ്ടാക്കി. അധികം താമസിയാതെ, ഭീമാകാരമായ ആ പക്ഷികൾക്ക് കുഞ്ഞുങ്ങളുണ്ടായി. പ്രായപൂർത്തിയായ കഴുകന്മാരിൽ ഒന്നു ദാരുണമായി ഒരു കാറു കയറി മരിക്കുന്നതുവരെ അവ ഒരുമിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിച്ചു. ഒറ്റപ്പെട്ടുപോയ കഴുകൻ ദിവസങ്ങളോളം നഷ്ടപ്പെട്ട ഇണയെ തിരയുന്നതുപോലെ, അടുത്തുള്ള നദിയിലൂടെ മുകളിലേക്കും താഴേക്കും പറന്നു. ഒടുവിൽ, ആ കഴുകൻ കൂട്ടിലേക്ക് മടങ്ങി, സന്താനങ്ങളെ വളർത്തുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു.

ഏത് സാഹചര്യത്തിലും, ഒറ്റയ്ക്കു കുഞ്ഞുങ്ങളെ വളർത്തുക എന്നതു വെല്ലുവിളി നിറഞ്ഞതാണ്. സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദവും ഒരു കുട്ടി കൊണ്ടുവരുന്ന ആനന്ദവും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും. എന്നാൽ ഈ സുപ്രധാന പങ്കു വഹിക്കുന്നവർക്കും, സംഭ്രമിപ്പിക്കും വിധമുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.

തളർച്ചയും അധൈര്യവും അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവം നമ്മോടൊപ്പമുണ്ട്. അവൻ എല്ലാറ്റിനും മേൽ അധികാരമുള്ള സർവ്വശക്തനും മാറ്റമില്ലാത്തവനും ആയതിനാൽ, അവന്റെ ശക്തി ഒരിക്കലും നഷ്ടപ്പെട്ടുപോകുന്നില്ല. “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” (യെശയ്യാവ് 40:31) എന്ന വേദപുസ്തക വചനത്തിൽ നമുക്ക് ആശ്രയിക്കാം. നമ്മുടെ സ്വന്തം പരിധിയെ നേരിടുന്നത് നമുക്ക് എന്ത് സംഭവിക്കുമെന്നു നിർണ്ണയിക്കുന്നില്ല. കാരണം, അമാനുഷികമായി നമ്മുടെ ശക്തിയെ പുതുക്കാനായി നമുക്കു ദൈവത്തിൽ ആശ്രയിക്കാനാകും. അവനിൽ പ്രത്യാശിക്കുന്നത് നമ്മെ നടക്കാനും തളരാതിരിക്കാനും “കഴുകന്മാരെപ്പോലെ ചിറകു അടിച്ചു” (വാ. 31) കയറാനും നമ്മെ സഹായിക്കുന്നു. 

 

ഏതു പ്രായത്തിലും

 

എൺപത്തിയൊന്നാം വയസ്സിൽ എൺപതു ദിവസം കൊണ്ടു ലോകം ചുറ്റി ഒരു യാത്ര പൂർത്തിയാക്കിയതിനു ടെക്സാസിൽ നിന്നുള്ള രണ്ടു മുത്തശ്ശിമാർ അടുത്തിടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇരുപത്തിമൂന്ന് വർഷമായി ഉറ്റ ചങ്ങാതിമാരായ ഇവർ ഏഴ് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. അവർ അന്റാർട്ടിക്കയിൽ തുടങ്ങി, അർജന്റീനയിൽ ടാംഗോ കളിച്ച്, ഈജിപ്തിൽ ഒട്ടകപ്പുറത്ത് കയറി, ഉത്തരധ്രുവത്തിൽ ഒരു ഹിമവണ്ടിയിൽ യാത്ര നടത്തി. സാംബിയ, ഇന്ത്യ, നേപ്പാൾ, ഇൻഡോനേഷ്യ, ജപ്പാൻ, ഇറ്റലി തുടങ്ങി പതിനെട്ടു രാജ്യങ്ങൾ സന്ദർശിച്ച ശേഷം അവർ ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിച്ചു. ഭാവിതലമുറയെ തങ്ങളുടെ പ്രായം കണക്കിലെടുക്കാതെ ലോകം ചുറ്റിക്കറങ്ങാൻ തങ്ങൾ പ്രചോദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.

പുറപ്പാടു പുസ്തകത്തിൽ, ജീവിതകാലത്ത് ഒരിക്കൽ മാത്രം ലഭിക്കുന്ന വ്യത്യസ്തമായ ഒരു സാഹസികതയ്ക്കായി ദൈവം തിരഞ്ഞെടുത്ത എൺപതുകളിലുള്ള രണ്ടു പേരെക്കുറിച്ചു നാം വായിക്കുന്നു. ഫറവോന്റെ അടുക്കൽ പോയി ദൈവജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവം മോശയെ വിളിച്ചു. പിന്തുണയ്ക്കായി ദൈവം മോശയുടെ മൂത്ത സഹോദരൻ അഹരോനെയും അയച്ചു. “അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു” (പുറപ്പാട് 7:7).

ഈ അഭ്യർത്ഥന ഏത് പ്രായത്തിലും ഭയങ്കരമായി തോന്നാം. എന്നാൽ ഈ കർത്തവ്യത്തിനായി ദൈവം ഈ സഹോദരങ്ങളെ തിരഞ്ഞെടുത്തു, അവർ അവന്റെ നിർദ്ദേശങ്ങൾ പാലിച്ചു. “അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു” (പുറപ്പാട് 7:10).

നാനൂറിലധികം വർഷത്തെ അടിമത്തത്തിൽ നിന്നു ദൈവം തന്റെ ജനത്തെ വിടുവിക്കുന്നതിനു സാക്ഷ്യം വഹിക്കാനുള്ള പദവി മോശയ്ക്കും അഹരോനും ലഭിച്ചു. ഏതു പ്രായത്തിലും അവനു നമ്മെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഈ മനുഷ്യർ തെളിയിക്കുന്നു. ചെറുപ്പക്കാരോ മുതിർന്നവരോ ആകട്ടെ, അവൻ നയിക്കുന്നയിടങ്ങളിലേക്കു നമുക്ക് അവനെ അനുഗമിക്കാം.