പഠനത്തിലെ നേട്ടത്തിനുള്ള മികവിന്റെ പുരസ്കാരങ്ങൾ ഒരു സ്കൂളിലെ മികച്ച വിദ്യാർത്ഥികൾ ഏറ്റുവാങ്ങിപ്പോൾ കരഘോഷം മുഴങ്ങി. പക്ഷേ പരിപാടി തീർന്നിരുന്നില്ല. അടുത്ത പുരസ്കാരം സ്കൂളിലെ “മികച്ചവർ” അല്ലെങ്കിലും മുമ്പത്തെ അവസ്ഥയിൽ നിന്നും മെച്ചപ്പെട്ട വിദ്യാർത്ഥികൾക്കുള്ളതായിരുന്നു. തോറ്റുകൊണ്ടിരിക്കുന്ന അവസ്ഥ മെച്ചപ്പെടുത്തുന്നതിനോ വിനാശകരമായ പെരുമാറ്റം നേരെയാക്കുന്നതിനോ മികച്ച ഹാജർ നിലനിർത്താൻ പ്രതിജ്ഞാബദ്ധരാകുന്നതിനോ അവർ കഠിനാധ്വാനം ചെയ്തു. അവരുടെ മുൻകാല പോരായ്മകളല്ല, മറിച്ച് ഒരു പുതിയ വഴിയിലൂടെയുള്ള അവരുടെ നടപ്പ് കണ്ട്, ഉയർന്ന പാതയിലേക്കുള്ള തങ്ങളുടെ മക്കളുടെ വഴിത്തിരിവിനെ അംഗീകരിച്ചുകൊണ്ട് അവരുടെ മാതാപിതാക്കൾ കരഘോഷം മുഴക്കിക്കൊണ്ട് അഭിമാനംകൊണ്ടു. ഹൃദയസ്പർശിയായ ഈ രംഗം നമ്മുടെ സ്വർഗീയ പിതാവു നമ്മെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു ചെറിയ ചിത്രം കാട്ടിത്തരുന്നു — നമ്മുടെ പഴയ ജീവിതത്തിൽ അല്ല, ഇപ്പോൾ ക്രിസ്തുവിൽ അവന്റെ മക്കളായി നമ്മെ കാണുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (യോഹന്നാൻ 1:12) എന്നു യോഹന്നാൻ എഴുതുന്നു.

എത്ര സ്നേഹനിർഭരമായ വീക്ഷണം! അതുകൊണ്ട്, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു” (എഫെസ്യർ 2:1) എന്നു പുതിയ വിശ്വാസികളെ പൗലൊസ് ഓർമ്മിപ്പിച്ചു. എന്നാൽ വാസ്തവത്തിൽ, “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (വാ. 10).

ഈ വിധത്തിൽ, പത്രൊസ് എഴുതുന്നു, നാം “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു . . . ഇപ്പോഴോ ദൈവത്തിന്റെ ജനം” (1 പത്രൊസ് 2:9-10). ദൈവത്തിന്റെ ദൃഷ്ടിയിൽ നമ്മുടെ പഴയ പാതയ്ക്കു നമ്മിൽ അവകാശവാദമില്ല. ദൈവം ചെയ്യുന്നതുപോലെ നമുക്കു നമ്മെത്തന്നെ കാണുകയും പുതുതായി നടക്കുകയും ചെയ്യാം.