
കുറ്റംചുമത്തപ്പെട്ടു, മോചിതനായി
“ഞാൻ അങ്ങനെ ചെയ്തിട്ടില്ല!” അത് ഒരു നുണയായിരുന്നു. ദൈവം എന്നെ തടയുന്നതുവരെ ഞാൻ അങ്ങനെ പറഞ്ഞു രക്ഷപ്പെട്ടു. ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ, ഒരു പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാദ്യസംഘത്തിന്റെ പുറകിൽ സ്പിറ്റ്ബോൾ (കടലാസ് ചുരുട്ടി ഉരുണ്ടരൂപത്തിലാക്കി ഒരു കുഴലിലൂടെ തുപ്പുന്ന വിനോദം) ഉപയോഗിച്ചു ശല്യം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഞാൻ. മുൻ നാവികനും അച്ചടക്കത്തിനു പേരുകേട്ടവനുമായിരുന്നു ഞങ്ങളുടെ ഡയറക്ടർ. എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. അതുകൊണ്ട് എന്റെ സംഘാഗംങ്ങൾ എന്നെയും പ്രതിചേർത്തപ്പോൾ, ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോടു നുണ പറഞ്ഞു. പിന്നീടു ഞാൻ എന്റെ പിതാവിനോടും നുണ പറഞ്ഞു. എന്നാൽ ഈ നുണ തുടരാൻ ദൈവം അനുവദിച്ചില്ല. അതിനെക്കുറിച്ചു ശക്തമായ കുറ്റബോധം അവൻ എനിക്കു നൽകി. ആഴ്ചകളോളം എതിർത്തതിനു ശേഷം ഞാൻ വഴങ്ങിക്കൊടുത്തു. ഞാൻ ദൈവത്തോടും എന്റെ പിതാവിനോടും ക്ഷമ ചോദിച്ചു. പിന്നീട്, ഞാൻ എന്റെ ഡയറക്ടറുടെ ഭവനത്തിൽ ചെന്നു കണ്ണീരോടെ തെറ്റ് ഏറ്റുപറഞ്ഞു. ഭാഗ്യവശാൽ, അദ്ദേഹം ദയയും ക്ഷമയും ഉള്ളവനായിരുന്നു.
ആ ഭാരം ഒഴിഞ്ഞപ്പോൾ അനുഭവപ്പെട്ട ശാന്തി ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ കുറ്റബോധത്തിന്റെ ഭാരത്തിൽ നിന്നു മോചിതനായിരിക്കുന്നു. ആഴ്ചകൾക്കു ശേഷം ഞാൻ ആദ്യമായി സന്തോഷം അനുഭവിച്ചു. തന്റെ ജീവിതത്തിലെ തെറ്റിനെക്കുറിച്ചുള്ള ബോധ്യത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഒരു കാലഘട്ടം ദാവീദ് വിവരിക്കുന്നുണ്ട്. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ . . . എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു” എന്നു അവൻ ദൈവത്തോടു പറയുന്നു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു” എന്നു അവൻ തുടരുന്നു (സങ്കീർത്തനങ്ങൾ 32:3-5).
സത്യസന്ധത ദൈവത്തിനു പ്രധാനമാണ്. നമ്മുടെ പാപങ്ങൾ അവനോട് ഏറ്റുപറയണമെന്നും നാം തെറ്റു ചെയ്തവരോടു ക്ഷമ ചോദിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. “നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു” എന്നു ദാവീദ് പ്രഖ്യാപിക്കുന്നു (വാ. 5). ദൈവത്തിന്റെ ക്ഷമയുടെ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നത് എത്രയോ നല്ലതാണ്!

പതാക വിഷയങ്ങളിൽ
ഇന്ത്യൻ ദേശീയ പതാകയുടെ യഥാർത്ഥ ഡിസൈനർ എന്ന ബഹുമതി അലങ്കരിക്കുന്നതു പിംഗളി വെങ്കയ്യയാണ്. ഒരു ദാർശനികനായിരുന്ന അദ്ദേഹം സ്വാതന്ത്ര്യം നേടുന്നതിനു വളരെ മുമ്പുതന്നെ ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമായി കാണുകയും ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പതാകയെക്കുറിച്ചു സ്വപ്നം കാണുകയും ചെയ്തു. പതാകയ്ക്കുള്ള 24 ഡിസൈനുകൾ പരിഗണനയ്ക്കായി വാഗ്ദാനം ചെയ്തുകൊണ്ട്, “എ നാഷണൽ ഫ്ലാഗ് ഫോർ ഇന്ത്യ” എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന്, വിജയവാഡയിൽ വെച്ചു മഹാത്മാഗാന്ധിയെ കണ്ട അദ്ദേഹം, സ്വാതന്ത്ര്യം ഒരു വിദൂരസ്വപ്നമായിരുന്നപ്പോൾ തന്നെ ദേശീയ പതാകയുടെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം മൂലം, 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വളരെ മുമ്പുതന്നെ ഗാന്ധിജി നിർദ്ദേശിച്ച ഏതാനും ഭേദഗതികളോടെ പതാകയ്ക്ക് അന്തിമരൂപം നൽകപ്പെട്ടു.
മറ്റൊരാളുടെ സ്ഥിരോത്സാഹത്തെക്കുറിച്ചു യേശു പറയുന്നുണ്ട്: ഒരു വിധവയുടെ. തനിക്കു ന്യായം പാലിച്ചുതരാൻ താൽപര്യം കാണിക്കാതിരുന്ന അനീതിയുള്ള ഒരു ന്യായാധിപനെക്കൊണ്ടു തന്റെ സ്ഥിരോത്സാഹത്താൽ ന്യായം നടത്തിയെടുത്ത ഒരു വിധവയുടെ ഉപമ ലൂക്കൊസ് 18:1-8-ൽ പറഞ്ഞിരിക്കുന്നു. തന്റെ ശിഷ്യന്മാർ താമസംവിനാ അനേകം പീഡകൾക്കു ഇരയാകേണ്ടി വരുമായിരുന്ന് യേശുവിന് അറിയാമായിരുന്നു. അവരെയാണ് ഈ ഉപമയിലെ വിധവ പ്രതിനിധീകരിക്കുന്നത് (വാ. 1). ന്യായാധിപന്റെ കാര്യത്തിൽ വിധവ ചെയ്തതുപോലെ, അത്തരം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ പ്രത്യാശ കൈവിടാതെ, മടുത്തുപോകാതെ, പ്രാർത്ഥിക്കാൻ ക്രിസ്തു അവരെ പ്രബോധിപ്പിച്ചു (വാ. 6). തീക്ഷ്ണവും നിരന്തരവുമായ പ്രാർഥനയും സ്ഥിരോത്സാഹവും ഉള്ളിടത്തു ദൈവത്തിന്റെ വിശ്വസ്തത നീതി ഉറപ്പാക്കും (വാ. 8).
പീഡയും അന്യായവും നമ്മുടെ ലോകത്തു ധാരാളമുണ്ട്. അക്രമം, വിദ്വേഷം, ദുർനടപടി എന്നിവയ്ക്കിടയിൽ, മടുത്തുപോകാതെ പ്രാർത്ഥനയിൽ തുടരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം സ്ഥിരതയോടെ നിൽക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ ന്യായാധിപൻ നമുക്കു നീതി നൽകുമെന്നു വാഗ്ദാനം ചെയ്യുന്നു. യേശു നമ്മെ പഠിപ്പിച്ചതുപോലെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” (മത്തായി 6:10) എന്നു നമുക്കു പ്രാർത്ഥിക്കാം. അവന്റെ മടങ്ങിവരവിൽ പ്രാർത്ഥനയിൽ വിശ്വസ്തരായി നാം കാണപ്പെടട്ടെ (ലൂക്കൊസ് 18:8).

ജയിലഴികൾക്കുള്ളിൽ
സ്പോർട്സ് സ്റ്റേഡിയം അല്ലാത്ത ഒരു വേദിയിലേക്ക് ഒരു പ്രശസ്ത കായികതാരം കടന്നുചെന്നു. ആ ജയിൽ കെട്ടിടത്തിലുള്ള മുന്നൂറു തടവുകാരോട് അവൻ യെശയ്യാവിൽ നിന്നുള്ള വചനം പങ്കുവെച്ചു.
എന്നിരുന്നാലും, ഈ നിമിഷം ഒരു പ്രശസ്ത കായികതാരത്തെക്കുറിച്ചുള്ളതായിരുന്നില്ല, മറിച്ച്, തകർന്നതും വേദനിപ്പിക്കുന്നതുമായ ആത്മാക്കളുടെ സാഗരത്തെക്കുറിച്ചായിരുന്നു. ഈ പ്രത്യേക സമയത്ത്, ദൈവം ജയിലഴികൾക്കു പിന്നിൽ പ്രത്യക്ഷപ്പെട്ടു. “ആരാധനയാലും സ്തുതികളാലും പ്രാർത്ഥനാമന്ദിരം മുഖരിതമായി തുടങ്ങി” എന്ന് ഒരു നിരീക്ഷകൻ ട്വീറ്റ് ചെയ്തു. പുരുഷന്മാർ ഒരുമിച്ചിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു. അവസാനം ഇരുപത്തിയേഴോളം അന്തേവാസികൾ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.
ഒരു തരത്തിൽ പറഞ്ഞാൽ, നാമെല്ലാവരും നമ്മുടെതായ സ്വന്തം തടവറകളിൽ—അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടെയും ആസക്തിയുടെയും ജയിലഴികളിൽ—കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അത്ഭുതകരമായി, ദൈവം വെളിപ്പെട്ടു. അന്നു രാവിലെ ആ തടവറയിൽ, പ്രധാന വാക്യം ഇതായിരുന്നു, “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ?” (യെശയ്യാവ് 43:19). “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ . . . നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” എന്നു ദൈവം പറയുന്നതിനാൽ “മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ” എന്നും “പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (വാ. 18) എന്നും ഈ വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.
എങ്കിലും ദൈവം വ്യക്തമാക്കുന്നു: “ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (വാ. 11). നമ്മുടെ ജീവിതം ക്രിസ്തുവിനു സമർപ്പിക്കുന്നതിലൂടെ മാത്രമാണു നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മിൽ ചിലരൊക്കെ അതു ചെയ്യേണ്ടതുണ്ട്; നമ്മിൽ വേറെ ചിലർ അതു ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതത്തിന്റെ കർത്താവ് യഥാർത്ഥത്തിൽ ആരാണെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിലൂടെ ദൈവം തീർച്ചയായും “പുതിയതൊന്നു” ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനാൽ, എന്തായിരിക്കും ഉത്ഭവിക്കുക എന്നു നമുക്കു നോക്കാം!

സ്വാഗതമരുളുന്ന ചവിട്ടുമെത്ത
പട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചവിട്ടുമെത്തകൾ നോക്കിക്കൊണ്ടിരിക്കവേ, അവയുടെ പ്രതലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു. “ഹലോ!” “ഹോം” എന്നീ വാക്കുകളും അവയുടെ “ഓ” എന്ന അക്ഷരത്തിനു പകരം ഹൃദയത്തിന്റെ ചിഹ്നവും കൊടുത്തിരിക്കുന്നു. സാധാരണ കണ്ടുവരാറുള്ള “സ്വാഗതം” എന്നെഴുതിയ ചവിട്ടുമെത്ത ഞാൻ തിരഞ്ഞെടുത്തു. വീടിന്റെ വാതിൽ പടിയിൽ അതിട്ടുകൊണ്ടു ഞാൻ എന്റെ ഹൃദയം പരിശോധിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ ഭവനം ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? ദുരിതത്തിലോ കുടുംബ കലഹത്തിലോ അകപ്പെട്ട ഒരു കുട്ടിയെ? ആവശ്യത്തിലിരിക്കുന്ന ഒരു അയൽക്കാരനെ? നഗരത്തിനു പുറത്തുനിന്നു വന്നു പെട്ടെന്നു വിളിച്ച ഒരു കുടുംബാംഗത്തെ?
മര്‍ക്കൊസ് 9-ൽ, തന്റെ വിശുദ്ധ സാന്നിധ്യത്തിൽ പത്രൊസും യാക്കോബും യോഹന്നാനും ഭയഭക്തിയോടെ നിലകൊണ്ട മറുരൂപ മലയിൽ നിന്ന് (വാ. 1-13) പ്രത്യാശ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുരാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്താൻ (വാ. 14-29) യേശു ഇറങ്ങിവരുന്നു. അതേത്തുടർന്ന്, ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാർക്കു സ്വകാര്യ പാഠങ്ങൾ പറഞ്ഞുകൊടുത്തു (വാ. 30-32). അവർക്ക് അവന്റെ ആശയം തീരെ മനസ്സിലാക്കാൻ കഴിയാതെ പോയി (വാ. 33-34). അതിനോടു പ്രതികരിച്ചുകൊണ്ട്, യേശു ഒരു ശിശുവിനെ മടിയിലിരുത്തി പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” (വാ. 37). ഇവിടെ സ്വാഗതം എന്ന വാക്കിന്റെ അർത്ഥം അതിഥിയായി സ്വീകരിക്കുക, കൈക്കൊള്ളുക എന്നാണ്. അവനെ എപ്രകാരം സ്വാഗതം ചെയ്യുമോ അതുപോലെ അവഗണിക്കപ്പെടുന്നവരെയും അസൗകര്യമായി കരുതപ്പെടുന്നവരെയും ഉൾപ്പെടെ ഏവരെയും തന്റെ ശിഷ്യന്മാർ സ്വാഗതം ചെയ്യണമെന്നു യേശു ആഗ്രഹിക്കുന്നു.
സ്വാഗതമരുളുന്ന എന്റെ ചവുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അവന്റെ സ്നേഹം ഞാൻ എപ്രകാരം മറ്റുള്ളവരിലേക്കു പകരുമെന്നതിനെക്കുറിച്ചു ഞാൻ വിചിന്തനം നടത്തി. യേശുവിനെ ഒരു അമൂല്യ അതിഥിയായി സ്വാഗതം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. അവൻ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സ്വാഗതം ചെയ്തുകൊണ്ട് എന്നെ നയിക്കാൻ ഞാൻ അവനെ അനുവദിക്കുമോ?

വജ്രനിർമ്മിത പേപ്പർ വെയ്റ്റ്
ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമായി “ജേക്കബ് ഡയമണ്ട്” കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലെ അവസാന നിസാം തന്റെ പരേതനായ പിതാവിന്റെ ചെരുപ്പിൽ കണ്ടെത്തുന്നതുവരെ നിറമില്ലാത്ത ഈ വജ്രം വർഷങ്ങളോളം ഓർമ്മകളിൽ നിന്നു മറഞ്ഞുകിടന്നതായി പറയപ്പെടുന്നു. വിചിത്രമെന്നു പറയട്ടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 108 കോടി രൂപയ്ക്ക് ആ അപൂർവ നിധി സ്വന്തമാക്കുന്നതുവരെ നിസാം വർഷങ്ങളോളം അതൊരു പേപ്പർ വെയ്റ്റായി ഉപയോഗിച്ചുകൊണ്ടിരുന്നു. നിസാമിന്റെ പിതാവു തന്റെ ചെരുപ്പിൽ ഉപേക്ഷിച്ച വജ്രത്തിലൂടെ നിസാമിന്റെ ജീവിതം കൂടുതൽ സമ്പന്നമായിത്തീർത്തു.
അപ്പൊസ്തലനായ പൗലൊസ് യേശുവിലേക്ക്—നമ്മുടെ പിതാവായ ദൈവം അവർക്കു നൽകിയ ഏറ്റവും വിലപ്പെട്ട നിധിയിലേക്ക് (വാ. 4) — കൊരിന്ത്യ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ ആത്മാവിലൂടെ അവനോട് അവർക്കുണ്ടായിരുന്ന കൂട്ടായ്മ നിമിത്തം കൊരിന്ത്യർ “സമ്പന്നരായിത്തീർന്നു” എന്നു പൗലൊസ് എഴുതുന്നു (വാ. 5-9). ക്രിസ്തുവെന്ന ഈ അമൂല്യ ദാനത്തെ വിലമതിക്കാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. അവനുള്ളപ്പോൾ അവർക്കു യാതൊന്നിനും കുറവുണ്ടായിരിക്കുകയില്ല എന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു. ഇതുകൂടാതെ, ദൈവം അവർക്കു നൽകിയ നിരവധിയായ “ആത്മികവരങ്ങളെ” കണക്കിലെടുക്കാനും പൗലൊസ് സഭയെ പ്രേരിപ്പിക്കുന്നു (വാ. 5-7). ക്രിസ്തുവെന്ന ഈ നിധി കാത്തുസൂക്ഷിക്കുമ്പോൾ, അവൻ മടങ്ങിവരുന്ന നാൾവരെ അനിന്ദ്യരായി തുടരാൻ അത് സഭയെ സഹായിക്കുമെന്ന് പൗലൊസ് വിശ്വസിച്ചു.
ജീവിതത്തോടു നമുക്ക് അതൃപ്തി തോന്നുമ്പോൾ, പ്രത്യേകിച്ചും നമുക്കു കുറവുള്ള കാര്യങ്ങളെക്കുറിച്ചു പിറുപിറുക്കുമ്പോൾ, യേശു നമുക്കുള്ളതിനാൽ നാം ആന്തരികമായി സമ്പന്നരാണെന്ന് ഓർക്കുക. നഷ്ടം, സാമ്പത്തിക പ്രതിസന്ധി, ഗാർഹിക ക്ലേശം അല്ലെങ്കിൽ മറ്റേതെങ്കിലും തരം പ്രക്ഷുബ്ധതയുടെ കാലഘട്ടങ്ങളിൽ, നമ്മുടെ പിതാവിനാൽ നാമും എല്ലാ വിധത്തിലും യഥാർത്ഥത്തിൽ “സമ്പന്നരായിരിക്കുന്നു” എന്ന് ഓർക്കാം. പരിശുദ്ധാത്മാവിന്റെ നിത്യസാന്നിധ്യത്താൽ അവൻ ക്രിസ്തുവെന്ന നിധി നമ്മിൽ നിക്ഷേപിച്ചിരിക്കുന്നു (2 കൊരിന്ത്യർ 1:22).