
മരുപ്രദേശങ്ങൾ
ഞാൻ ഒരു യുവ വിശ്വാസിയായിരുന്നപ്പോൾ, “പർവതമുകൾ” അനുഭവങ്ങളിലായിരിക്കും ഞാൻ യേശുവിനെ കണ്ടുമുട്ടുക എന്നു ഞാൻ കരുതി. എന്നാൽ ആ ഉയരങ്ങൾ അപൂർവ്വമായി മാത്രമേ നീണ്ടുനിൽക്കുകയും വളർച്ചയിലേക്കു നയിക്കുകയും ചെയ്യുകയുള്ളു. മരുഭൂമിയിലാണു നാം ദൈവത്തെ കണ്ടുമുട്ടുകയും വളരുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരി ലിന അബുജംറ പറയുന്നു. “നമ്മുടെ ജീവിതത്തിലെ മരുപ്രദേശങ്ങൾ നമ്മെ ശക്തരാക്കുന്നതിന് ഉപയോഗിക്കുക എന്നതാണു ദൈവത്തിന്റെ ലക്ഷ്യം” എന്ന് മരുഭൂമിയിലൂടെ എന്ന വേദപുസ്തക പഠനത്തിൽ അവർ എഴുതുന്നു. “നിങ്ങളുടെ വേദനയുടെ നടുവിൽ ലഭിക്കുന്നതാണ് ദൈവത്തിന്റെ കൃപ. വേദനയുടെ അഭാവത്താൽ തെളിയിക്കപ്പെടേണ്ടതല്ല ആ കൃപ” എന്ന് അവർ തുടരുന്നു.
വ്യസനം, വിയോഗം, വേദന എന്നിവയുടെ കഠിനമായ ഇടങ്ങളിലാണ് നമ്മുടെ വിശ്വാസത്തിൽ വളരാനും അവനോടു കൂടുതൽ അടുക്കാനും ദൈവം നമ്മെ സഹായിക്കുന്നത്. ലിന മനസ്സിലാക്കിയതുപോലെ, “ദൈവത്തിന്റെ പദ്ധതിയിലെ ഒരു നോട്ടപ്പിശകല്ല മരുഭൂമി, മറിച്ചു [നമ്മുടെ] വളർച്ചാ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണത്.”
പഴയനിയമത്തിലെ അനേകം ഗോത്രപിതാക്കന്മാരെ ദൈവം മരുഭൂമിയിലേക്കു നയിക്കുകയുണ്ടായി. അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും മരുഭൂമിയിലെ അനുഭവങ്ങൾ ഉണ്ടായിരുന്നു. മരുഭൂമിയിൽ വച്ചാണു ദൈവം മോശെയുടെ ഹൃദയം ഒരുക്കിയെടുത്തുകൊണ്ടു തന്റെ ജനത്തെ അടിമത്തത്തിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവരാൻ അവനെ വിളിച്ചത് (പുറപ്പാട് 3:1-2, 9-10). മരുഭൂമിയിൽ വച്ചാണു ദൈവം തന്റെ സഹായം പ്രദാനം ചെയ്തും മാർഗനിർദേശം നൽകിയും നാൽപ്പതു വർഷത്തോളം യിസ്രായേൽമക്കളുടെ യാത്രയെ കരുതലോടെ കാത്തത് (ആവർത്തനപുസ്തകം 2:7).
മരുഭൂമിയിലൂടെയുള്ള അവരുടെ ഓരോ ചുവടുവയ്പ്പിലും ദൈവം മോശയോടും യിസ്രായേൽ ജനത്തോടുമൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെയും എന്റെയും ചുവടു വയ്പ്പിലും അവൻ നമ്മോടൊപ്പമുണ്ട്. മരുഭൂമിയിൽ നാം ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുന്നു. അവിടെ അവൻ നമ്മെ കണ്ടുമുട്ടുന്നു — അവിടെവച്ചു നാം വളരുന്നു.

ബഹിരാകാശ മത്സരം
1955 ജൂൺ 29 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. താമസിയാതെ, സോവിയറ്റ് യൂണിയനും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ബഹിരാകാശ മത്സരം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം (സ്പുട്നിക്) വിക്ഷേപിച്ചുകൊണ്ടു ആദ്യത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും യൂറി ഗഗാറിൻ നമ്മുടെ ഗ്രഹത്തെ ഒരു പ്രാവശ്യം വലം വയ്ക്കുകയും ചെയ്തു. 1969 ജൂലൈ 20-നു ചന്ദ്രോപരിതലത്തിൽ നീൽ ആംസ്ട്രോങ്ങ് നടത്തിയ “മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിലൂടെ” അനൗദ്യോഗികമായി മത്സരം അവസാനിപ്പിക്കുന്നതു വരെ മത്സരം തുടർന്നുകൊണ്ടിരുന്നു. സഹകരണത്തിന്റെ ഒരു കാലഘട്ടം ഉടൻ ഉദിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിലേക്ക് അതു നയിച്ചു.
ചിലപ്പോഴൊക്കെ മത്സരം ആരോഗ്യകരമാകാം. നമ്മൾ ശ്രമിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അത്തരം മത്സരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ, മത്സരം വിനാശകരമാണ്. കൊരിന്തിലെ സഭയിൽ ഇത് ഒരു പ്രശ്നമായിരുന്നു. വിവിധ സംഘങ്ങൾ വിവിധ സഭാ നേതാക്കളെ തങ്ങളുടെ പ്രത്യാശാകിരണങ്ങളായി കണ്ടുകൊണ്ട് അവരോടു പറ്റിച്ചേർന്നു നിന്നു. “ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” (1 കൊരിന്ത്യർ 3:7) എന്ന് എഴുതിക്കൊണ്ടു പൗലൊസ് അതിനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ” (വാ. 9) എന്നു പറഞ്ഞു അവൻ ഉപസംഹരിച്ചു.
കൂട്ടുവേലക്കാർ അത്രേ — എതിരാളികളല്ല. അന്യോന്യം മാത്രമല്ല, ദൈവത്തോടും! അവന്റെ ശക്തിപ്പെടുത്തലിലൂടെയും അവന്റെ നടത്തിപ്പിലൂടെയും, നമ്മുടെ മഹത്വത്തിനല്ല, അവന്റെ മഹത്വത്തിനായി യേശുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടുവേലക്കാരായി നമുക്ക് ഒരുമിച്ചു ശുശ്രൂഷിക്കാം.

പുതുതായ നടപ്പ്
പഠനത്തിലെ നേട്ടത്തിനുള്ള മികവിന്റെ പുരസ്കാരങ്ങൾ ഒരു സ്കൂളിലെ മികച്ച വിദ്യാർത്ഥികൾ ഏറ്റുവാങ്ങിപ്പോൾ കരഘോഷം മുഴങ്ങി. പക്ഷേ പരിപാടി തീർന്നിരുന്നില്ല. അടുത്ത പുരസ്കാരം സ്കൂളിലെ “മികച്ചവർ” അല്ലെങ്കിലും മുമ്പത്തെ അവസ്ഥയിൽ നിന്നും മെച്ചപ്പെട്ട വിദ്യാർത്ഥികൾക്കുള്ളതായിരുന്നു. തോറ്റുകൊണ്ടിരിക്കുന്ന അവസ്ഥ മെച്ചപ്പെടുത്തുന്നതിനോ വിനാശകരമായ പെരുമാറ്റം നേരെയാക്കുന്നതിനോ മികച്ച ഹാജർ നിലനിർത്താൻ പ്രതിജ്ഞാബദ്ധരാകുന്നതിനോ അവർ കഠിനാധ്വാനം ചെയ്തു. അവരുടെ മുൻകാല പോരായ്മകളല്ല, മറിച്ച് ഒരു പുതിയ വഴിയിലൂടെയുള്ള അവരുടെ നടപ്പ് കണ്ട്, ഉയർന്ന പാതയിലേക്കുള്ള തങ്ങളുടെ മക്കളുടെ വഴിത്തിരിവിനെ അംഗീകരിച്ചുകൊണ്ട് അവരുടെ മാതാപിതാക്കൾ കരഘോഷം മുഴക്കിക്കൊണ്ട് അഭിമാനംകൊണ്ടു. ഹൃദയസ്പർശിയായ ഈ രംഗം നമ്മുടെ സ്വർഗീയ പിതാവു നമ്മെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു ചെറിയ ചിത്രം കാട്ടിത്തരുന്നു — നമ്മുടെ പഴയ ജീവിതത്തിൽ അല്ല, ഇപ്പോൾ ക്രിസ്തുവിൽ അവന്റെ മക്കളായി നമ്മെ കാണുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (യോഹന്നാൻ 1:12) എന്നു യോഹന്നാൻ എഴുതുന്നു.
എത്ര സ്നേഹനിർഭരമായ വീക്ഷണം! അതുകൊണ്ട്, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു” (എഫെസ്യർ 2:1) എന്നു പുതിയ വിശ്വാസികളെ പൗലൊസ് ഓർമ്മിപ്പിച്ചു. എന്നാൽ വാസ്തവത്തിൽ, “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (വാ. 10).
ഈ വിധത്തിൽ, പത്രൊസ് എഴുതുന്നു, നാം “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു . . . ഇപ്പോഴോ ദൈവത്തിന്റെ ജനം” (1 പത്രൊസ് 2:9-10). ദൈവത്തിന്റെ ദൃഷ്ടിയിൽ നമ്മുടെ പഴയ പാതയ്ക്കു നമ്മിൽ അവകാശവാദമില്ല. ദൈവം ചെയ്യുന്നതുപോലെ നമുക്കു നമ്മെത്തന്നെ കാണുകയും പുതുതായി നടക്കുകയും ചെയ്യാം.

ഒരു അനുതാപ ഹൃദയം
എന്റെ ഒരു സുഹൃത്തു തന്റെ വിവാഹ വാഗ്ദാനങ്ങൾ ലംഘിക്കുയുണ്ടായി. അവൻ തന്റെ കുടുംബം നശിപ്പിക്കുന്നതു കാണുക വേദനാജനകമായിരുന്നു. ഭാര്യയുമായി അനുരഞ്ജനത്തിനു ശ്രമിച്ചപ്പോൾ അവൻ എന്റെ ഉപദേശം തേടി. വാക്കുകൾക്ക് അപ്പുറമുള്ള പരിശ്രമം നടത്തണമെന്നു ഞാൻ അവനോടു പറഞ്ഞു; തന്റെ ഭാര്യയെ സ്നേഹിക്കുന്നതിലും പാപത്തിന്റെ ഏതെങ്കിലും സാധ്യതകൾ നീക്കം ചെയ്യുന്നതിലും അയാൾ സജീവമായി പ്രവർത്തിക്കേണ്ടിയിരുന്നു.
ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചുകൊണ്ടു മറ്റു ദൈവങ്ങളെ പിന്തുടർന്നവർക്ക് സമാനമായ ഒരു ഉപദേശം യിരെമ്യാ പ്രവാചകൻ നൽകി. അവനിലേക്കു മടങ്ങുക എന്നതു പര്യാപ്തമായിരുന്നില്ല (യിരെമ്യാവ് 4:1). എന്നാൽ അതൊരു ശരിയായ തുടക്കമായിരുന്നു. അവർ പറയുന്ന കാര്യങ്ങളുമായി തങ്ങളുടെ പ്രവർത്തനങ്ങളെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. “മ്ലേച്ഛവിഗ്രഹങ്ങളെ ” (വാ. 1) നീക്കം ചെയ്യുക എന്നതായിരുന്നു അതിനർത്ഥം. അവർ “പരമാർത്ഥമായും ന്യായമായും നീതിയായും” പ്രതിജ്ഞാബദ്ധത പാലിച്ചാൽ, ദൈവം ജാതികളെ അനുഗ്രഹിക്കുമെന്നു യിരെമ്യാവ് പറഞ്ഞു (വാ. 2). ജനങ്ങൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതായിരുന്നു പ്രശ്നം. അവർ പൂർണ്ണ ഹൃദയത്തോടെയല്ല അതു ചെയ്തിരുന്നത്.
വെറും വാക്കുകളല്ല ദൈവത്തിനു വേണ്ടത്; അവനു നമ്മുടെ ഹൃദയമാണ് വേണ്ടത്. യേശു പറഞ്ഞതുപോലെ, “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്” (മത്തായി 12:34). അതുകൊണ്ടാണ്, മുള്ളുകൾക്കിടയിൽ വിതയ്ക്കാതെ, ഉഴുതുമറിക്കാത്ത നിലങ്ങളായ തങ്ങളുടെ ഹൃദയത്തെ ഉടച്ചുകളയാനായി കേൾക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ യിരെമ്യാവ് ശ്രമിച്ചത്.
ദുഃഖകരമെന്നു പറയട്ടെ, പല വ്യക്തികളെയും പോലെ, എന്റെ സുഹൃത്തും ശരിയായ വേദപുസ്തകം ഉപദേശം ശ്രദ്ധിച്ചില്ല. തൽഫലമായി അവനു തന്റെ ദാമ്പത്യബന്ധം നഷ്ടമായി. നാം പാപം ചെയ്യുമ്പോൾ, ഏറ്റുപറഞ്ഞ് അതിൽ നിന്നു പിന്തിരിയണം. പൊള്ളയായ വാഗ്ദാനങ്ങൾ ദൈവം ആഗ്രഹിക്കുന്നില്ല; അവനുമായി യഥാർത്ഥത്തിൽ യോജിച്ച ഒരു ജീവിതം അവൻ ആഗ്രഹിക്കുന്നു.

അതു ദൈവത്തിന്റെ തളികയിൽ വയ്ക്കുക
ഒരമ്മ വർഷങ്ങളോളം, തന്റെ മുതിർന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനും കൗൺസിലിംഗും മികച്ച മരുന്നുകളും കണ്ടെത്താനും അവളെ സഹായിച്ചു. മകളുടെ അങ്ങേയറ്റത്തെ ഉയർച്ചകളും ആഴത്തിലുള്ള താഴ്ചകളും ആ അമ്മയുടെ ഹൃദയത്തെ ദിവസം തോറും ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും സങ്കടത്താൽ തളർന്നു പോകുമ്പോൾ, സ്വന്തം കാര്യത്തിൽ കരുതൽ കാണിക്കേണ്ടതുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ ആകുലതകളും അവൾക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളും ചെറിയ കടലാസുകളിൽ എഴുതി അവളുടെ കിടക്കയുടെ അരികിലുള്ള “ദൈവത്തിന്റെ തളികയിൽ” വയ്ക്കാൻ ഒരു സുഹൃത്ത് ഒരിക്കൽ നിർദ്ദേശിച്ചു. ഈ ലളിതമായ പ്രവൃത്തിക്ക് അവളുടെ സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തളിക കാണുമ്പോഴെല്ലാം ആ ആശങ്കകൾ അവളുടെ പക്കലല്ല, ദൈവത്തിന്റെ തളികയിലാണ് എന്ന് അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
ഒരു വിധത്തിൽ പറഞ്ഞാൽ, തന്റെ വൈഷമ്യങ്ങൾ അക്കമിട്ടു നിരത്തി ദൈവത്തിന്റെ തളികയിൽ വയ്ക്കുന്നതായിരുന്നു ദാവീദിന്റെ പല സങ്കീർത്തനങ്ങളും (സങ്കീർത്തനങ്ങൾ 55:1, 16-17). തന്റെ മകൻ അബ്ശാലോമിന്റെ അട്ടിമറി ശ്രമം വിവരിക്കുന്നതാണ് ഈ സങ്കീർത്തനമെങ്കിൽ, ദാവീദിന്റെ “അടുത്ത സുഹൃത്ത്” അഹീഥോഫെൽ വാസ്തവത്തിൽ അവനെ ഒറ്റിക്കൊടുത്ത്, അവനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു (2 ശമൂവേൽ 15-16). അതുകൊണ്ടു ദാവീദ് “വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു ” കരയുകയും ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 55:1-2, 16-17). അവൻ “[തന്റെ] ഭാരം യഹോവയുടെമേൽ” വച്ചുകൊണ്ടു ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ തീരുമാനിച്ചു (വാ. 22).
ആശങ്കകളും ഭയങ്ങളും നമ്മെ ഏവരെയും ബാധിക്കാറുണ്ടെന്നു നമുക്ക് ആധികാരികമായി തന്നെ അംഗീകരിക്കാവുന്നതാണ്. ദാവീദിന്റെ പോലുള്ള ചിന്തകൾ നമുക്കുമുണ്ടായേക്കാം: “പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6). ദൈവം സമീപസ്ഥനാണ്. സാഹചര്യങ്ങൾ മാറ്റാനുള്ള ശക്തി അവനു മാത്രമേയുള്ളൂ. ഭാരങ്ങളെല്ലാം അവന്റെ തളികയിൽ വയ്ക്കുക.