
വജ്രനിർമ്മിത പേപ്പർ വെയ്റ്റ്
ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമായി “ജേക്കബ് ഡയമണ്ട്” കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലെ അവസാന നിസാം തന്റെ പരേതനായ പിതാവിന്റെ ചെരുപ്പിൽ കണ്ടെത്തുന്നതുവരെ നിറമില്ലാത്ത ഈ വജ്രം വർഷങ്ങളോളം ഓർമ്മകളിൽ നിന്നു മറഞ്ഞുകിടന്നതായി പറയപ്പെടുന്നു. വിചിത്രമെന്നു പറയട്ടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 108 കോടി രൂപയ്ക്ക് ആ അപൂർവ നിധി സ്വന്തമാക്കുന്നതുവരെ നിസാം വർഷങ്ങളോളം അതൊരു പേപ്പർ വെയ്റ്റായി ഉപയോഗിച്ചുകൊണ്ടിരുന്നു. നിസാമിന്റെ പിതാവു തന്റെ ചെരുപ്പിൽ ഉപേക്ഷിച്ച വജ്രത്തിലൂടെ നിസാമിന്റെ ജീവിതം കൂടുതൽ സമ്പന്നമായിത്തീർത്തു.
അപ്പൊസ്തലനായ പൗലൊസ് യേശുവിലേക്ക്—നമ്മുടെ പിതാവായ ദൈവം അവർക്കു നൽകിയ ഏറ്റവും വിലപ്പെട്ട നിധിയിലേക്ക് (വാ. 4) — കൊരിന്ത്യ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ ആത്മാവിലൂടെ അവനോട് അവർക്കുണ്ടായിരുന്ന കൂട്ടായ്മ നിമിത്തം കൊരിന്ത്യർ “സമ്പന്നരായിത്തീർന്നു” എന്നു പൗലൊസ് എഴുതുന്നു (വാ. 5-9). ക്രിസ്തുവെന്ന ഈ അമൂല്യ ദാനത്തെ വിലമതിക്കാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. അവനുള്ളപ്പോൾ അവർക്കു യാതൊന്നിനും കുറവുണ്ടായിരിക്കുകയില്ല എന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു. ഇതുകൂടാതെ, ദൈവം അവർക്കു നൽകിയ നിരവധിയായ “ആത്മികവരങ്ങളെ” കണക്കിലെടുക്കാനും പൗലൊസ് സഭയെ പ്രേരിപ്പിക്കുന്നു (വാ. 5-7). ക്രിസ്തുവെന്ന ഈ നിധി കാത്തുസൂക്ഷിക്കുമ്പോൾ, അവൻ മടങ്ങിവരുന്ന നാൾവരെ അനിന്ദ്യരായി തുടരാൻ അത് സഭയെ സഹായിക്കുമെന്ന് പൗലൊസ് വിശ്വസിച്ചു.
ജീവിതത്തോടു നമുക്ക് അതൃപ്തി തോന്നുമ്പോൾ, പ്രത്യേകിച്ചും നമുക്കു കുറവുള്ള കാര്യങ്ങളെക്കുറിച്ചു പിറുപിറുക്കുമ്പോൾ, യേശു നമുക്കുള്ളതിനാൽ നാം ആന്തരികമായി സമ്പന്നരാണെന്ന് ഓർക്കുക. നഷ്ടം, സാമ്പത്തിക പ്രതിസന്ധി, ഗാർഹിക ക്ലേശം അല്ലെങ്കിൽ മറ്റേതെങ്കിലും തരം പ്രക്ഷുബ്ധതയുടെ കാലഘട്ടങ്ങളിൽ, നമ്മുടെ പിതാവിനാൽ നാമും എല്ലാ വിധത്തിലും യഥാർത്ഥത്തിൽ “സമ്പന്നരായിരിക്കുന്നു” എന്ന് ഓർക്കാം. പരിശുദ്ധാത്മാവിന്റെ നിത്യസാന്നിധ്യത്താൽ അവൻ ക്രിസ്തുവെന്ന നിധി നമ്മിൽ നിക്ഷേപിച്ചിരിക്കുന്നു (2 കൊരിന്ത്യർ 1:22).

ദൈവത്തെ മുറുകെപ്പിടിക്കുക
അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി. [ 2 ശമൂവേൽ 23:10 ]
ദൈവത്തെ മുറുകെപ്പിടിക്കുക
ജോനി എറിക്സൺ ടാഡ തന്റെ സുഹൃത്തായ റിക്കയെക്കുറിച്ചു പറയുമ്പോൾ, “ആഴമേറിയതും സമയത്തെ അതിജീവിച്ചതുമായ അവളുടെ ദൈവവിശ്വാസത്തെയും” ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗാവസ്ഥയിൽ ജീവിക്കുമ്പോൾ അവൾ വളർത്തിയെടുത്ത ആത്മീയ സ്ഥരിതയെയും എടുത്തുകാണിക്കുന്നു. നീണ്ട പതിനഞ്ചു വർഷത്തിലേറെയായി, തന്റെ മുറിയിലെ ചെറിയ ജനാലയിലൂടെ ചന്ദ്രനെ കാണാൻ പോലും കഴിയാതെവണ്ണം റിക്ക കിടപ്പിലാണ്. പക്ഷേ അവൾക്കു പ്രത്യാശ നഷ്ടപ്പെട്ടില്ല; അവൾ ദൈവത്തിൽ ആശ്രയിക്കുന്നു, വേദപുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. ജോനി വിവരിക്കുന്നതുപോലെ, “അധൈര്യപ്പെടുത്തിലിന് എതിരെയുള്ള കടുത്ത പോരാട്ടങ്ങളിൽ എങ്ങനെ ഉറച്ചുനിൽക്കണമെന്ന് അവൾക്കറിയാം.”
റിക്കയുടെ മുറുകെപ്പിടുത്തത്തെയും സ്ഥിരോത്സാഹത്തെയും ഫെലിസ്ത്യരിൽ നിന്നു ഓടിപ്പോകാൻ വിസമ്മതിച്ച ദാവീദ് രാജാവിന്റെ കാലത്തെ സൈനികനായിരുന്ന എലെയാസാറിന്റേതിനോടു ജോനി ഉപമിക്കുന്നു. ഓടിയൊളിച്ച സൈന്യത്തോടൊപ്പം ചേരുന്നതിനുപകരം, “അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി” (2 ശമൂവേൽ 23:10). ദൈവത്തിന്റെ ശക്തിയാൽ, “അന്നു യഹോവ വലിയോരു ജയം നല്കി” (വാ. 10). ജോനി നിരീക്ഷിക്കുന്നതുപോലെ, എലെയാസർ ദൃഢനിശ്ചയത്തോടെ വാൾ മുറുകെപ്പിടിച്ചതുപോലെ, “ദൈവവചനം എന്ന ആത്മാവിന്റെ വാൾ” (എഫെസ്യർ 6:17) റിക്കയും മുറുകെപ്പിടിക്കുന്നു. അവിടെ, ദൈവത്തിൽ അവൾ അവളുടെ ശക്തി കണ്ടെത്തുന്നു.
മികച്ച ആരോഗ്യത്തിലാകട്ടെ, വിട്ടുമാറാത്ത രോഗാവസ്ഥയിൽ അധൈര്യത്തോടു പോരാടുമ്പോഴാകട്ടെ, നമ്മുടെ പ്രത്യാശയുടെ കലവറ വർദ്ധിപ്പിക്കാനും ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനും നമുക്കും ദൈവത്തിങ്കലേക്കു നോക്കാം. ക്രിസ്തുവിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. എമി ബോഷർ പൈ
മുറുകെപ്പിടുത്തത്തിന്റെയും സഹനശക്തിയുടെയും എന്തൊക്കെ
ഉദാഹരണങ്ങളാണു നിങ്ങൾ കണ്ടിട്ടുള്ളത്? നിങ്ങൾ തളർന്നു പോകുകയും ഞെരുക്കം അനുഭവിക്കുകയും ചെയ്യുമ്പോൾ എപ്രകാരമാണ് ദൈവം
നിങ്ങളെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും ചെയ്യുന്നത്?
എല്ലാ ശക്തിയുടെയും ദൈവമേ, എന്നെ സ്നേഹിക്കുന്നതിനും
സഹിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നതിനും നന്ദി. അങ്ങയിൽ
ആശ്രയിച്ച് അങ്ങയെ സ്നേഹിച്ചു മുന്നോട്ടുപോകേണ്ടതിനായി അങ്ങയിൽ
ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കേണമേ.

സ്നേഹം പ്രവൃത്തിയിൽ
നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്. [ എബ്രായർ 13:16 ]
സ്നേഹം പ്രവൃത്തിയിൽ
ഒരു മാതാവ് തന്റെ മകളുമൊത്ത് അഞ്ചു വർഷത്തിലേറെയായി പ്രായമേറിയ ഒരു വ്യക്തിയുടെ അടുത്ത വീട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം, അവളുടെ ക്ഷേമത്തിൽ ഉത്കണ്ഠയോടെ, അയൽവാസി അവളുടെ വാതിലിൽ മുട്ടിവിളിച്ചു. “ഒരാഴ്ചയായി ഞാൻ നിങ്ങളെ കണ്ടിട്ട്,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിക്കാൻ വന്നതാണു ഞാൻ.” അദ്ദേഹത്തിന്റെ “ക്ഷേമാന്വേഷണം” അവളെ ധൈര്യപ്പെടുത്തി. ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, തന്നെയും കുടുംബത്തെയും കുറിച്ചു കരുതലുള്ള ദയാലുവായ ആ മനുഷ്യനെ അവൾ വിലമതിച്ചു.
സൗജന്യമായി നൽകാനും സ്വീകരിക്കുമ്പോൾ വിലമതിക്കാനുമാകാത്ത ദയ എന്ന ദാനം ഉപയോഗിച്ചുകൊണ്ടു കേവലം നല്ല പെരുമാറ്റം എന്നതിനപ്പുറത്തേക്കു പോകുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടുകൊണ്ടു നാം മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. യേശുവിൽ വിശ്വസിക്കുന്നവർ “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കണം” (എബ്രായർ 13:15) എന്ന് എബ്രായ ലേഖകൻ പറയുന്നു. തുടർന്ന്, “നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” (വാ. 16) എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വിശ്വാസം നിലനിർത്താൻ എഴുത്തുകാരൻ അവരെ ചുമതലപ്പെടുത്തി.
യേശുവിന്റെ നാമം പ്രസ്താവിച്ചുകൊണ്ട് അവനെ ആരാധിക്കുന്നത് ആനന്ദവും പദവിയുമാണ്. എന്നാൽ യേശുവിനെപ്പോലെ സ്നേഹിക്കുമ്പോഴാണ് നാം ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത്. അവസരങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാനും നമ്മുടെ കുടുംബത്തിനകത്തും പുറത്തുമുള്ളവരെ നന്നായി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനും നമുക്കു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഇത്തരം ശുശ്രൂഷാ നിമിഷങ്ങൾ മുഖാന്തരം, പ്രവൃത്തിയിലുള്ള സ്നേഹത്തിന്റെ ശക്തമായ സന്ദേശത്തിലൂടെ നമുക്ക് യേശുവിനെ പങ്കുവെക്കാൻ കഴിയും. സോചിൽ ഡിക്സൺ
യേശുവിന്റെ സ്നേഹം ലളിതവും പ്രായോഗികവുമായ രീതിയിൽ
മറ്റൊരാളുമായി എങ്ങനെ പങ്കുവെക്കാനാകും? ദയയോടുകൂടിയ നിങ്ങളുടെ
ചിന്തകൾ മനഃപൂർവ്വമായി സ്ഥിരതയോടെ പ്രവർത്തനങ്ങളിൽ
ഉൾപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ പറയുന്നതും ചെയ്യുന്നതുമായ
കാര്യങ്ങളിലൂടെ മറ്റുള്ളവരോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അങ്ങയെ ആരാധിക്കാൻ എന്നെ സഹായിക്കേണമേ.


നക്ഷത്ര നിരീക്ഷണം
അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. [ ഇയ്യോബ് 42:3 ]
നക്ഷത്ര നിരീക്ഷണം
നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, എന്റെ വീടിന്റെ മേൽക്കൂരയിലേക്കു ഞാൻ പോകുമായിരുന്നു. അവിടെ എനിക്കു സ്വതന്ത്രമായി പ്രാർത്ഥിക്കാനും കണ്ണുനീർ പൊഴിക്കാനും കഴിയും. പക്ഷേ, രാത്രിയുടെ തണുത്ത അന്തരീക്ഷത്താൽ ചുറ്റപ്പെട്ട് അവിടെ നിൽക്കുമ്പോൾ, പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങളോടെ മിന്നുന്ന വെളിച്ചങ്ങളുടെ കൂട്ടത്തെ ഞാൻ പലപ്പോഴും അത്ഭുതത്തോടെയായിരുന്നു നോക്കിക്കാണാറുണ്ടായിരുന്നത്. എന്റെ മനസ്സിലെ താറുമാറായ അവസ്ഥയെ മറക്കാൻ അവ എന്നെ സഹായിക്കുന്നു. തെളിഞ്ഞ രാത്രിയിലെ ആകാശത്തിന്റെ ഭംഗി എന്റെ പ്രശ്നങ്ങളിൽ നിന്നു നമ്മുടെ സ്രഷ്ടാവിന്റെ മഹത്വത്തിലേക്ക് എന്റെ ശ്രദ്ധയെ തിരിക്കുന്നു.
തന്റെ കഷ്ടതകളുടെ കാരണം മനസ്സിലാക്കാൻ ഇയ്യോബിനു കഴിയാതെ വന്നപ്പോൾ, തന്നോടു സംസാരിക്കണമേ എന്നവൻ ദൈവത്തോടു പ്രാർത്ഥിച്ചു (ഇയ്യോബ് 13:20-22). വാക്പാടവത്തോടെയുള്ള ചോദ്യങ്ങളുടെ ഒരു പരമ്പരയ്ക്ക് ഉത്തരം നൽകാൻ ഇയ്യോബിനെ ക്ഷണിച്ചുകൊണ്ടു ദൈവം മറുപടി നൽകി (38:3). ദൈവം അവന്റെ മേൽ ചൊരിഞ്ഞ നിരവധി “നിനക്കറിയാമോ?” ചോദ്യങ്ങളുടെ മുമ്പിൽ ഇയ്യോബ് അമ്പരന്നുപോയി. അവ ചോദിച്ചതിലൂടെ ദൈവം ഇയ്യോബിന്റെ ശ്രദ്ധ തന്റെ പ്രശ്നങ്ങളിൽനിന്നു പ്രപഞ്ചത്തിന്റെ അതിഗംഭീരമായ വിശദാംശങ്ങളിലേക്കു വഴിതിരിച്ചുവിട്ടു (ഇയ്യോബ് 38-41). ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും മതിമറന്ന ഇയ്യോബ് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിലേക്കു നയിക്കപ്പെട്ടു. തന്റെ അയോഗ്യതയും ബലഹീനതയും കണക്കിലെടുത്ത് (40:4) ദൈവത്തിന്റെ വഴികളും ജ്ഞാനവും തന്റെ ധാരണയ്ക്ക് അതീതമാണെന്നു മനസ്സിലാക്കി അവൻ അനുതപിച്ചു (42:5-6).
നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു. ഇയ്യോബിനെപ്പോലെ, നമുക്ക് അവയെ ദൈവത്തിങ്കലേക്കു കൊണ്ടുചെന്നു നമുക്ക് എന്താണു തോന്നുന്നതെന്നു അവനോടു സത്യസന്ധമായി അറിയിക്കാൻ കഴിയും. ദൈവത്തിന്റെ അമാനുഷിക ശബ്ദം നമ്മുടെ ജീവിതത്തിലേക്ക് ഇടിമുഴക്കമായി എത്തുന്നതു നാം കേൾക്കണമെന്നില്ല. എന്നാൽ ആകാശത്തു പറന്നുയരുന്ന പറവകളിലേക്കോ, വീട്ടുമുറ്റത്തു ശിഖരങ്ങൾ വീശിയാടുന്ന മരങ്ങളിലേക്കോ, രാത്രി ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളിലേക്കോ നമ്മുടെ നോട്ടം തിരിക്കുമ്പോൾ, അവയെയെല്ലാം പരിപാലിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലാണു നമ്മുടെ ജീവിതമെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും (മത്തായി 6:26-27). കരോൾ മക്വാൻ
എന്തു പ്രശ്നങ്ങളാണു നിങ്ങളെ അലട്ടുന്നത്? സൃഷ്ടിയുടെ ഏതു വശമാണു ദൈവത്തിന്റെ മഹത്വത്തെയും പരമാധികാരത്തെയും കുറിച്ചു നിങ്ങളെ ഓർമ്മപ്പെടുത്തുന്നത്?
സർവ്വശക്തനായ ദൈവമേ, എന്റെ പ്രശ്നങ്ങൾക്കിടയിൽ, അങ്ങയുടെ പ്രപഞ്ചത്തിന്റെ മനോഹാരിത നോക്കിക്കാണാനും എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ നിയന്ത്രണത്തിലാണെന്നു മനസ്സിലാക്കാനും എന്നെ സഹായിക്കേണമേ.
