Month: സെപ്റ്റംബർ 2026

ദൈവകുടുംബത്തിലേക്ക് ഒട്ടിച്ചു ചേർത്തു

ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജന്മനഗരം സന്ദർശിച്ചപ്പോൾ, അദ്ദേഹം വളർന്ന കുടുംബ ഫാം ഞങ്ങൾ സന്ദർശിച്ചു. വിചിത്രമായ ഒരു കൂട്ടം മരങ്ങൾ ഞാൻ അവിടെ ശ്രദ്ധിക്കാൻ ഇടയായി. കുട്ടിക്കാലത്ത് തനിക്കു കുസൃതി കാണിക്കാൻ തോന്നുമ്പോൾ, ഒരു ഫലവൃക്ഷത്തിൽ നിന്ന് ഒരു ശിഖരമെടുത്ത്, മറ്റൊരു വർഗ്ഗത്തിൽപെട്ട ഫലവൃക്ഷത്തിൽ ഒരു കീറലുണ്ടാക്കി, മുതിർന്നവർ ചെയ്യുന്നതുപോലെ ആദ്യത്തെ ശിഖരം രണ്ടാമത്തെ തടിയിൽ ചേർത്തുകെട്ടുമായിരുന്നുവെന്നു പിതാവു വിശദീകരിച്ചു. ആ മരങ്ങൾ പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായ ഫലം കായ്ക്കാൻ തുടങ്ങുന്നതുവരെ ആ തമാശകൾ ശ്രദ്ധിക്കപ്പെടാതെ പോയി.

എൻഗ്രാഫ്റ്റിങ്ങ് പ്രക്രിയയെക്കുറിച്ച് എന്റെ പിതാവു വിവരിച്ചപ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് ഒട്ടിച്ചുചേർക്കുന്നതിന്റെ അർത്ഥമെന്താണെന്നതിനെപ്പറ്റി എനിക്ക് ഒരു ചിത്രം ലഭിച്ചു. യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവകുടുംബത്തിലേക്ക് അദ്ദേഹത്തെ ഒട്ടിച്ചുചേർത്തതിനാൽ, അന്തരിച്ച എന്റെ പിതാവ് സ്വർഗ്ഗത്തിലാണെന്ന് എനിക്കറിയാം.

ആത്യന്തികമായി സ്വർഗ്ഗത്തിലായിരിക്കുമെന്ന ഉറപ്പു നമുക്കുമുണ്ടായിരിക്കും. ജാതികൾക്ക് അഥവാ യെഹൂദരല്ലാത്തവർക്കു തന്നോട് നിരപ്പാകാൻ ദൈവം ഒരു വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് റോമിലെ വിശ്വാസികളോടു വിശദീകരിച്ചു: “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു . . .” (റോമർ 11:17). നാം ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, നമ്മെ അവനുമായി ഒട്ടിച്ചുചേർത്തുകൊണ്ടു ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. “ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും” (യോഹന്നാൻ 15:5).

ഒട്ടിച്ചുചേർക്കപ്പെട്ട മരങ്ങൾ പോലെ, ക്രിസ്തുവിൽ നാം ആശ്രയിക്കുമ്പോൾ, നാം ഒരു പുതിയ സൃഷ്ടിയായിത്തീർന്നു ധാരാളം ഫലം കായ്ക്കും. 

 

ക്രിസ്തുവിൽ പണിയപ്പെട്ടത്

ആഗ്രയിലെ താജ്മഹൽ. ഡൽഹിയിലെ ചെങ്കോട്ട. മൈസൂരിലെ രാജകൊട്ടാരം. മഹാബലിപുരത്തെ ഷോർ ടെമ്പിൾ എന്നിവയെല്ലാം പ്രശസ്തമായ പേരുകളാണ്. ചിലതു മാർബിൾ കൊണ്ടു നിർമ്മിച്ചവയാണ്. മറ്റു ചിലതു ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. വേറെ ചിലതു പാറയിൽനിന്നു വെട്ടിയെടുത്തവയാണ്. മറ്റു ചിലത് സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ഇവയെല്ലാം ഒരു പൊതു സങ്കേതപദത്തിനു കീഴിലാണു വരുന്നത്. അവയെല്ലാം കെട്ടിടങ്ങളാണ്.

ഗൃഹം അഥവാ കെട്ടിടം എന്നതു വാസ്തവത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള വേദപുസ്തകത്തിലെ പേരുകളിൽ ഒന്നാണ്. “നിങ്ങൾ . . . ദൈവത്തിന്റെ ഗൃഹനിർമ്മാണം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി (1 കൊരിന്ത്യർ 3:9). വിശ്വാസികൾക്കു വേറെയും പേരുകളുണ്ട്: “ആട്ടിൻകൂട്ടം” (പ്രവൃത്തികൾ 20:28), “ക്രിസ്തുവിന്റെ ശരീരം” (1 കൊരിന്ത്യർ 12:27), “സഹോദരീ സഹോദരന്മാർ” (1 തെസ്സലൊനീക്യർ 2:14) എന്നിവ കൂടാതെ മറ്റു പലതും.

കെട്ടിട രൂപകം 1 പത്രൊസ് 2:5-ൽ ആവർത്തിക്കുന്നു. പത്രൊസ് സഭയോട് പറയുന്നു, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി . . . പണിയപ്പെടുന്നു.” തുടർന്ന്, 6-ാം വാക്യത്തിൽ, “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു” എന്നു യെശയ്യാവ് 28:16-നെ ഉദ്ധരിച്ചുകൊണ്ട് പത്രൊസ് പറയുന്നു. യേശുവാണ് അവന്റെ കെട്ടിടത്തിന്റെ അടിസ്ഥാനം.

സഭ പണിയുക എന്നത് നമ്മുടെ കടമയാണെന്ന ബോധം നമുക്കുണ്ടായേക്കാം. എന്നാൽ, “ഞാൻ എന്റെ സഭയെ പണിയും” (മത്തായി 16:18) എന്നു യേശു പറഞ്ഞിരിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ” (1 പത്രൊസ് 2:9) ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നാം ആ സൽഗുണങ്ങൾ ഘോഷിക്കുമ്പോൾ, അവൻ തന്റെ നല്ല പ്രവൃത്തി ചെയ്യുന്ന വേളയിൽ, അവന്റെ കരങ്ങളിലെ ഉപകരണമായി നാം തീരുന്നു. 

 

സ്നാപ്ഡീൽ നഗർ

തങ്ങളെ സഹായിച്ച ഓൺലൈൻ കോർപ്പറേഷനോടുള്ള ബഹുമാനാർത്ഥം ഉത്തർപ്രദേശിലെ ഒരു ഗ്രാമം “Snapdeal.com Nagar” എന്നു പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. 2011-നു മുമ്പുവരെ വെള്ളം എടുക്കാൻ ദിവസവും അനേകം കിലോമീറ്ററുകൾ ഗ്രാമവാസികൾക്കു സഞ്ചരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ ഓൺലൈൻ കമ്പനിയുടെ പ്രവർത്തന ഫലമായി, അവർക്കിപ്പോൾ ഹാൻഡ്പമ്പുകൾ വഴി ശുദ്ധജലം നിഷ്പ്രയാസം ലഭ്യമാകുന്നു. സമീപ ഗ്രാമത്തിൽ നിന്നുള്ള പേരു വെളിപ്പെടുത്താത്ത ജീവനക്കാരനാണ് ഇതു സാധ്യമാക്കിയതെന്ന് സിഇഒ കുനാൽ ഭാൽ പറഞ്ഞു. ഈ ജീവനക്കാരൻ ഗ്രാമവാസികളുടെ ദുരവസ്ഥ കോർപ്പറേഷനുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ ലളിതമായ സന്ദേശം നൂറുകണക്കിനു ജീവിതങ്ങളിൽ സന്തോഷകരമായ മാറ്റമുണ്ടാക്കി. ഒരു പ്രവാചകന്റെ വിപ്ലവകരമായ പ്രവർത്തനങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരനായ രാജാവായ ആഹാബിനുള്ള ദൈവത്തിന്റെ സന്ദേശം ഈ പ്രവാചകൻ ധൈര്യത്തോടെ അറിയിച്ചു. രാജാവിന് അവൻ നൽകിയ സന്ദേശം സന്തോഷകരമായ ഒന്നായിരുന്നില്ല, പക്ഷേ അതായിരുന്നു സത്യം. അവൻ അതു ദൈവത്തോടുള്ള അനുസരണത്തോടെ പ്രസ്താവിച്ചു (വാ. 42). അതേ കാലഘട്ടത്തിൽ ജീവിക്കുകയും പ്രവചിക്കുകയും ചെയ്ത ഏലീയാവിനെപ്പോലുള്ള മറ്റു പ്രവാചകന്മാരുമുണ്ടായിരുന്നു. അവരുടെ പേരുകളും പ്രവൃത്തികളും പൊതുവെ അറിയാമെങ്കിലും, ഈ പ്രവാചകന്റെ പേര് എങ്ങും പരാമർശിക്കപ്പെടാതെ പോയി. എന്നിരുന്നാലും, ദൈവം തനിക്കുവേണ്ടി നിശ്ചയിച്ച ദൗത്യം അവൻ നിറവേറ്റി.

സ്നാപ്ഡീൽ നഗറിലെ ജീവനക്കാരനെപ്പോലെ, ഈ പേരു പരാമർശിക്കപ്പെടാത്ത പ്രവാചകൻ, നിലവിലുള്ള സ്ഥിതിയെ വെല്ലുവിളിക്കുന്നതാണെങ്കിൽ കൂടി, സത്യം സംസാരിച്ചു. അംഗീകാരം ആവശ്യപ്പെടുന്നതു അപൂർവ്വമല്ലാത്ത ഒരു ലോകത്ത്, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ അനുസരിക്കാൻ നമുക്കു നിശബ്ദമായും താഴ്മയോടെയും പരിശ്രമിക്കാം. നമ്മുടെ ബന്ധങ്ങളിലൂടെയും സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ദൈവപൈതലെന്ന നിലയിൽ നാം അവന്റെ സന്ദേശം കൈമാറുമ്പോൾ, നമുക്കും മാറ്റത്തിന്റെ ആധാരമാകാൻ സാധിക്കുന്നു. പേരു പരാമർശിച്ചിട്ടില്ലെങ്കിലും, നാം അജ്ഞാതരല്ല. മറ്റാരും കാണാത്തപ്പോഴും ദൈവം നമ്മുടെ പ്രവൃത്തികളെ കാണുകയും നാം ചെയ്യുന്നതു അറിയുകയും ചെയ്യുന്നു (എബ്രായർ 6:10). 

 

നല്ല കഞ്ഞി

വർഷയുടെ ഭക്ഷണ സ്റ്റാളിൽ ഏറ്റവുമധികം വിറ്റുപോയിരുന്നത് അവളുടെ ബിരിയാണിയായിരുന്നു. സ്വർണ്ണവും തവിട്ടും കലർന്ന നിറമാകുന്നതുവരെ ഉള്ളി അവൾ വളരെ ശ്രദ്ധാപൂർവ്വം വഴറ്റും. അതിനാൽ, “നിന്റെ ബിരിയാണിയുടെ രുചി എന്താ വ്യത്യാസപ്പെട്ടിരിക്കുന്നത്. അത്ര ശുദ്ധമല്ലാത്ത ഒരു രുചി” എന്ന് ഒരു സ്ഥിരം സന്ദർശകൻ പറഞ്ഞപ്പോൾ അവൾ പരിഭ്രമിച്ചു.

വർഷയുടെ പുതിയ അസിസ്റ്റന്റാണ് ഇത്തവണ ബിരിയാണി തയ്യാറാക്കിയത്. എന്തുകൊണ്ടാണ് ഈ തവണ ബിരിയാണി വ്യത്യസ്തമായിരിക്കുന്നതെന്ന് അസിസ്റ്റന്റ് വിശദീകരിച്ചു: “റെസിപ്പിയിൽ പറഞ്ഞത്ര സമയത്തോളം ഞാൻ ഉള്ളി വഴറ്റുന്നില്ല. കാരണം ഇങ്ങനെയാണ് ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കുന്നത്. കൂടാതെ ഞാൻ കൂടുതൽ മുളകുപൊടിയും ചേർത്തു. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിൽ പാചകം ചെയ്യുന്നതാണ് കൂടുതൽ രുചികരം.” അങ്ങനെ പാചകക്കുറിപ്പ് അവഗണിച്ചുകൊണ്ട് തന്റെ രീതിയിൽ ചെയ്യാൻ അവൾ തീരുമാനിച്ചു.

ദൈവത്തിന്റെ നിർദ്ദേശങ്ങളോട് ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന അവന്റെ കൽപ്പനകളെ പൂർണ്ണമായി അനുസരിക്കുന്നതിനു പകരം, ഞാൻ അവയെ എന്റെ അഭിപ്രായങ്ങൾക്ക് വിധേയമാക്കി എന്റെ വഴി തുടരുന്നു.

അരാമ്യ സൈന്യത്തിന്റെ സേനാപതിയായ നയമാൻ സമാനമായ ഒരു തെറ്റിന്റെ വക്കിലായിരുന്നു. കുഷ്ഠരോഗം ഭേദമാകാനായി യോർദ്ദാനിൽ കുളിക്കാൻ എലീശാ പ്രവാചകൻ മുഖേനയുള്ള ദൈവത്തിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ, അഭിമാനിയായ ആ സൈനികൻ കോപിച്ചു. തന്റെ അഭിപ്രായം ദൈവത്തിന്റെ കൽപ്പനയെക്കാൾ ശ്രേഷ്ഠമാണെന്ന് വിശ്വസിച്ച നയമാൻ, തന്റെ ആവശ്യം എങ്ങനെ പരിഹരിക്കപ്പെടണം എന്നതിനെക്കുറിച്ച് സ്വന്തമായ പ്രതീക്ഷകൾ വച്ചു പുലർത്തി (2 രാജാക്കന്മാർ 5:11-12). എന്നിരുന്നാലും, എലീശായുടെ വാക്കുകൾ അനുസരിക്കാൻ അവന്റെ ദാസന്മാർ അവനെ പറഞ്ഞു മനസ്സിലാക്കി (വാ. 13). തത്ഫലമായി, നയമാൻ സുഖം പ്രാപിച്ചു. ദൈവത്തിന്റെ രീതിയിൽ നാം കാര്യങ്ങൾ ചെയ്യുമ്പോൾ, വിവരണാതീതമായ ഒരു സമാധാനം നമുക്ക് അനുഭവപ്പെടുന്നു. അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ അവനോടൊപ്പം നമുക്കു പ്രവർത്തിക്കാം. 

 

ദൈവരാജ്യ-രൂപത്തിലുള്ള ജോലിസ്ഥലം

വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഫാക്ടറികൾ ഇരുണ്ട ഇടങ്ങളായിരുന്നു. മരണനിരക്ക് വളരെ കൂടുതലായിരുന്നു. തൊഴിലാളികൾ പലപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. “തന്റെ വീടു ഒരു ചെറ്റക്കുടിലായിരിക്കുമ്പോൾ, അദ്ധ്വാനിക്കുന്ന മനുഷ്യനു എങ്ങനെ ആദർശങ്ങൾ വളർത്തിയെടുക്കാൻ കഴിയും” എന്നു ജോർജ് കാഡ്ബറി ചോദിക്കുന്നു. അങ്ങനെ, അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ ചോക്ലേറ്റ് വ്യാപാരത്തിനായി, തന്റെ തൊഴിലാളികൾക്കു പ്രയോജനപ്പെടുന്ന ഒരു പുതിയ തരം ഫാക്ടറി അദ്ദേഹം നിർമ്മിച്ചു. കാഡ്ബറിയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കായിക വിനോദ മൈതാനങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയുൾപ്പെടെ മുന്നൂറിലധികം വീടുകളുള്ള ഒരു ഗ്രാമമായ ബോൺവിൽ ആയിരുന്നു അതിന്റെ ഫലം. അവർക്ക് നല്ല വേതനവും വൈദ്യസഹായവും നൽകപ്പെട്ടു. എല്ലാത്തിനും കാരണമായത് കാഡ്ബറിയുടെ ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു.

ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറാനായി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:10). കാഡ്ബറി ചെയ്തതുപോലെ, അവിടെ നമ്മുടെ “പ്രതിദിന ആഹാരം” സമ്പാദിക്കുകയും നമ്മുടെ “കടക്കാരോട്” ക്ഷമിക്കുകയും ചെയ്യുന്ന (വാ. 11-12), ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ നമ്മുടെ ജോലിസ്ഥലങ്ങൾ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കും. ജീവനക്കാരെന്ന നിലയിൽ, “കർത്താവിന്നു . . . മനസ്സോടെ ചെയ്വിൻ” (കൊലൊസ്യർ 3:23) എന്നാണ് അതിനർത്ഥം. തൊഴിലുടമകൾ എന്ന നിലയിൽ, “നീതിയും ന്യായവും” (4:1) ആയത് ജീവനക്കാർക്ക് നൽകുക എന്നാണ് ഇതിനർത്ഥം. നമ്മുടെ കർത്തവ്യം എന്തുതന്നെയായാലും, അതു പണത്തിനു ചെയ്യുന്നതായാലും സ്വമേധയാ ഉള്ളതായാലും, നാം സേവിക്കുന്നവരുടെ ക്ഷേമത്തെ കരുതുക എന്നതാണ് അതിനർത്ഥം.

ജോർജ്ജ് കാഡ്ബറിയെപ്പോലെ, നമ്മുടെ അയൽപക്കങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും ചുമതല ദൈവത്തിനായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നു നമുക്കു സങ്കൽപിച്ചു നോക്കാം. കാരണം, അവനാണ് ചുമതലയെങ്കിൽ, വ്യക്തികൾ തഴച്ചുവളരും.