ഒരു ഗ്രാമത്തിലെ വൈകല്യം സംഭവിച്ച വിരലുകളോടുകൂടിയ ഒരു വൃദ്ധയെ, കിരുബ എന്ന വൈദ്യവിദ്യാർത്ഥിനി വളരെ പ്രയാസപ്പെട്ട് ഒരു മെഡിക്കൽ ക്യാമ്പിലെത്തിച്ചു. ഒരു മുതിർന്ന ഡോക്ടർ ആ വൃദ്ധയെ പരിശോധിച്ചു, കുറച്ചു മരുന്നുകൾ നിർദ്ദേശിച്ചു പറഞ്ഞയയച്ചു. തുടർന്ന് ഡോക്ടർ കിരുബയെ മാറ്റിനിർത്തി പറഞ്ഞു, “അവരുടെ വൈകല്യങ്ങൾ അതിരൂക്ഷമാണ്, ഞങ്ങളാൽ ഒന്നും ചെയ്യാൻ കഴിയില്ല. ആളുകൾക്കു പ്രതീക്ഷ നൽകുന്നതിനു മുമ്പ് അതിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഉറപ്പു വരുത്തുക.”

പഴയപടിയാക്കുന്നതിൽ വൈദ്യശാസ്ത്രത്തിൽ എല്ലായ്പ്പോഴും പ്രതീക്ഷയർപ്പിക്കാൻ കഴിയില്ലെന്നു അനുഭവത്തിലൂടെ കിരുബ പഠിച്ചു. എന്നാൽ ആശയറ്റ ഈ വേളയിലും, കാര്യങ്ങളുടെ സ്വാഭാവിക ക്രമത്തെ മറികടക്കുന്ന ദൈവകൃപയിൽ പ്രത്യാശയർപ്പിക്കാൻ സാധിക്കും. ആത്മീയദീനത്തിന്റെ ആശയറ്റ അവസ്ഥയിലായിരുന്നപ്പോൾ ആമോസ് യിസ്രായേലിനോടു പ്രവചിച്ചു.

നീതിമാനെ ക്ലേശിപ്പിക്കുകയും കൈക്കൂലി വാങ്ങുകയും ന്യായം മറിച്ചുകളകയും ചെയ്തതിനാൽ യിസ്രായേൽ നശിപ്പിക്കപ്പെടുമെന്നും ജനങ്ങളെ പ്രവാസത്തിലേക്കു കൊണ്ടുപോകുമെന്നും അവൻ പറഞ്ഞു (വാ. 12). ബി. സി. 722-ൽ യിസ്രായേൽ ജനത്തെ അശ്ശൂരിലേക്കു ബദ്ധരാക്കി കൊണ്ടുപോയപ്പോൾ ആമോസിന്റെ പ്രവചനം നിവൃത്തിയായി (2 രാജാക്കന്മാർ 17:6). എന്നിരുന്നാലും, ആപത്ത് പ്രവചിച്ചപ്പോൾതന്നെ, ആമോസ് പ്രത്യാശയും വാഗ്ദാനം ചെയ്തു. “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ” (വാ. 6) എന്ന് അവൻ പറഞ്ഞു. എപ്രകാരം അതു ചെയ്യണം എന്നു വിശദീകരിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു, “തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ” (വാ. 15). ഇപ്രകാരം അവർ പ്രവർത്തിച്ചാൽ, അവർ ജീവിക്കുകയും ദൈവത്തിന്റെ സാന്നിധ്യം അവരോടൊപ്പം ഉണ്ടായിരിക്കുകയും ദൈവത്തിന്റെ കരുണ അവർ അനുഭവിക്കുകയും ചെയ്യും (വാ. 15-16).

ആമോസ് യിസ്രായേൽ ജനതയോടു പറയും പ്രകാരം, അവന്റെ നന്മ അനുഭവിക്കാൻ കഴിയേണ്ടതിനു നമുക്കും ദൈവത്തിൽ ആശ്രയം അർപ്പിക്കാം, അവനെ അന്വേഷിക്കാം, നന്മ ചെയ്യാം. അവനെ അനുസരിച്ചു നാം നന്മ ചെയ്താൽ, നമ്മുടെ ഏറ്റവും ആശയറ്റ സാഹചര്യങ്ങളെപ്പോലും മനോഹരമായ ഒന്നാക്കി മാറ്റാൻ അവനു കഴിയും (ഉല്പത്തി 50:20). നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തുതന്നെയായാലും ഓർക്കുക: ദൈവത്തിൽ ഇനിയും പ്രത്യാശയുണ്ട്.