തന്റെ അർബുദ ജീവിതയാത്രയെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റു ചെയ്യുന്ന ഒരു സഹ എഴുത്തുകാരിയെ ഞാൻ പിന്തുടരുകയും അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ അവളുടെ ശാരീരിക വേദനകളെയും വെല്ലുവിളികളെയും കുറിച്ചുള്ള പുതിയകാര്യങ്ങൾ പങ്കുവെക്കുന്നതിനും ബാക്കി ദിവസങ്ങളിൽ തിരുവെഴുത്തുകളോടുകൂടിയ പ്രാർത്ഥനാ അഭ്യർത്ഥനകളും ദൈവത്തിനുള്ള സ്തുതികളും പങ്കിടുന്നതിനും അവൾ ഉപയോഗിച്ചു. ചികിത്സ കാത്ത് ആശുപത്രിയിലായാലും മുടി കൊഴിയുന്നതിനാൽ തലമൂടി വീട്ടിലിരുന്നാലും അവളുടെ ധീരമായ പുഞ്ചിരി കാണുകയെന്നത് മനോഹരമായിരുന്നു. ഓരോ വെല്ലുവിളിയിലും, പരീക്ഷകളിൽ ദൈവത്തിൽ വിശ്വസിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ അവൾ പരാജയപ്പെട്ടില്ല.
നാം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ, നന്ദിയുള്ളവരായിരിക്കാനും ദൈവത്തെ സ്തുതിക്കാനും കാരണങ്ങൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായേക്കാം. എന്നിരുന്നാലും, നമ്മുടെ സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടു ആനന്ദിക്കാനും ദൈവത്തെ സ്തുതിക്കാനുമുള്ള കാരണങ്ങൾ സങ്കീർത്തനം 100 നമുക്കു നൽകുന്നു. സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ” (വാ. 3). “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു” (വാ. 5) എന്നും അവൻ കൂട്ടിച്ചേർക്കുന്നു.
നമ്മുടെ പരീക്ഷകൾ എന്തുതന്നെയായാലും, നുറുങ്ങിയ നമ്മുടെ ഹൃദയങ്ങൾക്ക് ദൈവം സമീപസ്ഥനാണെന്ന് അറിയുന്നതിൽ നമുക്ക് ആശ്വസിക്കാം (34:18). ദൈവത്തോടൊപ്പം നാം പ്രാർത്ഥനയിലും വേദപുസ്തക വായനയിലും എത്രമാത്രം സമയം ചെലവഴിക്കുന്നുവോ, അത്രമാത്രം നമുക്ക് “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ” വരുവാനും “അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ” (100:4) വാഴ്ത്തുവാനും സാധിക്കും. നമ്മുടെ ദൈവം വിശ്വസ്തനായതിനാൽ, വൈഷമ്യഘട്ടത്തിൽ ആയിരിക്കുമ്പോൾപ്പോലും “യഹോവെക്കു ആർപ്പിടുവാൻ” (വാ. 1) നമുക്കു കഴിയും.
എന്തിനൊക്കെയാണ് നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത്? നിങ്ങൾക്ക് ഇപ്പോൾ എന്തിനെക്കുറിച്ചാണു ദൈവത്തെ സ്തുതിക്കാൻ കഴിയുക?
പ്രിയപ്പെട്ട ദൈവമേ, എന്റെ പരീക്ഷകളിൽ പോലും അങ്ങയെ സ്തുതിക്കാൻ എന്നെ സഹായിക്കേണമേ.