സംതൃപ്തിയുടെ രഹസ്യം
നീന്തല്‍ അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന ജോനി എറെക്‌സണ്‍ ടാഡ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, അവളുടെ ജീവിതം പാടേ വ്യത്യാസപ്പെട്ടിരുന്നു. ഇപ്പോള്‍ വീടിന്റെ വാതിലുകള്‍ അവളുടെ വീല്‍ചെയറിനു കടക്കാന്‍ കഴിയാത്തവിധം ഇടുങ്ങിയതും സിങ്കുകള്‍ വളരെ ഉയര്‍ന്നതുമായിരുന്നു. സ്വയം ഭക്ഷണം കഴിക്കാന്‍ അവള്‍ പഠിക്കുന്നതുവരെ ആരെങ്കിലും അവള്‍ക്കു ഭക്ഷണം നല്‍കേണ്ടിയിരുന്നു. കൈയുടെ സ്ഥാനത്തുള്ള സ്പ്ലിന്റില്‍ ഘടിപ്പിച്ച സ്പൂണ്‍ അവള്‍ ആദ്യമായി വായിലേക്ക് ഉയര്‍ത്തിയപ്പോള്‍, ആപ്പിള്‍ സോസ് വസ്ത്രങ്ങളിലെല്ലാം വീണത് അവള്‍ക്ക് അപമാനകരമായി തോന്നി. പക്ഷേ അവള്‍ തളര്‍ന്നില്ല. അവള്‍ പറയുന്നതുപോലെ, 'യേശുവിനെ ആശ്രയിക്കുന്നതും 'ഓ, ദൈവമേ, എന്നെ ഇതിനു സഹായിക്കൂ!' എന്നു പറയുന്നതും ആയിരുന്നു എന്റെ രഹസ്യം.'' ഇന്ന് അവള്‍ ഒരു സ്പൂണ്‍ നന്നായി കൈകാര്യം ചെയ്യുന്നു.
തന്റെ തടവിലാക്കപ്പെട്ട അവസ്ഥ, മറ്റൊരു തടവുകാരനെയും - റോമന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അപ്പൊസ്തലനായ പൗലൊസിനെ - ഫിലിപ്പിയര്‍ക്ക് അദ്ദേഹമയച്ച കത്തിനെയും നോക്കിക്കാണാന്‍ തന്നെ സഹായിച്ചതായി ജോനി പറയുന്നു. പൗലൊസ് നേടിയ നേട്ടങ്ങള്‍ക്കായി ജോനി പരിശ്രമിക്കുന്നു: ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'' (ഫിലിപ്പിയര്‍ 4:11). സമാധാനമായിരിക്കാന്‍ പൗലൊസിന് പഠിക്കേണ്ടതുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. അവന്‍ സഹജമായി സമാധാനത്തിലായിരുന്നില്ല. എങ്ങനെയാണ് അവന്‍ സംതൃപ്തി കണ്ടെത്തിയത്? ക്രിസ്തുവില്‍ ആശ്രയിച്ചതിലൂടെ: ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു'' (വാ. 13).
നാമെല്ലാവരും വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്നു; ആ സമയങ്ങളിലെല്ലാം സഹായത്തിനും ശക്തിക്കും സമാധാനത്തിനുമായി നമുക്കെല്ലാവര്‍ക്കും യേശുവിനെ നോക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവരെ പഴിചാരുന്നതില്‍ നിന്നു പിന്തിരിയാന്‍ അവിടുന്നു നമ്മെ സഹായിക്കും; കഠിനമായ അടുത്ത കാര്യം ചെയ്യാന്‍ അവിടുന്നു നമുക്കു ധൈര്യം നല്‍കും. അവങ്കലേക്കു നോക്കുക, സംതൃപ്തി കണ്ടെത്തുക.
നിങ്ങളുടെ വിശ്വാസം പങ്കിടുക
എഴുത്തുകാരിയും സുവിശേഷകയുമായ ബെക്കി പിപ്പെര്‍ട്ട് അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന സമയത്ത്, ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഹീതറുമായി യേശുവിന്റെ സുവിശേഷം പങ്കിടാന്‍ അവള്‍ രണ്ടു വര്‍ഷം ആഗ്രഹിച്ചു. എന്നാല്‍ ഹെതറിന് അതിന് അല്പംപോലും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒരു സംഭാഷണം ആരംഭിക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയ ബെക്കി തന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പു പ്രാര്‍ത്ഥിച്ചു.
ഒരു ദിവസം പാര്‍ലറില്‍, ബെക്കി ഒരു പഴയ മാസിക മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു മോഡലിന്റെ ചിത്രം കണ്ടപ്പോള്‍ അവളതു ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് അവളെ ഇത്രയധികം ശ്രദ്ധിക്കുന്നതെന്നു ഹെതര്‍ ചോദിച്ചപ്പോള്‍, അതു തന്റെ ഒരു ഉറ്റ സുഹൃത്തിന്റെ ചിത്രമാണെന്നും പണ്ട് അവള്‍ വോഗിന്റെ കവര്‍ മോഡലായിരുന്നുവെന്നും ബെക്കി അവളോട് പറഞ്ഞു. ദൈവവിശ്വാസത്തിലേക്കു വന്ന തന്റെ ചില സ്‌നേഹിതകളുടെ കഥ ബെക്കി പങ്കുവെച്ചു; ഹെതര്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടു.
ബെക്കി ഒരു യാത്രയ്ക്കായി പുറപ്പെട്ടു, പിന്നീട് അവള്‍ അയര്‍ലണ്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, ഹെതര്‍ ഒരു പുതിയ സ്ഥലത്തേക്ക് മാറിയതായി അവള്‍ മനസ്സിലാക്കി. ബെക്കി പ്രതിഫലിപ്പിച്ചു, 'സുവിശേഷം പങ്കിടാന്‍ ഒരവസരം നല്‍കണമെന്നു ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു, അവിടുന്ന് അതു ചെയ്തു!''
അപ്പൊസ്തലനായ പൗലൊസില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ ബലഹീനതയ്ക്കുള്ള സഹായത്തിനായി ബെക്കി ദൈവത്തെ നോക്കി. പൗലൊസ് ബലഹീനനാകുകയും, അവന്റെ ജഡത്തിലെ ശൂലം നീക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തപ്പോള്‍ കര്‍ത്താവ് പറഞ്ഞു, 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യര്‍ 12:9). വലുതും ചെറുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തിലാശ്രയിക്കാന്‍ പൗലൊസ് പഠിച്ചിരുന്നു.
നമുക്കു ചുറ്റുമുള്ളവരെ സ്‌നേഹിക്കാന്‍ സഹായിക്കുന്നതിനു നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ആധികാരികമായി പങ്കിടാനുള്ള അവസരങ്ങള്‍ നാമും കണ്ടെത്തും.
നിയമപരമായി അവന്റെത്
തങ്ങളുടെ മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും ലഭിച്ചപ്പോള്‍, ഷേബയും ഭര്‍ത്താവും സന്തോഷത്തോടെ കരഞ്ഞു. അവരുടെ മകളുടെ ദത്തെടുക്കലിനെ നിയമാനുസൃതമാക്കുന്നതായിരുന്നു ആ രേഖകള്‍. ഇനി മീന എപ്പോഴും അവരുടെ മകളും എന്നേക്കും അവരുടെ കുടുംബത്തിന്റെ ഭാഗവുമായിരിക്കും. നിയമ നടപടികളെക്കുറിച്ചു ശേബ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍, നമ്മള്‍ യേശുവിന്റെ കുടുംബം ആയിത്തീരുമ്പോള്‍ സംഭവിക്കുന്ന 'യഥാര്‍ത്ഥ കൈമാറ്റത്തെ''ക്കുറിച്ചും അവള്‍ ചിന്തിച്ചു: “ഇനിമേല്‍ നാം പാപത്തിന്റെയും തകര്‍ച്ചയുടെയും ജന്മാവകാശത്താല്‍ തളര്‍ന്നുപോകേണ്ട കാര്യമില്ല.'' മറിച്ച്, ദൈവത്തിന്റെ മക്കളായി നമ്മെ ദത്തെടുക്കുമ്പോള്‍ നാം നിയമപരമായി ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലേക്കു പ്രവേശിക്കുന്നു.
അപ്പൊസ്തലനായ പൗലൊസിന്റെ കാലഘട്ടത്തില്‍, ഒരു റോമന്‍ കുടുംബം ഒരു മകനെ ദത്തെടുത്താല്‍, അവന്റെ നിയമപരമായ പദവി പൂര്‍ണ്ണമായും മാറുന്നു. അവന്റെ പഴയ ജീവിതത്തില്‍നിന്നുള്ള കടങ്ങള്‍ റദ്ദാക്കുകയും പുതിയ കുടുംബത്തിന്റെ എല്ലാ അവകാശങ്ങളും പദവികളും അവനു ലഭിക്കുകയും ചെയ്യുന്നു. ഈ പുതിയ പദവി തങ്ങള്‍ക്കും ബാധകമാണെന്ന് യേശുവിലുള്ള റോമന്‍ വിശ്വാസികള്‍ മനസ്സിലാക്കണമെന്നു പൗലൊസ് ആഗ്രഹിച്ചു. മേലാല്‍ അവര്‍ പാപത്തിനും ശിക്ഷാവിധിക്കും വിധേയരായിരിക്കുന്നില്ല, മറിച്ച് അവര്‍ “ആത്മാവിനെ അനുസരിച്ചു'' ജീവിക്കുന്നവരാണ് (റോമര്‍ 8:4). ആത്മാവു നടത്തുന്നവരെല്ലാം ദൈവമക്കളായി ദത്തെടുത്തവരാണ് (വാ. 14-15). അവര്‍ സ്വര്‍ഗ്ഗത്തിലെ പൗരന്മാരായപ്പോള്‍, അവരുടെ നിയമപരമായ നില മാറി.
രക്ഷയുടെ ദാനം നമുക്കു ലഭിച്ചിട്ടുണ്ടെങ്കില്‍, നാമും ദൈവമക്കളാണ്, ക്രിസ്തുവിന്റെ രാജ്യത്തിന്റെ അവകാശികളും ക്രിസ്തുവിനോട് ഐക്യപ്പെട്ടവരുമാണ്. യേശുവിന്റെ യാഗത്തിന്റെ ദാനത്താല്‍ നമ്മുടെ കടങ്ങള്‍ റദ്ദുചെയ്തു. നാം ഇനി ഭയത്തിലോ ശിക്ഷാവിധിയിലോ ജീവിക്കേണ്ടതില്ല.
ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു
ചിലപ്പോഴൊക്കെ കുട്ടികളുടെ വാക്കുകള്‍ ദൈവികസത്യങ്ങളെക്കുറിച്ച് ആഴമായ ഒരു ബോധ്യം നമുക്കു നല്‍കാറുണ്ട്. എന്റെ മകള്‍ ചെറുപ്പമായിരുന്നപ്പോള്‍, ഒരു വൈകുന്നേരം, ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു മഹത്തായ രഹസ്യത്തെക്കുറിച്ചു ഞാന്‍ അവളോടു പറഞ്ഞു - ദൈവം തന്റെ പുത്രനിലൂടെയും ആത്മാവിലൂടെയും ദൈവമക്കളില്‍ വസിക്കുന്നു എന്ന സത്യം. കിടക്കയില്‍ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, യേശു അവളോടുകൂടെയും അവളിലും ഉണ്ടെന്നു ഞാന്‍ പറഞ്ഞു. “യേശു എന്റെ വയറ്റിലാണോ?'' അവള്‍ ചോദിച്ചു. “ഇല്ല, നീ യേശുവിനെ വിഴുങ്ങിയിട്ടില്ലല്ലോ,” ഞാന്‍ മറുപടി പറഞ്ഞു. “പക്ഷേ, യേശു നിന്നോടുകൂടെയുണ്ട്.’’
യേശു “അവളുടെ വയറ്റില്‍’' എന്ന എന്റെ മകളുടെ അക്ഷരീയവിവര്‍ത്തനം എന്നെ പിടിച്ചുനിര്‍ത്തി ചിന്തിപ്പിച്ചു. യേശുവിനെ എന്റെ രക്ഷകനാകാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവിടുന്ന് വന്ന് എന്റെ ഉള്ളില്‍ വസിച്ചതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചു.
ക്രിസ്തു “വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളില്‍ വസിക്കുവാന്‍'’ പരിശുദ്ധാത്മാവ് എഫെസൊസിലെ വിശ്വാസികളെ ശക്തിപ്പെടുത്തണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് ഈ മര്‍മ്മത്തെക്കുറിച്ചു പരാമര്‍ശിച്ചു (എഫെസ്യര്‍ 3:17). യേശു ഉള്ളില്‍ വസിക്കുന്നതിനാല്‍, അവിടുന്ന് അവരെ എത്രമാത്രം ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സ്‌നേഹത്താല്‍ പ്രചോദിതരായ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ പക്വത പ്രാപിക്കുകയും മറ്റുള്ളവരെ താഴ്മയോടും സൗമ്യതയോടും സ്‌നേഹിക്കുകയും സ്‌നേഹത്തില്‍ സത്യം സംസാരിക്കുകയും ചെയ്യും (4:2, 25).
യേശു തന്റെ ശിഷ്യന്മാരുടെയുള്ളില്‍ വസിക്കുന്നു എന്നതിനര്‍ത്ഥം, തങ്ങളുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിച്ചവരെ അവിടുത്തെ സ്‌നേഹം ഒരിക്കലും കൈവിടുകയില്ല എന്നാണ്. പരിജ്ഞാനത്തെ കവിയുന്ന അവിടുത്തെ സ്‌നേഹം (3:19) നമ്മെ യേശുവില്‍ വേരുറപ്പിക്കുകയും അവിടുന്നു നമ്മെ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്കായി എഴുതിയ ഈ വാക്കുകള്‍, അത് ഏറ്റവും മികച്ച നിലയില്‍ പറയുന്നത്: “അതെ, യേശു എന്നെ സ്‌നേഹിക്കുന്നു!''
കരുണ കാണിക്കുക
റുവാണ്ടന്‍ വംശഹത്യയില്‍ തന്റെ ഭര്‍ത്താവിനെയും മക്കളില്‍ ചിലരെയും കൊന്ന മനശ്ശെയോട് അവള്‍ എങ്ങനെ ക്ഷമിച്ചുവെന്ന് അയവിറക്കിക്കൊണ്ടു ബിയാത്ത പറഞ്ഞു, “എന്റെ ക്ഷമ യേശു ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാക്കാലത്തെയും സകല ദുഷ്പ്രവൃത്തികള്‍ക്കുമുള്ള ശിക്ഷ അവിടുന്ന് ഏറ്റെടുത്തു. അവിടുത്തെ കുരിശാണു നാം വിജയം കണ്ടെത്തുന്ന സ്ഥലം - ഏക സ്ഥലം!’’ ബിയാത്തയോട് - ദൈവത്തോടും - ക്ഷമ യാചിച്ചുകൊണ്ട് മനശ്ശെ ഒന്നിലധികം പ്രാവശ്യം ബിയാത്തയ്ക്കു ജയിലില്‍നിന്നു കത്തെഴുതി. തന്നെ വിടാതെ പിന്‍തുടരുന്ന പതിവു പേടിസ്വപ്‌നങ്ങളെക്കുറിച്ച് അയാള്‍ കത്തില്‍ വിശദീകരിച്ചു. കുടുംബത്തെ കൊന്നതിന് അവനെ വെറുക്കുന്നുവെന്നു പറഞ്ഞ് ആദ്യം അവള്‍ക്ക് ഒരു ദയയും കാണിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് 'യേശു അവളുടെ ചിന്തകളിള്‍ ആധിപത്യം നേടി.' ദൈവത്തിന്റെ സഹായത്തോടെ, രണ്ടുവര്‍ഷത്തിനുശേഷം അവള്‍ അവനോടു ക്ഷമിച്ചു.
ഇക്കാര്യത്തില്‍ മാനസാന്തരപ്പെടുന്നവരോടു ക്ഷമിക്കണമെന്ന, ശിഷ്യന്മാരോടുള്ള യേശുവിന്റെ കല്പന ബിയാത്ത അനുസരിച്ചു. 'ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കുകയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക' (ലൂക്കൊസ് 17:4). എന്നാല്‍ ക്ഷമിക്കുക എന്നത് അത്യന്തം പ്രയാസകരമാണ്. അതാണു നാം ശിഷ്യന്മാരുടെ പ്രതികരണത്തില്‍ കാണുന്നത്: 'ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ!'' (വാ. 5).
ക്ഷമിക്കാനുള്ള കഴിവില്ലായ്മയെക്കുറിച്ചു പ്രാര്‍ത്ഥനയില്‍ പോരാടുമ്പോള്‍ത്തന്നെ, ബിയാത്തയുടെ വിശ്വാസം വര്‍ദ്ധിച്ചു. അവളെപ്പോലെ, ക്ഷമിക്കാന്‍ നാമും പാടുപെടുകയാണെങ്കില്‍, അങ്ങനെ ചെയ്യാന്‍ പരിശുദ്ധാത്മാവിലൂടെ നമ്മെ സഹായിക്കാന്‍ ദൈവത്തോടു നമുക്ക് അപേക്ഷിക്കാം. നമ്മുടെ വിശ്വാസം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ക്ഷമിക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.
രാജാവിന് ആതിഥ്യമരുളുക
സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ഒരു ബാളില്‍ വെച്ച് ഇംഗ്ലണ്ടിലെ രാജ്ഞിയെ കണ്ടുമുട്ടിയ ശേഷം, രാജകുടുംബം അവരോടൊപ്പം ചായകുടിക്കുന്നതിനായി അവരെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം സില്‍വിയയ്ക്കും ഭര്‍ത്താവിനും ലഭിച്ചു. രാജകീയ അതിഥികളെ സല്‍ക്കരിക്കുന്നതിനെക്കുറിച്ച് പരിഭ്രാന്തി പൂണ്ട് സില്‍വിയ വീടു വൃത്തിയാക്കാനും തയ്യാറെടുക്കാനും തുടങ്ങി. അവര്‍ വരുന്നതിനുമുമ്പ്, മേശപ്പുറത്തു വയ്ക്കുന്നതിനായി കുറച്ചുപൂക്കള്‍ എടുക്കാന്‍ പുറത്തേക്കു പോയപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ആ നമിഷത്തില്‍ അവന്‍ രാജാക്കന്മാരുടെ രാജാവാണെന്നും അവന്‍ എല്ലാ ദിവസവും അവളോടൊപ്പമുണ്ടെന്നും ദൈവം അവളെ ഓര്‍മ്മപ്പെടുത്തുന്നത് അവള്‍ക്കു മനസ്സിലായി. ഉടനെ അവള്‍ക്ക് സമാധാനം തോന്നി, 'ഒന്നുമല്ലെങ്കിലും, ഇതു കേവലം രാജ്ഞിയാണ്!' അവള്‍ ചിന്തിച്ചു.
സില്‍വിയ ചിന്തിച്ചതു ശരിയാണ്. അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിച്ചതുപോലെ, ദൈവം 'രാജാധിരാജാവും കര്‍ത്താധികര്‍ത്താവുമാണ്' (1 തിമൊഥെയൊസ് 6:15) അവനെ അനുഗമിക്കുന്നവര്‍ 'ദൈവത്തിന്റെ മക്കള്‍'' ആകുന്നു (ഗലാത്യര്‍ 3:26). നാം ക്രിസ്തുവിന്റെ വകയാകുമ്പോള്‍, നാം അബ്രാഹാമിന്റെ അവകാശികളാകുന്നു (വാ. 29). വംശം, സാമൂഹികഭേദം, ലിംഗഭേദം എന്നിങ്ങനെയുള്ള വിഭജനത്താല്‍ നാം മേലില്‍ ബന്ധിതരല്ല. കാരണം, നാമെല്ലാവരും 'ക്രിസ്തുയേശുവില്‍ ഒന്നത്രേ'' (വാ. 28). നാം രാജാവിന്റെ മക്കളാണ്.
സില്‍വിയയും ഭര്‍ത്താവും രാജ്ഞിയുമൊത്ത് അത്ഭുതകരമായ ഒരു ഭക്ഷണം ആസ്വദിച്ചുവെങ്കിലും, രാജ്ഞിയില്‍നിന്ന് അടുത്തയിടെ ഒരു ക്ഷണം എനിക്കു ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സകലത്തിന്റെയും പരമോന്നത രാജാവ് ഓരോ നിമിഷവും എന്നോടൊപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യേശുവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ക്ക് (വാ. 27) തങ്ങള്‍ ദൈവമക്കളാണെന്ന് അറിഞ്ഞുകൊണ്ട് ഐക്യത്തോടെ ജീവിക്കാന്‍ കഴിയും.
ഈ സത്യത്തെ മുറുകെപ്പിടിക്കുന്നത് ഇന്നു നാം ജീവിക്കുന്ന രീതിയെ എങ്ങനെ രൂപപ്പെടുത്തും?
തേനിനെക്കാള്‍ മധുരമുള്ളത്
1893 ഒക്ടോബറിലെ ചിക്കാഗോ ദിനത്തില്‍, എല്ലാവരും ലോകമേളയില്‍ പങ്കെടുക്കുവാന്‍ പോകുമെന്നു കരുതി നഗരത്തിലെ തിയറ്ററുകള്‍ അടച്ചിട്ടു. ഏഴു ലക്ഷത്തിലധികം ആളുകള്‍ പോയി, പക്ഷേ ഡൈ്വറ്റ് മൂഡി (1837-1899) ചിക്കാഗോയുടെ മറുവശത്തുള്ള ഒരു സംഗീത ഹാള്‍ പ്രസംഗവും പഠിപ്പിക്കലും കൊണ്ടു സജീവമാക്കാന്‍ ആഗ്രഹിച്ചു. മേളയുടെ അതേ ദിവസം തന്നെ മൂഡിക്ക് ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ആര്‍.എ. റ്റോറിക്ക് (1856-1928) സംശയമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ അദ്ദേഹം അതു ചെയ്തു. റ്റോറി പിന്നീട് പറഞ്ഞതുപോലെ, 'ഈ പഴയ ലോകം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകത്തെ - ബൈബിള്‍'' മൂഡിക്ക് അറിയാമായിരുന്നതിനാല്‍ ജനക്കൂട്ടം വന്നു. മൂഡിയെപ്പോലെ മറ്റുള്ളവരും ബൈബിളിനെ സ്‌നേഹിക്കണമെന്നും അര്‍പ്പണബോധത്തോടെയും അഭിനിവേശത്തോടെയും പതിവായി അതു വായിക്കണമെന്നും റ്റോറി ആഗ്രഹിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചിക്കാഗോയില്‍, ദൈവം തന്റെ ആത്മാവിലൂടെ ആളുകളെ തന്നിലേക്കു മടക്കിക്കൊണ്ടുവന്നു. മാത്രമല്ല അവിടുന്ന് ഇന്നും സംസാരിക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള സങ്കീര്‍ത്തനക്കാരന്റെ സ്‌നേഹത്തെ പ്രതിധ്വനിപ്പിക്കാന്‍ നമുക്കു കഴിയും, 'തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്കു തേനിലും നല്ലത്!'' (സങ്കീര്‍ത്തനം 119:103). സങ്കീര്‍ത്തനക്കാരനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കൃപയുടെയും സത്യത്തിന്റെയും വചനങ്ങള്‍ അവന്റെ പാതയ്ക്ക് ഒരു പ്രകാശമായും അവന്റെ കാലുകള്‍ക്ക് ഒരു ദീപമായും പ്രവര്‍ത്തിച്ചു (വാ. 105).
രക്ഷകനോടും അവന്റെ സന്ദേശത്തോടുമുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ വളരാന്‍ കഴിയും? നാം തിരുവെഴുത്തില്‍ മുഴുകുമ്പോള്‍, ദൈവത്തോടുള്ള നമ്മുടെ ഭക്തിയെ അവിടുന്ന് വര്‍ദ്ധിപ്പിക്കുകയും നാം നടക്കുന്ന പാതകളില്‍ അവന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടു നമ്മെ നയിക്കുകയും ചെയ്യും.
പ്രഭാതം തോറും പുതിയത്
എന്റെ സഹോദരന്‍ പോള്‍ കടുത്ത അപസ്മാരവുമായി പൊരുതിയാണ് വളര്‍ന്നത്, അവന്‍ കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ അത് കൂടുതല്‍ വഷളായി. ഒരു സമയം ആറുമണിക്കൂറിലധികം തുടര്‍ച്ചയായി രോഗബാധ അനുഭവപ്പെട്ടിരുന്നതിനാല്‍, രാത്രികാലങ്ങള്‍ അവനും എന്റെ മാതാപിതാക്കള്‍ക്കും അതികഠിനമായിരുന്നു. രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനോ ദിവസത്തിന്റെ ഒരു ഭാഗമെങ്കിലും അവനെ സുബോധത്തോടെ ഇരുത്തുന്നതിനോ സഹായകരമായ ഒരു ചികിത്സ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല, എന്റെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയില്‍ നിലവിളിച്ചു: 'ദൈവമേ, ദൈവമേ, ഞങ്ങളെ സഹായിക്കണമേ!''
അവരുടെ വികാരങ്ങള്‍ തകരുകയും അവരുടെ ശരീരം തളര്‍ന്നുപോവുകയും ചെയ്‌തെങ്കിലും, ഓരോ പുതിയ ദിവസത്തിനും മതിയായ ബലം പോളിനും എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തില്‍ നിന്ന് ലഭിച്ചു. കൂടാതെ, വിലാപങ്ങളുടെ പുസ്തകം ഉള്‍പ്പെടെയുള്ള ബൈബിളിലെ വാക്യങ്ങളില്‍ നിന്ന് എന്റെ മാതാപിതാക്കള്‍ക്ക് ആശ്വാസം ലഭിച്ചു. 'കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പ്പും'' ഓര്‍മ്മിച്ചുകൊണ്ട് ബാബിലോന്യ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതില്‍ യിരെമ്യാവ് ദുഃഖിച്ചു (3:19). എന്നിട്ടും യിരെമ്യാവിന് പ്രതീക്ഷ നഷ്ടപ്പെട്ടില്ല. 'രാവിലെതോറും പുതിയതായ'' ദൈവത്തിന്റെ കാരുണ്യം അവന്‍ ഓര്‍മ്മിച്ചു (വാ. 23). എന്റെ മാതാപിതാക്കളും അങ്ങനെ തന്നെ ചെയ്തു.
നിങ്ങള്‍ അഭിമുഖീകരിക്കുന്നതെന്തായാലും, എല്ലാ പ്രഭാതത്തിലും ദൈവം വിശ്വസ്തനാണെന്ന് അറിയുക. അവന്‍ അനുദിനം നമ്മുടെ ശക്തി പുതുക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്നു. ചിലപ്പോള്‍, എന്റെ കുടുംബത്തിനു ചെയ്തതുപോലെ, അവന്‍ ആശ്വാസം നല്‍കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പുതിയ മരുന്ന് ലഭ്യമായി, ഇത് പോളിന്റെ തുടര്‍ച്ചയായ രാത്രികാല രോഗബാധ നിര്‍ത്തുകയും എന്റെ കുടുംബത്തിന് പുനഃസ്ഥാപന ഉറക്കവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നല്‍കുകയും ചെയ്തു.
നമ്മുടെ ആത്മാക്കള്‍ നമ്മുടെ ഉള്ളില്‍ ക്ഷീണിക്കുമ്പോള്‍ (വാ. 20), ദൈവത്തിന്റെ കരുണ രാവിലെതോറും പുതിയതാണെന്ന വാഗ്ദാനങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം.
നാം ദൈവമല്ല
മിയര്‍ ക്രിസ്റ്റിയാനിറ്റി എന്ന ഗ്രന്ഥത്തില്‍, നാം നിഗളമുള്ളവരോ എന്നു കണ്ടെത്തുന്നതിന് നമ്മോടു തന്നേ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സി.എസ് ലൂയിസ് നിര്‍ദ്ദേശിക്കുന്നു: 'മറ്റ് ആളുകള്‍ എന്നെ അവഹേളിക്കുമ്പോള്‍ അല്ലെങ്കില്‍ എന്നെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അല്ലെങ്കില്‍ എന്റെ സംരക്ഷകരായിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് എത്രമാത്രം നീരസമുണ്ടാകും?' നിഗളത്തെ 'അങ്ങേയറ്റത്തെ തിന്മ'' ആയും വീടുകളിലെയും രാജ്യങ്ങളിലെയും ദുരിതത്തിന്റെ പ്രധാന കാരണമായും ലൂയിസ് കണ്ടു. സ്‌നേഹം, സംതൃപ്തി, സാമാന്യബുദ്ധി എന്നിവയ്ക്കുള്ള സാധ്യതകളെ തിന്നുകളയുന്ന ഒരു 'ആത്മീയ ക്യാന്‍സര്‍'' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
നിഗളം കാലങ്ങളായി ഒരു പ്രശ്‌നമാണ്. ദൈവത്തിന്റെ കരുത്തുറ്റ തീരദേശ നഗരമായ സോരിന്റെ നേതാവിന്റെ നിഗളത്തിനെതിരെ ദൈവം യെഹെസ്‌കേല്‍ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‍കി. രാജാവിന്റെ നിഗളം അവന്റെ പതനത്തിന് കാരണമാകുമെന്ന് അവന്‍ പറഞ്ഞു: 'നീ ദൈവഭാവം നടിക്കുകയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും' (യെഹെസ്‌കേല്‍ 28:6-7). താന്‍ ഒരു ദൈവമല്ല, മറിച്ച് ഒരു മനുഷ്യനാണെന്ന് അപ്പോള്‍ അവന്‍ അറിയും (വാ. 9).
നിഗളത്തിന് വിപരീതം താഴ്മയാണ്, ദൈവത്തെ അറിയുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഒരു സ്വഭാവഗുണമായി ലൂയിസ് അതിനെ വിശേഷിപ്പിച്ചു. നാം അവനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനനുസരിച്ച് നാം 'സന്തോഷപൂര്‍വ്വം താഴ്മയുള്ളവരായി'' മാറുന്നുവെന്ന് ലൂയിസ് പറഞ്ഞു. മുമ്പ് നമ്മെ അസ്വസ്ഥരും അസന്തുഷ്ടരുമാക്കിയിരുന്ന നമ്മുടെ അന്തസ്സിനെക്കുറിച്ചുള്ള നിസാരമായ വിഡ്ഢിത്തങ്ങളില്‍ നിന്ന് മുക്തി നേടുന്നത് നമ്മെ ആശ്വാസമുള്ളവരാക്കി മാറ്റും.
നാം എത്രത്തോളം ദൈവത്തെ ആരാധിക്കുന്നുവോ അത്രയധികം നാം അവനെ അറിയുകയും അവന്റെ മുമ്പാകെ താഴ്മയുള്ളവരാകുകയും ചെയ്യും. സന്തോഷത്തോടും താഴ്മയോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി നമുക്കു തീരാം.
സകലവും സമര്‍പ്പിക്കുന്നു
യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുന്നതിനായി കലാരംഗത്തെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ദൈവം തങ്ങളെ വിളിച്ചതെന്ന് അവര്‍ വിശ്വസിച്ചയിടത്ത് ശുശ്രൂഷിക്കാന്‍ സ്വയം സമര്‍പ്പിച്ച രണ്ടുപേര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ജെയിംസ് ഒ. ഫ്രേസര്‍ (1886-1938), ചൈനയിലെ ലിസു ജനതയെ സേവിക്കാനായി ഇംഗ്ലണ്ടിലെ കണ്‍സേര്‍ട്ട് പിയാനിസ്റ്റ് ആയിട്ടുള്ള കലാജീവിതം ഉപേക്ഷിച്ചു. അമേരിക്കക്കാരനായ ജഡ്‌സണ്‍ വാന്‍ ഡിവെന്റര്‍ (1855-1939) കലാരംഗത്തെ ജോലി ഉപേക്ഷിച്ച് ഒരു സുവിശേഷകന്‍ ആകാന്‍ തീരുമാനിച്ചു. അദ്ദേഹമാണ് പിന്നീട് ''ഞാന്‍ സമര്‍പ്പിക്കുന്നു'' (I Surrender All) എന്ന ഗാനം എഴുതിയത്.
കലാരംഗത്ത് ഒരു തൊഴില്‍ നേടുക എന്നത് പലരെ സംബന്ധിച്ചും തികവാര്‍ന്ന ഒരു വിളിയാണെങ്കിലും, ഒരു തൊഴില്‍ മറ്റൊന്നിനായി ഉപേക്ഷിക്കാന്‍ ദൈവം തങ്ങളെ വിളിച്ചതായി ഈ മനുഷ്യര്‍ വിശ്വസിച്ചു. തന്നെ അനുഗമിക്കാനായി സമ്പത്ത് ഉപേക്ഷിക്കാന്‍ ധനികനായ ഭരണാധികാരിയെ കര്‍ത്താവ് ഉപദേശിക്കുന്നതില്‍ നിന്ന് ഒരുപക്ഷേ അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം (മര്‍ക്കൊസ് 10:17-25). ആ സംഭവത്തിന് സാക്ഷിയായ പത്രൊസ് ഉടനെ പറഞ്ഞു ''ഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു!'' (വാ. 28). തന്നെ അനുഗമിക്കുന്നവര്‍ക്ക് ''ഈ ലോകത്തില്‍ ... നൂറുമടങ്ങും' 'വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും' യേശു വാഗ്ദത്തം ചെയ്തു (വാ. 30). എന്നാല്‍ അവന്‍ തന്റെ ജ്ഞാനമനുസരിച്ചാണതു നല്‍കുന്നത്: ''മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും'' (വാ. 31).
ദൈവം നമ്മെ എവിടെ ആക്കിയാലും, അവനെ അനുഗമിക്കാനും നമ്മുടെ കഴിവുകളും വിഭവങ്ങളും ഉപയോഗിച്ച് അവനെ സേവിക്കുവാനുമുള്ള അവന്റെ സൗമ്യമായ ആഹ്വാനം അനുസരിച്ച് ദിവസേന നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കാന്‍ വിളിക്കപ്പെടുന്നു - നമ്മുടെ വീട്ടിലോ, ഓഫീസിലോ, സമൂഹത്തിലോ അല്ലെങ്കില്‍ വീട്ടില്‍ നിന്ന് അകലെയോ എവിടെ ആയിരുന്നാലും. നാം അങ്ങനെ ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ ആവശ്യങ്ങളെ നമ്മുടേതിനേക്കാള്‍ ഉപരിയായി വെച്ചുകൊണ്ട് അവരെ സ്‌നേഹിക്കാന്‍ അവിടുന്ന് നമ്മെ പ്രചോദിപ്പിക്കും.