ഞങ്ങൾ ഞായറാഴ്ച രാവിലെ സഭായോഗത്തിന് വളരെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ഒരുമിച്ച് വന്നിരിക്കുന്നത്. കോറോണ വൈറസ് എന്ന മഹാമാരിയാൽ നമുക്ക് വളരെ അകലം പാലിച്ച് നിൽക്കേണ്ടി വന്നാലും ഒരു യുവ ദമ്പതികളുടെ വിവാഹം ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് വളരെ  സന്തോഷമുണ്ട്. സങ്കേതിക വിദ്യയുടെ മികവു കൊണ്ടു് അനുഗ്രഹിക്കപ്പെട്ട നമ്മുടെ സഭയിലെ  അംഗങ്ങൾ ഈ  ചടങ്ങ് ലോകത്തിന്റെ   പല ഭാഗങ്ങളിലുമുള്ള അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി -സ്പെയിൻ, പോളണ്ട്, സൈബീരിയ-സംപ്രേക്ഷണം ചെയ്തു. ഈ തരത്തിലുള്ള ക്രിയാത്മകമായ സമീപനം മൂലം ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങളെ  മറികടക്കുവാനും, വിവാഹ ശുശ്രൂഷയിൽ സന്തോഷിക്കുവാനും കഴിഞ്ഞു.ദൈവത്തിന്റെ ആത്മാവ് നമ്മെ ഒന്നാക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.

ആ ഞായറാഴ്ച രാവിലെ വിവിധ രാജ്യങ്ങളിലെ നമ്മുടെ സഭയുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്ച “സകലജാതികളിലും  ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണികൂടാത്ത ഒരു മഹാ പുരുഷാരം സ്വർഗ്ഗത്തിൽ  ദൈവത്തിന്റെ മുമ്പിൽ  നിൽക്കുന്ന, വരാൻപോകുന്ന ഒരു  വലിയ മഹത്വത്തിന്റെ”(വെളിപ്പാട് 7:9) ചെറിയ ഒരു രുചിച്ചറിയൽ ആയിരുന്നു. യേശുവിന്റെ പ്രിയ ശിഷ്യനായ യോഹന്നാൻ  ആ” മഹാ പുരുഷാരത്തെ” ഒരു വെളിപ്പാടിൽ മിന്നൊളി പോലെ കണ്ടത് വെളിപ്പാട് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.അവിടെ കൂടിയിട്ടുള്ള സകല ദൂതന്മാരും മൂപ്പന്മാരും ദൈവത്തെ ആരാധിച്ച് എല്ലാ മഹത്വവും കൊടുത്തു. “നമ്മുടെ ദൈവത്തിനു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും, ആമേൻ എന്നു പറഞ്ഞു ദൈവത്ത നമസ്കരിച്ചു” (വാ. 12).

യേശുവും മണവാട്ടി സഭയുമായി ഒന്നാകുന്ന വിവാഹത്തിൽ “കുഞ്ഞാടിന്റെ കല്യാണ സദ്യ”(19:9) ആരാധനയുടേയും ആഘോഷത്തിന്റേയും അത്ഭുതകരമായ ഒരു സമയമായിരിക്കും. ഞങ്ങളുടെ ഞായറാഴ്ചത്തെ ആരാധനയിൽ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളുമായുള്ള ഞങ്ങളുടെ അനുഭവം  ചൂണ്ടിക്കാണിക്കുന്നത് നാം എല്ലാവരും ആസ്വദിക്കാനിരിക്കുന്ന ആ വലിയ ദിവസത്തേയാണ്.

പ്രത്യാശയോടെ സന്തോഷപ്രദമായ ആ അനുഭവത്തിനുവേണ്ടി കാത്തിരിക്കുമ്പോഴും നമുക്ക് ദൈവജനത്തെ  കൂട്ടായ്മയോടും സന്തോഷത്തോടും കൂടെ  കൈകൊള്ളാം.