യഥാർത്ഥ പ്രത്യാശ
1980കളുടെ തുടക്കത്തിൽ ശോഭനമായൊരു ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷയാൽ ഇന്ത്യ നിറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ അസ്വസ്ഥതകൾക്കിടയിലും തന്റെ മകൻ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. യുവത്വം നിറഞ്ഞ വിദ്യാസമ്പന്നനായ പ്രധാനമന്ത്രി അധികാരമേറ്റപ്പോൾ ജനങ്ങൾ സ്വസ്ഥതയുടെ ഒരു വേള പ്രതീക്ഷിച്ചു. പക്ഷേ ഭോപ്പാൽ ദുരന്തം, ബോഫോർഴ്സ് അഴിമതി, ശ്രീലങ്കയിൽ “സമാധാനസംരക്ഷണ‘ സേന നടത്തിയ അനാവശ്യ ഇടപെടലുകൾ എന്നിവയിലൂടെ ദേശീയ അസ്വസ്ഥതകൾ തുടർന്നു. രാജീവ് ഗാന്ധി വധിക്കപ്പെടുകയും ശുഭാപ്തിവിശ്വാസത്തിലിരുന്ന സമൂഹത്തിന്റെ ആദർശങ്ങൾ വിഘടിക്കുകയും ചെയ്തു. ശുഭാപ്തിവിശ്വാസം മാത്രം മതിയായിരുന്നില്ല, അതിനെ തുടർന്ന് നിരാശ പടരുകയും ചെയ്തു.
പിന്നീട് 1967ൽ ദൈവശാസ്ത്രജ്ഞൻ യൂർഗൻ മോൾട്ട്മാന്റെ ‘തിയോളജി ഓഫ് ഹോപ്പ്‘ കുറച്ചു കൂടെ വ്യക്തമായ കാഴ്ചപ്പാടിലേക്ക് വിരൽ ചൂണ്ടി. ഈ പാത ശുഭാപ്തിവിശ്വാസത്തിന്റെ പാത ആയിരുന്നില്ല മറിച്ച് പ്രത്യാശയുടെ പാതയായിരുന്നു. ഇത് രണ്ടും ഒന്നല്ല. ശുഭാപ്തിവിശ്വാസം ഈ നിമിഷത്തിന്റെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, പക്ഷേ പ്രത്യാശ നമ്മുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും ദൈവത്തിന്റെ വിശ്വസ്തതയിൽ വേരൂന്നിയതാണെന്നും മോൾട്ട്മാൻ വ്യക്തമാക്കി.
എന്താണ് ഈ പ്രത്യാശയുടെ ഉറവിടം? പത്രൊസ് എഴുതി, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി……വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1 പത്രോസ് 1:3). നമ്മുടെ വിശ്വസ്ത ദൈവം തന്റെ പുത്രനായ യേശുവിലൂടെ മരണത്തെ ജയിച്ചിരിക്കുന്നു! എല്ലാ വിജയങ്ങളേക്കാലും മഹത്തായ ഈ വിജയത്തിന്റെ യാഥാർത്ഥ്യം നമ്മെ കേവലം ശുഭാപ്തി വിശ്വാസത്തിനപ്പുറം ശക്തമായ, കരുത്തുറ്റ ഒരു പ്രത്യാശയിലേക്ക് ഉയർത്തുന്നു-എല്ലാ ദിവസവും എല്ലാ സാഹചര്യങ്ങളിലും.
മനോഹരമായി തകർന്നത്
ഞങ്ങളുടെ ബസ്സ് അവസാനം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു – ഇസ്രായേലിലെ ഒരു പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ, ഞങ്ങൾക്കു തന്നെ കുറച്ച് ഖനനം ചെയ്യാവുന്ന സ്ഥലത്ത്. ഞങ്ങളുടേതായി ഖനനം ചെയ്ത് എടുത്തതെല്ലാം ആയിരം വർഷങ്ങളോളമായി ആരും സ്പർശിക്കാത്തതായിരുന്നെന്ന് അവിടുത്തെ ഡയറക്ടർ വിവരിച്ച് തന്നു.കളിമൺ പാത്രങ്ങളുടെ കഷ്ണങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങളും ചരിത്രത്തെ തൊടുകയാണെന്ന ഒരു വൈകാരികത തോന്നി. കുറേ നീണ്ട സമയത്തിനു ശേഷം ഞങ്ങളെ അവർ വേറൊരു ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി; അവിടെ വളരെയധികം വർഷങ്ങൾക്ക് മുമ്പ് തകർന്നു പോയ വലിയ പൂപ്പാത്രങ്ങളുടെ പൊട്ടി വേർപെട്ട കഷ്ണങ്ങൾ എല്ലാം തിരികെ ഒരുമിച്ചു ചേർത്തുകൊണ്ടിരിക്കുകയായിരുന്നു.
ഇതൊരു പ്രതീകാത്മക കാര്യമായിരിക്കുന്നു! വർഷങ്ങൾക്ക് മുമ്പ് തകർന്ന മൺപാത്രങ്ങളുടെ പുന:സൃഷ്ടി നടത്തുന്ന ആ കരകൗശല വിദഗ്ദർ, തകർന്നതിനെ യഥാസ്ഥാനപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ദൈവത്തെ ഓർമ്മിപ്പിക്കുന്നു. സങ്കീർത്തനം 31:12ൽ, ദാവീദ് എഴുതി: “മരിച്ചു പോയവനെപ്പോലെ എന്നെ മറന്നു കളഞ്ഞിരിക്കുന്നു. ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു”. ഈ സങ്കീർത്തനം എഴുതിയ സന്ദർഭം ഇവിടെ സൂചിപ്പിക്കുന്നില്ലെങ്കിലും, ദാവീദിന്റെ ജീവിതത്തിലെ പ്രയാസങ്ങളാണ് പലപ്പോഴും അവന്റെ വിലാപത്തിന്റെ ധ്വനിയായി മാറുന്നത് എന്നത് ഈ സങ്കീർത്തനത്തിന്റെ കാര്യത്തിലും ശരിയാകാം. ഇതിൽ വിവരിക്കുന്നത് അപകടങ്ങളും, ശത്രുക്കളും, നിരാശയും നിമിത്തം അവൻ തകർന്നു പോയിരിക്കുന്നു എന്നാണ്.
അതുകൊണ്ട്, സഹായത്തിനായി എവിടെയ്ക്കാണ് അവൻ ശ്രദ്ധ തിരിച്ചത്? വാക്യം 16 ൽ ദാവീദ് ദൈവത്തോട് കരയുന്നുണ്ട്, “ അടിയന്റെ മേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.”
ദാവീദിന്റെ വിശ്വാസത്തിന്റെ ശരണമായിരുന്ന ആ ദൈവം തന്നെയാണ് ഇന്നും തകർന്ന് പോയതിനെ കൂട്ടിച്ചേർക്കുന്നവൻ. അതിനായി അവനെ വിളിച്ച് അപേക്ഷിക്കുവാനും, അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിൽ വിശ്വസിക്കുവാനും മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്.
നന്ദി നിറഞ്ഞ ഹൃദയം
പുരാതന റോമിലെ പ്രശസ്ത തത്വചിന്തകനായിരുന്ന സെനെക്കയുടെ മേൽ (4 Bc- AD 65) ചക്രവർത്തിനി മെസ്സാലിന ഒരിക്കൽ വ്യഭിചാരക്കുറ്റം ആരോപിച്ചു. സെനറ്റ് അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചെങ്കിലും ചക്രവർത്തിയായ ക്ലൌദ്യോസ് അത് കോർസിക്കയിലേക്ക് നാടുകടത്തൽ ആക്കി കുറച്ചു; കാരണം ഒരുപക്ഷെ അതൊരു വ്യാജമായ ആരോപണമാകാമെന്ന് അദ്ദേഹം സംശയിച്ചിരിക്കാം. ഈ ശിക്ഷയിളവ് സെനെക്കയിൽ കൃതജ്‌ഞതയെക്കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം: "നരഘാതകർ , സ്വേച്ഛാധിപതികൾ, കള്ളന്മാർ, കൊള്ളക്കാർ, ദൈവനിന്ദകർ , രാജ്യദ്രോഹികൾ എന്നിവരെക്കാളെല്ലാം കുറ്റക്കാരാണ് നന്ദിയില്ലാത്തവർ " എന്ന് അദ്ദേഹം എഴുതി.
സെനെക്കയുടെ സമകാലികനായ അപ്പൊസ്തലനായ പൗലോസ് ഇത് ശരിവെക്കുന്നു. റോമർ 1:21 ൽ പൗലോസ് എഴുതിയത് മനുഷ്യകുലത്തിന്റെ അധപതനത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കാൻ തയ്യാറായില്ല എന്നതാണ്. കൊലോസ്യയിലുള്ള സഭക്ക് എഴുതുമ്പോൾ വിശ്വാസികളോട് നന്ദിയുള്ളവരായിരിക്കണമെന്ന് 3 തവണ ആഹ്വാനം ചെയ്യുന്നുണ്ട്. നാം "സ്തോത്രത്തിൽ കവിഞ്ഞിരിക്കണം" (കൊലോ.2:7) എന്ന് എഴുതിയിരിക്കുന്നു. "ക്രിസ്തുവിന്റെ സമാധാനം" നമ്മുടെ ഹൃദയങ്ങളിൽ വാഴുമ്പോൾ നാം " നന്ദിയുള്ളവരായും "ഇരിക്കണം. (3:15) യഥാർത്ഥത്തിൽ നമ്മുടെ പ്രാർത്ഥനയുടെ പ്രത്യേകതയായിരിക്കണം കൃതജ്‌ഞത . (4:2)
നമ്മോടുള്ള ദൈവത്തിന്റെ മഹാദയ നമ്മുടെ ജീവിത്തിന്റെ അടിസ്ഥാനം തന്നെയാണ്. അതുകൊണ്ട് അവിടുന്ന് നമ്മുടെ സ്നേഹവും ആരാധനയും മാത്രമല്ല, കൃതജ്ഞതയുള്ള ഹൃദയവും സ്വീകരിക്കുവാൻ യോഗ്യനാണ്. എല്ലാ നല്ല ദാനവും ദൈവത്തിൽ നിന്നല്ലോ വരുന്നത്. (യാക്കോ.1:17)
ക്രിസ്തുവിൽ നമുക്ക് ലഭിച്ചിരിക്കുന്നതെല്ലാം വിചാരിച്ചാൽ നന്ദിയെന്നത് നമ്മുടെ ശ്വാസം പോലെ സ്വാഭാവികമായി ഉണ്ടാകണം. ദൈവത്തിന്റെ കൃപാദാനങ്ങളോട് നന്ദിയോടെ നമുക്ക് പ്രതികരിക്കാം.
പരിശുദ്ധാത്മാവ് തരുന്ന ഉൾക്കാഴ്ച
തന്റെ സൈനീക ക്യാമ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മരുഭൂമിയിൽ കുഴിയെടുത്തുകൊണ്ടിരുന്ന ആ ഫ്രഞ്ച് സൈനികന് താനൊരു സുപ്രധാനമായ കണ്ടുപിടുത്തമാണ് നടത്തുവാൻ പോകുന്നതെന്ന് യാതൊരു അറിവുമില്ലായിരുന്നു. അടുത്ത തവണ മണ്ണ് നീക്കിയപ്പോൾ അയാളൊരു കല്ല് കണ്ടു. ഏതെങ്കിലുമൊരു കല്ലായിരുന്നില്ല അത്. അത് റോസേറ്റാ സ്റ്റോൺ ആയിരുന്നു. ടോളെമി അഞ്ചാമൻ രാജാവിന്റെ കാലത്തെ നിയമങ്ങളും ഭരണവും 3 ഭാഷകളിലായി അതിൽ രേഖപ്പെടുത്തിയിരുന്നു. ആ കല്ല് (ഇപ്പോൾ ബ്രിട്ടീഷ് മ്യുസിയത്തിലാണ്) പുരാതന ഈജിപ്ത്യൻ ലിപിയായ ഹൈറോഗ്ലിഫിക്സിന്റെ നിഗൂഡതകൾ തുറക്കാൻ സഹായിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു പുരാവസ്തു കണ്ടെത്തലായിരുന്നു.
നമ്മിൽ പലർക്കും വചനത്തിലെ പലഭാഗങ്ങളും ആഴത്തിലുള്ള നിഗൂഢതകളാണ്. ക്രൂശിക്കപ്പെടുന്നതിന്റെ തലേ രാത്രിയിൽ, അവിടുന്ന് പരിശുദ്ധാത്മാവിനെ അയക്കും എന്ന് യേശു അനുയായികളോട് വാഗ്ദത്തം ചെയ്തു. അവിടുന്ന് അവരോടു പറഞ്ഞു "സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും" (യോഹ.16: 13). ഒരു തരത്തിൽ പറഞ്ഞാൽ പരിശുദ്ധാത്മാവ് ബൈബിളിന്റെ ഗൂഢ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ദൈവീക റോസെറ്റ സ്റ്റോണാണ്.
വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചുമുള്ള പൂർണ്ണമായ അറിവ് നമുക്ക് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, യേശുവിനെ അനുഗമിക്കുന്നതിന് ആവശ്യമായതെല്ലാം മനസ്സിലാക്കുവാൻ പരിശുദ്ധാത്മാവിനാൽ സാധിക്കും എന്ന ഉറപ്പ് നമുക്കുണ്ട്. അവിടുന്ന് നമ്മെ ആ അടിസ്ഥാന സത്യങ്ങളിലേക്ക് വഴി നടത്തും.
അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുക
1907 ഡിസംബർ 6 ന്, യുഎസ് സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിലെ ഒരു ചെറിയ സമൂഹത്തെ അവിടെയുണ്ടായ സ്‌ഫോടനങ്ങൾ തകർത്തുകളഞ്ഞു; കൽക്കരി ഖനന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏകദേശം 360 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ ഭീകരമായ ദുരന്തം 250 സ്ത്രീകളെ വിധവകളാക്കുകയും 1,000 കുട്ടികളെ പിതാക്കന്മാരില്ലാത്തവരാക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത അനുസ്മരണ സമ്മേളനമാണ് പില്ക്കാലത്ത് യുഎസിൽ പിതൃദിനം (ഫാദേഴ്‌സ് ഡേ) ആഘോഷിക്കുന്നതിനു മുഖാന്തരമായിത്തീർന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വലിയ നഷ്ടത്തിൽ നിന്ന് അനുസ്മരണവും - ഒടുവിൽ - ആഘോഷവും പിറവിയെടുത്തു.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിനെ ക്രൂശിച്ചപ്പോഴാണ്. എന്നിരുന്നാലും, ആ ഇരുണ്ട നിമിഷം അനുസ്മരണവും ആഘോഷവും ഉളവാക്കി. ക്രൂശിലേക്കു പോകുന്നതിന്റെ തലേദിവസം രാത്രി, യേശു യിസ്രായേലിന്റെ പെസഹയുടെ ഘടകങ്ങൾ എടുത്ത് സ്വന്തം സ്മാരക ആഘോഷം സൃഷ്ടിച്ചു. ലൂക്കൊസിന്റെ രേഖ ഈ രംഗത്തെ ഇപ്രകാരം വിവരിക്കുന്നു: ''അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ എന്നു പറഞ്ഞു'' (ലൂക്കൊസ് 22:19).
ഇന്നും, നാം കർത്താവിന്റെ മേശയിൽ പങ്കുകൊള്ളുമ്പോഴെല്ലാം, നമ്മോടുള്ള അവിടുത്തെ മഹത്തും അചഞ്ചലവുമായ സ്‌നേഹത്തെ ബഹുമാനിക്കുന്നു - നമ്മെ രക്ഷിക്കുന്നതിനു കൊടുക്കേണ്ടിവന്ന വിലയെ അനുസ്മരിക്കുകയും അവിടുത്തെ ത്യാഗം നേടിത്തന്ന ജീവന്റെ ദാനത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ചാൾസ് വെസ്ലി തന്റെ മഹത്തായ ഗാനത്തിൽ പറഞ്ഞതുപോലെ, ''അതിശയകരമായ സ്‌നേഹം! എങ്ങനെ എന്റെ ദൈവമേ, എനിക്കു വേണ്ടി മരിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞു?''
സങ്കടത്തില്‍ പ്രത്യാശ
ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടയില്‍, ഞങ്ങളോടു തന്റെ കഥ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി പതിനേഴാമത്തെ വയസ്സില്‍ ഏകനായി നഗരത്തിലെത്തിയതാണയാള്‍. ഇപ്പോള്‍, പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ക്കു സ്വന്ത കുടുംബമുണ്ട്, അവരുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്താന്‍ തനിക്കു കഴിയുന്നുമുണ്ട്. ഗ്രാമത്തില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ താന്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന ദുഃഖമയാള്‍ക്കുണ്ട്. തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരുന്നതുവരെ പൂര്‍ത്തിയാകാത്ത കഠിനമായ ഒരു യാത്ര തനിക്കുണ്ടെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞു.
ഈ ജീവിതത്തില്‍, നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വേര്‍പിരിഞ്ഞിരിക്കുക എന്നതു കഠിനമാണ്. പക്ഷേ മരണത്തിലൂടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അതിലും കഠിനമാണ്; അവരുമായി വീണ്ടും ഒത്തുചേരുന്നതുവരെ കഠിനമായ നഷ്ടബോധമായിരിക്കും അതു നമ്മില്‍ സൃഷ്ടിക്കുക. തെസ്സലൊനീക്യയിലെ പുതിയ വിശ്വാസികള്‍ അത്തരം നഷ്ടങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ടപ്പോള്‍ പൗലൊസ് എഴുതി, ''സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' (1 തെസ്സലൊനീക്യര്‍ 4:13). യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, അത്ഭുതകരമായ ഒരു പുനഃസമാഗമം - ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ എന്നേക്കും ഒരുമിച്ചുള്ള ജീവിതം - പ്രതീക്ഷിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും എന്നു പൗലൊസ് വിശദീകരിച്ചു (വാ. 17).
നാം സഹിക്കുന്ന വേര്‍പിരിയലുകളെപ്പോലെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന കുറച്ച് അനുഭവങ്ങളേ നമുക്കുണ്ടാകാറുള്ളു. എന്നാല്‍ യേശുവില്‍ നമുക്കു വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയുണ്ട്. ദുഃഖത്തിനും നഷ്ടത്തിനും ഇടയില്‍, നിലനില്‍ക്കുന്ന ആ വാഗ്ദാനത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയും (വാ. 18).
സമാധാന ജീവിതം
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, ആസക്തികളോടു മല്ലിടുന്ന ആളുകള്‍ സഹായം തേടിയെത്തുന്ന, ഷാലോം ഹൗസ് എന്നൊരു സ്ഥലമുണ്ട്. ശാലോം ഹൗസില്‍, അവരോടു കരുതലും സ്‌നേഹവും കാണിക്കുന്ന സ്റ്റാഫിനെ അവര്‍ കണ്ടുമുട്ടുന്നു; അവര്‍ അവര്‍ക്ക് ദൈവത്തിന്റെ ഷാലോമിനെ (സമാധാനത്തിനുള്ള എബ്രായപദം) പരിചയപ്പെടുത്തുന്നു. മയക്കുമരുന്ന്, മദ്യം, ചൂതാട്ടം, മറ്റു വിനാശകരമായ ശീലങ്ങള്‍ എന്നിവയുടെ ആസക്തിക്കു കീഴില്‍ തകരുന്ന ജീവിതങ്ങള്‍ ദൈവസ്‌നേഹത്താല്‍ രൂപാന്തരപ്പെടുന്നു.
ഈ രൂപാന്തരത്തിന്റെ കേന്ദ്രം എന്നത് ക്രൂശിന്റെ സന്ദേശമാണ്. യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സ്വന്തം ജീവിതത്തെ ഉയിര്‍ത്തെഴുന്നേല്പിക്കാമെന്ന് ഷാലോം ഹൗസിലെ തകര്‍ന്ന ആളുകള്‍ കണ്ടെത്തുന്നു. ക്രിസ്തുവില്‍, നാം യഥാര്‍ത്ഥ സമാധാനവും സൗഖ്യവും നേടുന്നു.
സമാധാനം എന്നത്, കേവലം പ്രശ്‌നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്. നമുക്കെല്ലാവര്‍ക്കും ഈ ഷാലോം ആവശ്യമാണ്, അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്. ഇക്കാരണത്താലാണു പൗലൊസ്, ഗലാത്യരെ ആത്മാവിന്റെ രൂപാന്തര പ്രവൃത്തിയിലേക്കു വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്‌നേഹം, സന്തോഷം, ക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലം അവിടുന്നു നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു (ഗലാത്യര്‍ 5:22-23). യഥാര്‍ത്ഥവും നിലനില്‍ക്കുന്നതുമായ സമാധാനം എന്ന ആ നിര്‍ണ്ണായക ഘടകം അവിടുന്നു നമുക്കു നല്‍കുന്നു.
ദൈവത്തിന്റെ ഷാലോമില്‍ ജീവിക്കാന്‍ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെയടുക്കല്‍ കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. അതാകട്ടെ, നമ്മുടെ 'ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കുന്ന'' ''സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം'' (ഫിലിപ്പിയര്‍ 4:7) നമുക്കു നല്‍കുന്നു.
ക്രിസ്തുവിന്റെ ആത്മാവില്‍, നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥ ഷാലോം അനുഭവിക്കുന്നു.
നമുക്ക് ആവശ്യമുള്ളിടത്തു വെള്ളം
ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമായ ബെയ്ക്കല്‍ തടാകം വിശാലവും ഗംഭീരവുമാണ്. ഒരു മൈല്‍ ആഴവും 400 മൈല്‍ (636 കിലോമീറ്റര്‍) നീളവും 49 മൈല്‍ (79 കിലോമീറ്റര്‍) വീതിയുമുള്ള ഈ തടാകത്തില്‍ ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ജലം മിക്കവാറും അപ്രാപ്യമാണ്. റഷ്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സൈബീരിയയിലാണ് ബെയ്ക്കല്‍ തടാകം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത ഒരിടത്ത് ഇത്രയും വലിയൊരു ജലസ്രോതസ്സ് വെച്ചിരിക്കുന്നതു വൈരുദ്ധ്യമാണ്.
ബെയ്ക്കല്‍ തടാകം വിദൂരമാണെങ്കിലും, ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായ ജീവജലത്തിന്റെ അനന്തമായ ഒരു സ്രോതസ്സുണ്ട്. ശമര്യയിലെ ഒരു കിണറ്റരികില്‍ വെച്ച്, യേശു ഒരു സ്ത്രീയോടു സംസാരിക്കുകയും അവളുടെ ആത്മീയദാഹത്തെ ഉണര്‍ത്തുകയും ചെയ്തു. അവളുടെ ഹൃദയാവശ്യത്തിനുള്ള പരിഹാരം എന്തായിരുന്നു? യേശു തന്നെ.
കിണറ്റില്‍നിന്നു കോരാന്‍ കഴിയുന്ന വെള്ളത്തില്‍നിന്നു വ്യത്യസ്തമായി, അതിലും മികച്ചത് യേശു വാഗ്ദാനം ചെയ്തു: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും'' (യോഹന്നാന്‍ 4:13-14).
പലതും സംതൃപ്തി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഒരിക്കലും നമ്മുടെ ദാഹിക്കുന്ന ഹൃദയങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുകയില്ല. നമ്മുടെ ആത്മീയദാഹം യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ യേശുവിനു മാത്രമേ കഴിയൂ. അവിടുത്തെ ദാനം എല്ലാവര്‍ക്കും, എല്ലായിടത്തും ലഭ്യമാണ്.
കാണാന്‍ കഴിയാത്തത്
1945 ജൂലൈ 16 നു ന്യൂ മെക്‌സിക്കോയിലെ വിദൂരമരുഭൂമിയില്‍ ആദ്യത്തെ അണ്വായുധം പൊട്ടിത്തെറിച്ചതോടുകൂടിയാണ് ആണവ യുഗം ആരംഭിച്ചതെന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ പോലും കാണാന്‍ കഴിയുന്ന എന്തും കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ, ഗ്രീക്കു തത്ത്വചിന്തകനായ ഡെമോക്രീറ്റസ് (ഏകദേശം ബി.സി. 460-370) ആറ്റത്തിന്റെ നിലനില്പിനെയും ശക്തിയെയും കുറിച്ചു ഗവേഷണം നടത്തിയിരുന്നു. ഡെമോക്രീറ്റസ് അദ്ദേഹത്തിനു കാണാനാവുന്നതിലും കൂടുതല്‍ മനസ്സിലാക്കി, ആറ്റമിക് സിദ്ധാന്തമായിരുന്നു അതിന്റെ ഫലം.
നമുക്കു കാണാന്‍ കഴിയാത്തവയെ സ്വീകരിക്കുന്നതാണു വിശ്വാസത്തിന്റെ സാരം എന്നു തിരുവെഴുത്തു പറയുന്നു. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' എന്ന് എബ്രായര്‍ 11:1 സ്ഥിരീകരിക്കുന്നു. ഈ ഉറപ്പ് അഭിലാഷപൂര്‍വ്വമായ, അല്ലെങ്കില്‍ പോസിറ്റീവായ ചിന്തയുടെ ഫലമല്ല. മറിച്ചു നമുക്കു കാണാന്‍ കഴിയാത്ത ദൈവത്തിലും പ്രപഞ്ചത്തില്‍ ഉറപ്പായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിലുമുള്ള ഉറപ്പാണത്. അവിടുത്തെ യാഥാര്‍ത്ഥ്യം അവിടുത്തെ സൃഷ്ടിപരമായ പ്രവൃത്തികളില്‍ പ്രദര്‍ശിപ്പിക്കുകയും (സങ്കീര്‍ത്തനം 19:1), പിതാവിന്റെ സ്‌നേഹത്തെ നമുക്കു വെളിപ്പെടുത്താനായി വന്ന തന്റെ പുത്രനായ യേശുവിലൂടെ അവിടുത്തെ അദൃശ്യസ്വഭാവവും വഴികളും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (യോഹന്നാന്‍ 1:18).
അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്ന'' ദൈവം അവിടുന്നാണ് (പ്രവൃ. 17:28). അതുപോലെ, 'കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം നടക്കുന്നത്'' (2 കൊരിന്ത്യര്‍ 5:7). എങ്കിലും നാം ഒറ്റയ്ക്കു നടക്കുന്നില്ല. അദൃശ്യനായ ദൈവം, യാത്രയുടെ ഓരോ ചുവടിലും നമ്മോടൊപ്പം നടക്കുന്നു.
നല്‍കേണ്ടുന്ന വില
മൈക്കലാഞ്ചലോയുടെ ശില്പങ്ങള്‍ യേശുവിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴമായി പര്യവേക്ഷണം ചെയ്യുന്നവയാണ്. എങ്കിലും ഏറ്റവും വിശദമായ ഒന്ന് ഏറ്റവും ലളിതവുമായിരുന്നു. 1540-കളില്‍ അദ്ദേഹം തന്റെ സ്‌നേഹിതയായ വിറ്റോറിയ കൊളോണയ്ക്കായി ഒരു പിയാത്ത (യേശുവിന്റെ അമ്മ ക്രിസ്തുവിന്റെ മൃതദേഹം മടിയില്‍ വച്ചിരിക്കുന്ന ചിത്രം) വരച്ചു. ചോക്കില്‍ വരച്ച ചിത്രത്തില്‍, മറിയ തന്റെ പുത്രന്റെ നിശ്ചലരൂപത്തെ മടിയില്‍ കിടത്തി, ആകാശത്തേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മറിയയുടെ പുറകില്‍, ഉയര്‍ന്നു നില്‍ക്കുന്ന കുരിശില്‍ ഡാന്റേയുടെ പാരഡൈസില്‍ നിന്നുള്ള ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു: “അതിന് എത്രമാത്രം രക്തം വിലകൊടുക്കേണ്ടതാണെന്ന് അവിടെ അവര്‍ ചിന്തിക്കുന്നില്ല.'’ മൈക്കലാഞ്ചലോയുടെ ചിന്ത അഗാധമായിരുന്നു: യേശുവിന്റെ മരണത്തെ നാം ധ്യാനിക്കുമ്പോള്‍, അവിടുന്നു നല്‍കിയ വിലയെക്കുറിച്ചു നാം ചിന്തിക്കണം.
ക്രിസ്തു നല്‍കിയ വില “നിവൃത്തിയായി’' എന്ന അവിടുത്തെ അന്തിമ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു (യോഹന്നാന്‍ 19:30). 'നിവൃത്തിയായി' (റ്റെറ്റലെസ്റ്റായി) എന്ന പദം പല തരത്തില്‍ ഉപയോഗിക്കാറുണ്ട് - ഒരു ബില്‍ അടച്ചുതീര്‍ത്തു, ഒരു ദൗത്യം പൂര്‍ത്തിയായി, ഒരു യാഗം അര്‍പ്പിച്ചു, ഒരു കലാരൂപം പൂര്‍ത്തിയാക്കി എന്നിവ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു. ക്രൂശില്‍ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഇവ ഓരോന്നും ബാധകമാണ്! ഒരുപക്ഷേ അതുകൊണ്ടാകാം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതിയത്, “എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു'’ (ഗലാത്യര്‍ 6:14).
ദൈവം നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ നിത്യമായ തെളിവാണ് നമ്മുടെ സ്ഥാനം ഏറ്റെടുക്കാനുള്ള യേശുവിന്റെ സന്നദ്ധത. അവിടുന്ന് നല്‍കിയ വിലയെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, നമുക്ക് അവിടുത്തെ സ്‌നേഹത്തെ ആഘോഷിക്കാം - ഒപ്പം ക്രൂശിനായി നന്ദി പറയാം.