ജീവിതത്തിലെ വ്യാളികളുമായി പോരാടുക
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വ്യാളിയോടു യുദ്ധം ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, എഴുത്തുകാരന്‍ യൂജിന്‍ പീറ്റേഴ്സണ്‍ നിങ്ങളോട് വിയോജിക്കുന്നു. എ ലോംഗ് ഒബീഡിയന്‍സ് ഇന്‍ ദി സെയിം ഡയറക്ഷന്‍ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, നമ്മുടെ ഭയങ്ങളുടെ രേഖാചിത്രമാണ് വ്യാളികള്‍, നമ്മെ അപകടപ്പെടുത്താന്‍ കഴിയുന്ന എല്ലാറ്റിനെയും ചേര്‍ത്തുള്ള ഭയാനകമായ നിര്‍മ്മിതിയാണത്... അതിഗംഭീരമായ ഒരു വ്യാളിയെ നേരിടുന്ന ഒരു കര്‍ഷകന്‍ പൂര്‍ണ്ണമായും ഒരു ഉയര്‍ന്ന തലത്തിലെത്തുന്നു.' അദ്ദേഹം വ്യക്തമാക്കുന്നത്? ജീവിതം വ്യാളികളാല്‍ നിറഞ്ഞിരിക്കുന്നു: ജീവന്‍ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നം, പെട്ടെന്നുള്ള തൊഴില്‍ നഷ്ടം, പരാജയപ്പെട്ട ദാമ്പത്യം, അന്യപ്പെട്ടുപോകുന്ന മുടിയനായ പുത്രന്‍. ഈ ''വ്യാളികള്‍'' നമുക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത ജീവിതത്തിലെ അപകടങ്ങളും ദുര്‍ബലതകളുമാണ്.
എന്നാല്‍ ആ യുദ്ധങ്ങളില്‍ നമുക്ക്് ഒരു യോദ്ധാവ് ഉണ്ട്. ഒരു യക്ഷിക്കഥയിലെ വീരനല്ല - നമുക്കുവേണ്ടി പോരാടി നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാളികളെ കീഴടക്കിയ ആത്യന്തിക യോദ്ധാവ്. അവ നമ്മുടെ പരാജയങ്ങളുടെ വ്യാളിയായാലും നമ്മുടെ നാശത്തെ ആഗ്രഹിക്കുന്ന ആത്മീയ ശത്രുക്കളായാലും, നമ്മുടെ യോദ്ധാവ് വലിയവനാണ്. യേശുവിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി, ''വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി' (കൊലൊസ്യര്‍ 2:15). തകര്‍ന്ന ഈ ലോകത്തിലെ വിനാശകരമായ ശക്തികള്‍ക്ക് അവനോടു പിടിച്ചുനില്‍ക്കാനാവില്ല!
ജീവിതത്തിലെ വ്യാളികള്‍ നമുക്ക് തോല്‍പ്പിക്കാനാവാത്തത്ര വളരെ വലുതാണെന്ന് നാം മനസ്സിലാക്കുന്ന നിമിഷമാണ് ക്രിസ്തുവിന്റെ രക്ഷയില്‍ വിശ്രമിക്കാന്‍ നാം തുടങ്ങുന്ന നിമിഷം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം' (1 കൊരിന്ത്യര്‍ 15:57).
വിടവാങ്ങലുകളും അഭിവാദനങ്ങളും
എന്റെ സഹോദരന്‍ ഡേവിഡ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പെട്ടെന്ന് മരിച്ചപ്പോള്‍, ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഗണ്യമായി മാറി. ഏഴു മക്കളില്‍ നാലാമനായിരുന്നു ഡേവ്, എങ്കിലും ഞങ്ങളില്‍ നിന്ന് ആദ്യം അദ്ദേഹമാണു കടന്നുപോയത് - ആ കടന്നുപോക്കിന്റെ അപ്രതീക്ഷിത സ്വഭാവം എന്നെക്കുറിച്ചു തന്നെ ചിന്തിക്കാന്‍ വളരെയധികം സഹായിച്ചു. ഞങ്ങള്‍ക്കു പ്രായം വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി, നേട്ടത്തേക്കാള്‍ അധികം നഷ്ടത്താല്‍ അടയാളപ്പെടുത്താന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്കു വ്യക്തമായി. ഇനി അഭിവാദനങ്ങളെക്കാള്‍ അധികം വിടപറയലുകളാണു വരാന്‍ പോകുന്നത്.
ഇതൊന്നും ബുദ്ധിപരമായി ആശ്ചര്യകരമല്ല, കാരണം അങ്ങനെയാണു ജീവിതം മുമ്പോട്ടുപോകുന്നത്. എന്നാല്‍ ഈ തിരിച്ചറിവ് തലച്ചോറിലേക്കുള്ള ഒരു വൈകാരിക മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. ജീവിതം നമുക്ക് നല്‍കുന്ന ഓരോ അവസരത്തിനും ഇത് പുതിയ പ്രാധാന്യം നല്‍കി. ഭാവിയിലെ പുനഃസമാഗമം എന്ന യാഥാര്‍ത്ഥ്യത്തിന് ഇത് വലിയതും പുതിയതുമായ മൂല്യം നല്‍കി, കാരണം അവിടെ ഒരിക്കലും വിടപറയലിന്റെ ആവശ്യമില്ല.
വെളിപ്പാട് 21:3-4 ല്‍ നാം കാണുന്നതിന്റെ കാതലാണ് ഈ ആത്യന്തിക യാഥാര്‍ത്ഥ്യം: ''ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.'
നീണ്ട വിടവാങ്ങലുകളുടെ കാലഘട്ടങ്ങള്‍ നാം അനുഭവിച്ചേക്കാമെങ്കിലും, ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള നമ്മുടെ വിശ്വാസം അഭിവാദനങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു നിത്യത നമുക്കു വാഗ്ദത്തം ചെയ്യുന്നു.
അവന്റെ മരണം ജീവന്‍ നല്‍കുന്നു
തെക്കേ അമേരിക്കയിലെ ജോവാന എന്ന സ്ത്രീ, ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ജയിലുകളിലെ തടവുകാര്‍ക്ക് പ്രത്യാശ നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. തടവുകാര്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ലളിതമായ ഒരു സുവിശേഷ സന്ദേശം എത്തിക്കുന്നതിനായി ജൊവാന ദിനംപ്രതി തടവുകാരെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവള്‍ അവരുടെ വിശ്വാസം നേടി, അവരുടെ മോശമായ ബാല്യകാലത്തെക്കുറിച്ച് അവളോടു സംസാരിക്കാന്‍ അതവരെ പ്രേരിപ്പിച്ചു. ഒപ്പം ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം അവള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. അവളുടെ സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള വര്‍ഷം ജയിലില്‍ തടവുകാര്‍ക്കും കാവല്‍ക്കാര്‍ക്കുമെതിരെ 279 അക്രമ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അടുത്ത വര്‍ഷം അതു കേവലം രണ്ടെണ്ണം മാത്രമായിരുന്നു.
അപ്പൊസ്തലനായ പൗലൊസ് എഴുതി, ''ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു!'' (2 കൊരിന്ത്യര്‍ 5:17). ഫ്‌ളാന്‍ഡര്‍സ് തോമസ് രേഖപ്പെടുത്തിയതുപോലെ ആ പുതുക്കത്തെ അത്യധികം നാടകീയമായി നമുക്ക് എല്ലായ്‌പ്പോഴും കാണാന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം എങ്കിലും രൂപാന്തരം വരുത്താനുള്ള സുവിശേഷത്തിന്റെ ശക്തി തന്നെയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രത്യാശ നല്‍കുന്ന ബലം. പുതിയ സൃഷ്ടികള്‍. എന്തൊരു അത്ഭുതകരമായ ചിന്ത! യേശുവിന്റെ മരണം അവനെപ്പോലെയാകാനുള്ള നമ്മുടെ യാത്രയ്ക്കു - അവനെ നാം മുഖാമുഖം കാണുമ്പോള്‍ അവസാനിക്കുന്ന ഒരു യാത്ര (1 യോഹന്നാന്‍ 3:1-3 കാണുക) - തുടക്കം കുറിക്കുന്നു.
യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം നമ്മുടെ ജീവിതത്തെ പുതിയ സൃഷ്ടികളെന്ന നിലയില്‍ ആഘോഷിക്കുന്നു. എന്നിരുന്നാലും ഇതിനുവേണ്ടി ക്രിസ്തു എന്തു വിലകൊടുത്തു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവന്റെ മരണം നമുക്ക് ജീവന്‍ നല്‍കുന്നു. 'പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി'' (2 കൊരിന്ത്യര്‍ 5:21).
നിറങ്ങളുടെ ഘോഷയാത്ര
പതിറ്റാണ്ടുകളായി ലണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരങ്ങളിലൊന്നായിരുന്നു. 1933-ല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇംഗ്ലണ്ടിന്റെ മഹത്തായ തലസ്ഥാനത്തെക്കുറിച്ച് ഇപ്രകാരം എഴുതി, ''ജനങ്ങളുടെയും നിറങ്ങളുടെയും ഭാഷകളുടെയും ഘോഷയാത്രയാണ് ലണ്ടനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു.'' ആഗോള സമൂഹത്തിന്റെ മിശ്രിത വാസനകളും ശബ്ദങ്ങളും കാഴ്ചകളും ഉള്ള ആ ''ഘോഷയാത്ര'' ഇന്നും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നിന്റെ ആശ്ചര്യകരമായ ആകര്‍ഷണീയതയുടെ ഭാഗമാണ് വൈവിധ്യത്തിന്റെ സൗന്ദര്യം.
എന്നിരുന്നാലും, മനുഷ്യര്‍ വസിക്കുന്ന ഏതൊരു നഗരത്തെയും പോലെ, ലണ്ടനും പ്രശ്‌നങ്ങളില്ലാത്തതല്ല. മാറ്റം വെല്ലുവിളികള്‍ കൊണ്ടുവരുന്നു. സംസ്‌കാരങ്ങള്‍ ചിലപ്പോള്‍ ഏറ്റുമുട്ടുന്നു. മനുഷ്യന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഒരു നഗരത്തെയും നമ്മുടെ നിത്യഭവനത്തിന്റെ അതിശയവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു കാരണം അതാണ്.
അപ്പൊസ്തലനായ യോഹന്നാന്‍ ദൈവസന്നിധിയില്‍ കയറിച്ചെന്നപ്പോള്‍, വൈവിധ്യം സ്വര്‍ഗ്ഗീയ ആരാധനയുടെ ഒരു ഘടകമാണെന്നു കണ്ടു, അതിനുദാഹരണമായിരുന്നു വീണ്ടെടുക്കപ്പെട്ടവരുടെ പാട്ട്: ''പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിക്കുവാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:9-10).
സ്വര്‍ഗ്ഗത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക: ജീവനുള്ള ദൈവത്തിന്റെ മക്കളെന്ന അത്ഭുതത്തെ ആഘോഷിക്കുന്ന ലോകത്തിലെ എല്ലാ ആളുകളുടെയും ഒരുമിച്ചുള്ള ഘോഷയാത്ര! യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ഇന്ന് നമുക്ക് ആ വൈവിധ്യം ആഘോഷിക്കാം.
അവന്റെ നടത്തിപ്പ് ആവശ്യമാകുമ്പോള്‍
പണ്ഡിതനായ കെന്നത്ത് ബെയ്ലിക്ക് സാക്കി അങ്കിള്‍ ഒരു സ്‌നേഹിതനെക്കാള്‍ അധികമായിരുന്നു; വിശാലമായ സഹാറ മരുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ സഹസിക യാത്രകളില്‍ വിശ്വസ്തനായ വഴികാട്ടിയായിരുന്നു അദ്ദേഹം. സാക്കി അങ്കിളിനെ പിന്തുടരുന്നതിലൂടെ, താനും സംഘവും അദ്ദേഹത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബെയ്ലി പറയുന്നു. ചുരുക്കത്തില്‍ , ''ഞങ്ങള്‍ പോകുന്നിടത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് അറിയില്ല, നിങ്ങള്‍ ഞങ്ങളെ വഴിതെറ്റിച്ചാല്‍ ഞങ്ങള്‍ എല്ലാവരും മരിക്കും. നിങ്ങളുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചു' എന്ന്് അവര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വളരെ തളര്‍ച്ചയും ഹൃദയവേദനയും അനുഭവിച്ച ഒരു കാലഘട്ടത്തില്‍, ദാവീദ് ഏതൊരു മനുഷ്യ വഴികാട്ടിക്കും അപ്പുറത്തേക്ക് നോക്കി, താന്‍ സേവിക്കുന്ന ദൈവത്തിന്റെ നടത്തിപ്പ് അന്വേഷിച്ചു. സങ്കീര്‍ത്തനം 61:2-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ''എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തണമേ.' ദൈവസന്നിധിയില്‍ പുതുതായി പ്രവേശിക്കപ്പെടുന്നതിന്റെ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും അവന്‍ ആഗ്രഹിച്ചു (വാ. 3-4).
'വഴിതെറ്റിപ്പോയ ആടുകള്‍'' എന്ന് തിരുവെഴുത്തുകള്‍ വിശേഷിപ്പിക്കുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം വളരെ ആവശ്യമാണ് (യെശയ്യാവ് 53:6). നമ്മെ തനിയെ വിട്ടാല്‍, തകര്‍ന്ന ലോകത്തിന്റെ മരുഭൂമിയില്‍ നാം പ്രതീക്ഷകളില്ലാതെ നഷ്ടപ്പെട്ടുപോകും.
എന്നാല്‍ നമ്മെ തനിയെ വിടുന്നില്ല! നമ്മെ 'സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക്' നയിക്കുകയും നമ്മുടെ പ്രാണനെ തണുപ്പിക്കുകയും നമ്മെ നടത്തുകയും ചെയ്യുന്ന ഒരു ഇടയന്‍ നമുക്കുണ്ട്. (സങ്കീര്‍ത്തനം 23:2-3).
ഇന്ന് നിങ്ങള്‍ക്ക് അവിടുത്തെ നടത്തിപ്പ് എവിടെയാണ് വേണ്ടത്? അവനെ വിളിച്ചപേക്ഷിക്കുക. അവന്‍ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല.
സാമൂഹിക സ്മരണ
ദൈവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് മൗ തന്റെ റെസ്റ്റ്‌ലെസ് ഫെയ്ത്ത് എന്ന ഗ്രന്ഥത്തില്‍ ഭൂതകാലത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. സോഷ്യോളജിസ്റ്റ് റോബര്‍ട്ട് ബെല്ലയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ''ആരോഗ്യമുള്ള രാഷ്ട്രങ്ങള്‍ ഓര്‍മ്മയുള്ള സമൂഹങ്ങള്‍ ആയിരിക്കണം.'' ബെല്ല ആ തത്ത്വം കുടുംബങ്ങള്‍ പോലുള്ള മറ്റ് സാമൂഹിക ബന്ധങ്ങളിലേക്കും വ്യാപിപ്പിച്ചു. സമൂഹത്തില്‍ ജീവിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് ഓര്‍മ്മിക്കല്‍.
സാമൂഹിക സ്മരണയുടെ മൂല്യം തിരുവെഴുത്തുകളും പഠിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനായി യിസ്രായേല്യര്‍ക്ക് പെസഹാ പെരുന്നാള്‍ നല്‍കി (പുറപ്പാട് 12:1-30 കാണുക). ഇന്നും, ലോകമെമ്പാടുമുള്ള യെഹൂദന്മാര്‍ ഓരോ വസന്തകാലത്തും ആ സമൃദ്ധമായ സാമൂഹിക സ്മരണ വീണ്ടും പുതുക്കുന്നു.
ക്രിസ്തുവിന്റെ അനുയായികളെ സംബന്ധിച്ചും പെസഹയ്ക്ക് വലിയ അര്‍ത്ഥമുണ്ട്, കാരണം പെസഹ എപ്പോഴും മശിഹായുടെ ക്രൂശിലെ പ്രവൃത്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ക്രൂശിന്റെ തലേരാത്രിയില്‍ പെസഹായുടെ സമയത്താണ് യേശു സ്വന്തം സ്മാരക അത്താഴം സ്ഥാപിച്ചത്. ലൂക്കൊസ് 22:19 രേഖപ്പെടുത്തുന്നു, ''പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി
നല്കുന്ന എന്റെ ശരീരം; എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്നു പറഞ്ഞു..''
തിരുമേശ ആഘോഷിക്കുന്നതിനായി നാം ഒത്തുചേരുമ്പോഴെല്ലാം, ക്രിസ്തു നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് നമുക്കു നിത്യജീവന്‍ നല്‍കി എന്നു നാം ഓര്‍മ്മിക്കുന്നു. യേശുവിന്റെ രക്ഷാകരമായ സ്‌നേഹം അവിടുത്തെ ക്രൂശിനെ നാം ഒരുമിച്ച് ഓര്‍മ്മിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കട്ടെ.
ആലാപന വിപ്ലവം
ഒരു വിപ്ലവം ജ്വലിപ്പിക്കാന്‍ എന്താണ് വേണ്ടത്? തോക്കുകള്‍? ബോംബുകള്‍? ഗറില്ലാ യുദ്ധമുറ? 1980-കളുടെ അവസാനത്തിലെ എസ്റ്റോണിയ, പാട്ടുകള്‍ ആണുപയോഗിച്ചത്. ജനങ്ങള്‍ പതിറ്റാണ്ടുകളായി സോവിയറ്റ് അധിനിവേശത്തിന്റെ ഭാരം വഹിച്ചതിനുശേഷം, ദേശസ്‌നേഹഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു പ്രസ്ഥാനം ആരംഭിച്ചു. ഈ ഗാനങ്ങള്‍ ''ആലാപന വിപ്ലവത്തിനു'' ജന്മം നല്‍കി, അതാണ് 1991 ല്‍ എസ്റ്റോണിയന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
''ഇത് ഒരു അക്രമരഹിത വിപ്ലവമായിരുന്നു, അത് വളരെ അക്രമാസക്തമായ ഒരു അധിനിവേശത്തെ അട്ടിമറിച്ചു,'' പ്രസ്ഥാനത്തെ വിവരിക്കുന്ന ഒരു വെബ്സൈറ്റ് പറയുന്നു. 'എങ്കിലും എസ്റ്റോണിയക്കാര്‍ക്ക് അമ്പതുവര്‍ഷത്തെ സോവിയറ്റ് ഭരണം നിലനില്‍ക്കുമ്പോള്‍ തന്നേ ആലാപനം എല്ലായ്‌പ്പോഴും അവരെ ഒരുമിപ്പിക്കുന്ന ഒരു പ്രധാന ശക്തിയായിരുന്നു.'
നമ്മുടെ സ്വന്തം പ്രയാസകരമായ സമയങ്ങളെ അതിജീവിക്കുന്നതിനു സഹായിക്കുന്നതിലും സംഗീതത്തിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. അതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങളോട് നാം പെട്ടെന്ന് താദാത്മ്യപ്പെടുന്നത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ആത്മാവിന്റെ ഇരുണ്ട രാത്രിയിലാണ് സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പാടിയത്, ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; അവന്‍ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു. എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും'' (സങ്കീര്‍ത്തനം 42:5). അഗാധമായ നിരാശയുടെ ഒരു കാലഘട്ടത്തിലാണ് ആരാധനാ നേതാവായ ആസാഫ് സ്വയം ഇങ്ങനെ ഓര്‍മ്മിപ്പിച്ചത്, ''ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം'' (73: 1).
വെല്ലുവിളികള്‍ നിറഞ്ഞ നമ്മുടെ സമയങ്ങളില്‍, സങ്കീര്‍ത്തനക്കാരോടൊപ്പം നമ്മുടെ ഹൃദയത്തില്‍ ഒരു ആലാപന വിപ്ലവത്തില്‍ നമുക്കും പങ്കുചേരാം. അത്തരമൊരു വിപ്ലവം, ദൈവത്തിന്റെ വലിയ സ്‌നേഹത്തിലും വിശ്വസ്തതയിലും ഉള്ള വിശ്വാസത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ആത്മവിശ്വാസത്താല്‍ നമ്മിലുള്ള നിരാശയുടെയും ആശയക്കുഴപ്പത്തിന്റെയും ആധിപത്യത്തെ കീഴടക്കും.
അതിശയകരമായ കഴിവ്
ഞങ്ങളുടെ കോളേജ് സംഗീത ഗ്രൂപ്പിന്റെ നേതാവ് ഗ്രൂപ്പിനെ നയിക്കുകയും അതേ സമയം പിയാനോയില്‍ ഞങ്ങളോടൊപ്പം ചേരുകയും വൈദഗ്ധ്യത്തോടെ ആ ഉത്തരവാദിത്വങ്ങള്‍ സന്തുലനപ്പെടുത്തുകയും ചെയ്തു. ഒരു കച്ചേരിയുടെ അവസാനത്തില്‍, അദ്ദേഹം പ്രത്യേകിച്ച് ക്ഷീണിതനായി കാണപ്പെട്ടതിനാല്‍ ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു, ''എനിക്ക് മുമ്പ് ഇത് ചെയ്യേണ്ടി വന്നിട്ടില്ല.'' തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു. ''പിയാനോ ട്യൂണ്‍ ചെയ്യാഞ്ഞതിനാല്‍ എനിക്ക് രണ്ട് വ്യത്യസ്ത കീകളിലായി ആദ്യാവസാനം വായിക്കേണ്ടി വന്നു - എന്റെ ഇടത് കൈ ഒരു കീയിലും വലതു കൈ മറ്റൊന്നിലും എന്ന നിലയില്‍!'' അദ്ദേഹം പ്രകടിപ്പിച്ച അമ്പരപ്പിക്കുന്ന വൈദഗ്ദ്ധ്യം എന്നെ ആകര്‍ഷിച്ചു, അത്തരം കാര്യങ്ങള്‍ക്ക് കഴിവുള്ളവരായി മനുഷ്യരെ സൃഷ്ടിക്കുന്നവനെ ഞാന്‍ അത്ഭുതത്തോടെ സ്മരിച്ചു.
ദാവീദ് രാജാവ് ഇതിലും വലിയ ആശ്ചര്യബോധം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു, ''ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാല്‍ ഞാന്‍ നിനക്കു സ്‌തോത്രം ചെയ്യുന്നു. നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു' (സങ്കീര്‍ത്തനം 139:14). ആളുകളുടെ കഴിവുകളിലോ പ്രകൃതിയുടെ അത്ഭുതങ്ങളിലോ ആകട്ടെ, സൃഷ്ടിയുടെ അത്ഭുതങ്ങള്‍ നമ്മുടെ സ്രഷ്ടാവിന്റെ മഹിമയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഒരു ദിവസം, നാം ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍, എല്ലാ തലമുറകളിലുമുള്ള ആളുകള്‍ ഈ വാക്കുകളോടെ അവനെ ആരാധിക്കും, ''കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും
സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍' (വെളിപ്പാട് 4:11). ദൈവം നമുക്ക് നല്‍കുന്ന അത്ഭുതകരമായ കഴിവുകളും ദൈവം സൃഷ്ടിച്ച മഹത്തായ സൗന്ദര്യവും അവനെ ആരാധിക്കുന്നതിനുള്ള ധാരാളം കാരണങ്ങളാണ്.
അപ്രതീക്ഷിത മാറ്റം
1943 ജനുവരിയില്‍, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഊഷ്മളമായ കാറ്റ് വീശുകയും അന്തരീക്ഷ താപനില -4 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 45 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-20 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 7 ഡിഗ്രി സെഷ്യല്‍സിലേക്ക്) വരെ വേഗത്തില്‍ ഉയരുകയും ചെയ്തു. ഈ കടുത്ത കാലാവസ്ഥാ വ്യതിയാനം - 49 ഡിഗ്രിയുടെ വ്യത്യാസം - സംഭവിച്ചത് കേവലം രണ്ടു മിനിറ്റിനുള്ളിലാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ യുഎസ്എയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില മാറ്റം അവിശ്വസനീയമായ 103 ഡിഗ്രിയാണ്! 1972 ജനുവരി 15 ന് മൊണ്ടാനയിലെ ലോമയില്‍ താപനില -54 ഡിഗ്രി ഫാരന്‍ഹീറ്റില്‍നിന്ന് 49 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (-48 ഡിഗ്രി സെഷ്യല്‍സില്‍ നിന്ന് 9 ഡിഗ്രി സെഷ്യല്‍സിലേക്ക്) ഉയര്‍ന്നു.
എന്നിരുന്നാലും, പെട്ടെന്നുള്ള മാറ്റം കേവലം ഒരു കാലാവസ്ഥാ പ്രതിഭാസമല്ല. ഇത് ചിലപ്പോള്‍ ജീവിതത്തിന്റെയും സ്വഭാവമാണ്. യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ''ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍ക്കുവിന്‍;
നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു
കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ'' (4: 13-14). ഒരു അപ്രതീക്ഷിത നഷ്ടം. ഒരു അതിശയകരമായ രോഗനിര്‍ണയം. ഒരു സാമ്പത്തിക തകര്‍ച്ച. പെട്ടെന്നുള്ള മാറ്റങ്ങള്‍.
പ്രവചനാതീതമായ നിരവധി ഘടകങ്ങളുള്ള ഒരു യാത്രയാണ് ജീവിതം. അതുകൊണ്ടാണ് സര്‍വശക്തനെ കണക്കിലെടുക്കാത്ത ''വമ്പു പറയുന്ന'' (വാ. 16) തില്‍ നിന്ന് മാറാന്‍ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം നമ്മെ ഉപദേശിക്കുന്നതുപോലെ, ''കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്'' (വാ. 15). നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്: ജീവിതത്തിലെ എല്ലാ അപ്രതീക്ഷിത നിമിഷങ്ങളിലും നമ്മുടെ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലുടനീളം സ്ഥിരതയുള്ളവനാണ് അവന്‍.
ചുഴലിക്കാറ്റിനെ പിന്തുടരുക
ചുഴലിക്കാറ്റിനെ പിന്തുടരുക എന്നത് കല്‍ക്കട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള കാലാവസ്ഥാ തല്‍പരരുടെ ഹോബിയാണ്; അവയുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനും മിന്നലുകളുടെയും തുടര്‍ന്നുള്ള അവസ്ഥയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി അവയെക്കുറിച്ചു പഠിക്കാനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളില്‍ മിക്കവരും അപകടകരമായ കാലാവസ്ഥയില്‍ അവയില്‍ ചെന്നു ചാടുന്നതില്‍ നിന്നും വിമുഖരാണെങ്കിലും ഈ വിനോദ തല്‍പ്പരരില്‍ ചിലര്‍ വിവിധ നഗരങ്ങളില്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഒരുമിച്ചു കൂടി ചുഴലിക്കാറ്റിനെ പിന്‍തുടരുക പതിവാണ്.
എന്നിരുന്നാലും എന്റെ അനുഭവത്തില്‍, ജീവിതത്തില്‍ ഞാന്‍ ചുഴലിക്കാറ്റിനെ പിന്‍തുടരേണ്ട കാര്യമില്ല-അവ എന്നെ പിന്തുടരുകയാണ്. ആ അനുഭവം കൊടുങ്കാറ്റില്‍ അകപ്പെട്ട നാവികരുടെ അനുഭവം വിവരിക്കുന്ന സങ്കീര്‍ത്തനം 107 ല്‍ പ്രതിഫലിക്കുന്നു. അവര്‍ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഭവിഷ്യത്തുകളാല്‍ ഓടിക്കപ്പെടുകയായിരുന്നു, എങ്കിലും സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, 'അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു. അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു'' (സങ്കീര്‍ത്തനം 107:28-30).
ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ നമ്മുടെ തന്നെ സൃഷ്ടിയായാലും അല്ലെങ്കില്‍ തകര്‍ന്ന ഒരു ലോകത്തില്‍ പാര്‍ക്കുന്നതിന്റെ അനന്തരഫലമായാലും നമ്മുടെ പിതാവ് വലിയവനാണ്. കൊടുങ്കാറ്റുകള്‍ നമ്മെ പിന്തുടരുമ്പോള്‍, അവയെ ശാന്തമാക്കുവാന്‍ -നമ്മുടെ ഉള്ളിലെ കൊടുങ്കാറ്റിനെ ശാന്തമാക്കുവാനും - അവനു മാത്രമേ കഴിയൂ.