പതിറ്റാണ്ടുകളായി ലണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരങ്ങളിലൊന്നായിരുന്നു. 1933-ല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇംഗ്ലണ്ടിന്റെ മഹത്തായ തലസ്ഥാനത്തെക്കുറിച്ച് ഇപ്രകാരം എഴുതി, ”ജനങ്ങളുടെയും നിറങ്ങളുടെയും ഭാഷകളുടെയും ഘോഷയാത്രയാണ് ലണ്ടനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു.” ആഗോള സമൂഹത്തിന്റെ മിശ്രിത വാസനകളും ശബ്ദങ്ങളും കാഴ്ചകളും ഉള്ള ആ ”ഘോഷയാത്ര” ഇന്നും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നിന്റെ ആശ്ചര്യകരമായ ആകര്‍ഷണീയതയുടെ ഭാഗമാണ് വൈവിധ്യത്തിന്റെ സൗന്ദര്യം.

എന്നിരുന്നാലും, മനുഷ്യര്‍ വസിക്കുന്ന ഏതൊരു നഗരത്തെയും പോലെ, ലണ്ടനും പ്രശ്‌നങ്ങളില്ലാത്തതല്ല. മാറ്റം വെല്ലുവിളികള്‍ കൊണ്ടുവരുന്നു. സംസ്‌കാരങ്ങള്‍ ചിലപ്പോള്‍ ഏറ്റുമുട്ടുന്നു. മനുഷ്യന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഒരു നഗരത്തെയും നമ്മുടെ നിത്യഭവനത്തിന്റെ അതിശയവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു കാരണം അതാണ്.

അപ്പൊസ്തലനായ യോഹന്നാന്‍ ദൈവസന്നിധിയില്‍ കയറിച്ചെന്നപ്പോള്‍, വൈവിധ്യം സ്വര്‍ഗ്ഗീയ ആരാധനയുടെ ഒരു ഘടകമാണെന്നു കണ്ടു, അതിനുദാഹരണമായിരുന്നു വീണ്ടെടുക്കപ്പെട്ടവരുടെ പാട്ട്: ”പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിക്കുവാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു’ (വെളിപ്പാട് 5:9-10).

സ്വര്‍ഗ്ഗത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക: ജീവനുള്ള ദൈവത്തിന്റെ മക്കളെന്ന അത്ഭുതത്തെ ആഘോഷിക്കുന്ന ലോകത്തിലെ എല്ലാ ആളുകളുടെയും ഒരുമിച്ചുള്ള ഘോഷയാത്ര! യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ഇന്ന് നമുക്ക് ആ വൈവിധ്യം ആഘോഷിക്കാം.