നിരവധി തടവുകാര്‍ തങ്ങളുടെ ജയില്‍ സമയം കുറയ്ക്കുന്നതിനായി റോഡരികിലെ മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന സമയത്താണ് സൂപ്പര്‍വൈസര്‍ ജെയിംസ് കുഴഞ്ഞുവീണത്. അവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തി, അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം ആവശ്യമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. ഒരു അന്തേവാസി സഹായത്തിനായി വിളിക്കാന്‍ ജെയിംസിന്റെ ഫോണ്‍ എടുത്തു. തങ്ങളുടെ സൂപ്പര്‍വൈസര്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായിച്ചതിന് തടവുകാര്‍ക്ക് പോലീസ് പിന്നീട് നന്ദി പറഞ്ഞു. അവര്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തെ അവഗണിക്കാമായിരുന്നു – അദ്ദേഹത്തിന് ഹൃദയാഘാതം ആണു സംഭവിച്ചത്. അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനായി ആ സാഹചര്യം ഉപയോഗിക്കാമായിരുന്നു.

തടവുകാരുടെ ദയാപ്രവൃത്തി പൗലൊസും ശീലാസും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവര്‍ കാണിച്ചതിനെക്കാള്‍ വ്യത്യസ്തമായിരുന്നില്ല. അവരുടെ വസ്ത്രം പറിച്ചുരിയുകയും അവരെ അടിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ശേഷം, ഉണ്ടായ ഒരു ശക്തമായ ഭൂകമ്പംമൂലം അവരുടെ ചങ്ങലകള്‍ അഴിഞ്ഞുവീഴുകയും കാരാഗൃഹത്തിന്റെ വാതിലുകള്‍ ഇളകിവീഴുകയും ചെയ്തു (പ്രവൃ. 16:23-26). ജയിലര്‍ ഉറക്കമുണര്‍ന്നപ്പോള്‍ തടവുകാര്‍ ഓടിപ്പോയി എന്ന് അദ്ദേഹം സ്വാഭാവികമായും അനുമാനിച്ചു, അതിനാല്‍ അദ്ദേഹം സ്വന്തം ജീവന്‍ തന്നെ എടുക്കാന്‍ തയ്യാറായി (അവര്‍ രക്ഷപ്പെട്ടാല്‍ തനിക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു). ”ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്” എന്ന് പൗലൊസ് വിളിച്ചുപറഞ്ഞപ്പോള്‍ (വാ. 28) തടവുകാരില്‍ സാധാരണയായി കാണാത്ത രീതിയിലുള്ള അവരുടെ പ്രവൃത്തി കാരാഗൃഹപ്രമാണിയുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അവര്‍ ആരാധിക്കുന്ന ദൈവത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസുവാകുകയും ഒടുവില്‍ അവനും കര്‍ത്താവില്‍ വിശ്വസിക്കാന്‍ ഇടയാകുകയും ചെയ്തു (വാ. 29-34).

മറ്റുള്ളവരോട് നാം പെരുമാറുന്ന രീതി നാം എന്തു വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതു വെളിപ്പെടുത്തുന്നു. ഉപദ്രവത്തിനുപകരം നന്മ ചെയ്യുന്നതു നാം തിരഞ്ഞെടുക്കുമ്പോള്‍, നമ്മുടെ പ്രവൃത്തികള്‍, നാം അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കാം.